Sunday, October 5, 2014

എന്നിട്ടുമെന്തേ ...... !!! 
 
 
അത്രമേല്‍ വിശന്നിട്ടും, 
മനുഷ്യാ... ജീവന്‍റെ
അവസാന ശ്വാസവും
നിലച്ചെന്നു ഉറപ്പ്
വരുത്തിയതിനു ശേഷമാണ്
ഞാന്‍ ആഹരിക്കുന്നത്..
 
പകല് വെളിച്ചത്തില്‍
സഹോദരന്‍റെ കഴുത്തിലും 
നെഞ്ചിലും ആഴത്തില്‍
കുത്തിയിറക്കുന്ന
നിന്‍റെയീ രക്തം പുരണ്ട 
കൈകളെക്കാള്‍ വിശുദ്ധമാണ്
എന്‍റെയീ കൊക്കും നഖങ്ങളും
എന്നിട്ടുമെന്തേ ...... !!!

വീഴ്ച...

 
 
 
 
 
 
വര്‍ഷത്തിനു കൃത്യം 
പത്തുമാസം തികഞ്ഞപ്പോഴാണ് 
ഇന്ത്യക്കൊരു പുത്രന്‍ പിറന്നത് 
പിന്നീടവന്‍ വളര്‍ന്നു 
പിതാവാകുകയും ചെയ്തു
 


അഹിംസയെന്ന പദത്തിന് 
എന്തര്‍ത്ഥം എന്ന ചോദ്യത്തിനു 
ഉത്തരമായാണ് മഹാത്മാ 
എന്ന് ഇപ്പോഴും വിളിക്കപ്പെടുന്നത്
 
 
പിന്മുറക്കാര്‍ 
അഹിംസയെ ഹിംസിക്കുകയും 
മഹാത്മാവിനെ നോട്ടുകെട്ടുകളില്‍ 
തനിച്ചാക്കി യാത്ര തുടരുകയും
ചെയ്തതോടെയാണ് 
ഭാരതം പട്ടിണിയിലേക്ക്‌ 
വീണ്ടും മൂക്കും കുത്തി വീണത്

Monday, September 22, 2014

പ്രണയം

 
 
 
 
 
നിന്‍റെ മൂന്ന്‍ കഷ്ണം 
കഫന്‍ തുണിയില്‍ 
ഒടുങ്ങുന്നതല്ല 
എനിക്ക് നിന്നോടുള്ള 
പ്രണയം


ആറാമത്തെ കഷ്ണം 
കഫന്‍ തുണിയില്‍ 
ഞാന്‍ കൂടെ 
യാത്രയാവുമ്പോഴാണ് 
എന്‍റെ പ്രണയം 
പൂര്‍ണമാവുന്നത്

 

 

ദേശസ്നേഹം?

 
 
 ദേശ സ്നേഹികള്
കൈക്കൂലി കൊടുക്കുന്നു
പലിശ വാങ്ങുന്നു
ബാലവേലയെടുപ്പിക്കുന്നു

 
ദേശസ്നേഹികള്‍
നികുതി വര്‍ധിപ്പിക്കുന്നു
ഇന്ധന വില ഉയര്‍ത്തുന്നു
പൊതു ഖജനാവില്
കയ്യിട്ടു വാരി തിന്നുന്നു

 
ഇതിനെല്ലാമപ്പുറം
പരസ്പരം ചേരി തിരിഞ്ഞു
കൊന്നും കൊല വിളിച്ചും
ദേശ സ്നേഹം ഊട്ടിയുറപ്പിക്കുന്നു

 
ദേശസ്നേഹികള്‍
നാവു കൊണ്ട്
ജീര്‍ണിച്ച മനസും
പകയും വിദ്വേഷവും
നിറച്ച കൊട്ടാരം പണിതിരിക്കുന്നു
പുറമേ നിന്ന് കണ്ടാല്‍
സുന്ദരമായൊരു കൊട്ടാരം


ദേശസ്നേഹികള്‍
ഇനിയും വിതക്കാന്‍
പഠിക്കേണ്ടിയിരിക്കുന്നു
വെള്ളവും വളവും നല്‍കി
ദേശത്തെ പുഷ്പിപ്പിച്ചെടുക്കാന്‍
ഇനിയെത്ര കാലമെടുക്കും


 
സത്യത്തില്‍
ദേശസ്നേഹമെന്നാല്‍
ശത്രു രാജ്യത്തെ
തെറിവിളിക്കുന്നതില്‍
ഒതുക്കി നിര്‍ത്തപ്പെട്ടിരിക്കുന്നു

