Sunday, March 23, 2014

വെറുക്കപ്പെട്ടവന്‍
മരണമേ ... 
നീ ഇല്ലായിരുന്നെങ്കില്‍ 
ഈ ലോകം നിലവിളികളാല്‍ 
കാതുകള്‍ തുളച്ച് രക്തം ചര്‍ദ്ദിച്ച്
മലവും മൂത്രവും കഴിച്ചു 
ഇഴഞ്ഞു നീങ്ങുമായിരുന്നു

എന്നിട്ടുമെന്തേ നീ ഇത്ര 
വെറുക്കപ്പെട്ടവനായി?

Friday, March 21, 2014

വരവും കാത്ത്‌പ്രിയപ്പെട്ട ഡാഡിക്ക്

ഒരുപാട് ആഗ്രത്തോടെ ഞാന്‍ ഡാഡിയെ കാത്തിരിക്കുകയാണ്.  ഇന്ന്‍ വരാം, നാളെ വരാം എന്ന് പറഞ്ഞു ഡാഡി എന്തിനാ എന്നെയിങ്ങനെ കളിപ്പിക്കുന്നത്? ഞാന്‍ ഇവിടെ ഒറ്റക്കാണെന്നു ഡാഡിക്കറിയില്ലേ?

ഡാഡിക്കറിയില്ലേ അടുത്താഴ്ച മമ്മിയുടെ ഒന്നാം ചരമവാര്‍ഷികം ആണെന്ന്. അമ്മയുടെ കല്ലറയില്‍ പോയി ഒരു ചുവന്ന റോസാപ്പൂ അര്‍പ്പിക്കണം എന്നൊക്കെ കഴിഞ്ഞ തവണ വിളിച്ചപ്പോള്‍ ഡാഡി പറഞ്ഞത് മറന്നു പോയോ? എന്താ ഇപ്പൊ ഞാന്‍ ഫോണ്‍ വിളിച്ചിട്ട് ഫോണില്‍ കിട്ടാത്തത്?  എത്ര ദിവസമായി ഞാന്‍ ട്രൈ ചെയ്യുന്നു. ഡാഡി ... പ്ലീസ്

ജസീക്കയെ വിളിച്ചപ്പോള്‍ ഡാഡിയുടെ ഫോണ്‍ കളഞ്ഞു പോയി എന്നും, ഡാഡിക്ക് പുതിയ കണക്ഷന്‍ എടുക്കാന്‍ അല്പം സമയം എടുക്കുമെന്നും കൂടാതെ ജോലിതിരക്കിലാണെന്നും അവര്‍ പറഞ്ഞു. ഓഫീസില്‍ ഡാഡിക്ക് എന്‍റെ മെയില്‍ വായിച്ചു ഒരു റിപ്ലൈ അയക്കാന്‍ അധികം സമയമൊന്നും വേണ്ടല്ലോ. സ്കൂളില്‍ ആന്വല്‍ എക്സാം ആയതിനാല്‍ ആണ് എനിക്ക് പുറത്ത് പോയി ഡാഡിക്ക് വിളിക്കാനോ മെയില്‍ ചെയ്യാനോ കഴിയാത്തത്.  ഈ മെയില്‍ വായിച്ചു സുഖം എന്ന് മാത്രം റിപ്ലൈ ചെയ്താല്‍ മാത്രം മതി ഡാഡി. ഡാഡിയുടെ ചക്കര മോള്‍ അല്ലെ ഈ പറയുന്നത്? എനിക്കത്രക്ക് ഡാഡിയെ മിസ്‌ ചെയ്യുന്നു.

കഴിഞ്ഞ ആഴ്ച എന്‍റെ ജന്മദിനമയിരുന്നല്ലോ. നമ്മുടെ ഇടവകയിലെ അച്ചന്‍ എന്നെ കാണാന്‍ ഇവിടെ ഹോസ്റ്റലില്‍ വന്നിരുന്നു. ഡാഡി അയച്ചതാണ് എന്ന് പറഞ്ഞു എനിക്ക് ഒരു പിങ്ക് കളറില്‍ ഉള്ള മുത്ത് മാല തന്നു. എനിക്ക് ഒരുപാട് സന്തോഷമായി ഡാഡി. പക്ഷെ ഞാന്‍ ഡാഡിയോട് പിണക്കമാണ്. എന്‍റെ ബര്‍ത്ത്ഡേക്ക് എന്നെ ഒന്ന് വിളിച്ചു വിഷ് ചെയ്യാന്‍ പോലും ഡാഡിക്ക് തോന്നിയില്ലല്ലോ. അത്രക്ക് തിരക്കാണോ ഡാഡി? അല്ലെങ്കില്‍ എന്‍റെ ബര്‍ത്ത്ഡേ മറന്നോ? അന്ന് വിളിച്ചപ്പോഴും ഞാന്‍ ഓര്‍മിപ്പിച്ചിരുന്നല്ലോ? യേശുവേ.. ഈ ഡാഡിയുടെ മറവി മാറ്റാന്‍ എവിടെയാണാവോ ഒരു മരുന്ന് കിട്ടുക?

