Saturday, September 28, 2013

ഭയം



മാറിടം മൂടാത്തവളാണ്
കാമം മൂടണമെന്നു പ്രസംഗിക്കുന്നത്
കാമഭ്രാന്തനേക്കാള്‍ കാമത്തിന്
തിരികൊളുത്തുന്നവരെയാണ്
തനിക്ക് ഭയമെന്ന് അമ്മയുടെ
ഉദരത്തില്‍ നിന്നും പെണ്‍കുട്ടി

Sunday, September 22, 2013

കിന്‍റെര്‍ ഗേള്‍

 
 
 
 
"ഇക്കാക്കയോട് ഞാന്‍ ഒരു ചോദ്യം ചോദിക്കട്ടെ?" 
"പിന്നേ. മോള് ചോദിക്ക്" 
"ഉത്തരം പറഞ്ഞില്ലേല്‍ എന്ത് തരും"? 
"ങേ.. അത് ശരി, മോള്‍ക്ക് എന്താ വേണ്ടത്"? 
"ഉത്തരം പറഞ്ഞില്ലേല്‍ എനിക്ക് പത്ത് കിന്‍റെര്‍ ജോയ് വേണം" 
"അതെന്താ.. കിന്‍റെര്‍ ജോയി?" 
"അതൊരു ചെറിയ മുട്ടായി ആണ്.. അത് വാങ്ങി തരുമോ?" 
"ങേ ചെറുതാണോ? എന്നാല്‍ പത്തല്ല ഇരുപത് വാങ്ങി തരാം"
ഞാന്‍ ഓഫര്‍ കുറച്ചില്ല. കൊച്ചു കുഞ്ഞു ചോദിക്കുന്നതല്ലേ, നമ്മളായിട്ട് എന്തിനു കുറക്കണം. 
"എന്നാ ചോദിക്കട്ടെ?" 
"ങും.. ചോദിക്ക്" 
"ലോകത്തിലെ ഏറ്റവും വലിയ കഴുത ഏത്?" 
പടച്ചോനെ, കുടുങ്ങിയല്ലോ, ഏറ്റവും വലിയ മനുഷ്യന്‍, ഏറ്റവും വലിയ മൃഗം, ഏറ്റവും വലിയ പക്ഷി എന്നൊക്കെ കേട്ടിട്ടുണ്ട്? ഇതിപ്പോ ഏറ്റവും വലിയ കഴുത എന്നൊക്കെ ചോദിച്ചാല്‍ എന്താ ചെയ്യാ, എന്നാലും ഇത്തിരി പോന്ന പോക്കിരി കുട്ടിയുടെ മുന്നില്‍ തോറ്റ് കൊടുക്കാന്‍ പറ്റില്ലല്ലോ. ഇക്കാക്ക ഇപ്പോള്‍ വരാമെന്നും പറഞ്ഞു ഞാന്‍ മെല്ലെ പുറത്തിറങ്ങി. മൊബൈല്‍ എടുത്ത് വൈഫൈ ഓണ്‍ ആക്കി, ഗൂഗിള്‍ എടുത്ത് സെര്‍ച്ച്‌ ചെയ്തു. കഴുതക്ക് ആസ് എന്നാണല്ലോ ഇംഗ്ലീഷില്‍ പറയുക. അത് കൊണ്ട് ഇങ്ങനെ സേര്‍ച്ച്‌ ചെയ്തു? 

what is the biggest ass in the world? 

Alas! സേര്‍ച്ച്‌ റിസള്‍ട്ട് കണ്ടു ഞാന്‍ ബോധം കേട്ട് വീണില്ല എന്നേ ഉള്ളൂ... അമ്മാതിരി ഒരു ആസ് ആണ് കണ്ടത്. നമ്മള്‍ അറിയാതെ ഇംഗ്ലീഷ്കാര്‍ ആസിന്‍റെ അര്‍ഥം മാറ്റിയോ? ഓക്സ് ഫോര്‍ഡ് ഡിക്ഷണറി എടുത്തു നോക്കി, ഹേയ്.. തെറ്റിയിട്ടില്ല. ഇനി ഗൂഗിള്‍ സ്പെഷ്യല്‍ അര്‍ഥം വല്ലതും ആവും. ങാ പോട്ടെ. ഫെയ്സ്ബുക്കില്‍ ആരോടെങ്കിലും ചോദിക്കാം എന്ന് കരുതി പോസ്റ്റ്‌ ഇട്ടു. 

