Saturday, October 12, 2013

കുഞ്ഞപ്പനും ബസും...


ദോഹ കോര്‍ണിഷില്‍ ഇപ്പോള്‍ റോഡ്‌ പണി നടക്കുന്നത് കൊണ്ട് ഭയങ്കര ട്രാഫിക് ജാം ആണ്. കറക്റ്റ് സമയത്ത് ബസ്‌ പോലും കിട്ടില്ല. കോര്‍ണിഷില്‍ പോവണമെങ്കില്‍ ഒരു ടാക്സിക്കാരന്‍ പോലും സമ്മതിക്കുകേല. എനിക്കൊരു സുഹൃത്ത് ഉണ്ട്. പേര് കുഞ്ഞപ്പന്‍. പുള്ളി മനസ്സില്‍ വിചാരിച്ചതിന്റെ ബാക്കിയാണ് നമ്മോടു സംസാരിക്കുക. അപ്പോള്‍ എന്താ സംഭവിക്കുക. സ്വാഭാവികമായും നമുക്കൊന്നും തിരിയൂല്ല. ഇവന്‍ എന്തൂട്ടാ ഈ പറയുന്നത് എന്ന് ആലോചിച്ചു നമ്മള്‍ ഒന്ന് വട്ടം കറങ്ങും. വീണ്ടും ആലോചിക്കാന്‍ നിന്നാല്‍ പിന്നെ ഭൂമിയെ പോലെ കറങ്ങി കൊണ്ടേ ഇരിക്കും.

ഈ അടുത്ത ദിവസം പുള്ളി ബസ്‌ സ്റ്റേഷനില്‍ ബസും കാത്ത് നില്‍ക്കുകയാണ്. ബസ് സ്റ്റേഷനില്‍ പിന്നെ കാറും കാത്ത് നില്‍ക്കുകയോ എന്ന് ചോദിക്കേണ്ട.. ഇവിടത്തെ ബസ്‌ സ്റ്റേഷനില്‍ കാറും കാത്ത് നില്‍ക്കാം എന്നുള്ളത് ഒരു നഗ്ന സത്യമാണ്. കുഞ്ഞപ്പന് പോവേണ്ടതും പോവേണ്ടാത്തതുമായ സ്ഥലത്തേക്ക് ഒരു ബസ് പോലും വരുന്നില്ല. ഇനിയും വൈകിയാല്‍ ഓഫീസില്‍ എത്തിയാല്‍ ബോസിന്‍റെ വായീന്ന് ഒരുപാട് കേള്‍ക്കും. ഈ സമയത്ത് കുഞ്ഞാപ്പു ദുബായിയെ കുറിച്ച് ചിന്തിച്ചു. അറിഞ്ഞിടത്തോളം മരുഭൂമിയിലെ സ്വര്‍ഗം. നന്നാവേണ്ടാവന് നന്നാവാനും, മോശമാവേണ്ടവന് മോശവാനും എളുപ്പത്തില്‍ കഴിയുന്ന സ്ഥലം. അവിടെയും ഒരുപാട് ട്രാഫിക് ജാം ഒക്കെയുണ്ട്. അപ്പോള്‍ അവരൊക്കെ എങ്ങനെയാ ഓഫീസില്‍ പോവുന്നത്? അവിടത്തെ പോലെ ഇവിടെയും എന്നാ മെട്രോ ട്രെയിന്‍ ഒക്കെ വരുന്നത്? അവിടെ ടാക്സിക്കാര്‍ ഒക്കെ നമുക്ക് പോവേണ്ടിടത്തേക്ക് ട്രാഫിക് ഒന്നും വക വെക്കാതെ പോവുമോ. ഇത്യാദി ചിന്തകളൊക്കെ മനസ്സില്‍ ഡാന്‍സ് കളിക്കുമ്പോള്‍ ആണ് ഒരു ഫോണ്‍ കോള്‍. "പടച്ചോനെ.. ബോസ് ഓഫീസില്‍ എത്തിയോ എന്ന ഭയത്താല്‍ ഫോണ്‍ എടുത്ത് നോക്കി. ഭാഗ്യം ബോസ് അല്ല. നമ്പര്‍ കണ്ടിട്ടു മനസ്സിലാവുന്നില്ല. ഏതായാലും എടുത്ത് നോക്കട്ടെ.

"ഹലോ.."