Saturday, July 26, 2014

അറിയാതൊരു നോമ്പ്

 
മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആണ് നോമ്പ് എന്ന സാഹസം എടുക്കാന്‍ തീരുമാനിക്കുന്നത്. അത് അഞ്ചാം തരം വരെ അര നോമ്പ് എടുത്താല്‍ മതി എന്ന് ഉമ്മ പറഞ്ഞപ്പോള്‍ ആണ് സന്തോഷമായത്. ചെറുപ്പം മുതലേ വിശപ്പ്‌ പിടിച്ചു വെക്കാന്‍ എനിക്ക് കഴിയില്ല എന്നത് തന്നെ. എന്നേക്കാള്‍ ഒരുപാട് ഇളയ എന്‍റെ കസിന്‍ പറയുമായിരുന്നു "ജസികാക്കക്ക് വെള്ളത്തിനോട് പോലും നുണയാ" എന്ന്. ആര്‍ക്ക് വെള്ളം കൊടുക്കുന്നത് കണ്ടാല്‍ പോലും എനിക്ക് വേണത്രേ.. ങ്ഹാ .. ആരോര്‍ക്കുന്നു അതൊക്കെ.
അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ തീരുമാനിച്ചുറപ്പിച്ചു ഇന്നൊരു നോമ്പ് എന്തായാലും എടുക്കും. ഉമ്മ പറയുകയും ചെയ്തു ഒന്നിടവിട്ട് എടുത്താല്‍ മതിയെന്ന. മതീല്ലോ.. ധാരാളം. എന്നാല്‍ പിന്നെ അങ്ങനെ ആയിക്കോട്ടെ എന്ന് കരുതി. വീട്ടില് ടീവിയോന്നും ഇല്ലാത്ത കാലമായിരുന്നു അന്ന്. നോമ്പിനു സമയം കളയണ്ടേ. കൂട്ടുകാരോടൊപ്പം പുഴവക്കത്ത് പോയിരിക്കുക, പുഴയില്‍ കുളിക്കുക എന്നൊക്കെയായിരുന്നു ഹോബി. പാമ്പും കോണിയും, ലുഡോബോഡ് എന്നിവ ഉച്ചക്ക് ശേഷത്തെ കളി. അധിക കുട്ടികളും പാട്ടയുമായിട്ടായിരുന്നു പുഴയില്‍ വരാറ്. കാരണം മുങ്ങി കുളിച്ചാല്‍ നോമ്പ് മുറിയുമത്രേ. ചെവിയില്‍ വെള്ളം കയറാനുള്ള സാധ്യത വെച്ച് കൊണ്ട് ചിലരൊന്നും മുങ്ങി കുളിക്കില്ല. എന്നാല്‍ എനിക്കതൊന്നും പ്രശ്നമില്ല. ഞാന്‍ എങ്ങനെയും കുളിക്കും. ചെവി വിരല്‍ കൊണ്ട് പൊത്തി പിടിച്ചാല്‍ പോരെ? ഹും പിന്നല്ല.
അങ്ങനെ പുഴയില്‍ നീന്തിതുടിച്ചു ക്ഷീണിച്ചു വീട്ടിലെത്തിയ ഉടന്‍ ഞാന്‍ അറിയാതെ ജഗ്ഗില്‍ കിടന്ന വെള്ളം എടുത്ത് കുടിച്ചു. ഇത് കണ്ട ഇത്താത്ത ഓടിപോയി ഉമ്മയോട് പറഞ്ഞു. ഉമ്മാ എച്ചിന്‍റെ നോമ്പ് മുറിഞ്ഞേ .. ഓന്‍ വെള്ളം കുടിച്ചു. (എന്നെ അവള്‍ അങ്ങനെയാ വിളിക്ക്വാ.. വിഡ്ഢി കൂശ്മാണ്ഡം. ന്‍റെ നല്ലോരു പേര് വെടക്കാക്കാന്‍ ഇറങ്ങി തിരിച്ചവള്‍ ) അത് കേട്ട് ഉമ്മ എന്നോട് ചോദിച്ചു. "നേരാണോ നീ വെള്ളം കുടിച്ചോ" ഞാന്‍ പറഞ്ഞു അറിയാതെ കുടിച്ചു പോയതാണെന്ന്. അപ്പോള്‍ ഉമ്മ പറഞ്ഞു. സാരല്യ, അറിയാതെ കുടിച്ചാല്‍ നോമ്പ് മുറിയില്ല എന്ന്. അപ്പോഴാണ്‌ എനിക്ക് സമാധാനമായത്.
ആദ്യനോമ്പല്ലേ, ഉമ്മ പറഞ്ഞു. "മോന്‍ പള്ളിയിലോക്കെ പോയി നിസ്കരിച്ചിട്ടു വാ.. എന്നിട്ട് കുറച്ചു കിടന്നുറങ്ങിയാല്‍ മതി. അപ്പോഴേക്കും വൈകുന്നേരമാവും."
അപ്രകാരം ഞാന്‍ പള്ളിയിലേക്ക് നടന്നു. പള്ളിയില്‍ എത്തിയില്ല. അതിന് മുന്‍പേ വയറ്റീന്നു കാളല്‍ തുടങ്ങി. ഹെന്‍റെ റബ്ബേ കുടുങ്ങിയോ? കുറച്ചു വെള്ളം കുടിച്ചതാണ് പ്രശ്നമായത്. അത് വരെ ഒന്നുമില്ലായിരുന്നു. അങ്ങനെ ഒരുവിധം നടന്നു പള്ളിയില്‍ എത്തി. ഹൌ.. ദാ കിടക്കുന്നു ഹൌള്.. നിറയെ വെള്ളം. എല്ലാവരും കയ്യും മുഖവും കഴുകുന്ന സ്ഥലം. എന്തായാലും വേണ്ട, ഒരിറക്ക് കുടിച്ചാല്‍ ഒന്നും ഒരു പ്രശ്നവും ഉണ്ടാവില്ല. അത്രക്ക് ദാഹിചിട്ടല്ലേ. പിന്നെ ചുറ്റും നോക്കി, ഭാഗ്യം ആരും പള്ളിയില്‍ എത്തിത്തുടങ്ങിയിട്ടില്ല. രണ്ടിറക്ക് വെള്ളം കുടിച്ചു. ഒരുമാതിരി ഇരുമ്പിന്‍റെ ചുവയുള്ള വെള്ളം. കുടിക്കേണ്ടിയിരുന്നില്ലെന്ന് തോന്നി. പടച്ചോനെ പൊറുക്കണേ..
നമസ്കാരം കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ ക്ഷീണം കൂടി. ഉടനടി എന്തേലും ചെയ്തെ പറ്റുള്ളൂ. ഇപ്പൊ ദാഹമല്ല നല്ല വിശപ്പാണ്. വീട്ടിലേക്ക് ഷോര്‍ട്ട്കട്ട് അടിച്ചു നടന്നാല്‍ വേഗം എത്തും. പഴയ ഒരു ഡോകടര്‍ താമസിച്ച വീടുണ്ട്. അവിടെ ഇപ്പോള്‍ ആരുമില്ല. അത് വഴി മുറിച്ചു കടന്നാല്‍ എളുപ്പം വീടെത്താം. മതില് ചാടി അതിലൂടെ നടന്നു. ഹമ്പടാ ദേ നോക്ക്യേ .. നല്ല എളോര്‍ മാങ്ങ കിടക്കുന്ന കിടപ്പ് കണ്ടാ. ഒന്ന് കൈ ഏന്തിയാല്‍ കിട്ടും മാങ്ങ. അത്ര താഴെ. ആ വീട്ടില്‍ നിന്നും ആദ്യമായാണ് ഞാന്‍ ഇങ്ങനെ മാങ്ങ കാണുന്നത്. നോമ്പ് തുറന്നിട്ട്‌ കഴിക്കാമെന്നു കരുതി മെല്ലെ സൂക്ഷിച്ചു ആരോ നോക്കുന്നോ എന്നൊക്കെ ചുറ്റുപാടും നോക്കി ഒരെണ്ണം പറിച്ചെടുത്തു. മാങ്ങയുടെ കണ്ണിപൊട്ടി മണം മൂക്കിലടിച്ചതോട് കൂടെ വിശപ്പ്‌ കൂടി. അള്ളാ.. സഹിക്കാന്‍ പറ്റുന്നില്ല.. അപ്പോഴാണ്‌ ഉമ്മ പറഞ്ഞത് അറിയാതെ എന്തെങ്കിലും കുടിച്ചാലോ തിന്നാലോ നോമ്പ് മുറിയില്ല എന്ന്. എന്‍റെ ഉള്ളിലെ മുഫ്തി വര്‍ക്ക് ചെയ്യാന്‍ തുടങ്ങിയത് അന്ന് മുതലായിരിക്കും. കൊടുത്ത് ഫത് വ .. ധൈര്യായിട്ട് കഴിച്ചോ.. കണ്ണടച്ച് കഴിച്ചാല്‍ മതി. എന്നിട്ട് അറിയാതെ ആണെന്ന് ഉദ്ദേശിക്കുക. സംഗതി സിമ്പിള്‍. . ,
അങ്ങനെ ആരും അറിയാതെ മാങ്ങ തിന്നു അവിടത്തെ കിണറ്റില്‍ നിന്നും വെള്ളം കുടിച്ചു വായ കൊപ്ലിച്ചു മാങ്ങയുടെ മണമൊക്കെ മാറ്റി. വിശപ്പ്‌ കൂള്‍ ആയി പമ്പ കടന്നു. പള്ളിയിലേക്ക് ക്ഷീണിച്ചു നടന്ന മകന്‍ തിരിച്ചു പതിന്മടങ്ങ് ഉന്മേഷത്തോടെ വന്നത് കണ്ടപ്പോള്‍ ഉമ്മ ചോദിച്ചു. "അല്ലെടോ .. നീ എന്തേലും കഴിച്ചോ?" . അപ്പോള്‍ ശരിക്കും അറിയാതെ "ഉം" എന്ന് ഞാന്‍ പറഞ്ഞു. ശ്ശെടാ അബദ്ധം പറ്റിയല്ലോ.. ഇനി എന്ത് ചെയ്യും? "ങേ.. തലോമ്പായിട്ട് നീ എന്താ തിന്നത്?" ഉമ്മ അതിശയത്തോടെ ചോദിച്ചു. ഉമ്മയോട് കള്ളം പറയാന്‍ തോന്നിയില്ല. ഞാന്‍ പറഞ്ഞു അതുമ്മാ വരുന്ന വഴി ഞാന്‍ അറിയാതെ, അതെ സത്യമായിട്ടും അറിയാതേ ഒരു മാങ്ങ തിന്നുപോയി. തിന്നു കഴിഞ്ഞപ്പോള്‍ ആണ് നോമ്പ്ള്ളത് ഓര്‍മയായത്" ഉമ്മ അന്ന് തലയില്‍ വെച്ച ആ കൈ ഇന്നും എന്‍റെ മനസിലുണ്ട്. ഏതായാലും വൈകുന്നേരം അസര്‍ നിസ്കരിച്ചു വന്നപ്പോള്‍ എനിക്ക് കഴിക്കാന്‍ വേണ്ടി പത്തിരിയും ഇറച്ചിക്കറിയും ഒരുക്കി വെച്ചിരിക്കുന്നു. എന്നിട്ട് ഉമ്മ പറഞ്ഞു "ഇത് നീ അറിയാതെ അങ്ങ് തിന്നോളൂ ട്ടോ. നാളെ ഇത് ആവര്‍ത്തിക്കരുത്" പക്ഷെ ഞാന്‍ ചമ്മിയത് അപ്പോള്‍ അല്ല, ആണായ എനിക്ക് വിശപ്പ്‌ സഹിക്കാന്‍ കഴിയാതെ ഇരിക്കുമ്പോള്‍ വെറും ഒരു പെണ്ണായ അതും ഒരു വയസിന്റെ മാത്രം മൂപ്പുള്ള ന്‍റെ പെങ്ങള്‍ എന്നെ നോക്കി ചിരിച്ചത് കണ്ടപ്പോള്‍ ആയിരുന്നു. ങാ.. മാനം ഏതായാലും പോയി, ഇനി പത്തിരീം ഇറച്ചീം കഴിക്കട്ടെ..
*ഹൌള് - പള്ളിയില്‍ വുദു ഉണ്ടാക്കുന്നതിനു വേണ്ടി വെള്ളം നിറച്ചു വെച്ച ഭാഗം 
*തലോമ്പ് - ആദ്യത്തെ നോമ്പ് 
*മുഫ്തി - ഫത് വ നല്‍കുന്ന പണ്ഡിതന്‍
--------------------------------------------- ശുഭം ---------------------------------------

 

ജസി ഫ്രണ്ട്

ദോഹ - ഖത്തര്‍

Wednesday, July 16, 2014

ഒരു പലസ്തീനി പെണ്‍കുട്ടിയുമായുള്ള ചാറ്റിംഗ്

 
 
അറബി അറിയാത്ത എനിക്ക് അറബി സംസാരിക്കുന്ന പലസ്തീനി ഫ്രണ്ട് ഉണ്ട്. പൂള്‍ ലൈവ് ടൂര്‍ എന്ന ഗെയിം കളിക്കുന്ന സമയത്ത് വന്നതാണ്. ഗസ്സയില്‍ എഞ്ചിനീയറിംഗിന് പഠിച്ചു കൊണ്ടിരിക്കുന്ന ഒരു മിടുക്കി.
ഇടവേളക്ക് ശേഷം അവളെ ഓണ്‍ലൈനില്‍ കണ്ടപ്പോള്‍
ഇത്രയും ബോംബുകള്‍ വീഴുമ്പോള്‍ നിനക്ക് പേടി തോന്നാറില്ലേ?
"ഇല്ല. ഞങ്ങള്‍ക്കിത്‌ സുപരിചിതമാണ്. ബോംബുകളുടെയും യുദ്ധവിമാനങ്ങളുടെയും അലയൊലികള്‍ ഇല്ലാതെ ഒരു ദിനം പോലും ഇത് വരെ കൊഴിഞ്ഞു പോയിട്ടില്ല."
എന്നാലും കരുതിയിരിക്കുക. പുറത്തേക്ക് ഒന്നും ഇറങ്ങണ്ട
"ഹഹഹ.. ഭയന്ന് കൊണ്ട് എത്രകാലം ജീവിക്കാന്‍ കഴിയും. ഇസ്രായേലികള്‍ക്ക് ഞങ്ങള്‍ എവിടെ ആയാലും കണക്കാണ്. വീടിനുള്ളിലും പുറത്തും ഒരുപോലെ അവര്‍ ബോംബ്‌ ഇടും. കുഞ്ഞുങ്ങളെ പോലും അവര്‍ വെറുതെ വിടുന്നില്ല."
ഹമാസ് ആണോ കുഴപ്പക്കാര്‍?
"അല്ല. ഹമാസും ഫതഹും ഇവിടെയുണ്ട്. ഗസ്സയില്‍ കൂടുതല്‍ പേര്‍ ഹമാസിനെ പിന്തുണയ്ക്കുന്നു. പക്ഷെ ഒരുമിച്ചു നില്‍കേണ്ട സാഹചര്യത്തില്‍ പോലും രണ്ടും വിവിധ ധ്രുവങ്ങളില്‍ ആണ്. എന്നിരുന്നാലും ഹമാസ് ഇല്ലെങ്കില്‍ ഇപ്പോള്‍ ഞങ്ങള്‍ പൂര്‍ണമായും നശിപ്പിക്കപ്പെടുമായിരുന്നു. അവര്‍ ആണ് ഞങ്ങളെ സംരക്ഷിക്കുന്നത്."
മരണ ഭയം ഉണ്ടോ?
"എന്നെ കുറിച്ച് ഞാന്‍ ഭയക്കുന്നില്ല. മരണം ഒരര്‍ത്ഥത്തില്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. രക്തസാക്ഷിത്വം കൊതിക്കാത്തവര്‍ ഗസ്സയില്‍ ഉണ്ടാവുമോ? എനിക്ക് എന്‍റെ വീട്ടുകാര്‍ക്ക് എന്തെങ്കിലും അപടകം വരുമോ എന്ന ഭയം മാത്രമേ ഉള്ളൂ. 
എന്‍റെ അനിയനോടും അനിയത്തിയോടും ഞാന്‍ ശ്രദ്ധിക്കാന്‍ പറയാറുണ്ട്."
നിങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ കഴിയുന്നില്ലല്ലോ എന്ന വിഷമം ഉണ്ട് 
"എനിക്കറിയാം. ഗസ്സയിലെക്ക് എത്തിപ്പെടാനും, ഗസ്സയില്‍ നിന്ന് പുറത്ത് പോവാനും എളുപ്പമല്ല. പ്രാര്‍ഥിക്കുക. ഞങ്ങള്‍ക്ക് വേണ്ടി, മുഴുവന്‍ ഗസ്സക്കാര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുക. "
"തീര്‍ച്ചയായും, ഞങ്ങളുടെ പ്രാര്‍ത്ഥന നിങ്ങള്‍ക്ക് വേണ്ടിയുണ്ടാവും"
താങ്ക്സ് ജസി ,.... ഗോഡ് ബ്ലെസ് യൂ.. ഇവിടം ഇപ്പോള്‍ പവര്‍ പോയി. ബാറ്ററി ഇപ്പോള്‍ തീരും. ജീവനോടെ ഉണ്ടെങ്കില്‍ വീണ്ടും കാണാം. ഇന്ഷാ അല്ലാഹ്.. സലാം അലൈക്കും. 
വ അലൈക്കും സലാം