"what is the biggest ass in the world?" 

നെനക്ക് പ്രാന്തായോ എന്ന് ചോദിച്ചു ആദ്യം ഇന്‍ബോക്സില്‍ പ്രിയ സ്നേഹിതന്‍ വന്നു. പിന്നെ അങ്ങോട്ട്‌ ഇന്ബോകിസിനു നിക്ക പൊരുതി ഇല്ല. തലങ്ങും വിലങ്ങും ആസ്കള്‍ ഇന്‍ബോക്സില്‍ എത്താന്‍ തുടങ്ങി. അവസാനം മോളുടെ മുന്നില്‍ സുല്ലിട്ടു.

"അതേയ്, ഇക്കാനോട്‌ മറന്നു പോയി. ഇനി മോള് പറ"
"ഇക്കാക്ക കൊറേ ആളോട് ചോദിച്ചു അല്ലെ?"
"ങേ.. എങ്ങനെ മനസ്സിലായി?" 
"ചോദിച്ചോ, ഇല്ലയോ?" 
കുട്ടികളോട് നമ്മള്‍ മുതിര്‍ന്നവര്‍ കളവു പറഞ്ഞാല്‍ പിന്നീട് അവരും കളവ് പറയാന്‍ തുടങ്ങും. ഈ ഒരു ചെറിയ കാര്യത്തിനു വേണ്ടി കളവു പറയണോ? ഹേയ് വേണ്ട.. 
"ങും.. ചോദിച്ചു.. എന്നിട്ടും കിട്ടീല്ല.." 
"എങ്ങനാ കിട്ട്വാ?" 
"ങേ.. അപ്പൊ അതിനു ഉത്തരമില്ലേ?" 
"ണ്ട്.. ണ്ട്... ഈ ചോദ്യത്തിനു ഉത്തരം തേടിപ്പോയ ഇക്കാക്ക തന്നെയല്ലേ ഏറ്റവും വലിയ കഴുത?" 
"ങേ............."

ഞാന്‍ ഞെട്ടിയോ? ഹേയ്.. ഇല്ല. പക്ഷെ ഞെട്ടി. ഞാന്‍ ഞെട്ടിയത് കിന്‍റെര്‍ ജോയ്ന്‍റെ വില കേട്ടപ്പോള്‍ ആണ് എന്ന് പറയുന്നതാവും ശരി. മേലാല്‍ കിന്‍റെര്‍ ജോയി വെച്ചു ഒരു കളിയുമില്ല എന്ന് ഇതോടെ തീരുമാനിച്ചു.

Saturday, September 14, 2013

മച് ലി പകട്നെ വാലി ലക്ടി .....


കുഞ്ഞോന്‍ നമ്മുടെ സുഹൃത്താണ്, വല്ലപ്പോഴുമൊക്കെ മൈസൂരില്‍ പോയി വരും. അവിടെ കുടുംബക്കാര്‍ ഉണ്ട്. പോയി വന്നിട്ട് അവിടത്തെ വിശേഷങ്ങള്‍ ഒക്കെ പറയും. ആ വിശേഷങ്ങള്‍ ആണ് മൈസൂര്‍ എന്നാല്‍ ഭൂമിയിലെ സ്വര്‍ഗം എന്ന അനുമാനത്തിലേക്ക് എന്നെ എത്തിച്ചത്.

പുള്ളിക്ക് കന്നഡ നന്നായി സംസാരിക്കാന്‍ അറിയാം. വളരെ എളുപ്പത്തില്‍ പഠിക്കാന്‍ പറ്റിയ ഭാഷയാണ് കന്നഡ എന്നാണു പുള്ളിയുടെ പക്ഷം. പക്ഷെ യാചിക്കാന്‍ വന്ന ഒരു കന്നഡ സ്ത്രീയോട് ജബ ജബ അടിച്ചപ്പോള്‍ ആണ് കന്നഡയില്‍ പുള്ളിക്കുള്ള അവഗാഹം മനസ്സിലായത്. പിന്നീട് മുസ്ലിങ്ങള്‍ അധികം ഉള്ള ഏരിയ ആയത് കൊണ്ട്, കന്നഡയേക്കാള്‍ അധികം ഉറുദു സംസാരിക്കുന്നതാണ് കന്നഡയുമായുള്ള ടച് വിട്ടുപോവാന്‍ കാരണമെന്ന വിശദീകരണം അന്നത്തെ കാലത്ത് വിശ്വസിക്കേണ്ടി വരികയും ചെയ്തു.

