Wednesday, December 25, 2013

ചെമ്പരത്തിയും കുട്ടിയും...



പൂ പറിക്കാന്‍ ചെന്ന കുട്ടിയോട്
നിങ്ങളെന്നെ ഭ്രാന്തിയാക്കിയെന്നു
തൊടിയിലെ ചെമ്പരത്തിയുടെ സങ്കടം

വല്ലവനും പറയുന്നത് വിശ്വസിച്ചു
നടക്കുന്ന നീയല്ലാതെ മറ്റാരാണ്
ഭ്രാന്തിയെന്നു കുട്ടിയുടെ മറുചോദ്യം

Friday, December 20, 2013

ഒരമ്മ മകള്‍ക്കയച്ച കത്ത്




ഹേ ജസീറ
എന്‍റെ കണ്ണുകള്‍ അവര്‍ മൂടിക്കെട്ടിയിരിക്കുന്നു 
അതിനാല്‍ നിന്നെ കാണാനെനിക്ക് കഴിയുന്നില്ല 
എന്‍റെ  ചെവിയില്‍ അവര്‍ ഈയം ഉരുക്കി ഒഴിച്ചിരിക്കുന്നു 
അതിനാല്‍ നിന്നെ കേള്‍ക്കാന്‍ എനിക്കാവുന്നില്ല  
തുണി കുത്തി നിറച്ച എന്‍റെ തൊണ്ടക്കുഴിയില്‍ നിന്ന്‍ 
നിനക്ക് വേണ്ടി ശബ്ദം ഉയര്‍ത്താന്‍ കഴിയില്ല

ഹേ ജസീറ 
എന്‍റെ കൈകളില്‍ അഴിമതിയുടെ വ്രണങ്ങലാണ് 
എന്‍റെ കാലുകളെ അവ പിറകോട്ട് വലിക്കപ്പെടുന്നു  
എന്‍റെ ഹൃദയം നിന്‍റെ ശത്രുക്കള്‍ വാങ്ങിയിരിക്കുന്നു  
അതിനാല്‍ എന്നില്‍ നീ ദയ പ്രതീക്ഷിക്കരുത് 

ഹേ ജസീറ 
നിന്നെ പിന്തുണക്കുന്നവരില്‍ ചിലര്‍ നിന്നെ പിന്തുണക്കുന്നവരല്ല 
നിന്‍റെ പോരാട്ടത്തില്‍ നിന്ന് ലാഭമുണ്ടാക്കാന്‍ വരുന്നവര്‍ 
നിന്‍റെ മജ്ജയില്‍ നിന്ന് രക്തം ഊറ്റിയെടുക്കുന്നവര്‍ 
അത് കൊണ്ടാണ് തെരുവില്‍ നീ ഒറ്റപ്പെടുന്നതും
ഇരുട്ടില്‍ നിന്‍റെ മുഖത്തേക്കവര്‍ കാര്‍ക്കിച്ചു തുപ്പുന്നതും 

ഹേ ജസീറ 
നീ തീവ്രവാദിയായത് കൊണ്ടാണ് നിന്‍റെ
കരുത്തിനെ അവര്‍ക്ക് സ്വാധീനിക്കാന്‍ കഴിയാത്തത് 
കടുത്ത വേനലിനും കൊടും ശൈത്യത്തിനും 
നിനക്ക്  മുന്നില്‍ കീഴടങ്ങേണ്ടി വരുന്നതും  
നിന്‍റെ മുന്നില്‍ എനിക്ക് തല കുനിക്കേണ്ടി വരുന്നതും 

ഹേ ജസീറ 
നീ പൊരുതുക, നിന്‍റെ ഹൃദയത്തില്‍ നിന്ന് 
കത്തുന്ന കനലുകള്‍ നീ എരിച്ചു കൊണ്ടേയിരിക്കുക
നീ തോല്‍ക്കാന്‍ പാടില്ലാത്തവളാണ് 
നിന്‍റെ തോല്‍വി എന്‍റെ തോല്‍വിയാണ് 
നീ അറിയാത്ത, നിന്നെ സ്നേഹിക്കുന്ന 
എന്നെ സ്നേഹിക്കുന്ന ഒരായിരം പേര്‍ 
നിനക്ക് വേണ്ടി പ്രാര്‍ഥിച്ചു കൊണ്ടിരിക്കുമ്പോള്‍ 
വിജയമല്ലാതെ മറ്റെന്തു നേടാന്‍ കഴിയും നിനക്ക്? 