ഡാഡി വരുമ്പോള്‍ മമ്മിക്ക് കൊടുക്കാന്‍ പൂക്കള്‍ കൊണ്ട് വരാന്‍ എന്‍റെ കൂട്ടുകാരിയോട് ഞാന്‍ പറഞ്ഞിട്ടുണ്ട്. അവളുടെ വീട്ടില് നല്ല ചുവന്ന റോസാപൂക്കള്‍ ഉണ്ടത്രേ. മമ്മിക്ക് ഡാഡി കൊടുത്ത ആദ്യ പ്രണയോപഹാരം തന്നെ മമ്മിയുടെ ചരമവാര്‍ഷികത്തില്‍ നമുക്ക് കൊടുക്കണം. അത് കണ്ടു മമ്മിയുടെ ആത്മാവ് സന്തോഷിക്കും. ഞാനും ഡാഡി വരാന്‍ കാത്തിരിക്കുകയാണ്. അധിക ദിവസവും മമ്മി സ്വപ്നത്തില്‍ വന്നു പറയും. മോള്‍ വരുന്നോ എന്‍റെ കൂടെ എന്ന്? ഡാഡിയെ തനിച്ചാക്കിയിട്ടു ഞാന്‍ എങ്ങനെയാ ഡാഡി മമ്മിയുടെ അടുത്തേക്ക് പോവുക?

ഒരുപക്ഷെ ഡാഡിയോടും മമ്മി പറയുന്നുണ്ടാവും കൂടെ ചെല്ലാന്‍. എന്നെ ഒറ്റയ്ക്കാക്കിയിട്ട് ഡാഡി മമ്മിയോടൊപ്പം പോവല്ലേ. നമുക്ക് ഒരുമിച്ച് ഒരു ദിവസം മമ്മിയുടെ അടുത്ത് പോവാം. അത് വരെ മമ്മി കാത്തിരിക്കട്ടെ അല്ലെ? നമ്മെ കൂട്ടാതെ മമ്മി പോയതിനുള്ള പിണക്കം ഇങ്ങനെയല്ലേ നമുക്ക് പ്രകടിപ്പിക്കാന്‍ കഴിയുക?

ഒരേ സമയം എനിക്കെന്‍റെ  മമ്മിയും ഡാഡിയുമായി എങ്ങനെ മാറാന്‍ ഡാഡിക്ക്  കഴിയുന്നു എന്നത് എന്നെ ഒരുപാട് അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഈ ജന്മം മുഴുവന്‍ ഡാഡി എന്‍റെ കൂടെ ഉണ്ടെങ്കില്‍ ഞാന്‍ ഒരിക്കലും എന്‍റെ മമ്മിയെ മിസ്‌ ചെയ്യില്ല. അത്രക്ക് ഉറപ്പാണ് എനിക്ക്. ഡാഡിക്കറിയോ, ഞാന്‍ നല്ല പോലെ ഭക്ഷണം കഴിച്ചിട്ട് എത്ര ദിവസമായെന്നു?
ഇനി ഡാഡി വന്നു എനിക്ക് ഭക്ഷണം വായില്‍ ഇട്ടു തന്നാല്‍ മാത്രമേ ഞാന്‍ കഴിക്കുള്ളൂ.

അമ്മയുടെ കല്ലറയില്‍ പോയി പ്രാര്‍ഥിക്കാനും, നമ്മുടെ സ്നേഹം പങ്കുവെക്കാനും ഡാഡി ഉടനെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.  എനിക്ക് തരാമെന്നു പറഞ്ഞ സര്‍പ്രൈസ് കൊണ്ട് വരാന്‍ മറക്കരുത് :)

ഗോഡ് ബ്ലെസ് യു ഡാഡി

റ്റെയ്ക് കെയര്‍

സസ്നേഹം

മമ്മിയുടെയും ഡാഡിയുടെയും സ്വന്തം

തെരേസ ഫെര്‍ണാണ്ടസ്
ബീജിംഗ് - ചൈന

മെയില്‍ ഡ്രാഫ്റ്റ് ചെയ്ത ഉടന്‍ തന്നെ  ഡാഡിയുടെ റിപ്ലൈ കണ്ടു തെരേസ സന്തോഷവതിയായി. ഉടന്‍ തന്നെ അവള്‍ ഇ മെയില്‍ തുറന്നു വായിച്ചു. ശേഷം ബോധരഹിതയായി വീണു. ഒരു ഓട്ടോമേയ്റ്റഡ റിപ്ലൈ  മെയില്‍ ആയിരുന്നത്.

"താങ്കള്‍ക്ക് നന്ദി.

മകളോടൊപ്പം അവധി ദിനം ചിലവഴിക്കാനും ഭാര്യയുടെ ചരമവാര്‍ഷികത്തില്‍ പങ്കെടുക്കാനും ഇന്ന്  08 / 03 / 2014 രാത്രി മലേഷ്യന്‍ ഫ്ലൈറ്റ് 370 ല്‍ ബീജിങ്ങിലെയ്ക് പുറപ്പ്ടുന്നു.  ബീജിങ്ങില്‍ എത്തിയാല്‍ എന്നെ ബന്ധപ്പെടേണ്ട നമ്പര്‍ താഴെ കൊടുക്കുന്നു.