ഒരിക്കല്‍ ഞാനും പുള്ളിയോടൊപ്പം മൈസൂരില്‍ പോയി. മൈസൂര്‍ ഒക്കെ ഒന്ന്‍ കാണുകയും ചെയ്യാം, ഭാഷ പഠിക്കുകയും ചെയ്യാം. അങ്ങനെ മൈസൂരിലെ അവരുടെ വീടും അയല്‍ വീടും ഇഷ്ടായി. ഇഷ്ടാവാന്‍ കാരണമുണ്ട്. അയല്‍ വീട്ടില്‍ നല്ല കിളി പോലെ ഒരു പെണ്‍കുട്ടി. കേരള തനിമയുള്ള ഒരു കന്നഡ പെണ്‍കുട്ടി. അവളോട്‌ സംസാരിക്കാന്‍ ഒരു പൂതി. പക്ഷെ എന്ത് ചെയ്യും. ഭാഷ അറിയില്ലല്ലോ. കുഞ്ഞോനോട്‌ അവളെ എനിക്ക് ഒന്ന് പരിചയപ്പെടുത്തി തരണം എന്ന് വാക്കാല്‍ ഉറപ്പു വാങ്ങി.

അവരുടെ വീടിനടുത്ത് കൂടി ഒരു തോട് ഒഴുക്കുന്നുണ്ട്. നല്ല കന്നഡ പരല്‍ മീനുകള്‍ അതില്‍ നീന്തി തുടിക്കുന്നത് കണ്ടപ്പോള്‍ പിടിക്കാന്‍ ഒരു ആഗ്രഹം. പക്ഷെ വലയില്ല. എന്ത് ചെയ്യും? ഒരു വല എവിടെ നിന്ന് സംഘടിപ്പിക്കും. ഒരു രക്ഷയുമില്ല. അപ്പോള്‍ കുഞ്ഞോന്‍റെ കുടുംബക്കാരനായ ഒരു ചെറിയ കുട്ടിയുണ്ട്. പേര് ഷാഫി. അവന്‍ പറഞ്ഞു അടുത്ത വീട്ടിലെ ദീദിയുടെ (നമ്മുടെ മറ്റേ കക്ഷി) വീട്ടില്‍ ചൂണ്ടയുണ്ട്. പക്ഷെ അവന്‍ പോയി വാങ്ങില്ല. അവരോടു അവനു എന്തിനോ കലിപ്പാണത്രെ. കുഞ്ഞോനോട്‌ ഞാന്‍ പറഞ്ഞു.

"നീ വാ.. നമുക്ക് പോയി ചോദിക്കാം"

അപ്പോഴാണ് കുഞ്ഞോന്‍റെ രണ്ടാമത്തെ ഉറുദുവില്‍ ഉള്ള അവഗാഹം കൂടി തകര്‍ന്നു തരിപ്പണമായത്. പക്ഷെ നമ്മുടെ കുഞ്ഞോന്‍ ഇത്തവണ തോല്‍വി സമ്മതിക്കാന്‍ ഒരുക്കമായിരുന്നില്ല. കുഞ്ഞോന്‍ ശാഫിയോടു ചൂണ്ട വാങ്ങാന്‍ എങ്ങനെയാണ് ഉറുദുവില്‍ ചോദിക്കേണ്ടത് എന്ന് ചോദിച്ചു.

'അത് ഈസിയാണ്. ഇങ്ങനെ ചോദിച്ചാല്‍ മതി. "തേരെ പാസ് ഏക്‌ മച് ലി പകട്നെ വാലി ലക്ടി ഹേ ക്യാ? " (ഇവിടെ നല്ല മീന്‍ പിടിക്കുന്ന ചൂണ്ടയുണ്ടോ?)