സസ്നേഹം, 
സ്വന്തം ഇന്ത്യ !!! 
ന്യൂദല്‍ഹി - ഒപ്പ് 

Thursday, December 19, 2013

കലാരൂപം




സ്ത്രീയുടെ സ്തനം ഉത്തമ
കലാ സൃഷ്ടിയാണെന്ന് അവന്‍ 
ആത്മ ഹര്‍ഷത്താല്‍ അവള്‍
അവനു മുന്‍പില്‍ മാറിടം തുറന്നു കാട്ടി

ഹോ!!അത്ഭുതം നീയാണ് ഭൂലോക സുന്ദരി
വാക്കുകളില്‍ മയങ്ങി അവള്‍ വീണപ്പോള്‍
അവന്‍ സന്തോഷത്തോടെ പറഞ്ഞു
ഇതൊന്നുമല്ല! നിന്നിലിനിയും കലാ സൃഷ്ടിയുണ്ട്
അവനു മുന്നില്‍ ആ കലാരൂപം പ്രസാദിച്ചു

അവളുടെ സൌന്ദര്യം പങ്കിട്ട ശേഷം അവന്‍ പറഞ്ഞു
നിന്‍റെ സൌന്ദര്യം നിന്‍റെ അവകാശമാണ്
ലോകത്തിനു മുന്നില്‍ നീയത് തുറന്നു കാട്ടുക
നീ സദാചാരികള്‍ക്കെതിരെ യുദ്ധം ചെയ്യുക
ആ യുദ്ധത്തില്‍ അവള്‍ വിജയിക്കുകയും
തൊട്ടടുത്ത മാസം ഗര്‍ഭം കലക്കുകയും ചെയ്തു

അടുത്ത കലാരൂപം തേടി
അവന്‍ പിന്നെയും യാത്ര തുടങ്ങി
അവളെ വീണ്ടും കലാകാരിയാക്കാന്‍
വേറെ മിടുക്കന്മാരും എത്തി തുടങ്ങി

നഗ്നയാക്കാന്‍ പുരുഷനും
വിഡ്ഢിയാവാന്‍ സ്ത്രീയും
സമത്വമെന്നു വാഴ്ത്താന്‍
കാമകണ്ണുകളും മത്സരിക്കുമ്പോള്‍
സ്ത്രീയുടെ തലചോറ് ഫ്രിഡ്ജില്‍
തണുത്ത് വിറങ്ങലിച്ചു കിടക്കുന്നു.


------------------------------------------------------------------------

ജസി ഫ്രണ്ട് 
ദോഹ - ഖത്തര്‍ 


Monday, December 9, 2013

ട്രാഫിക് ഫൈന്‍




രണ്ടു മൂന്ന്‍ വര്‍ഷങ്ങള്‍ക്ക് മുന്നേയാണ്‌ കഥ നടക്കുന്നത്. 

"നമ്മളെ റൂമിലേക്ക് ഇന്ന്‍ ഒരു പുതിയ ആള്‍ വരും, ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടോ?" ചോദിക്കുന്നത് മോനാക്ക ആയത് കൊണ്ട് തിരിച്ചൊരു ചോദ്യം ചോദിക്കേണ്ടി വന്നു.

"ആരാ?എത്ര പ്രായം കാണും? രാത്രി 9 മണിക്ക് ലൈറ്റ് ഒക്കെ ഓഫാക്കേണ്ടി വരുമോ?" ?

"നമ്മളെ നാട്ടുകാരന്‍ തന്നെയാണ്, ഇവിടെ ഇപ്പൊ ഉണ്ടായിരുന്ന ജോലി പോയി. തല്കാലത്തേക്ക് വേണ്ടിയാണ്, ലൈറ്റൊക്കെ നമ്മുടെ സൌകര്യം പോലെ ഓഫ്‌ ആക്കുകയും ഓണ്‍ ആക്കുകയും ചെയ്യാം. പ്രായം ഒരു 45 നു മുകളില്‍ ഉണ്ട്."