ഫെര്‍ണാണ്ടസ് സി മാത്യു
മൊബൈല്‍: +86 9235*****
ക്വാലാലം‌പൂര്‍ - മലേഷ്യ "
ഇന്ന് (08/03/2014) രാത്രി
Thursday, March 6, 2014

വേഴാമ്പല്‍
നീലാകാശ താഴ്വരയില്‍ ഒരു മിന്നുന്ന താരകം പോലെ
നീലവാനില്‍ ഉയര്‍ന്നു നില്‍ക്കും പനിനീരമ്പിളി പോലെ
കുളിച്ചു ഈറനുടുത്ത് വരുന്നൊരു മലയാളിപെണ്ണേ
നിന്‍റെ മനസ്സിനുള്ളില്‍ പൂത്ത് നില്‍ക്കും വാടാ മലരാര്?

അമാവാസി നാളില്‍ ഇരുളിന്‍ കരിമ്പടം പുതച്ചു നീ
കിടന്നുറങ്ങും സമയം നിന്നുടെ മനസ്സിലാരാണ്?
വെണ്‍ നിലാവിന്‍ ചിറകില്‍  നീ പറന്നു പോയൊരു നിമിഷം
വേണ്മലര്‍ ചുണ്ടില്‍ വിരിഞ്ഞൊരു പുഞ്ചിരിയാര്‍ക്കാണ് ?  

കൊഴിഞ്ഞു വീണൊരു പൂവിന്‍ ഇതളുകള്‍ പെറുക്കി മെല്ലെയെടുത്ത്
തിരിച്ചു പൂവില്‍ ചേര്‍ത്ത് വെക്കാന്‍ മോഹമുണ്ടോ പെണ്ണേ?
ഇതള്‍ പൊഴിഞ്ഞൊരു കുസുമം  ഞാനൊരു വാടിയ പൂവിന്‍ തണ്ട്
നനയുവാനൊരു മോഹം നിന്നില്‍ പടരുവാനൊരു ദാഹം

-----------------------------------

ജസി ഫ്രണ്ട് 
ദോഹ - ഖത്തര്‍ 
Monday, March 3, 2014

പൊട്ടിയ ചങ്ങല കണ്ണികള്‍ഭാഗം ഒന്ന്
------------
അന്നൊരു പെരുന്നാള് ദിവസം ആയിരുന്നു. പള്ളിയില് നിന്നും ഇറങ്ങി അമ്മാവന്മാരോടും അമ്മായിമാരോടും ഏട്ടന്മാരോടും മറ്റു കുടുംബക്കാരില് നിന്നുമെല്ലാം കിട്ടിയ പെരുന്നാള് പൈസയുമായി കുഞ്ഞു മോനും കൂട്ടുകാരും കോഴിക്കോട് ബീച്ച് കാണാന് പോയി. കുഞ്ഞുമോന് ഏഴാം തരം വിദ്യാര്ഥി ആണ് . അത് കൊണ്ട് തന്നെ അവനെ ഒറ്റക്ക് വീട്ടുകാര് എവിടെയും വിടില്ല. എന്നാല് പെരുന്നാള് ദിവസം അടുത്ത സ്ഥലങ്ങളില് കൂട്ടുകാരോടൊപ്പം പോവാനുള്ള അനുവാദമുണ്ട്. വീട്ടില് നിന്നും കുടുംബ സന്ദര്ശനം എന്ന് കള്ളം പറഞ്ഞു അവര് ഉച്ചയോടു കൂടി കൊടുവള്ളിയില് നിന്നും കോഴിക്കോട്ടേക്ക് ബസ് കയറി. പുത്തന് വസ്ത്രങ്ങള് അണിഞ്ഞു സുന്ദരകുട്ടപ്പന്മാരായി കോഴിക്കോടിന്റെ സൌന്ദര്യം നുകര്ന്ന് അവര് നടക്കാന് തുടങ്ങി. കുഞ്ഞിമോന്, അടുത്ത വീട്ടിലെ റഷീദ്കാന്റെ മകന് കുട്ടന്, പിന്നെ അമ്മാവന്റെ മകന് മന്സൂര് . അവര് രണ്ടുപേരും ഏഴാം തരത്തില് തന്നെ പഠിക്കുന്നു. കോഴിക്കോട് അരയിടത്ത് പാലത്ത് ബസ് ഇറങ്ങി മാവൂര് റോഡിലൂടെയാണ് അവര് നടക്കുന്നത്. കുറച്ചു മുന്പോട്ട് പോയപ്പോള് റോഡിന്റെ വലത് വശത്ത് സിനിമാ പോസ്റ്ററുകള് കാണാന് തുടങ്ങി. 

"ഡാ ഇതമ്മളെ മമ്മൂട്ടി അല്ലെ?" കുഞ്ഞിമോന് കൂട്ടുകാരോട് ചോദിച്ചു.

"അതെന്നെ, മറ്റേയ് ദിവ്യാ ഉണ്ണിയും "  കുട്ടന് 

"ങേ..ദിവ്യാ ഉണ്ണിയോ? അല്ല, ഇത് വേറെ ഏതോ പെണ്ണാ.." കുഞ്ഞിമോന് 

"ഹായ് മറവത്തൂര്‍ കനവ്, നല്ല സിനിമയാണ്ന്ന് തോന്നുന്നു,  നമ്മക്കീ സിനിമ കണ്ടാലോ"? മന്സൂര് ആവേശം വിതറി. 