"ഇത്രേ ഉള്ളൂ.. ഇത് ഈസിയല്ലേ.. ഞാനിപ്പം വാങ്ങി വരാം ട്ടോ... നിങ്ങളിവിടെ നില്‍ക്ക്"

"അത് വേണ്ട... ഞാനും കൂടെ വരാം" അവളെ ഒന്ന് കാണാന്‍ കിട്ടുന്ന ചാന്‍സ് കളയണ്ടല്ലോ.

പരുങ്ങി പരുങ്ങി കുഞ്ഞോനും ഞാനും അവരുടെ വീട്ടിലേക്ക് പോയി. കോലായില്‍ തന്നെ അവളുടെ തന്തപ്പടിയും അവളും ഇരിക്കുന്നുണ്ട്. അതിഥികളെ കാണുമ്പോള്‍ നമ്മുടെ മലയാളി പെണ്‍കുട്ടികള്‍ എഴുന്നേല്‍ക്കുന്നത് പോലെ അവളും എഴുന്നേറ്റ്. കുഞ്ഞോന്‍റെ കണ്ണുകള്‍ അവളില്‍ തന്നെയായിരുന്നു. ആ സൌന്ദര്യധാമത്തെ കണ്ടാസ്വദിക്കുന്നത്തിനിടയില്‍ പഠിച്ചു വെച്ച ഹിന്ദി മറന്നു. എങ്കിലും ഒരു വിധം കുഞ്ഞോന്‍ അവളുടെ തന്തപ്പടിയോടു ചോദിച്ചു. എന്നിട്ട് അവളുടെ മുഖത്ത് നോക്കി ഒരു പുഞ്ചിരി കൈമാറി. എന്തോ ഒരു പ്രശനം പോലെ, പെട്ടന്ന്‍ അവളുടെ മുഖം ചുവന്നു, അകത്തേക്ക് ഓടി മറഞ്ഞു.

"ക്യാ?" ചോദിച്ചത് മനസ്സിലാവാതെ തന്തപ്പടി സംശയ നിവാരണം നടത്തി.

"തേരെ പാസ് മസ്റ്റ്‌ പകട്നെവാലി ഏക്‌ ലട്കി ഹേ ക്യാ?" ലവലേശം പതറാതെ ഇത്തവണ കുഞ്ഞോന്‍ ഉറപ്പിച്ചു ചോദിച്ചു.

കസേരയില്‍ ചാടി എഴുന്നേറ്റ് അയാള്‍ അലറി.

"അരെ സാലെ കുത്തെ കമീനെ.. തേരി ഹിമ്മത് കൈസേ ഹുയീ യെഹ് പൂച്നെ കി.......... "

ബാക്കി കേള്‍ക്കാന്‍ കഴിഞ്ഞില്ല. പെട്ടന്നുണ്ടായ അക്രമത്തെ ചെറുക്കാന്‍ വേണ്ടി ഞങ്ങള്‍ ഓടി മറഞ്ഞു. കന്നഡക്കാരി വധുവായി എത്തുന്നത് സ്വപനം കണ്ടത് വെയ്സ്റ്റ് ആയി.

അയാളെ ദേഷ്യം പിടിപ്പിക്കാന്‍ മാത്രം ഒന്നും കുഞ്ഞോന്‍ ചോദിച്ചിട്ടില്ല. ഇത്രേ ചോദിച്ചുള്ളൂ... നിങ്ങളെ അടുത്ത് പിടിക്കാന്‍ പറ്റിയ നല്ല പെണ്‍കുട്ടിയുണ്ടോ? അത് ചോദിച്ചതിനു ശേഷം അയാളുടെ മോളുടെ മുഖത്ത് നോക്കിയതും യാദൃശ്ചികം ആവാം.

NB: ദയവു ചെയ്ത് ചിരിക്കണം എന്നഭ്യര്‍ഥിക്കുന്നു.

Monday, September 9, 2013

പ്രവാസിയുടെ പാര്‍ക്കാന്‍ പോവല്‍...