"ഹലോ.. കുഞ്ഞപ്പനല്ലേ..?"

"അതെ.. ഇതാരാ.. "

"ഇത് ഞാനാ.. സുനീര്.. പാമ്പ്‌ സുനി എന്ന് പറഞ്ഞാല്‍ നീ അറിയും"

"ഹള്ളന്‍റെ പാമ്പേ.. നീ എപ്പോ എവിടുന്നാ?"

"ഞാന്‍ ദുബായില്‍ നിന്നാ.. ഇപ്പൊ വന്നിട്ട് രണ്ടാഴ്ചയായി"

"ഇനി പ്പൊ അനക്ക് സുഖായല്ലോ.. പാമ്പാവാന്‍ നാട്ടിലേക്കാളും സുഖം ദുബായിയല്ലേ"

"ഹഹഹ.. അതൊന്നും പറയണ്ട, ഇന്നലത്തെ ഹാങ്ങോവര്‍ ഇത് വരെ മാറിയിട്ടില്ല.
പണ്ടാരടങ്ങാന്‍ ഇന്നൊരു ഇന്റര്‍വ്യൂ ഉണ്ട്. ഞാന്‍ അതിനു പോവുകയാ"

"ആഹ... ഗുഡ് ലക്. എങ്ങനെയാ പോവുന്നത്?"

"ഞാന്‍.. ഞാന്‍ ഇപ്പൊ ബസിലാ.. "

"തന്നെ! ഞാനിവിടെ ബസ് കാത്ത് നില്ക്കുകയാ.. അല്ല ഒന്ന് ചോദിക്കട്ടെ, അവിടത്തെ ബസ് ഒക്കെ എങ്ങനെയാ?"

"ങേ.. ഇവിടത്തെ ബസോ?"

"ങാ... അതെന്നെ.. അവിടത്തെ ബസ്"

"ഹോ..ഇവിടത്തെ ബസിനൊക്കെ ടയര്‍ മേലോട്ടാ.. എന്തേയ്‌ നീ ചോദിച്ചേ?"

"ഒന്നൂല്ല.. എന്നാ പിന്നെ കാണാം."

ആ തെണ്ടിക്ക് ഒരു തേങ്ങാക്കുലയും മനസ്സിലാവില്ല എന്ന അരിശത്തില്‍ ഫോണ്‍ കട്ട് ചെയ്ത് കുഞ്ഞപ്പന്‍ ബസും കാത്ത് വീണ്ടും ..........

സച്ചിന്‍

കുട്ടിക്കാലത്ത് ക്രിക്കറ്റ് കളിച്ചു നടക്കുമ്പോള്‍ മനസ്സിലെ താരം സച്ചിന്‍ ആയിരുന്നില്ല. അസറുദ്ദീന്‍ ആയിരുന്നു സ്നേഹത്തോടെയും പ്രതീക്ഷയോടെയും നോക്കി കണ്ട ക്രിക്കറ്റ് താരം. ഇന്ത്യ എന്ന രാജ്യത്ത് അസറുദ്ദീനെ പോലെ ഒരു മുസ്ലിം ക്രിക്കറ്റര്‍ ഉയരങ്ങള്‍ കീഴടക്കിയപ്പോള്‍ സ്വാഭാവികമായും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നത് ഒരു ക്രിക്കറ്റര്‍ എന്നതിലുപരി അദ്ദേഹം ഒരു മുസ്ലിം ക്രിക്കറ്റര്‍ എന്ന മത വര്‍ഗീയബോധം മനസ്സില്‍ അന്നുണ്ടായിരുന്നത് കൊണ്ടാണ്. ഒരുപാട് ആരാധകര്‍ ഉള്ള അസരുദ്ദീന് മുകളില്‍ ഒരു മറ്റൊരു ക്രിക്കറ്റര്‍ വരുന്നത് എനിക്കിഷ്ടമില്ലായിരുന്നു. അതും അസറുദ്ദീന്‍റെ ആരാധകര്‍ അദ്ദേഹത്തിന് ആളെ കൂട്ടാനായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആര്‍ എസ് എസുകാരന്‍ ആണെന്ന് കാതില്‍ മന്ത്രമോതി തരുന്ന സമയം. സച്ചിന്‍ സെഞ്ചുറി അടിക്കുമെങ്കിലും രാജ്യത്തെ ജയിപ്പിക്കാന്‍ അസറുദ്ദീന്‍ തന്നെ വേണമെന്ന് അവര്‍ മണിക്കൂറില്‍ അറുപതു തവണ പറഞ്ഞുറപ്പിക്കുമായിരുന്നു.