"അത് ശരിയാ, ഞാനിത് വരെ ഒറ്റക്ക് ഒരു സിനിമ കണ്ടിട്ടില്ല" കുഞ്ഞി മോന് 

"അയിനിപ്പോ ഇപ്പം കണ്ടാലും അത് ഒറ്റക്കാവൂലല്ലോ, ഞമ്മളൊക്കെ ഇല്ലേ അന്റെ കൂടെ, ങേ..?" കുട്ടന്‍ കുഞ്ഞിമോനെ കളിയാക്കി.

"ഞ്ഞി പോടാര്‍ന്ന്" കുഞ്ഞിമോന്‍

"ഡാ .. രാധേല് ആണ്, അതെവിടെയാന്നരറിയോ? " മന്സൂര് 

"ഓ.. എനിക്കറിയാം. മുട്ടായി തെരുവിലാ. പെരുന്നാള് ഡ്രെസ് എടുക്കാന് പോയപ്പോള് കണ്ട്ക്ക്ന്ന് " കുഞ്ഞിമോന്

"വേണ്ടട്ടോ.. സിനിമക്കൊന്നും പോണ്ട.. നമ്മളെ പൈസ വേഗം തീര്ന്നു പോവും." കുട്ടന് ഉടക്കിട്ടു.    

"അത് ശരിയാ.. നമ്മക്ക് ബീച്ചി തന്നെ പോവാം.. ന്ന്ട്ട് പൈസ ബാക്കിണ്ടെങ്കില് സിനിമ കാണാം" കുഞ്ഞിമോന് പറഞ്ഞു. 

"ബീച്ചി പോയിട്ട് സിനിമ കാണല് നടക്കൂല്ല മോനേ, സമയം രാത്രി ആവും. നമ്മക്ക് സിനിമ കഴിഞ്ഞിട്ട് ബീച്ചി പോവാം." മന്സൂര് സിനിമയുടെ ത്രില്ലില് ആണ്.

"ന്റെല് അയിനും മാത്രം പൈസൊന്നും ഇല്ലേ... " കുട്ടന് നയം വ്യക്തമാക്കി.

"അതൊന്നും ഞ്ഞി പേടിക്കേണ്ട, അന്റെ ടിക്കറ്റ് ഞാനെടുത്തോളാം. അത് പോരെ?" കുഞ്ഞിമോനാണത് പറഞ്ഞത് ?  

"ന്നാ അത് മതി. നമ്മക്ക് പോവാം."  

മാവൂര് റോഡിലൂടെ മിഠായി തെരുവിലേക്ക് അപരിചതരോട് വഴി ചോദിച്ചു അവര്‍ പതുക്കെ നടന്നു. വഴിമധ്യേ അശോക ഹോസ്പിറ്റലിനു മുന്നില് എത്തിയപ്പോള് മന്‍സൂര്‍ ഒരു കാഴ്ച്ച കണ്ടു. പെരുന്നാള് ദിനത്തില് ഒട്ടിയവയരറുമായി തന്നെക്കാള് ഇളയ ഒരു കൊച്ചു ബാലന് ആളുകള്ക്ക് മുന്നില് കൈ നീട്ടുന്നു. അവന്റെ കൈകളിലും കാലുകളിലും തീ പൊള്ളിയ പാടുകള് ഉണ്ട്. വെയില് കൊണ്ട് കരുവാളിച്ച മുഖം. അലക്കാത്ത വൃത്തിയില്ലാത്ത ഷര്ട്ട്. പലയിടത്തും കീറലുകള് ഉണ്ട്. കാലില് വൃണങ്ങള് പൊട്ടിയൊലിക്കുന്നു. ചിലര് ചില നാണയതുട്ടുകള് കൊടുക്കുന്നുണ്ട്. ചിലര് കണ്ടഭാവം നടിക്കുന്നില്ല. ചിലരുടെ കാലിലേക്ക് ആ കൊച്ചു ബാലന് കെട്ടിപിടിച്ചു പണത്തിനായി കേഴുന്നു. ശല്യം ഒഴിവാകട്ടെ എന്ന മട്ടില് അപ്പോള് ചിലര് എന്തേലും കൊടുക്കുന്നു. ചിലര് കുതറിമാറി അവനെ തെറി വിളിക്കുന്നു. അവന് നടന്നു വന്നു കുട്ടന്റെ മുന്നില് കൈ നീട്ടി.  

"ചേട്ടാ..." അവന് വിളിച്ചു 

"ഡാ.. നിന്റെ കയ്യില് ന്തോ ണ്ടോ?" കുട്ടന്  മണ്‍സൂറിനോട് പറഞ്ഞു. 

"ദു വെറും തട്ടിപ്പാടാ, ഒന്നും കൊടുക്കണ്ട" കുഞ്ഞിമോന്‍ ഇടക്ക് കേറി പറഞ്ഞു. 

"ന്റെല് ണ്ട്.. കൈ നീട്ടുന്നവനെ മടക്കി അയക്കരുതെന്നാ റസൂല് പറഞ്ഞത്" മന്സൂര്‍ കുഞ്ഞിമോനോടു പറഞ്ഞു. 

"അതോണ്ടല്ല.. ഇതൊക്കെ തട്ടിപ്പാണെന്ന് ഉമ്മ പര്ഞ്ഞിട്ടുണ്ട്.." കുഞ്ഞിമോന്‍ ന്യായീകരിച്ചു. 

