Monday, December 9, 2013

ട്രാഫിക് ഫൈന്‍




രണ്ടു മൂന്ന്‍ വര്‍ഷങ്ങള്‍ക്ക് മുന്നേയാണ്‌ കഥ നടക്കുന്നത്. 

"നമ്മളെ റൂമിലേക്ക് ഇന്ന്‍ ഒരു പുതിയ ആള്‍ വരും, ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടോ?" ചോദിക്കുന്നത് മോനാക്ക ആയത് കൊണ്ട് തിരിച്ചൊരു ചോദ്യം ചോദിക്കേണ്ടി വന്നു.

"ആരാ?എത്ര പ്രായം കാണും? രാത്രി 9 മണിക്ക് ലൈറ്റ് ഒക്കെ ഓഫാക്കേണ്ടി വരുമോ?" ?

"നമ്മളെ നാട്ടുകാരന്‍ തന്നെയാണ്, ഇവിടെ ഇപ്പൊ ഉണ്ടായിരുന്ന ജോലി പോയി. തല്കാലത്തേക്ക് വേണ്ടിയാണ്, ലൈറ്റൊക്കെ നമ്മുടെ സൌകര്യം പോലെ ഓഫ്‌ ആക്കുകയും ഓണ്‍ ആക്കുകയും ചെയ്യാം. പ്രായം ഒരു 45 നു മുകളില്‍ ഉണ്ട്."

"അവസാനം നമ്മള് പെടുമോ? നമ്മുടെ കൂടെ കൂടുന്ന ആള്‍ ആയാല്‍ മതി. വേറെ ഒന്നും വേണ്ട"

"നമുക്ക് നോക്കാം ജസി, പറ്റൂലെങ്കില്‍ നമുക്ക് പറയാല്ലോ"

"ന്നാ വരട്ടെ, നമുക്ക് നോക്കാം"

രാത്രി പത്ത് മണിയോട് കൂടെ ഒരു വലിയ ബാഗും, പഴയ ഗള്‍ഫ്കാരന്റെ സ്യൂട്ട്കേസും ഒക്കെയായി പുള്ളി വന്നു. പേര് മൊഹമ്മദ്‌ക്കാ. ആള് കരുതിയ പോലെ ഒന്നും അല്ല. നല്ല തമാശക്കാരന്‍ ആണ്. നല്ല ഫ്രണ്ട്ലിയാണ്.

ഭക്ഷണം ഒക്കെ കഴിച്ചു രാത്രി കിടക്കുന്നതിനു മുന്പ് പുള്ളി എന്നോട് ചോദിച്ചു. സമയം ഒരു പന്ത്രണ്ട് മണി ആയിക്കാണും.

"എന്‍റെ വണ്ടി താഴെ പാര്‍ക്ക് ചെയ്തിട്ടുണ്ട്. അവിടെ പാര്‍ക്ക് ചെയ്തൂടെ, ഫൈന്‍ കിട്ടുമോ?"

"താഴെ എവിടെയാ പാര്‍ക്കിംഗ് ചെയ്തത്?" മോനാക്കയാണ് തിരിച്ചു ചോദിച്ചത്.

"അത് ഹണി ഹോട്ടലിന്റെ മുന്നില്‍ തന്നെ"

"മുന്‍പില്‍ ആണെങ്കില്‍ ഫൈന്‍ കിട്ടാന്‍ സാധ്യത ഉണ്ട്" റൂമിലെ പ്രോഗ്രാം മാനേജര്‍ ടില്ല് പറഞ്ഞു.

"മുന്‍പില്‍ എവിടെ?" മോനാക്ക ഉദ്വേഗത്തോടെ ചോദിച്ചു. കാരണം അവിടെ പാര്‍ക്ക് ചെയ്താല്‍ മിനിമം 500 റിയാല്‍ ഫൈന്‍ കിട്ടും. മാത്രമല്ല ഇപ്പോഴും പോലീസ് വന്നു ചെക്ക് ചെയ്യുന്ന സ്ഥലവും.

" ഹാണിന്‍റെ മുന്‍പില്‍ ഒരു പോസ്റ്റ്‌ ഉണ്ട്, അതിനു മുന്നില്‍ ആണ്. കൊഴപ്പാവോ?"

"ചിലപ്പോള്‍ കുഴപ്പാവും. അവിടെ ഫൈന്‍ കിട്ടാന്‍ സാധ്യത ഉണ്ട് " മോനാക്ക ആശങ്ക പങ്കു വെച്ചു.