Saturday, May 24, 2014

സ്നേഹത്തിന്‍റെ മധുരം...രണ്ടു വര്ഷം മുന്പ് അതി രാവിലെ തന്നെ റീമുവിന്‍റെ മിസ്കാള്‍ കണ്ടു തിരിച്ചു വിളിച്ചു. റീം പെങ്ങളുടെ കുട്ടിയാണ്. അവളെ കൊഞ്ചിച്ചു മീമു എന്ന് ഞാന്‍ വിളിക്കും.
"ഹലോ"
"ഹാ.. ആരിത് മീമുവോ?"
"ഉം, പിന്നെ ഒരു കാര്യം, ഇക്കാക്ക ഒന്നിങ്ങോട്ടു വരുമോ?"
"ഇപ്പോഴോ? എന്താ കാര്യം ?"
"എനിക്ക് ഇക്കാക്കനെ കാണാന്‍ പൂതിയാവുന്നു"
"ഉം, പിന്നേ .. കള്ളം പറയല്ലേ "
"സത്യം ഇക്കാക്ക, ഇങ്ങോട്ട് വേഗം വാ"
" ഇന്ന് തീരെ സമയമില്ല മീമൂ.. പിന്നൊരു ദിവസം വരാം"
"വാ ഇക്കാക്ക, എനിക്ക് കാണാന്‍ പൂതിയായിട്ടല്ലേ , പ്ലീസ്"
കുട്ടികളുടെ സ്നേഹത്തിനു മുന്നില്‍ നമ്മള്‍ ശരിക്കും വീണു പോവും. പോയാലോ എന്ന് കരുതി. പക്ഷേ ഇപ്പൊള്‍ പോവാന്‍ കഴിയില്ല. അത് കൊണ്ട് ഒന്നൂടെ പറഞ്ഞു മനസിലാക്കിക്കാം.
"മീമോ.. ഇക്കാക്ക കുറെ ദൂരെ പോവാണ്. വൈകുന്നേരമേ എത്തുള്ളൂ. അപ്പോ ഇന്ന്‍ വരാന്‍ സമയം ഉണ്ടാവില്ല ട്ടോ.. എന്തായാലും നാളെ രാവിലെ വരാം."
"നാളെ പറ്റൂല്ല, ഇപ്പൊ വാ .. " അവള്‍ വാശി പിടിക്കാന്‍ തുടങ്ങി.
"പ്ലീസ് മീമൂ.. പ്ലീസ്, നാളെ എന്തായാലും വരാം"
"എന്നാല്‍ ഇക്കാക്ക ഒരു കാര്യം ചെയ്യ്. വേഗം വന്നു എനിക്ക് ഒരു ചോക്ലേറ്റ് തന്നു പൊയ്ക്കോ. പിന്നെ അടുത്താഴ്ച വന്നാല്‍ മതി. "
അപ്പോഴാ സംഗതി പിടിത്തം കിട്ടിയത്. അവള്‍ക്ക് (മാത്രമല്ല, കുട്ടികള്‍ക്കെല്ലാം) ഇക്കാക്കയെക്കാള്‍ ഇഷ്ടം ചോക്ലേറ്റ് ആണെന്ന്. ..  
ഏതായാലും മിട്ടായിയും ചോക്ലേറ്റുംകണ്ടു പിടിച്ചവനു ഒരു ബിഗ്‌ സല്യൂട്ട് ... ഇതൊന്നും ഇല്ലായിരുന്നെങ്കില്‍ അവരുടെ കുസൃതികള്‍ ഇത്രക്ക് ആസ്വദിക്കാന്‍ കഴിയുമായിരുന്നില്ല.  

Wednesday, May 14, 2014

മേരാ ഭാരത്‌ ........... ?കാമ ഭ്രാന്തന്മാര്‍ക്ക്
വില്‍ക്കപ്പെട്ടതും
തകര്‍ത്തെറിഞ്ഞതുമായ
"ബാല വേശ്യകള്‍"'
കാമാട്ടിപുരയിലും
ചുവന്ന തെരുവിലും
ഗതികിട്ടാതലയുമ്പോള്‍
കുഴിഞ്ഞ കണ്ണുകളും
ഒട്ടിയ വയറുകളും
കൊടിയപീഡനങ്ങളുമായി
നിരാലംബരായി
തെരുവിലിറക്കപ്പെടുന്ന
പഴയതലമുറ കണ്ണുനീരില്‍
മുങ്ങിത്താഴുമ്പോള്‍
കണ്ണ്‍ കെട്ടി, വായ മൂടി
ചെവികള്‍ കൊട്ടിയടച്ചു
നീതി ദേവത കൂര്‍ക്കം
വലിച്ചുറങ്ങുമ്പോള്‍
മേരാ ഭാരത്‌ മഹാനെന്നു
ഞാനെങ്ങനെ പറയും?


----

Thursday, May 8, 2014

കുഞ്ഞന്‍ " തുള്ളല്‍ ..

കൊച്ചു കുട്ടികള്‍ക്ക് വേണ്ടി ഞാന്‍ എഴുതാന്‍ ശ്രമിച്ച ഒരു ചെറിയ തുള്ളല്‍ ഗാനം.കണ്ടോ കണ്ടോ നിങ്ങള് കണ്ടോ 
കോയകാക്കാന്‍റെ കാലന്‍ കുടയത് 
കുടയും കൊണ്ട് നടക്കും വഴിയേ
കാലൊന്നു തെറ്റി കുഴിയില്‍ വീണേ

കുഴിയില്‍ നിന്നും കഷ്ടപ്പെട്ട് 
രക്ഷപ്പെട്ടു നടക്കുന്നേരം 
ഹ! രക്ഷപ്പെട്ടു നടക്കുന്നേരം

മഴയത് വന്നേ.. 
മഴയത് വന്നേ ഇടിയത് വന്നേ 
കോയക്കാക്ക കുടയതെടുത്തേ

കുടയതെടുത്ത് തുറക്കും നേരം 
തെക്കന്‍ കാറ്റ് വീശിയണഞ്ഞേ

തെക്കന്‍ കാറ്റില്‍ കോയക്കാന്‍റെ 
കുടയത് പടിഞ്ഞാട്ടോടി പോയേ

മഴയല്ലോ ഇത്... മഴയല്ലോ ഇത്...
മഴയല്ലോ ഇത്... മഴയല്ലോ ഇത്..

Sunday, March 23, 2014

വെറുക്കപ്പെട്ടവന്‍
മരണമേ ... 
നീ ഇല്ലായിരുന്നെങ്കില്‍ 
ഈ ലോകം നിലവിളികളാല്‍ 
കാതുകള്‍ തുളച്ച് രക്തം ചര്‍ദ്ദിച്ച്
മലവും മൂത്രവും കഴിച്ചു 
ഇഴഞ്ഞു നീങ്ങുമായിരുന്നു

എന്നിട്ടുമെന്തേ നീ ഇത്ര 
വെറുക്കപ്പെട്ടവനായി?

Friday, March 21, 2014

വരവും കാത്ത്‌പ്രിയപ്പെട്ട ഡാഡിക്ക്

ഒരുപാട് ആഗ്രത്തോടെ ഞാന്‍ ഡാഡിയെ കാത്തിരിക്കുകയാണ്.  ഇന്ന്‍ വരാം, നാളെ വരാം എന്ന് പറഞ്ഞു ഡാഡി എന്തിനാ എന്നെയിങ്ങനെ കളിപ്പിക്കുന്നത്? ഞാന്‍ ഇവിടെ ഒറ്റക്കാണെന്നു ഡാഡിക്കറിയില്ലേ?