"അവസാനം നമ്മള് പെടുമോ? നമ്മുടെ കൂടെ കൂടുന്ന ആള്‍ ആയാല്‍ മതി. വേറെ ഒന്നും വേണ്ട"

"നമുക്ക് നോക്കാം ജസി, പറ്റൂലെങ്കില്‍ നമുക്ക് പറയാല്ലോ"

"ന്നാ വരട്ടെ, നമുക്ക് നോക്കാം"

രാത്രി പത്ത് മണിയോട് കൂടെ ഒരു വലിയ ബാഗും, പഴയ ഗള്‍ഫ്കാരന്റെ സ്യൂട്ട്കേസും ഒക്കെയായി പുള്ളി വന്നു. പേര് മൊഹമ്മദ്‌ക്കാ. ആള് കരുതിയ പോലെ ഒന്നും അല്ല. നല്ല തമാശക്കാരന്‍ ആണ്. നല്ല ഫ്രണ്ട്ലിയാണ്.

ഭക്ഷണം ഒക്കെ കഴിച്ചു രാത്രി കിടക്കുന്നതിനു മുന്പ് പുള്ളി എന്നോട് ചോദിച്ചു. സമയം ഒരു പന്ത്രണ്ട് മണി ആയിക്കാണും.

"എന്‍റെ വണ്ടി താഴെ പാര്‍ക്ക് ചെയ്തിട്ടുണ്ട്. അവിടെ പാര്‍ക്ക് ചെയ്തൂടെ, ഫൈന്‍ കിട്ടുമോ?"

"താഴെ എവിടെയാ പാര്‍ക്കിംഗ് ചെയ്തത്?" മോനാക്കയാണ് തിരിച്ചു ചോദിച്ചത്.

"അത് ഹണി ഹോട്ടലിന്റെ മുന്നില്‍ തന്നെ"

"മുന്‍പില്‍ ആണെങ്കില്‍ ഫൈന്‍ കിട്ടാന്‍ സാധ്യത ഉണ്ട്" റൂമിലെ പ്രോഗ്രാം മാനേജര്‍ ടില്ല് പറഞ്ഞു.

"മുന്‍പില്‍ എവിടെ?" മോനാക്ക ഉദ്വേഗത്തോടെ ചോദിച്ചു. കാരണം അവിടെ പാര്‍ക്ക് ചെയ്താല്‍ മിനിമം 500 റിയാല്‍ ഫൈന്‍ കിട്ടും. മാത്രമല്ല ഇപ്പോഴും പോലീസ് വന്നു ചെക്ക് ചെയ്യുന്ന സ്ഥലവും.

" ഹാണിന്‍റെ മുന്‍പില്‍ ഒരു പോസ്റ്റ്‌ ഉണ്ട്, അതിനു മുന്നില്‍ ആണ്. കൊഴപ്പാവോ?"

"ചിലപ്പോള്‍ കുഴപ്പാവും. അവിടെ ഫൈന്‍ കിട്ടാന്‍ സാധ്യത ഉണ്ട് " മോനാക്ക ആശങ്ക പങ്കു വെച്ചു.

"റോഡില്‍ ആണോ പാര്‍ക്ക് ചെയ്തത്?" ഞാന്‍ ചോദിച്ചു.

"റോഡില്‍ അല്ല, സൈഡില്‍ ആണ്" മുഹമ്മദ്‌ക്കാ പറഞ്ഞു.

" അവിടെ അങ്ങനെ ഒരു സൈഡ് ഉണ്ടോ? അല്ല, നമ്മക്കൊന്നു പോയി നോക്കിയാലോ?" ടില്ലു എന്നെ നോക്കി പറഞ്ഞു.

"ഇനി പോയിട്ട് കാര്യമില്ല, ഫൈന്‍ ആണെങ്കില്‍ ഇപ്പോള്‍ തന്നെ കിട്ടിക്കാണും. സമയം കുറെ ആയില്ലേ അവിടെ നിര്ത്തിയിട്ടിട്ടു. ഇനി നാളെ രാവിലെ നോക്കാം" പുറത്ത് പോയി നോക്കാനുള്ള മടി കൊണ്ട് ഞാന്‍ പറഞ്ഞു.