"ന്തായാലും വേണ്ടില്ല, നോക്ക് പാവം കുട്ടി.. ഓനെ ആരോ നല്ലണം അടിക്കുന്നുണ്ട്, മേലൊക്കെ പാട് കണ്ടില്ലേ?" കുട്ടനാണു ഇത് പറഞ്ഞത്.

 "ശരിയാ.. പാവം!" പേഴ്സില്‍ നിന്ന് 2 രൂപ എടുത്ത് മന്‍സൂര്‍ അവനു നേരെ നീട്ടി. സന്തോഷത്തോടെയും നന്ദിയോടെയും മന്‍സൂറിനെ നോക്കി, കാലില് തൊട്ടു വന്ദിച്ചു അവന് അടുത്ത ആളുടെ നേരെ നീങ്ങി. ഇതൊക്കെ കണ്ടു കുഞ്ഞിമോനും കുട്ടനും അതിശയത്തോടെ നോക്കി നിന്നു.

"ദു കൊറേ നടക്കാന് ഉണ്ടല്ലോ, ദാഹിച്ചിട്ടു വയ്യ.." കുട്ടന് പറഞ്ഞു.  

"ദാ.. ആ കാണുന്നതാണ് മാനാഞ്ചിറ അതിന്റെ അപ്പുറത്താ തിയേറ്റര് . " കുഞ്ഞി മോന് വലിയ ആളായി പറഞ്ഞു.

"തന്നെ..!!! അതാണോ മാനാഞ്ചിറ?" മന്സൂറും കുട്ടനും കുഞ്ഞിമോനെ കളിയാക്കി ചിരിച്ചു. ചമ്മല് മാറ്റാന് കുഞ്ഞിമോനും അവരോടൊപ്പം കൂടി ചിരിച്ചു.  

മിഠായി തെരുവ് കോഴിക്കോടിന്റെ ഹൃദയമാണ്. ഉപ്പ് തൊട്ടു കര്പ്പൂരം വരെ എന്തും കിട്ടുന്ന സ്ഥലം. വില കൂടിയതും കുറഞ്ഞതുമായ എന്തും ഇവിടെ നിന്ന് സെലക്ട് ചെയ്യാം. തെരുവ് കച്ചവടത്തിന്റെ സിരാ കേന്ദ്രം. അതിന്റെ തുടക്കത്തില് തന്നെയാണ് രാധ തിയേറ്റര് . ഒരു പഴയകാല തിയേറ്റര്. പെരുന്നാള് പ്രമാണിച്ച് സിനിമക്ക് നല്ല തിരക്കാണ്. ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 15 രൂപയാണ്. 2:45നു സിനിമ തുടങ്ങും. ഇപ്പോള് സമയം രണ്ടുമണി ആയതേ ഉള്ളൂ. പെരുന്നാള്‍ ആയത് കൊണ്ട് നല്ല തിരക്കുണ്ട്. നീണ്ടവരിയില് ഖ്യു നില്ക്കണം. ഒരു വിധം മൂന്നുപേരും ടിക്കറ്റ് കൌണ്ടറിലേക്കുള്ള തുരങ്കത്തിനുള്ളില് എത്തിപ്പെട്ടു. തിക്കിലും തിരക്കിലും പെട്ട് മൂന്നിടങ്ങളില് ആയിരുന്നു അവര്‍ ക്യൂവില് . 

"ഡാ.. നിക്ക് ശ്വാസം മുട്ടുന്ന പോലെ" കുഞ്ഞുമോന് മന്സൂറിനോട് വിളിച്ചു  പറഞ്ഞു.  

"തിരക്കൊന്നുല്ല, ആള്ക്കാര് വെര്തെ തിക്കി തിരക്കുന്നതാ" ദേഷ്യത്തോടെ കുട്ടന് പറഞ്ഞു.  

അല്പം ആശ്വാസം പോലെ തിക്കി തിരക്കല് പതിയെ നിന്നു. സാവധാനം അവര് ടിക്കറ്റ് കൌണ്ടറിനു അരികില് എത്തി. കുട്ടന് ആയിരുന്നു മുന്നില്.

""എത്രാളാ  "? ടികറ്റ് കൌണ്ടറില് ഇരിക്കുന്ന ആള് കുട്ടനോട് ചോദിച്ചു. 

"എന്റെ ടിക്കറ്റ് എടുക്കേണ്ട ആള് ഇയാളെ പിറകില് ആണുള്ളത് ഇപ്പം വരും."

"ഉം. എന്നാല് അങ്ങോട്ട് മാറി നിക്ക്" അയാള്ക്ക് ശേഷം മന്സൂര് ആയിരുന്നു ടികറ്റ് എടുത്തത്. പതിനഞ്ചു രൂപ കൊടുത്ത് അവന് ടിക്കറ്റ് എടുത്തു. 

"രണ്ടു ടിക്കറ്റ്" ഊഴം എത്തിയപ്പോള് കുഞ്ഞുമോന് പറഞ്ഞു. 

"30 രൂപ, മറ്റേ ആള് ആരാ? " 

"ദാ... ഇയാള് .. " കുട്ടനെ ചൂണ്ടി കാണിച്ചു കുഞ്ഞിമോന് പറഞ്ഞു.

പണം കൊടുക്കാന് വേണ്ടി പോക്കറ്റ് തപ്പിയ കുഞ്ഞുമോന് ഞെട്ടി. പേഴ്സ് കാണാനില്ല. എവിടെ പോയി? 