ഡാഡിക്കറിയില്ലേ അടുത്താഴ്ച മമ്മിയുടെ ഒന്നാം ചരമവാര്‍ഷികം ആണെന്ന്. അമ്മയുടെ കല്ലറയില്‍ പോയി ഒരു ചുവന്ന റോസാപ്പൂ അര്‍പ്പിക്കണം എന്നൊക്കെ കഴിഞ്ഞ തവണ വിളിച്ചപ്പോള്‍ ഡാഡി പറഞ്ഞത് മറന്നു പോയോ? എന്താ ഇപ്പൊ ഞാന്‍ ഫോണ്‍ വിളിച്ചിട്ട് ഫോണില്‍ കിട്ടാത്തത്?  എത്ര ദിവസമായി ഞാന്‍ ട്രൈ ചെയ്യുന്നു. ഡാഡി ... പ്ലീസ്

ജസീക്കയെ വിളിച്ചപ്പോള്‍ ഡാഡിയുടെ ഫോണ്‍ കളഞ്ഞു പോയി എന്നും, ഡാഡിക്ക് പുതിയ കണക്ഷന്‍ എടുക്കാന്‍ അല്പം സമയം എടുക്കുമെന്നും കൂടാതെ ജോലിതിരക്കിലാണെന്നും അവര്‍ പറഞ്ഞു. ഓഫീസില്‍ ഡാഡിക്ക് എന്‍റെ മെയില്‍ വായിച്ചു ഒരു റിപ്ലൈ അയക്കാന്‍ അധികം സമയമൊന്നും വേണ്ടല്ലോ. സ്കൂളില്‍ ആന്വല്‍ എക്സാം ആയതിനാല്‍ ആണ് എനിക്ക് പുറത്ത് പോയി ഡാഡിക്ക് വിളിക്കാനോ മെയില്‍ ചെയ്യാനോ കഴിയാത്തത്.  ഈ മെയില്‍ വായിച്ചു സുഖം എന്ന് മാത്രം റിപ്ലൈ ചെയ്താല്‍ മാത്രം മതി ഡാഡി. ഡാഡിയുടെ ചക്കര മോള്‍ അല്ലെ ഈ പറയുന്നത്? എനിക്കത്രക്ക് ഡാഡിയെ മിസ്‌ ചെയ്യുന്നു.

കഴിഞ്ഞ ആഴ്ച എന്‍റെ ജന്മദിനമയിരുന്നല്ലോ. നമ്മുടെ ഇടവകയിലെ അച്ചന്‍ എന്നെ കാണാന്‍ ഇവിടെ ഹോസ്റ്റലില്‍ വന്നിരുന്നു. ഡാഡി അയച്ചതാണ് എന്ന് പറഞ്ഞു എനിക്ക് ഒരു പിങ്ക് കളറില്‍ ഉള്ള മുത്ത് മാല തന്നു. എനിക്ക് ഒരുപാട് സന്തോഷമായി ഡാഡി. പക്ഷെ ഞാന്‍ ഡാഡിയോട് പിണക്കമാണ്. എന്‍റെ ബര്‍ത്ത്ഡേക്ക് എന്നെ ഒന്ന് വിളിച്ചു വിഷ് ചെയ്യാന്‍ പോലും ഡാഡിക്ക് തോന്നിയില്ലല്ലോ. അത്രക്ക് തിരക്കാണോ ഡാഡി? അല്ലെങ്കില്‍ എന്‍റെ ബര്‍ത്ത്ഡേ മറന്നോ? അന്ന് വിളിച്ചപ്പോഴും ഞാന്‍ ഓര്‍മിപ്പിച്ചിരുന്നല്ലോ? യേശുവേ.. ഈ ഡാഡിയുടെ മറവി മാറ്റാന്‍ എവിടെയാണാവോ ഒരു മരുന്ന് കിട്ടുക?

ഡാഡി വരുമ്പോള്‍ മമ്മിക്ക് കൊടുക്കാന്‍ പൂക്കള്‍ കൊണ്ട് വരാന്‍ എന്‍റെ കൂട്ടുകാരിയോട് ഞാന്‍ പറഞ്ഞിട്ടുണ്ട്. അവളുടെ വീട്ടില് നല്ല ചുവന്ന റോസാപൂക്കള്‍ ഉണ്ടത്രേ. മമ്മിക്ക് ഡാഡി കൊടുത്ത ആദ്യ പ്രണയോപഹാരം തന്നെ മമ്മിയുടെ ചരമവാര്‍ഷികത്തില്‍ നമുക്ക് കൊടുക്കണം. അത് കണ്ടു മമ്മിയുടെ ആത്മാവ് സന്തോഷിക്കും. ഞാനും ഡാഡി വരാന്‍ കാത്തിരിക്കുകയാണ്. അധിക ദിവസവും മമ്മി സ്വപ്നത്തില്‍ വന്നു പറയും. മോള്‍ വരുന്നോ എന്‍റെ കൂടെ എന്ന്? ഡാഡിയെ തനിച്ചാക്കിയിട്ടു ഞാന്‍ എങ്ങനെയാ ഡാഡി മമ്മിയുടെ അടുത്തേക്ക് പോവുക?

ഒരുപക്ഷെ ഡാഡിയോടും മമ്മി പറയുന്നുണ്ടാവും കൂടെ ചെല്ലാന്‍. എന്നെ ഒറ്റയ്ക്കാക്കിയിട്ട് ഡാഡി മമ്മിയോടൊപ്പം പോവല്ലേ. നമുക്ക് ഒരുമിച്ച് ഒരു ദിവസം മമ്മിയുടെ അടുത്ത് പോവാം. അത് വരെ മമ്മി കാത്തിരിക്കട്ടെ അല്ലെ? നമ്മെ കൂട്ടാതെ മമ്മി പോയതിനുള്ള പിണക്കം ഇങ്ങനെയല്ലേ നമുക്ക് പ്രകടിപ്പിക്കാന്‍ കഴിയുക?

ഒരേ സമയം എനിക്കെന്‍റെ  മമ്മിയും ഡാഡിയുമായി എങ്ങനെ മാറാന്‍ ഡാഡിക്ക്  കഴിയുന്നു എന്നത് എന്നെ ഒരുപാട് അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഈ ജന്മം മുഴുവന്‍ ഡാഡി എന്‍റെ കൂടെ ഉണ്ടെങ്കില്‍ ഞാന്‍ ഒരിക്കലും എന്‍റെ മമ്മിയെ മിസ്‌ ചെയ്യില്ല. അത്രക്ക് ഉറപ്പാണ് എനിക്ക്. ഡാഡിക്കറിയോ, ഞാന്‍ നല്ല പോലെ ഭക്ഷണം കഴിച്ചിട്ട് എത്ര ദിവസമായെന്നു?
ഇനി ഡാഡി വന്നു എനിക്ക് ഭക്ഷണം വായില്‍ ഇട്ടു തന്നാല്‍ മാത്രമേ ഞാന്‍ കഴിക്കുള്ളൂ.

അമ്മയുടെ കല്ലറയില്‍ പോയി പ്രാര്‍ഥിക്കാനും, നമ്മുടെ സ്നേഹം പങ്കുവെക്കാനും ഡാഡി ഉടനെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.  എനിക്ക് തരാമെന്നു പറഞ്ഞ സര്‍പ്രൈസ് കൊണ്ട് വരാന്‍ മറക്കരുത് :)

ഗോഡ് ബ്ലെസ് യു ഡാഡി

റ്റെയ്ക് കെയര്‍

സസ്നേഹം

മമ്മിയുടെയും ഡാഡിയുടെയും സ്വന്തം

തെരേസ ഫെര്‍ണാണ്ടസ്
ബീജിംഗ് - ചൈന

മെയില്‍ ഡ്രാഫ്റ്റ് ചെയ്ത ഉടന്‍ തന്നെ  ഡാഡിയുടെ റിപ്ലൈ കണ്ടു തെരേസ സന്തോഷവതിയായി. ഉടന്‍ തന്നെ അവള്‍ ഇ മെയില്‍ തുറന്നു വായിച്ചു. ശേഷം ബോധരഹിതയായി വീണു. ഒരു ഓട്ടോമേയ്റ്റഡ റിപ്ലൈ  മെയില്‍ ആയിരുന്നത്.

"താങ്കള്‍ക്ക് നന്ദി.

മകളോടൊപ്പം അവധി ദിനം ചിലവഴിക്കാനും ഭാര്യയുടെ ചരമവാര്‍ഷികത്തില്‍ പങ്കെടുക്കാനും ഇന്ന്  08 / 03 / 2014 രാത്രി മലേഷ്യന്‍ ഫ്ലൈറ്റ് 370 ല്‍ ബീജിങ്ങിലെയ്ക് പുറപ്പ്ടുന്നു.  ബീജിങ്ങില്‍ എത്തിയാല്‍ എന്നെ ബന്ധപ്പെടേണ്ട നമ്പര്‍ താഴെ കൊടുക്കുന്നു.

ഫെര്‍ണാണ്ടസ് സി മാത്യു
മൊബൈല്‍: +86 9235*****
ക്വാലാലം‌പൂര്‍ - മലേഷ്യ "
ഇന്ന് (08/03/2014) രാത്രി
Thursday, March 6, 2014

വേഴാമ്പല്‍
നീലാകാശ താഴ്വരയില്‍ ഒരു മിന്നുന്ന താരകം പോലെ
നീലവാനില്‍ ഉയര്‍ന്നു നില്‍ക്കും പനിനീരമ്പിളി പോലെ
കുളിച്ചു ഈറനുടുത്ത് വരുന്നൊരു മലയാളിപെണ്ണേ
നിന്‍റെ മനസ്സിനുള്ളില്‍ പൂത്ത് നില്‍ക്കും വാടാ മലരാര്?

അമാവാസി നാളില്‍ ഇരുളിന്‍ കരിമ്പടം പുതച്ചു നീ
കിടന്നുറങ്ങും സമയം നിന്നുടെ മനസ്സിലാരാണ്?
വെണ്‍ നിലാവിന്‍ ചിറകില്‍  നീ പറന്നു പോയൊരു നിമിഷം
വേണ്മലര്‍ ചുണ്ടില്‍ വിരിഞ്ഞൊരു പുഞ്ചിരിയാര്‍ക്കാണ് ?  

