Friday, December 20, 2013

ഒരമ്മ മകള്‍ക്കയച്ച കത്ത്




ഹേ ജസീറ
എന്‍റെ കണ്ണുകള്‍ അവര്‍ മൂടിക്കെട്ടിയിരിക്കുന്നു 
അതിനാല്‍ നിന്നെ കാണാനെനിക്ക് കഴിയുന്നില്ല 
എന്‍റെ  ചെവിയില്‍ അവര്‍ ഈയം ഉരുക്കി ഒഴിച്ചിരിക്കുന്നു 
അതിനാല്‍ നിന്നെ കേള്‍ക്കാന്‍ എനിക്കാവുന്നില്ല  
തുണി കുത്തി നിറച്ച എന്‍റെ തൊണ്ടക്കുഴിയില്‍ നിന്ന്‍ 
നിനക്ക് വേണ്ടി ശബ്ദം ഉയര്‍ത്താന്‍ കഴിയില്ല

ഹേ ജസീറ 
എന്‍റെ കൈകളില്‍ അഴിമതിയുടെ വ്രണങ്ങലാണ് 
എന്‍റെ കാലുകളെ അവ പിറകോട്ട് വലിക്കപ്പെടുന്നു  
എന്‍റെ ഹൃദയം നിന്‍റെ ശത്രുക്കള്‍ വാങ്ങിയിരിക്കുന്നു  
അതിനാല്‍ എന്നില്‍ നീ ദയ പ്രതീക്ഷിക്കരുത് 

ഹേ ജസീറ 
നിന്നെ പിന്തുണക്കുന്നവരില്‍ ചിലര്‍ നിന്നെ പിന്തുണക്കുന്നവരല്ല 
നിന്‍റെ പോരാട്ടത്തില്‍ നിന്ന് ലാഭമുണ്ടാക്കാന്‍ വരുന്നവര്‍ 
നിന്‍റെ മജ്ജയില്‍ നിന്ന് രക്തം ഊറ്റിയെടുക്കുന്നവര്‍ 
അത് കൊണ്ടാണ് തെരുവില്‍ നീ ഒറ്റപ്പെടുന്നതും
ഇരുട്ടില്‍ നിന്‍റെ മുഖത്തേക്കവര്‍ കാര്‍ക്കിച്ചു തുപ്പുന്നതും 

ഹേ ജസീറ 
നീ തീവ്രവാദിയായത് കൊണ്ടാണ് നിന്‍റെ
കരുത്തിനെ അവര്‍ക്ക് സ്വാധീനിക്കാന്‍ കഴിയാത്തത് 
കടുത്ത വേനലിനും കൊടും ശൈത്യത്തിനും 
നിനക്ക്  മുന്നില്‍ കീഴടങ്ങേണ്ടി വരുന്നതും  
നിന്‍റെ മുന്നില്‍ എനിക്ക് തല കുനിക്കേണ്ടി വരുന്നതും 

ഹേ ജസീറ 
നീ പൊരുതുക, നിന്‍റെ ഹൃദയത്തില്‍ നിന്ന് 
കത്തുന്ന കനലുകള്‍ നീ എരിച്ചു കൊണ്ടേയിരിക്കുക
നീ തോല്‍ക്കാന്‍ പാടില്ലാത്തവളാണ് 
നിന്‍റെ തോല്‍വി എന്‍റെ തോല്‍വിയാണ് 
നീ അറിയാത്ത, നിന്നെ സ്നേഹിക്കുന്ന 
എന്നെ സ്നേഹിക്കുന്ന ഒരായിരം പേര്‍ 
നിനക്ക് വേണ്ടി പ്രാര്‍ഥിച്ചു കൊണ്ടിരിക്കുമ്പോള്‍ 
വിജയമല്ലാതെ മറ്റെന്തു നേടാന്‍ കഴിയും നിനക്ക്? 

സസ്നേഹം, 
സ്വന്തം ഇന്ത്യ !!! 
ന്യൂദല്‍ഹി - ഒപ്പ് 

3 comments:

  1. കണ്ണ് നിറയ്ക്കുന്ന കാഴ്ച :( എന്ത് ചെയ്യാന്‍ കഴിയും .....

    ReplyDelete
  2. ഇത് പ്രബോധനത്തില്‍ കൊടുക്കാന്‍ താങ്കളെ ഞാന്‍ സഹായിക്കട്ടെ....

    ReplyDelete