"അള്ളാ .. പേഴ്സ് കാണുന്നില്ല" കുഞ്ഞിമോന്റെ മുഖം ചുവന്നു തടിച്ചു. അവന് ദയനീയമായി കൌണ്ടറില് ഇരിക്കുന്ന ആളെ നോക്കി. 

"നല്ല പോലെ ശ്രദ്ധിക്കണ്ടേ മോനെ? ഇങ്ങോട്ട് മാറി നിന്ന് നല്ലപോലെ നോക്ക്, ഏതെങ്കിലും കീശയില്‍ ഉണ്ടാവും." അയാള് അവനോടു പറഞ്ഞു. 

കുട്ടന്‍ അവനെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു. കുഞ്ഞി മോന്‍ പതിയെ കുട്ടന്റെ അടുത്തേക്ക് നടന്നു. കുട്ടന് ഉത്കണ്ഠയോടെ അവന് അടുത്തെത്തി.

"ഡാ പേഴ്സ് നീ എവിടെയാ വെച്ചത്? എല്ലാ പോക്കറ്റിലും ഒന്നൂടെ നോക്ക്"

 "ഞാന് പാന്റിന്റെ ബാക്കിലെ പോക്കറ്റില് തന്നെയാ വെച്ചത്?"

"ഒന്ന് നല്ലോണം നോക്ക്, വേറെ പോക്കറ്റില് ഉണ്ടോന്നു" കുട്ടനും ആധിയായി..

കുഞ്ഞുമോന് വീണ്ടും തപ്പാന് തുടങ്ങി. കാണുന്നില്ല. അവര് പുറത്തേക്കിറങ്ങി മന്സൂറിനെ നോക്കി.

"മന്സൂര് എവിടെ?" കുഞ്ഞുമോന് കുട്ടനോട് ചോദിച്ചു

"ഉള്ളില് ഉണ്ടാവും, നമുക്ക് അവിടെ നോക്കാം."

"നമ്മളെ കൂട്ടാതെ അവന് അകത്ത് കേറുമോ?" കുഞ്ഞിമോന് സംശയം.

തിയേറ്ററിനു പുറത്തും അകത്തും അവര്‍ മന്‍സൂറിനെ തിരഞ്ഞു നടന്നു. പക്ഷെ മന്‍സൂറിനെ കാണാന്‍ ഇല്ല.

"നമ്മളെ കൂട്ടാണ്ട് ഓന്‍ ആത്ത് കേറീട്ടുണ്ടാവോ?" കുട്ടന്‍

"അങ്ങനെ ഓന്‍ കേറോ? ഹേയ്..  ഓന്‍ വിടെ ഏടേലും കാണും."

സിനിമാ ശാലയില്‍ സിനിമ തുടങ്ങുന്നതിനു മുന്പായുള്ള ബെല്‍ മുഴങ്ങി. അവസാനമായി ടിക്കറ്റ് എടുത്തവര്‍ എല്ലാം ഓടി കയറി. ഇപ്പോള്‍ തിയേറ്റര്‍ പരിസരത്ത് കുഞ്ഞിമോനും കുട്ടനും മാത്രം. അവര്‍ ഭീതിയോടെ പരസ്പരം കണ്ണുകളിലേക്ക് നോക്കി. ഏതായാലും സിനിമ കഴിയുന്നത് വരെ മന്‍സൂറിനെ നോക്കി ഇവിടെ ഇരിക്കാം എന്നുറപ്പിച്ചു അവരവിടെ ഇരിക്കുമ്പോള്‍ ആണ് ജടപിടിച്ച മുടിയും താടിയുമുള്ള, മെലിഞ്ഞു കവിളുകള്‍ ഒട്ടിയ വായില്‍ മുറുക്കാന്‍ കറയുള്ള ഒരാള്‍ അവരെ സമീപിച്ചത്.

"നിങ്ങള്‍ സിനിമ കാണാന്‍ വന്നതാണോ?" അയാള്‍ അവരോടു ചോദിച്ചു.

"ഉം" ഉള്ളില്‍ അല്പം ഭയം തോന്നിയെങ്കിലും അത് പുറത്ത് കാട്ടാതെ കുഞ്ഞിമോന്‍ പറഞ്ഞു.

"ടിക്കറ്റ് ഇല്ലേ കാണാന്‍?"

"ഇല്ല, ഞങ്ങളെ പോക്കറ്റ് അടിച്ചു പോയി" കുട്ടന്‍ ആണ് മറുപടി പറഞ്ഞത്.

അത് പറയേണ്ട ആവശ്യം ഉണ്ടായിരുന്നില്ല എന്ന അര്‍ത്ഥത്തില്‍ കുഞ്ഞിമോന്‍ കുട്ടനെ ഒന്ന് നോക്കി.
അയാള്‍ അവരെ രണ്ടു പേരെയും ഉഴിഞ്ഞൊന്നു നോക്കി.

"നിങ്ങള്‍ക്ക് ഞാന്‍ ടിക്കറ്റ് വെറുതെ തരാം, വേണോ?" അയാള്‍ ചോദിച്ചു.

"വേണ്ട" എന്തോ അപകടം മണത്ത കുഞ്ഞി മോന്‍ വേഗം കുട്ടനെയും കൂട്ടി തിയേറ്ററിനു പുറത്തേക്ക് നടന്നു.