അത് കൊണ്ട് തന്നെ ഏത് കളി ആയാലും ആര്‍ എസ് എസുകാരനായ സച്ചിന്‍ ഡക്ക് ഔട്ട്‌ ആയി പവലിയനിലേക്ക് മടങ്ങുന്നത് കാണാനും അസറുദ്ദീന്‍ സെഞ്ചുറി അടിച്ചു ടീമിനെ വിജയിപ്പിക്കുന്നത് കാണാനും ഒരുപാട് കൊതിച്ചു. പലപ്പോഴും സച്ചിനില്ലാതെ ഇന്ത്യന്‍ ടീം വിജയിക്കുന്നത് കണ്ടപ്പോള്‍ ആര്‍ എസ് എസുകാരനായ സച്ചിനെതിരായ വികാരം കൂടി കൂടി വന്നു.

ഇന്ത്യന്‍ മുസല്‍മാന്‍റെ അഭിമാനമെന്നു മനസ്സില്‍ കരുതി പോന്ന അസര്‍ ആദ്യ ഭാര്യയെ ഒഴിവാക്കി സിനിമാ നടിയായ സംഗീത ബിജലാനിയെ വിവാഹം കഴിച്ചപ്പോള്‍ മുതല്‍ക്കാണ് അസറുദ്ദീന്‍ എന്ന പ്രതിഭയുടെ മുകളിലേക്ക് അദ്ദേഹത്തോട് ഉള്ള ഇഷ്ടം എന്നില്‍ കുറഞ്ഞു വരുന്നത്. എങ്കിലും അദ്ദേഹത്തിന്‍റെ ക്രിക്കറ്റ് കളിയെ തള്ളിപറഞ്ഞില്ല. കാരണം സച്ചിന്‍ എന്ന ആര്‍ എസ് എസുകാരന്‍ തന്നെ. സച്ചിന് പകരം ഗാംഗുലിയെയും ദ്രാവിഡിനെയും മുഹമ്മദ്‌ കൈഫിനെയും മനസ്സില്‍ കുടിയിരുത്തി. പക്ഷെ അതിനു മുന്പ് തന്നെ ക്രിക്കറ്റ് എന്ന കളിയെ ഞാന്‍ ജീവിതത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. വെറും മൂന്ന്‍ വര്ഷം മാത്രമായിരുന്നു ഞാന്‍ ക്രിക്കറ്റിനു പിറകെ നടന്നിരുന്നത്. അതിനു ശേഷം ക്രിക്കറ്റ് എന്ന പിരാന്തന്‍ കളിക്ക് പിറകെ നടന്നിട്ടില്ല.

അപ്പോള്‍ പറഞ്ഞു വരുന്നത് സച്ചിനെ കുറിച്ചാണല്ലോ. പിന്നീട് എപ്പോഴാണ് സച്ചിന്‍ ആര്‍ എസ് എസുകാരനോ, മത വര്‍ഗീയ വാദിയോ അല്ല എന്ന് മനസ്സിലായത് എന്ന് എനിക്കിപ്പോള്‍ ഓര്‍ക്കാന്‍ കഴിയുന്നില്ല. കോഴവിവാദങ്ങളില്‍ പെടാതെ, അഹങ്കാരമോ അനാവശ്യവിവാദങ്ങളോ ഇല്ലാതെ ലോക ക്രിക്കറ്റിന്‍റെ ഉന്നതങ്ങളില്‍ വിഹരിക്കുന്ന സച്ചിന്‍ എന്ന പ്രതിഭ കാലക്രമേണ ആദരവ് പിടിച്ചു പറ്റുകയായിരുന്നു. മഹത്തായ ഒരു കളിക്കാരന്‍ എന്നതില്‍ ഉപരി മഹത്തായ ഒരു മനുഷ്യന്‍ എന്ന നിലയിലേക്ക് സച്ചിന്‍ എന്ന മനുഷ്യനെ എനിക്ക് ഇഷ്ടമാവാന്‍ തുടങ്ങി. പ്രതിഭയുല്ലവര്‍ക്ക് അഹങ്കാരം ഉണ്ടാവില്ല എന്നതിന് ഉത്തമ ഉദാഹരണമായി ഇന്ത്യക്ക് അഭിമാനപൂര്‍വ്വം ലോകത്തിനു മുന്നില്‍ വിളിച്ചു പറയാന്‍ പറ്റുന്ന പേരാണ് സച്ചിന്‍ രമേശ്‌ ടെണ്ടുല്‍ക്കര്‍.