"റോഡില്‍ ആണോ പാര്‍ക്ക് ചെയ്തത്?" ഞാന്‍ ചോദിച്ചു.

"റോഡില്‍ അല്ല, സൈഡില്‍ ആണ്" മുഹമ്മദ്‌ക്കാ പറഞ്ഞു.

" അവിടെ അങ്ങനെ ഒരു സൈഡ് ഉണ്ടോ? അല്ല, നമ്മക്കൊന്നു പോയി നോക്കിയാലോ?" ടില്ലു എന്നെ നോക്കി പറഞ്ഞു.

"ഇനി പോയിട്ട് കാര്യമില്ല, ഫൈന്‍ ആണെങ്കില്‍ ഇപ്പോള്‍ തന്നെ കിട്ടിക്കാണും. സമയം കുറെ ആയില്ലേ അവിടെ നിര്ത്തിയിട്ടിട്ടു. ഇനി നാളെ രാവിലെ നോക്കാം" പുറത്ത് പോയി നോക്കാനുള്ള മടി കൊണ്ട് ഞാന്‍ പറഞ്ഞു.

"ഞ്ഞി ങ്ങോട്ട്‌ എണീക്ക് ചെങ്ങായ് " എന്നും പറഞ്ഞു ടില്ലുവും, മോനാക്കയും കൂടെ എന്നെ താഴേക്ക് കൊണ്ട് പോവാന്‍ വേണ്ടി വലിച്ചു.

"നിക്ക്.. നിക്ക്.. ഞാനും വരുന്നു" ഞങ്ങളോടൊപ്പം മുഹമ്മദ്‌കായും കൂടി വന്നു.

പണ്ടാരമടങ്ങാന്‍, ലിഫ്റ്റ്‌ പണി മുടക്കി. ഇനി നാലാമത്തെ നിലയില്‍ നിന്നും താഴോട്ടു ഇറങ്ങണം. ഒടുക്കത്തെ പാര്‍ക്കിംഗ് എന്ന് മനസ്സില്‍ പ്രാകി താഴോട്ടു പോയി.

"എവിടെ വണ്ടി?"

ഹണി ഹോട്ടലിനു മുന്നില്‍ എത്തിയപ്പോള്‍ മോനാക്ക ചോദിച്ചു.

"ദാ... ഹൊ ഭാഗ്യം ഫൈന്‍ ഒന്നും ഇല്ല. ഉണ്ടേല്‍ സ്റ്റിക്കര്‍ ഒട്ടിക്കും ല്ലേ? " വളരെ നിഷ്കളങ്കമായി അദ്ദേഹം പറഞ്ഞു.

ഞങ്ങള്‍ മുഖത്തോടു മുഖം നോക്കി. പിന്നെ പൊട്ടി ചിരിച്ചു. ഈ കാക്ക വന്ന ദിവസം തന്നെ നമ്മക്കിട്ട് പണി തന്നു.

മൂപ്പരെ വണ്ടി എന്ന് വെച്ചാല്‍ ഹെര്‍കുലീസിന്റെ തുരുമ്പ് പിടിച്ച ഇന്ത്യക്കാര്‍ ഇന്ത്യയില്‍ നിന്നും ഒഴിവാക്കിയത് എന്ന് തോന്നിക്കുന്ന തരത്തിലുള്ള ഒരു സൈക്കിള്‍ (ഒരു വണ്ടി എന്നും പറയും) ഹണിയുടെ മുന്നിലുള്ള പോസ്റ്റില്‍ ചങ്ങല വെച്ചു പൂട്ടിയിട്ടിരിക്കുന്നു. 


-------------------------------------------------------------------------------------------------------------------------------


ജസി ഫ്രണ്ട് 
ദോഹ - ഖത്തര്‍ 

5 comments:

  1. സത്യാണോ ഫ്രെണ്ടേ?? ;) അബടെ സൈക്കിള്‍ ഒക്കെയുണ്ടോ?

    ReplyDelete
    Replies
    1. ഇഷ്ടം പോലെ ഉണ്ട് ചേച്ചി... :)

      Delete
  2. പുതിയ കാക്ക ബല്ലാത്ത പഹയന്‍ തന്നെ....!

    ReplyDelete
    Replies
    1. :D ന്യൂ ജനറേഷന്‍ തോറ്റ് പോവും

      Delete