---------------------------------------------------------------------------------------------------------


ഭാഗം  രണ്ട് 

വര്‍ഷങ്ങള്‍ കടന്നു പോയി. ഖത്തറില്‍ കാലാവസ്ഥ മാറ്റം വിളിച്ചോതി ചെറുതായി മഴ പെയ്തുകൊണ്ടിരിക്കുന്നു. പെട്ടന്നാണ് കുഞ്ഞിമോന്‍റെ ഫോണ്‍ ശബ്ദിച്ചത്.

"എന്താ കുട്ടാ വിശേഷം?"

" എന്താടോ  നിനക്കൊന്നു സലാം പറഞ്ഞാല്‍ '?

"നീ കാര്യം പറ"

"ഞാന്‍ ഒരു അര്‍ജന്റ് കാര്യം അറിയിക്കാന്‍ വേണ്ടി വിളിച്ചതാ. വാട്സ് ആപില്‍ മെസേജ് അയച്ചിട്ട് നീ റിപ്ലൈ തന്നില്ല."

"നെറ്റ് പോയെടാ, എന്തായിരുന്നു കാര്യം?"

"നമ്മളെ മന്‍സൂറിന്റെ ബാപ്പക്ക് ഇന്നലെ അറ്റാക്ക് ആയി. നിന്നെ കാണണം എന്ന് പറഞ്ഞിരിന്നു. നീ എന്നാ വരുന്നത്?"

"അള്ളാ.. എപ്പോളായിരുന്നു',  ഇപ്പം എവിടെയാ? സുഖമുണ്ടോ?" കുഞ്ഞിമോന്‍ ചോദിച്ചു.

"ഇന്ന് രാവിലെയായിരുന്നു. അപ്പൊ തന്നെ ഞങ്ങള്‍ കൊണ്ടുപോയി. ഐ സി യു വിലാണ്. അവിടെന്നാണ് നിന്നെ കാണണമെന്ന് പറഞ്ഞത്".

"അടുത്തമാസമാണ് ലീവ്. ഞാനിന്നു തന്നെ വരാന്‍ നോക്കട്ടെ"

'ഉം. അങ്ങനെ വരാണെങ്കില്‍ നല്ല കാര്യാണ്. പറ്റും പോലെ ചെയ്യ്‌ "

"ന്നാ ശരിടാ, വന്നിട്ട് കാണാം."


------------------------------------------------------------------------------------------------------------


ഭാഗം  മൂന്നു.

നാട്ടിലേക്ക് എല്ലാ ഫ്ലൈറ്റ്കളും നിറഞ്ഞു കവിഞ്ഞതിനാല്‍ കുഞ്ഞിമോന്‍ മുംബൈ വഴിയാണ് പോയത്.  മുബൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാത്തത്  സെക്കന്റ് ക്ലാസ് ബോഗിയില്‍ ആയിരുന്നു യാത്ര. മന്‍സൂറിന്റെ ഉപ്പ ആയതുകൊണ്ട് മാത്രമാണ് ഇത്രയും ത്യാഗം സഹിച്ചു കൊണ്ട് നാട്ടിലേക്ക് പോവുന്നത്. അന്നവനെ കാണാതായത് മുതല്‍ അവന്റെ ഉപ്പയുടെ മുഖത്ത് നോക്കാന്‍ കുഞ്ഞിമോനു മടിയായിരുന്നു. ഒരുപാട് സ്ഥലത്ത് അന്വേഷിച്ചെങ്കിലും മന്‍സൂറിനെ കണ്ടു കിട്ടിയില്ല. പിന്നീട് മന്സൂറിനു കൊടുക്കേണ്ട ആ സ്നേഹം കുഞ്ഞിമോനും കൂടി ആ മനുഷ്യനില്‍ നിന്ന് കിട്ടി തുടങ്ങി. എന്ത് കാര്യത്തിനും കുഞ്ഞിമോനും കുട്ടനും മന്‍സൂറിന്റെ ഉപ്പയെ സഹായിച്ചിരുന്നു. അവരെ കാണുമ്പോള്‍ ഒക്കെ ആ മനുഷ്യന്റെ കണ്ണ് നിറയും. അവരിലൂടെ അയാള്‍ മന്‍സൂറിനെ കണ്ടിരുന്നു. മരിക്കുന്നതിനു മുന്പ് അദ്ദേഹത്തെ ഒന്ന് കാണണം.

ഓരോ സ്റ്റേഷനില്‍ നിര്‍ത്തുമ്പോഴും ഭിക്ഷക്കാരും ഹിജഡകളും ബോഗിയിലെക്ക് ഇരച്ചു കയറും. ഭിക്ഷക്കാരോട് ഇല്ലാ എന്ന് പറഞ്ഞാല്‍ അവര്‍ പോവും. എന്നാല്‍ ഹിജഡകള്‍ അങ്ങനെയല്ല. അവര്‍ വന്നു രണ്ടും കൈ കൂട്ടി അടിച്ചിട്ട് അവരുടെ അവകാശം ചോദിക്കുന്നത് പോലെയാണ് കൈ നീട്ടുക. കൊടുക്കുന്നത് വരെ വെറുപ്പിച്ചു കൊണ്ടിരിക്കും. ഏതോ ഒരു സ്റ്റേഷനില്‍ നിന്നും കയറിയ ഒരു ഹിജഡയെ കുഞ്ഞിമോന്‍ ശ്രദ്ധിച്ചു. ഒരു കൈ നഷ്ടപ്പെട്ട അവന്‍ രൂക്ഷമായി നോക്കി കൊണ്ട് ആണ് ആളുകളെ സമീപിക്കുന്നത്. ആ നോട്ടം കണ്ടാല്‍ തന്നെ പലരും കൊടുത്ത് പോവും. പതിയെ അയാള്‍ കുഞ്ഞിമോനെ സമീപിച്ചു.