കൊഴിഞ്ഞു വീണൊരു പൂവിന്‍ ഇതളുകള്‍ പെറുക്കി മെല്ലെയെടുത്ത്
തിരിച്ചു പൂവില്‍ ചേര്‍ത്ത് വെക്കാന്‍ മോഹമുണ്ടോ പെണ്ണേ?
ഇതള്‍ പൊഴിഞ്ഞൊരു കുസുമം  ഞാനൊരു വാടിയ പൂവിന്‍ തണ്ട്
നനയുവാനൊരു മോഹം നിന്നില്‍ പടരുവാനൊരു ദാഹം

-----------------------------------

ജസി ഫ്രണ്ട് 
ദോഹ - ഖത്തര്‍ 
Monday, March 3, 2014

പൊട്ടിയ ചങ്ങല കണ്ണികള്‍ഭാഗം ഒന്ന്
------------
അന്നൊരു പെരുന്നാള് ദിവസം ആയിരുന്നു. പള്ളിയില് നിന്നും ഇറങ്ങി അമ്മാവന്മാരോടും അമ്മായിമാരോടും ഏട്ടന്മാരോടും മറ്റു കുടുംബക്കാരില് നിന്നുമെല്ലാം കിട്ടിയ പെരുന്നാള് പൈസയുമായി കുഞ്ഞു മോനും കൂട്ടുകാരും കോഴിക്കോട് ബീച്ച് കാണാന് പോയി. കുഞ്ഞുമോന് ഏഴാം തരം വിദ്യാര്ഥി ആണ് . അത് കൊണ്ട് തന്നെ അവനെ ഒറ്റക്ക് വീട്ടുകാര് എവിടെയും വിടില്ല. എന്നാല് പെരുന്നാള് ദിവസം അടുത്ത സ്ഥലങ്ങളില് കൂട്ടുകാരോടൊപ്പം പോവാനുള്ള അനുവാദമുണ്ട്. വീട്ടില് നിന്നും കുടുംബ സന്ദര്ശനം എന്ന് കള്ളം പറഞ്ഞു അവര് ഉച്ചയോടു കൂടി കൊടുവള്ളിയില് നിന്നും കോഴിക്കോട്ടേക്ക് ബസ് കയറി. പുത്തന് വസ്ത്രങ്ങള് അണിഞ്ഞു സുന്ദരകുട്ടപ്പന്മാരായി കോഴിക്കോടിന്റെ സൌന്ദര്യം നുകര്ന്ന് അവര് നടക്കാന് തുടങ്ങി. കുഞ്ഞിമോന്, അടുത്ത വീട്ടിലെ റഷീദ്കാന്റെ മകന് കുട്ടന്, പിന്നെ അമ്മാവന്റെ മകന് മന്സൂര് . അവര് രണ്ടുപേരും ഏഴാം തരത്തില് തന്നെ പഠിക്കുന്നു. കോഴിക്കോട് അരയിടത്ത് പാലത്ത് ബസ് ഇറങ്ങി മാവൂര് റോഡിലൂടെയാണ് അവര് നടക്കുന്നത്. കുറച്ചു മുന്പോട്ട് പോയപ്പോള് റോഡിന്റെ വലത് വശത്ത് സിനിമാ പോസ്റ്ററുകള് കാണാന് തുടങ്ങി. 

"ഡാ ഇതമ്മളെ മമ്മൂട്ടി അല്ലെ?" കുഞ്ഞിമോന് കൂട്ടുകാരോട് ചോദിച്ചു.

"അതെന്നെ, മറ്റേയ് ദിവ്യാ ഉണ്ണിയും "  കുട്ടന് 

"ങേ..ദിവ്യാ ഉണ്ണിയോ? അല്ല, ഇത് വേറെ ഏതോ പെണ്ണാ.." കുഞ്ഞിമോന് 

"ഹായ് മറവത്തൂര്‍ കനവ്, നല്ല സിനിമയാണ്ന്ന് തോന്നുന്നു,  നമ്മക്കീ സിനിമ കണ്ടാലോ"? മന്സൂര് ആവേശം വിതറി. 

"അത് ശരിയാ, ഞാനിത് വരെ ഒറ്റക്ക് ഒരു സിനിമ കണ്ടിട്ടില്ല" കുഞ്ഞി മോന് 

"അയിനിപ്പോ ഇപ്പം കണ്ടാലും അത് ഒറ്റക്കാവൂലല്ലോ, ഞമ്മളൊക്കെ ഇല്ലേ അന്റെ കൂടെ, ങേ..?" കുട്ടന്‍ കുഞ്ഞിമോനെ കളിയാക്കി.

"ഞ്ഞി പോടാര്‍ന്ന്" കുഞ്ഞിമോന്‍

"ഡാ .. രാധേല് ആണ്, അതെവിടെയാന്നരറിയോ? " മന്സൂര് 

"ഓ.. എനിക്കറിയാം. മുട്ടായി തെരുവിലാ. പെരുന്നാള് ഡ്രെസ് എടുക്കാന് പോയപ്പോള് കണ്ട്ക്ക്ന്ന് " കുഞ്ഞിമോന്

"വേണ്ടട്ടോ.. സിനിമക്കൊന്നും പോണ്ട.. നമ്മളെ പൈസ വേഗം തീര്ന്നു പോവും." കുട്ടന് ഉടക്കിട്ടു.    

"അത് ശരിയാ.. നമ്മക്ക് ബീച്ചി തന്നെ പോവാം.. ന്ന്ട്ട് പൈസ ബാക്കിണ്ടെങ്കില് സിനിമ കാണാം" കുഞ്ഞിമോന് പറഞ്ഞു. 

"ബീച്ചി പോയിട്ട് സിനിമ കാണല് നടക്കൂല്ല മോനേ, സമയം രാത്രി ആവും. നമ്മക്ക് സിനിമ കഴിഞ്ഞിട്ട് ബീച്ചി പോവാം." മന്സൂര് സിനിമയുടെ ത്രില്ലില് ആണ്.

"ന്റെല് അയിനും മാത്രം പൈസൊന്നും ഇല്ലേ... " കുട്ടന് നയം വ്യക്തമാക്കി.

"അതൊന്നും ഞ്ഞി പേടിക്കേണ്ട, അന്റെ ടിക്കറ്റ് ഞാനെടുത്തോളാം. അത് പോരെ?" കുഞ്ഞിമോനാണത് പറഞ്ഞത് ?  

"ന്നാ അത് മതി. നമ്മക്ക് പോവാം."  

മാവൂര് റോഡിലൂടെ മിഠായി തെരുവിലേക്ക് അപരിചതരോട് വഴി ചോദിച്ചു അവര്‍ പതുക്കെ നടന്നു. വഴിമധ്യേ അശോക ഹോസ്പിറ്റലിനു മുന്നില് എത്തിയപ്പോള് മന്‍സൂര്‍ ഒരു കാഴ്ച്ച കണ്ടു. പെരുന്നാള് ദിനത്തില് ഒട്ടിയവയരറുമായി തന്നെക്കാള് ഇളയ ഒരു കൊച്ചു ബാലന് ആളുകള്ക്ക് മുന്നില് കൈ നീട്ടുന്നു. അവന്റെ കൈകളിലും കാലുകളിലും തീ പൊള്ളിയ പാടുകള് ഉണ്ട്. വെയില് കൊണ്ട് കരുവാളിച്ച മുഖം. അലക്കാത്ത വൃത്തിയില്ലാത്ത ഷര്ട്ട്. പലയിടത്തും കീറലുകള് ഉണ്ട്. കാലില് വൃണങ്ങള് പൊട്ടിയൊലിക്കുന്നു. ചിലര് ചില നാണയതുട്ടുകള് കൊടുക്കുന്നുണ്ട്. ചിലര് കണ്ടഭാവം നടിക്കുന്നില്ല. ചിലരുടെ കാലിലേക്ക് ആ കൊച്ചു ബാലന് കെട്ടിപിടിച്ചു പണത്തിനായി കേഴുന്നു. ശല്യം ഒഴിവാകട്ടെ എന്ന മട്ടില് അപ്പോള് ചിലര് എന്തേലും കൊടുക്കുന്നു. ചിലര് കുതറിമാറി അവനെ തെറി വിളിക്കുന്നു. അവന് നടന്നു വന്നു കുട്ടന്റെ മുന്നില് കൈ നീട്ടി.  

"ചേട്ടാ..." അവന് വിളിച്ചു 

"ഡാ.. നിന്റെ കയ്യില് ന്തോ ണ്ടോ?" കുട്ടന്  മണ്‍സൂറിനോട് പറഞ്ഞു. 

"ദു വെറും തട്ടിപ്പാടാ, ഒന്നും കൊടുക്കണ്ട" കുഞ്ഞിമോന്‍ ഇടക്ക് കേറി പറഞ്ഞു. 

"ന്റെല് ണ്ട്.. കൈ നീട്ടുന്നവനെ മടക്കി അയക്കരുതെന്നാ റസൂല് പറഞ്ഞത്" മന്സൂര്‍ കുഞ്ഞിമോനോടു പറഞ്ഞു. 

"അതോണ്ടല്ല.. ഇതൊക്കെ തട്ടിപ്പാണെന്ന് ഉമ്മ പര്ഞ്ഞിട്ടുണ്ട്.." കുഞ്ഞിമോന്‍ ന്യായീകരിച്ചു. 

"ന്തായാലും വേണ്ടില്ല, നോക്ക് പാവം കുട്ടി.. ഓനെ ആരോ നല്ലണം അടിക്കുന്നുണ്ട്, മേലൊക്കെ പാട് കണ്ടില്ലേ?" കുട്ടനാണു ഇത് പറഞ്ഞത്.

 "ശരിയാ.. പാവം!" പേഴ്സില്‍ നിന്ന് 2 രൂപ എടുത്ത് മന്‍സൂര്‍ അവനു നേരെ നീട്ടി. സന്തോഷത്തോടെയും നന്ദിയോടെയും മന്‍സൂറിനെ നോക്കി, കാലില് തൊട്ടു വന്ദിച്ചു അവന് അടുത്ത ആളുടെ നേരെ നീങ്ങി. ഇതൊക്കെ കണ്ടു കുഞ്ഞിമോനും കുട്ടനും അതിശയത്തോടെ നോക്കി നിന്നു.

"ദു കൊറേ നടക്കാന് ഉണ്ടല്ലോ, ദാഹിച്ചിട്ടു വയ്യ.." കുട്ടന് പറഞ്ഞു.  

"ദാ.. ആ കാണുന്നതാണ് മാനാഞ്ചിറ അതിന്റെ അപ്പുറത്താ തിയേറ്റര് . " കുഞ്ഞി മോന് വലിയ ആളായി പറഞ്ഞു.

"തന്നെ..!!! അതാണോ മാനാഞ്ചിറ?" മന്സൂറും കുട്ടനും കുഞ്ഞിമോനെ കളിയാക്കി ചിരിച്ചു. ചമ്മല് മാറ്റാന് കുഞ്ഞിമോനും അവരോടൊപ്പം കൂടി ചിരിച്ചു.  