"ഞ്ഞി ങ്ങോട്ട്‌ എണീക്ക് ചെങ്ങായ് " എന്നും പറഞ്ഞു ടില്ലുവും, മോനാക്കയും കൂടെ എന്നെ താഴേക്ക് കൊണ്ട് പോവാന്‍ വേണ്ടി വലിച്ചു.

"നിക്ക്.. നിക്ക്.. ഞാനും വരുന്നു" ഞങ്ങളോടൊപ്പം മുഹമ്മദ്‌കായും കൂടി വന്നു.

പണ്ടാരമടങ്ങാന്‍, ലിഫ്റ്റ്‌ പണി മുടക്കി. ഇനി നാലാമത്തെ നിലയില്‍ നിന്നും താഴോട്ടു ഇറങ്ങണം. ഒടുക്കത്തെ പാര്‍ക്കിംഗ് എന്ന് മനസ്സില്‍ പ്രാകി താഴോട്ടു പോയി.

"എവിടെ വണ്ടി?"

ഹണി ഹോട്ടലിനു മുന്നില്‍ എത്തിയപ്പോള്‍ മോനാക്ക ചോദിച്ചു.

"ദാ... ഹൊ ഭാഗ്യം ഫൈന്‍ ഒന്നും ഇല്ല. ഉണ്ടേല്‍ സ്റ്റിക്കര്‍ ഒട്ടിക്കും ല്ലേ? " വളരെ നിഷ്കളങ്കമായി അദ്ദേഹം പറഞ്ഞു.

ഞങ്ങള്‍ മുഖത്തോടു മുഖം നോക്കി. പിന്നെ പൊട്ടി ചിരിച്ചു. ഈ കാക്ക വന്ന ദിവസം തന്നെ നമ്മക്കിട്ട് പണി തന്നു.

മൂപ്പരെ വണ്ടി എന്ന് വെച്ചാല്‍ ഹെര്‍കുലീസിന്റെ തുരുമ്പ് പിടിച്ച ഇന്ത്യക്കാര്‍ ഇന്ത്യയില്‍ നിന്നും ഒഴിവാക്കിയത് എന്ന് തോന്നിക്കുന്ന തരത്തിലുള്ള ഒരു സൈക്കിള്‍ (ഒരു വണ്ടി എന്നും പറയും) ഹണിയുടെ മുന്നിലുള്ള പോസ്റ്റില്‍ ചങ്ങല വെച്ചു പൂട്ടിയിട്ടിരിക്കുന്നു. 


-------------------------------------------------------------------------------------------------------------------------------


ജസി ഫ്രണ്ട് 
ദോഹ - ഖത്തര്‍ 

Thursday, December 5, 2013

കല്യാണം...




ഇന്നവളുടെ കല്യാണമായിരുന്നു 
അവനായിരുന്നു അവളെ കുളിപ്പിച്ചത് 
പൊട്ടു തൊട്ടു കണ്ണെഴുതി ചുണ്ടില്‍ 
ചുമന്ന ചായം ഭംഗിയായി പുരട്ടി കൊടുത്തു. 

അവള്‍ക്കേറ്റവും ഇഷ്ടപെട്ട പച്ചയും 
മഞ്ഞയും കലര്‍ന്ന വസ്ത്രം ധരിപ്പിച്ചു
ഊട്ടിയില്‍ നിന്നും വാങ്ങിയ തിളങ്ങുന്ന
മുത്തുകള്‍ പതിച്ച മാല അണിയിച്ചു

കറുത്ത കുപ്പിവളകള്‍ അവളുടെ
കൈകള്‍ക്ക് ചാരുത പകര്‍ന്നു
പുതുതായി വാങ്ങിയ വെള്ളി കൊലുസ്
അവളുടെ കാലുകളെ ആകര്‍ഷകമാക്കി

ഇനിയൊരിക്കലും തിരിച്ചു വരാതെ
മാരന്റെ വീട്ടിലേക്കു ചന്ദന മുട്ടിയില്‍
പടിയിറങ്ങിയപ്പോള്‍ അവന്‍റെ മിഴികളില്‍
അവളുടെ സ്നേഹം ഒലിച്ചിറങ്ങുകയായിരുന്നു