വര്‍ഗീയ ഇല്ലാത്ത സച്ചിനെ മനസിലാക്കാന്‍ ആദ്യകാലത്ത് കഴിഞ്ഞില്ല എന്നത് ഇന്നും ഒരു കുറ്റബോധം ആയി മനസ്സില്‍ കിടക്കുന്നു. സ്പോര്‍ട്സിലും ആര്ടിലും ആരാണ് വര്‍ഗീയത് കുത്തിനിറക്കുന്നത് എന്ന് എനിക്കിപ്പോഴും മനസ്സിലാവുന്നില്ല. അത്കൊണ്ട് എന്താണ് ലാഭമെന്നും അറിയില്ല. ആരായാലും അതിനെതിരെയാവട്ടെ ഇനിയുള്ള നാളുകള്‍. പാര്‍ലമെന്റില്‍ ഇന്ത്യന്‍ ജനതക്ക് വേണ്ടി എന്തെങ്കില്‍ കാര്യമായി ചെയ്യാന്‍ സച്ചിന് സാധിക്കട്ടെ എന്നാത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. ഉയരങ്ങള്‍ കീഴടക്കിയ സച്ചിന് പൊതുജന സേവനത്തിലും അത് സാധ്യമാവട്ടെ എന്ന് ആത്മാര്‍ഥമായി ആശംസിക്കുന്നു.


പറയാന്‍ മറന്നത്... കുറെ കാലത്തിനു ശേഷം കുത്തിയിരുന്ന് കണ്ടക്രിക്കറ്റ് മത്സരം സച്ചിന്‍റെ നൂറാം സെഞ്ചുറി ആണ്.. :)

Saturday, October 5, 2013

ഞാന്‍ പ്രശസ്തനായ കഥ


 
 
 
 
 
 ചില അക്ഷരങ്ങള്‍ ഉച്ചരിക്കാന്‍ എനിക്ക് കഴിയില്ല. എന്‍റെ നാവു വഴങ്ങൂല്ല. "ഴ" എന്ന് എഴുതാന്‍ അല്ലാതെ പറയാന്‍ ഇപ്പോഴും എനിക്കറിയൂല്ല. അത് പോലെ വേഗത്തില്‍ സംസാരിക്കുമ്പോള്‍ ചിലപ്പോള്‍ രസകരമായ പല പ്രയോഗങ്ങളും എന്നില്‍ നിന്നും പ്രതീക്ഷിക്കാം. ഇപ്പോള്‍ അതിനൊക്കെ കുറച്ചു കുറവുണ്ടെങ്കിലും സ്കൂളില്‍ പഠിക്കുന്ന സമയത്ത് എന്നെ പ്രശസ്തനാക്കിയ ഒരു കവിതയുണ്ട്. ഇപ്പോഴും ഈ കവിത ചൊല്ലി എന്നെ കളിയാക്കുന്നവര്‍ ഉണ്ട്. അതിലൊന്നും എനിക്ക് പരാതിയോ പരിഭവമോ ഇല്ല. അവര്‍ കളിയാക്കുമ്പോള്‍ സ്കൂള്‍ മുറ്റത്തേക്ക് തിരിച്ചു ചെല്ലാന്‍ ഒരവസരം കിട്ടുന്നു എന്നത് കൊണ്ട് ഞാന്‍ ഇന്നും അത് ആസ്വദിക്കുന്നു.