മിഠായി തെരുവ് കോഴിക്കോടിന്റെ ഹൃദയമാണ്. ഉപ്പ് തൊട്ടു കര്പ്പൂരം വരെ എന്തും കിട്ടുന്ന സ്ഥലം. വില കൂടിയതും കുറഞ്ഞതുമായ എന്തും ഇവിടെ നിന്ന് സെലക്ട് ചെയ്യാം. തെരുവ് കച്ചവടത്തിന്റെ സിരാ കേന്ദ്രം. അതിന്റെ തുടക്കത്തില് തന്നെയാണ് രാധ തിയേറ്റര് . ഒരു പഴയകാല തിയേറ്റര്. പെരുന്നാള് പ്രമാണിച്ച് സിനിമക്ക് നല്ല തിരക്കാണ്. ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 15 രൂപയാണ്. 2:45നു സിനിമ തുടങ്ങും. ഇപ്പോള് സമയം രണ്ടുമണി ആയതേ ഉള്ളൂ. പെരുന്നാള്‍ ആയത് കൊണ്ട് നല്ല തിരക്കുണ്ട്. നീണ്ടവരിയില് ഖ്യു നില്ക്കണം. ഒരു വിധം മൂന്നുപേരും ടിക്കറ്റ് കൌണ്ടറിലേക്കുള്ള തുരങ്കത്തിനുള്ളില് എത്തിപ്പെട്ടു. തിക്കിലും തിരക്കിലും പെട്ട് മൂന്നിടങ്ങളില് ആയിരുന്നു അവര്‍ ക്യൂവില് . 

"ഡാ.. നിക്ക് ശ്വാസം മുട്ടുന്ന പോലെ" കുഞ്ഞുമോന് മന്സൂറിനോട് വിളിച്ചു  പറഞ്ഞു.  

"തിരക്കൊന്നുല്ല, ആള്ക്കാര് വെര്തെ തിക്കി തിരക്കുന്നതാ" ദേഷ്യത്തോടെ കുട്ടന് പറഞ്ഞു.  

അല്പം ആശ്വാസം പോലെ തിക്കി തിരക്കല് പതിയെ നിന്നു. സാവധാനം അവര് ടിക്കറ്റ് കൌണ്ടറിനു അരികില് എത്തി. കുട്ടന് ആയിരുന്നു മുന്നില്.

""എത്രാളാ  "? ടികറ്റ് കൌണ്ടറില് ഇരിക്കുന്ന ആള് കുട്ടനോട് ചോദിച്ചു. 

"എന്റെ ടിക്കറ്റ് എടുക്കേണ്ട ആള് ഇയാളെ പിറകില് ആണുള്ളത് ഇപ്പം വരും."

"ഉം. എന്നാല് അങ്ങോട്ട് മാറി നിക്ക്" അയാള്ക്ക് ശേഷം മന്സൂര് ആയിരുന്നു ടികറ്റ് എടുത്തത്. പതിനഞ്ചു രൂപ കൊടുത്ത് അവന് ടിക്കറ്റ് എടുത്തു. 

"രണ്ടു ടിക്കറ്റ്" ഊഴം എത്തിയപ്പോള് കുഞ്ഞുമോന് പറഞ്ഞു. 

"30 രൂപ, മറ്റേ ആള് ആരാ? " 

"ദാ... ഇയാള് .. " കുട്ടനെ ചൂണ്ടി കാണിച്ചു കുഞ്ഞിമോന് പറഞ്ഞു.

പണം കൊടുക്കാന് വേണ്ടി പോക്കറ്റ് തപ്പിയ കുഞ്ഞുമോന് ഞെട്ടി. പേഴ്സ് കാണാനില്ല. എവിടെ പോയി? 

"അള്ളാ .. പേഴ്സ് കാണുന്നില്ല" കുഞ്ഞിമോന്റെ മുഖം ചുവന്നു തടിച്ചു. അവന് ദയനീയമായി കൌണ്ടറില് ഇരിക്കുന്ന ആളെ നോക്കി. 

"നല്ല പോലെ ശ്രദ്ധിക്കണ്ടേ മോനെ? ഇങ്ങോട്ട് മാറി നിന്ന് നല്ലപോലെ നോക്ക്, ഏതെങ്കിലും കീശയില്‍ ഉണ്ടാവും." അയാള് അവനോടു പറഞ്ഞു. 

കുട്ടന്‍ അവനെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു. കുഞ്ഞി മോന്‍ പതിയെ കുട്ടന്റെ അടുത്തേക്ക് നടന്നു. കുട്ടന് ഉത്കണ്ഠയോടെ അവന് അടുത്തെത്തി.

"ഡാ പേഴ്സ് നീ എവിടെയാ വെച്ചത്? എല്ലാ പോക്കറ്റിലും ഒന്നൂടെ നോക്ക്"

 "ഞാന് പാന്റിന്റെ ബാക്കിലെ പോക്കറ്റില് തന്നെയാ വെച്ചത്?"

"ഒന്ന് നല്ലോണം നോക്ക്, വേറെ പോക്കറ്റില് ഉണ്ടോന്നു" കുട്ടനും ആധിയായി..

കുഞ്ഞുമോന് വീണ്ടും തപ്പാന് തുടങ്ങി. കാണുന്നില്ല. അവര് പുറത്തേക്കിറങ്ങി മന്സൂറിനെ നോക്കി.

"മന്സൂര് എവിടെ?" കുഞ്ഞുമോന് കുട്ടനോട് ചോദിച്ചു

"ഉള്ളില് ഉണ്ടാവും, നമുക്ക് അവിടെ നോക്കാം."

"നമ്മളെ കൂട്ടാതെ അവന് അകത്ത് കേറുമോ?" കുഞ്ഞിമോന് സംശയം.

തിയേറ്ററിനു പുറത്തും അകത്തും അവര്‍ മന്‍സൂറിനെ തിരഞ്ഞു നടന്നു. പക്ഷെ മന്‍സൂറിനെ കാണാന്‍ ഇല്ല.

"നമ്മളെ കൂട്ടാണ്ട് ഓന്‍ ആത്ത് കേറീട്ടുണ്ടാവോ?" കുട്ടന്‍

"അങ്ങനെ ഓന്‍ കേറോ? ഹേയ്..  ഓന്‍ വിടെ ഏടേലും കാണും."

സിനിമാ ശാലയില്‍ സിനിമ തുടങ്ങുന്നതിനു മുന്പായുള്ള ബെല്‍ മുഴങ്ങി. അവസാനമായി ടിക്കറ്റ് എടുത്തവര്‍ എല്ലാം ഓടി കയറി. ഇപ്പോള്‍ തിയേറ്റര്‍ പരിസരത്ത് കുഞ്ഞിമോനും കുട്ടനും മാത്രം. അവര്‍ ഭീതിയോടെ പരസ്പരം കണ്ണുകളിലേക്ക് നോക്കി. ഏതായാലും സിനിമ കഴിയുന്നത് വരെ മന്‍സൂറിനെ നോക്കി ഇവിടെ ഇരിക്കാം എന്നുറപ്പിച്ചു അവരവിടെ ഇരിക്കുമ്പോള്‍ ആണ് ജടപിടിച്ച മുടിയും താടിയുമുള്ള, മെലിഞ്ഞു കവിളുകള്‍ ഒട്ടിയ വായില്‍ മുറുക്കാന്‍ കറയുള്ള ഒരാള്‍ അവരെ സമീപിച്ചത്.

"നിങ്ങള്‍ സിനിമ കാണാന്‍ വന്നതാണോ?" അയാള്‍ അവരോടു ചോദിച്ചു.

"ഉം" ഉള്ളില്‍ അല്പം ഭയം തോന്നിയെങ്കിലും അത് പുറത്ത് കാട്ടാതെ കുഞ്ഞിമോന്‍ പറഞ്ഞു.

"ടിക്കറ്റ് ഇല്ലേ കാണാന്‍?"

"ഇല്ല, ഞങ്ങളെ പോക്കറ്റ് അടിച്ചു പോയി" കുട്ടന്‍ ആണ് മറുപടി പറഞ്ഞത്.

അത് പറയേണ്ട ആവശ്യം ഉണ്ടായിരുന്നില്ല എന്ന അര്‍ത്ഥത്തില്‍ കുഞ്ഞിമോന്‍ കുട്ടനെ ഒന്ന് നോക്കി.
അയാള്‍ അവരെ രണ്ടു പേരെയും ഉഴിഞ്ഞൊന്നു നോക്കി.

"നിങ്ങള്‍ക്ക് ഞാന്‍ ടിക്കറ്റ് വെറുതെ തരാം, വേണോ?" അയാള്‍ ചോദിച്ചു.

"വേണ്ട" എന്തോ അപകടം മണത്ത കുഞ്ഞി മോന്‍ വേഗം കുട്ടനെയും കൂട്ടി തിയേറ്ററിനു പുറത്തേക്ക് നടന്നു.

---------------------------------------------------------------------------------------------------------


ഭാഗം  രണ്ട് 

വര്‍ഷങ്ങള്‍ കടന്നു പോയി. ഖത്തറില്‍ കാലാവസ്ഥ മാറ്റം വിളിച്ചോതി ചെറുതായി മഴ പെയ്തുകൊണ്ടിരിക്കുന്നു. പെട്ടന്നാണ് കുഞ്ഞിമോന്‍റെ ഫോണ്‍ ശബ്ദിച്ചത്.

"എന്താ കുട്ടാ വിശേഷം?"

" എന്താടോ  നിനക്കൊന്നു സലാം പറഞ്ഞാല്‍ '?

"നീ കാര്യം പറ"

"ഞാന്‍ ഒരു അര്‍ജന്റ് കാര്യം അറിയിക്കാന്‍ വേണ്ടി വിളിച്ചതാ. വാട്സ് ആപില്‍ മെസേജ് അയച്ചിട്ട് നീ റിപ്ലൈ തന്നില്ല."

"നെറ്റ് പോയെടാ, എന്തായിരുന്നു കാര്യം?"

"നമ്മളെ മന്‍സൂറിന്റെ ബാപ്പക്ക് ഇന്നലെ അറ്റാക്ക് ആയി. നിന്നെ കാണണം എന്ന് പറഞ്ഞിരിന്നു. നീ എന്നാ വരുന്നത്?"