"ഹേയ് ബായ്.. ക്യാ ദേഖ് രഹാ ഹൈ, പൈസാ ദേദോ" അയാള്‍ കുഞ്ഞിമോന്റെ കണ്ണിലേക്ക് നോക്കി പറഞ്ഞു.

കുഞ്ഞിമോന്‍ അയാളെ അടിമുടി നോക്കി. മുഖത്തേക്ക് നോക്കിയിട്ട് എവിടെയോ എന്തോ പരിചയം.

"നാം ക്യാ ഹൈ ആപ്കോ?" കുഞ്ഞിമോന്‍ കീശയില്‍ നിന്നും പണം എടുക്കുന്ന സമയത്ത് വെറുതെ ചോദിച്ചു.

"ക്യൂം" ? പുരികക്കൊടി ഉയര്‍ത്തി ആ ചോദ്യം ഇഷ്ടപ്പെടാത്ത വിധം ഹിജഡ തിരിച്ചു ചോദിച്ചു.

"കുച്ച് നഹീ"

അപ്പോഴാണ്‌ കുഞ്ഞിമോന്‍ ഹിജഡയുടെ കവിളിനു താഴെ ഉള്ള എട്ടു എന്നെഴുതിയ പോലെയുള്ള കറുത്ത മറുക് ശ്രദ്ധിക്കുന്നത്. കുഞ്ഞിമോന്റെ ഉള്ളില്‍ സംശയം കൂടി. അവന്‍ ആ ഹിജഡയെ കൂടുതല്‍ സൂക്ഷമതയോടെ വീക്ഷിച്ചു.

" ക്യാ ഹുവാ.." ഹിജഡ വീണ്ടും രൂക്ഷമായി നോക്കി

"നഹി നഹി" കുഞ്ഞി മോന്‍ വേഗം കയ്യില്‍ കിട്ടിയ നോട്ട് അയാള്‍ക്ക് നേരെ നീട്ടി.

"ശുക്രന്‍"'

പണം വാങ്ങി അയാള്‍ തിരിഞ്ഞു ട്രയിനിന്‍റെ ഡോര്‍ ലക്ഷ്യമാക്കി നടന്നു. എന്തോ ഓരോ ആവേശത്തില്‍ കുഞ്ഞിമോന്‍ ഉറക്കെ വിളിച്ചു.

"മന്സൂറെ"

ഡോര്‍ ലക്ഷ്യമാക്കി നടന്ന ഹിജഡ ഒന്ന് നിന്നു, തിരിച്ചു കുഞ്ഞിമോന്റെ മുന്നിലെത്തി. അയാള്‍ അവന്റെ കണ്ണിലേക്ക് സംശയത്തോടെ നോക്കി. എന്തോ ഓര്‍ത്തിട്ടെന്ന പോലെ അവന്റെ കണ്ണില്‍ നിന്നും രണ്ടു തുള്ളി കണ്ണ് നീര്‍ ഒലിച്ചിറങ്ങി. കുഞ്ഞിമോന്‍ തരിച്ചിരുന്നു പോയി. അവനു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. വികാരഭരിതനായി അവന്‍ ചോദിച്ചു.

"മന്‍സൂറെ, നിനക്കെന്താ സംഭവിച്ചത്? നീ എങ്ങനെ ഇവിടെ എത്തി? എന്താണീ വേഷത്തില്‍? "

ചോദ്യങ്ങള്‍ക്ക് ഒരുത്തരം നല്‍കാനോ കുഞ്ഞിമോന് ഒന്ന് തടയാനോ പറയാനോ സമയം കൊടുക്കാതെ   അതിവേഗം ആ ഹിജഡ ട്രെയിനില്‍ നിന്നും പുറത്തേക്കിറങ്ങി ഓടി.

"നിക്ക്, നിക്ക്, ഞാന്‍ ഓടല്ലേ, ഞാന്‍ പറയട്ടെ.." കുഞ്ഞി മോന്‍ വിളിച്ചുകൂവി.

ബാഗ്‌ ഒതുക്കി വാതില്‍ പടിയിലേക്ക് ഓടിയെടുത്തപ്പോഴേക്കും ട്രെയിന്‍ ഓടി തുടങ്ങിയിരുന്നു. അവന്‍ പുറത്തേക്ക് നോക്കി. പേരറിയാത്ത ആ സ്റ്റെഷന്റെ പുറത്തേക്ക് ഓടി പോവുന്ന മന്‍സൂറിനെ കുഞ്ഞിമോന്‍ കണ്ടു. ഒരു കൈ നഷ്ടപ്പെട്ടു, ഹിജഡ വേഷത്തില്‍ അന്നൊരു പെരുന്നാള്‍ ദിനത്തില്‍ നഷ്ടപ്പെട്ടു പോയ തന്‍റെ ബാല്യകാല സുഹൃത്ത്.


--------------------------------- ശുഭം------------------------------