രണ്ടാം ക്ലാസില്‍ (അല്ലേല്‍ മൂന്നില്‍, അല്‍ഷിമേഴ്സ് കാരണം ഒന്നും ഓര്‍മ വരുന്നില്ല) പഠിക്കുമ്പോള്‍ ആയിരുന്നു ആ കവിത ശ്രീദേവി ടീച്ചര്‍ ഞങ്ങളെ പഠിപ്പിച്ചത്. സ്നേഹമയിയായ ഇത് പോലെ ഒരു ടീച്ചര്‍ നിങ്ങള്‍ക്കും ഉണ്ടാവാം. എന്നാല്‍ എന്നെ ഒരുപാട് ഇഷ്ടപെട്ട ടീച്ചര്‍, എനിക്കും ഒരുപാടു ഇഷ്ടമുള്ള ടീച്ചര്‍, അതായിരുന്നു ശ്രീദേവി ടീച്ചര്‍. നാട്ടില്‍ പോവുമ്പോള്‍ ടീച്ചറെ കാണാന്‍ പോവണം എന്ന് ആഗ്രഹിക്കും. പക്ഷേ സമയക്കുറവോ മടിയോ കാരണം പോവാന്‍ സാധിച്ചിട്ടില്ല.

അപ്പോള്‍ പറഞ്ഞത് വന്നത് കവിത.. ടീച്ചര്‍ എന്നോട് ആ കവിത ക്ലാസില്‍ വെച്ചു ഉറക്കെ ചൊല്ലാന്‍ പറഞ്ഞു. ഞാന്‍ അന്നേ "സ്മാര്‍ട്ട്‌" ആയ കാരണം ഒരു ഉളുപ്പും ഇല്ലാതെ ചൊല്ലി. പാടി മുഴുവനാക്കാന്‍ ടീച്ചര്‍ സമ്മതിച്ചില്ല. ഞാന്‍ നോക്കുമ്പോള്‍ ടീച്ചര്‍ ഇങ്ങനെ ചിരിചോണ്ടിരിക്കുന്നു. എനിക്കൊന്നും മനസ്സിലായില്ല. അപ്പോള്‍ ടീച്ചര്‍ കുട്ടികളോട് പറഞ്ഞു.

"ദാ.. ജസി പാടിയത് ഇങ്ങനെയാണ്. കേട്ടോളൂ ട്ടോ...

കൂത്തരേ നോക്കുവിന്‍ അമ്പയ കൊമ്പത്തെ കൂത്തിലെ പൈങ്കിളി മുത്തയിത്തു"

ഇത് കേട്ട പാടെ പിള്ളേരെല്ലാം കൂട്ടച്ചിരി... എന്‍റെ ക്ലാസിലെ മാത്രമല്ല, മൂന്നാല് ക്ലാസുകളിലെ കുട്ടികള്‍ ഒന്നടങ്കം പൊട്ടിച്ചിരിച്ചു.

അതിനു ശേഷം പത്താം ക്ലാസ് കഴിയുന്നത് വരെ ഈ കവിത ഞാന്‍ പാടിയ ഈണത്തില്‍ പാടി എന്നെ വിളിക്കാത്തരായി ആരുമുണ്ടാവാന്‍ സാധ്യതയില്ല.

ഒരു കവിത തന്ന പ്രശസ്തിയില്‍ ഞാന്‍ ഇപ്പോഴും അഹങ്കരിക്കുന്നു... 
 
ജസി ഫ്രണ്ട്
ദോഹ - ഖത്തര്‍

Friday, October 4, 2013

സ്വപ്നം


 
 
എനിക്കൊരു സ്വപ്നമുണ്ടായിരുന്നു
പിറന്നു വീണയുടന്‍ചാടി
എഴുന്നേറ്റ് മുന്നോട്ടു കുതിക്കുവാന്‍
ഇതള്‍വിരിയുന്ന റോസാപ്പൂവിനെ പോലെ
ആനന്ദം പകരുന്ന കാഴ്ചയാവാന്‍

ഇളം വെയിലില്‍ മുത്തുപോലെ തിളങ്ങുന്ന
പനിനീര്‍ പൂവിലെ മഞ്ഞുകണമായി
നിങ്ങളുടെ മനസ്സില്‍ കുളിര് പകരാന്‍
വര്‍ണം നിറച്ചൊരു ശലഭമായി
പാറി നടന്നു മധു നുകര്‍ന്ന്
കൂട്ടുകാരോടൊപ്പം കളിച്ചുനടക്കാന്‍

വിരിയുന്നതിനു മുന്‍പേ എന്‍റെ
ഇതളുകള്‍ വലിച്ചു കീറി
എന്‍റെ കൊന്നു കളഞ്ഞപ്പോള്‍
ഒരു തുള്ളി കണ്ണുനീര്‍ എങ്കിലും
എനിക്ക് വേണ്ടി ഒലിച്ചിരുന്നോ അമ്മേ?