"അള്ളാ.. എപ്പോളായിരുന്നു',  ഇപ്പം എവിടെയാ? സുഖമുണ്ടോ?" കുഞ്ഞിമോന്‍ ചോദിച്ചു.

"ഇന്ന് രാവിലെയായിരുന്നു. അപ്പൊ തന്നെ ഞങ്ങള്‍ കൊണ്ടുപോയി. ഐ സി യു വിലാണ്. അവിടെന്നാണ് നിന്നെ കാണണമെന്ന് പറഞ്ഞത്".

"അടുത്തമാസമാണ് ലീവ്. ഞാനിന്നു തന്നെ വരാന്‍ നോക്കട്ടെ"

'ഉം. അങ്ങനെ വരാണെങ്കില്‍ നല്ല കാര്യാണ്. പറ്റും പോലെ ചെയ്യ്‌ "

"ന്നാ ശരിടാ, വന്നിട്ട് കാണാം."


------------------------------------------------------------------------------------------------------------


ഭാഗം  മൂന്നു.

നാട്ടിലേക്ക് എല്ലാ ഫ്ലൈറ്റ്കളും നിറഞ്ഞു കവിഞ്ഞതിനാല്‍ കുഞ്ഞിമോന്‍ മുംബൈ വഴിയാണ് പോയത്.  മുബൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാത്തത്  സെക്കന്റ് ക്ലാസ് ബോഗിയില്‍ ആയിരുന്നു യാത്ര. മന്‍സൂറിന്റെ ഉപ്പ ആയതുകൊണ്ട് മാത്രമാണ് ഇത്രയും ത്യാഗം സഹിച്ചു കൊണ്ട് നാട്ടിലേക്ക് പോവുന്നത്. അന്നവനെ കാണാതായത് മുതല്‍ അവന്റെ ഉപ്പയുടെ മുഖത്ത് നോക്കാന്‍ കുഞ്ഞിമോനു മടിയായിരുന്നു. ഒരുപാട് സ്ഥലത്ത് അന്വേഷിച്ചെങ്കിലും മന്‍സൂറിനെ കണ്ടു കിട്ടിയില്ല. പിന്നീട് മന്സൂറിനു കൊടുക്കേണ്ട ആ സ്നേഹം കുഞ്ഞിമോനും കൂടി ആ മനുഷ്യനില്‍ നിന്ന് കിട്ടി തുടങ്ങി. എന്ത് കാര്യത്തിനും കുഞ്ഞിമോനും കുട്ടനും മന്‍സൂറിന്റെ ഉപ്പയെ സഹായിച്ചിരുന്നു. അവരെ കാണുമ്പോള്‍ ഒക്കെ ആ മനുഷ്യന്റെ കണ്ണ് നിറയും. അവരിലൂടെ അയാള്‍ മന്‍സൂറിനെ കണ്ടിരുന്നു. മരിക്കുന്നതിനു മുന്പ് അദ്ദേഹത്തെ ഒന്ന് കാണണം.

ഓരോ സ്റ്റേഷനില്‍ നിര്‍ത്തുമ്പോഴും ഭിക്ഷക്കാരും ഹിജഡകളും ബോഗിയിലെക്ക് ഇരച്ചു കയറും. ഭിക്ഷക്കാരോട് ഇല്ലാ എന്ന് പറഞ്ഞാല്‍ അവര്‍ പോവും. എന്നാല്‍ ഹിജഡകള്‍ അങ്ങനെയല്ല. അവര്‍ വന്നു രണ്ടും കൈ കൂട്ടി അടിച്ചിട്ട് അവരുടെ അവകാശം ചോദിക്കുന്നത് പോലെയാണ് കൈ നീട്ടുക. കൊടുക്കുന്നത് വരെ വെറുപ്പിച്ചു കൊണ്ടിരിക്കും. ഏതോ ഒരു സ്റ്റേഷനില്‍ നിന്നും കയറിയ ഒരു ഹിജഡയെ കുഞ്ഞിമോന്‍ ശ്രദ്ധിച്ചു. ഒരു കൈ നഷ്ടപ്പെട്ട അവന്‍ രൂക്ഷമായി നോക്കി കൊണ്ട് ആണ് ആളുകളെ സമീപിക്കുന്നത്. ആ നോട്ടം കണ്ടാല്‍ തന്നെ പലരും കൊടുത്ത് പോവും. പതിയെ അയാള്‍ കുഞ്ഞിമോനെ സമീപിച്ചു.

"ഹേയ് ബായ്.. ക്യാ ദേഖ് രഹാ ഹൈ, പൈസാ ദേദോ" അയാള്‍ കുഞ്ഞിമോന്റെ കണ്ണിലേക്ക് നോക്കി പറഞ്ഞു.

കുഞ്ഞിമോന്‍ അയാളെ അടിമുടി നോക്കി. മുഖത്തേക്ക് നോക്കിയിട്ട് എവിടെയോ എന്തോ പരിചയം.

"നാം ക്യാ ഹൈ ആപ്കോ?" കുഞ്ഞിമോന്‍ കീശയില്‍ നിന്നും പണം എടുക്കുന്ന സമയത്ത് വെറുതെ ചോദിച്ചു.

"ക്യൂം" ? പുരികക്കൊടി ഉയര്‍ത്തി ആ ചോദ്യം ഇഷ്ടപ്പെടാത്ത വിധം ഹിജഡ തിരിച്ചു ചോദിച്ചു.

"കുച്ച് നഹീ"

അപ്പോഴാണ്‌ കുഞ്ഞിമോന്‍ ഹിജഡയുടെ കവിളിനു താഴെ ഉള്ള എട്ടു എന്നെഴുതിയ പോലെയുള്ള കറുത്ത മറുക് ശ്രദ്ധിക്കുന്നത്. കുഞ്ഞിമോന്റെ ഉള്ളില്‍ സംശയം കൂടി. അവന്‍ ആ ഹിജഡയെ കൂടുതല്‍ സൂക്ഷമതയോടെ വീക്ഷിച്ചു.

" ക്യാ ഹുവാ.." ഹിജഡ വീണ്ടും രൂക്ഷമായി നോക്കി

"നഹി നഹി" കുഞ്ഞി മോന്‍ വേഗം കയ്യില്‍ കിട്ടിയ നോട്ട് അയാള്‍ക്ക് നേരെ നീട്ടി.

"ശുക്രന്‍"'

പണം വാങ്ങി അയാള്‍ തിരിഞ്ഞു ട്രയിനിന്‍റെ ഡോര്‍ ലക്ഷ്യമാക്കി നടന്നു. എന്തോ ഓരോ ആവേശത്തില്‍ കുഞ്ഞിമോന്‍ ഉറക്കെ വിളിച്ചു.

"മന്സൂറെ"

ഡോര്‍ ലക്ഷ്യമാക്കി നടന്ന ഹിജഡ ഒന്ന് നിന്നു, തിരിച്ചു കുഞ്ഞിമോന്റെ മുന്നിലെത്തി. അയാള്‍ അവന്റെ കണ്ണിലേക്ക് സംശയത്തോടെ നോക്കി. എന്തോ ഓര്‍ത്തിട്ടെന്ന പോലെ അവന്റെ കണ്ണില്‍ നിന്നും രണ്ടു തുള്ളി കണ്ണ് നീര്‍ ഒലിച്ചിറങ്ങി. കുഞ്ഞിമോന്‍ തരിച്ചിരുന്നു പോയി. അവനു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. വികാരഭരിതനായി അവന്‍ ചോദിച്ചു.

"മന്‍സൂറെ, നിനക്കെന്താ സംഭവിച്ചത്? നീ എങ്ങനെ ഇവിടെ എത്തി? എന്താണീ വേഷത്തില്‍? "

ചോദ്യങ്ങള്‍ക്ക് ഒരുത്തരം നല്‍കാനോ കുഞ്ഞിമോന് ഒന്ന് തടയാനോ പറയാനോ സമയം കൊടുക്കാതെ   അതിവേഗം ആ ഹിജഡ ട്രെയിനില്‍ നിന്നും പുറത്തേക്കിറങ്ങി ഓടി.

"നിക്ക്, നിക്ക്, ഞാന്‍ ഓടല്ലേ, ഞാന്‍ പറയട്ടെ.." കുഞ്ഞി മോന്‍ വിളിച്ചുകൂവി.

ബാഗ്‌ ഒതുക്കി വാതില്‍ പടിയിലേക്ക് ഓടിയെടുത്തപ്പോഴേക്കും ട്രെയിന്‍ ഓടി തുടങ്ങിയിരുന്നു. അവന്‍ പുറത്തേക്ക് നോക്കി. പേരറിയാത്ത ആ സ്റ്റെഷന്റെ പുറത്തേക്ക് ഓടി പോവുന്ന മന്‍സൂറിനെ കുഞ്ഞിമോന്‍ കണ്ടു. ഒരു കൈ നഷ്ടപ്പെട്ടു, ഹിജഡ വേഷത്തില്‍ അന്നൊരു പെരുന്നാള്‍ ദിനത്തില്‍ നഷ്ടപ്പെട്ടു പോയ തന്‍റെ ബാല്യകാല സുഹൃത്ത്.


--------------------------------- ശുഭം------------------------------


Friday, February 28, 2014

പരിണാമ സിദ്ധാന്തം


കുരങ്ങില്‍ നിന്ന് പരിണാമം സംഭവിച്ചാണ് മനുഷ്യന്‍ ഉണ്ടായത് എന്നത് ഡാര്‍വിന്‍ കണ്ടു പിടിച്ചെങ്കിലും അദ്ദേഹം മറന്നു പോയ ഒന്നുണ്ടായിരുന്നു. കോഴിയാണോ കോഴിമുട്ടയാണോ ഉണ്ടായത് എന്നതായിരുന്നു അത്. കോഴി ആണ് ആദ്യം ഉണ്ടായത് എന്നത് ഇപ്പോള്‍ തെളിഞ്ഞു കഴിഞ്ഞ സ്ഥിതിക്ക് ഞാന്‍ എന്റെ ഗവേഷണ ഫലം ഇപ്പോള്‍ പുറത്ത് വിടുന്നു. 

സത്യം പറഞ്ഞാല്‍ ഇരുപതിനായിരം കോടി വര്‍ഷങ്ങള്‍ക്ക് മുന്പ് മനുഷ്യനില്‍ നിന്നും പരിണാമം സംഭവിച്ചാണ് കോഴികള്‍ ഉണ്ടായിട്ടുള്ളത്. ലില്ലിപുട്ട് എന്ന രാജ്യത്തെ കുറിയ മനുഷ്യര്‍ക്ക് ആണ് പരിണാമം സംഭവിച്ചത്. ഏകദേശം 571 കോടി വര്‍ഷവും, 8 മാസവും, 12 ദിവസവും 5 മിനിട്ടും, 26 സെക്കന്റും എടുത്താണ് ആദ്യമായി ഒരു പൂര്‍ണകായ കോഴി രൂപപ്പെട്ടത്.

പിന്നീട് ഈ കോഴികളെ ലില്ലിപ്പുട്ടന്‍സ് തന്നെ കൊന്നു തിന്നുകയും ചെയ്തു. അതിനു ശേഷം ആണ് മനുഷ്യര്‍ ഇന്നത്തെ പോലെ ഉയരം കൂടിയത്. കോഴികളെ കുറച്ചു തിന്ന മംഗോളിയന്‍സ് മറ്റുള്ളവരെ അപേക്ഷിച്ച് വലുപ്പം കുറയാനുള്ള കാരണവും ഇത് തന്നെ. മാത്രമല്ല കറുത്ത കോഴികളെ ഭക്ഷിച്ചത് കൊണ്ട് ആഫ്രിക്കക്കാര്‍ കറുത്ത് പോവുകയും ചെയ്തു.

ലഗോണിയ മോഹന്ജദാരോ എന്നാ രോഗം പിടിപെട്ട കോഴികളെ ഭക്ഷിച്ച ആളുകള്‍ക്ക് ശരീരത്തിന്റെ കളര്‍ തവിട്ടു നിറമായി മാറി. അവരെ ലില്ലിപ്പുട്ടന്‍സ് രാജ്യത്ത് നിന്ന് പുറത്താക്കി. രോഗം ബാധിച്ച കോഴി ആയിരുന്നെങ്കിലും അവരുടെ തലക്ക് വെളിവ് കിട്ടുകയും അവര്‍ ലോകത്തെ ഏറ്റവും വലിയ ബുദ്ധിമാന്മാര്‍ ആവുകയും ചെയ്തു. എന്നാല്‍ മറ്റുള്ളവര്‍ എന്തേലും ചെയ്‌താല്‍ കൊകൊകൊകോ എന്ന് കരയാന്‍ അല്ലാതെ സ്വയം എന്തേലും ചെയ്ത് അഭിമാനിക്കാന്‍ ഇവര്‍ക്ക് അശേഷം ആവേശമില്ല.

വിശ്വസിക്കാന്‍ കഴിയുന്നില്ല അല്ലെ? പഠന ആവശ്യത്തിനു ഉപയോഗിച്ച ആദ്യത്തെ ഫയല്‍ ചിത്രം ഇതാ പുറത്ത് വിടുന്നു. 
Tuesday, January 7, 2014

പൂവും മുള്ളും
പൂവും മുള്ളും
-------------

കാറ്റില്‍ ആടാതെ 

മഴയില്‍ ചീയാതെ 
വെയിലില്‍ ഉണങ്ങാതെ
നിനക്കായ് മാത്രം
സംരക്ഷണമൊരുക്കും
ആകര്‍ഷണമില്ലാത്ത
വെറുമൊരു മുള്ളാണ് ഞാന്‍

എന്നിട്ടും എന്തേ നീ
ഇന്നലെ കണ്ട ശലഭത്തിനോട്
പ്രണയമോതി അവനായ്
ജീവന്‍ ത്യജിച്ചു എന്നെ തനിച്ചാക്കി
എങ്ങോ പോയ്‌ മറഞ്ഞത്?
------------------------------

ജസി ഫ്രണ്ട് 
ദോഹ - ഖത്തര്‍ 

Saturday, January 4, 2014

ദം ബിരിയാണി ടിപ്സ് ആന്‍ഡ്‌ ട്രിക്സ്

ദം ബിരിയാണി ടിപ്സ് ആന്‍ഡ്‌ ട്രിക്സ് 
---------------------------------------

ബിരിയാണി ഇഷ്ടമില്ലാത്തവര്‍ പിന്നെ വേറെ ഇതു ഭക്ഷണം ആണ് ഇഷ്ടപ്പെടുക? ബിരിയാണിയുടെ ശ്രേഷ്ഠത, ഭംഗി, അതിന്റെ മണം, സ്വഭാവം അങ്ങനെ എന്തോരം രസകരമായ അനുഭവങ്ങള്‍ ആണ് ബിരിയാണി നമുക്ക് തരുന്നത്. ബിരിയാണി കഴിക്കുമ്പോള്‍ മനസും വയറും നിറയും. ഈ പറയുന്നത് ഗള്‍ഫ്‌ നാടുകളിലെ ഹോട്ടലുകളില്‍ കിട്ടുന്ന അരുചികരമായ ബിരിയാണിയെ കുറിച്ച് അല്ല. പിന്നെയോ ചൂടോടെ വിളമ്പി മുന്നില്‍ സ്വാദിഷ്ടമായ എന്‍റെ മൂത്ത പെങ്ങള്‍ ഉണ്ടാക്കുന്ന ദം ബിരിയാണിയെ കുറിച്ചാണ്.

അവള്‍ എത്ര നന്നാക്കി ഉണ്ടാക്കിയാലും ഞാന്‍ നല്ല ഒരു വാക്ക് പോലും പറയില്ല. ഇതിലും നന്നാക്കി ഉണ്ടാക്കാന്‍ എനിക്ക് കഴിയും എന്ന് അവളെ ഞാന്‍ വെല്ലു വിളിക്കും. അപ്പോള്‍ അവള്‍ ഒന്ന് പുഞ്ചിരിക്കും. അതില്‍ എന്തോക്കെയേ അടങ്ങിയിരിക്കും. എന്നാലും അവളെക്കാള്‍ നന്നാക്കി ബിരിയാണി ഉണ്ടാക്കണം, എന്നിട്ട് അവള്‍ക്ക് കൊടുക്കണം. പിന്നെ ഞെളിഞ്ഞു നിന്ന് ഒന്നൂടെ കളിയാക്കണം. അത്രേ ഉള്ളൂ എന്റെ ആഗ്രഹം.

അതിനു ശേഷം ബിരിയാണിക്ക് രുചി കൂട്ടാന്‍ എന്ത് ചെയ്യണം എന്നാ ഗവേഷണത്തില്‍ ആയിരുന്നു. പലരോടും ചോദിച്ചു, പലരും യൂട്യൂബ് ലിങ്ക് തന്നും, പാചക വെബ്‌ സൈറ്റ് തന്നും പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചു. ഫെയ്സ് ബുക്കില്‍ തന്നെയുള്ള ART OF COOKERY എന്ന ഗ്രൂപ്പിനെ പരിചയപ്പെടുത്തി. അങ്ങനെ എന്തോരം പരീക്ഷണങ്ങള്‍ . അവസാനം ദുരഭിമാനം മാറ്റി വെച്ച് ഞാന്‍ അവളില്‍ നിന്ന് പഠിക്കാന്‍ തന്നെ തീരുമാനിച്ചു.

"ഹലോ, ഇത്താ അല്ലെ"

"ഉം, നീ ഇന്ന് ഇങ്ങോട്ട് വരുന്നോ?"

"ഇല്ല, ഞങ്ങള്‍ ഇന്ന് ഇവിടെ ബിരിയാണി ഉണ്ടാക്കുന്നു. നീ ഉണ്ടാക്കുന്ന പോലെ അല്ല, അതിലും രുചിയുള്ള ബിരിയാണി, നിനക്ക് വേണേല്‍ ഞാന്‍ അങ്ങോട്ട്‌ കൊണ്ടു വന്നു തരാം"

"ഓഹോ, ന്നാ കൊണ്ട് വാ"

"ആയിക്കോട്ടെ, ബട്ട്‌ നീ എങ്ങനെയാ ഉണ്ടാക്കുന്നത് എന്ന് പറ, നമ്മള്‍ രണ്ടാളും ഉണ്ടാക്കുന്നത് ഒരേ ടേയ്സ്റ്റ് ആവാതിരിക്കാന്‍ എനിക്ക് ചില പൊടിക്കൈ പ്രയോഗിക്കാന്‍ ഉണ്ട്."

അവളതു കേട്ട് ചിരിച്ചു, എന്നിട്ട് പറഞ്ഞു.

"നിനക്ക് തീരെ ഉണ്ടാക്കാന്‍ അറിയില്ലേ?"

"പോടീ, എനിക്ക് നല്ലോണം അറിയാം. ന്നാലും നിന്റെ അഭിപ്രായം അറിയാന്‍ വേണ്ടി വിളിച്ചതാ"

"ബിരിയാണി എളുപ്പത്തില്‍ തീരെ അദ്ധ്വാനമില്ലാതെ ടേയ്സ്റ്റ് കൂട്ടാന്‍ ഒരു ഐഡിയ ഉണ്ട്. ബാച്ചിലേഴ്സ് റൂമില്‍ അങ്ങനെയാണ് ഉണ്ടാക്കുക. അതൊന്നും നിനക്കറിയില്ലേ?"

"ങേ.. അതെന്തു ഐഡിയ?"

"അതോ, ഉണ്ടാക്കാന്‍ അറിയുന്ന ആരെയെങ്കിലും വിളിച്ചാല്‍ മതി. അധ്വാനവും ഇല്ല, എളുപ്പവുമാണ്" അതും പറഞ്ഞു ഒരു ചിരിയായിരുന്നു.

"ഹലോ.. ഹലോ. കേള്‍ക്കുന്നില്ല"

മെല്ലെ ഫോണ്‍ വെച്ച് ഞാന്‍ ഉള്ളി അരിയാനായി അടുക്കളയിലേക്കു പോയി. ഹല്ല പിന്നെ!! --------------------- ശുഭം --------------------------------------