കുട്ടികാലത്ത് നാട്ടില്‍ ബന്ധുവീടുകളില്‍ പാര്‍ക്കാന്‍ പോവുക അല്ലെങ്കില്‍ കൂടാന്‍ പോവുക എന്നൊരു രസകരമായ പരിപാടിയുണ്ട്. മനസ്സില്‍ എന്നും  താലോലിക്കാവുന്ന അനുഭവങ്ങള്‍ പകര്‍ന്നു തന്ന കുട്ടിക്കാലത്തിലെ മനോഹരമായ ദിവസങ്ങള്‍. അത്ര മധുരതരമല്ലെങ്കിലും വ്യാഴായ്ച്ച ദിവസങ്ങളില്‍ പ്രവാസികളും പാര്‍ക്കാന്‍ പോവാറുണ്ട്. ഒരിക്കല്‍ ഞങ്ങളുടെ ഒരു സുഹൃത്തിന്‍റെ സുഹൃത്ത് സുക്കര്‍ ഭാഷയില്‍ പറഞ്ഞാല്‍ ഫ്രണ്ട് ഓഫ് ഫ്രണ്ട് ഞങ്ങളുടെ റൂമില്‍ കൂടാന്‍ വന്ന കദന കഥയാണ് പറയുവാന്‍ ഉദ്ദേശിക്കുന്നത്.

ഇതിലെ കഥാപാത്രങ്ങളുടെ പേരുകള്‍ ഞാനൊഴികെ യഥാര്‍ഥമല്ല.

തിയതി: 15/10/2011 സമയം: 07:45 PM

സുഹൃത്ത് മജെന്ദന്‍ മൊബൈലില്‍ വിളിച്ചു പറഞ്ഞു. ഇന്ന് നമ്മുടെ റൂമില്‍ ഒരു പുതിയ അതിഥി ഉണ്ട്, ഭക്ഷണം അവനും കൂടെ ഉണ്ടാക്കണം.

"ഡാ.. ഇന്ന് ഫുഡ്‌ ഉണ്ടാക്കുന്നില്ല. ഒന്‍പതു മണി ആവുമ്പോള്‍ നീ അവനെയും കൂട്ടി നീ നേരെ ദോഹ റോക്സിലേക്ക് വാ. നമുക്കവിടെ നിന്നും കാണാം." റൂമിലെ തലയെടുപ്പുകാരനായ ശുക്കൂര്‍ മറുപടി കൊടുത്തു.

സമയം 9:15 PM

ദോഹ റോക്സ്, എല്ലാവരും തന്തൂരിക്ക് ഓര്‍ഡര്‍ കൊടുത്ത് അക്ഷമരായി ഇരിക്കുന്നു. അതിനിടയില്‍ പുതിയ സുഹൃത്തിനെ പരിചയപ്പെട്ടു. പേര് അസീസ്‌, ഒരു 80-90 കിലോ യുള്ള കണ്ടാല്‍ പാവത്തരം തോന്നുന്ന ഒരു ഒന്നൊന്നര മനുഷ്യന്‍. മലപ്പുറം സ്വദേശി. പുതുതായി വന്നു കമ്പനിയില്‍ ജോയിന്‍ ചെയ്തിട്ടേ ഉള്ളൂ. കമ്പനിയില്‍ മുഴുവന്‍ അറബികള്‍, താമസവും അവരോടൊപ്പം ആയതിനാല്‍ ഒരു വെള്ളിയാഴ്ച എങ്കില്‍ ഒരു വെള്ളിഴായ്ച്ച മലയാളം സംസാരിക്കാനും അവധി ആഘോഷിക്കാനും വേണ്ടി വന്നതാണ്. യാ അല്ലാഹ്.. അവന്‍ തന്തൂരി തിന്നുന്നത് കണ്ടപ്പോള്‍ കണ്ണ് തള്ളി പോയി. ഇവന് അറബികള്‍ ഫുഡ്‌ ഒന്നും കൊടുക്കാറില്ലേ എന്നാ ചിന്ത മനസ്സിലൂടെ മലപ്പുറം റൂട്ടിലെ ബസ്‌ പോലെ പാഞ്ഞു പോയി.

സമയം 11:48 PM

ദോഹ റോക്സിലെ ഫുഡിന്‍റെ ഹാങ്ങ്‌ ഓവര്‍ മാറ്റാന്‍ ദോഹ കോര്‍ണിഷില്‍ പോയി കടലിലെ വെള്ളവും, കരയില്‍ നിന്ന് മീന്‍ പിടിക്കുന്നവരുടെ മുഖഭാവങ്ങളും കണ്ടതിനു ശേഷം റൂമില്‍ എത്തി. സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും പച്ചയിറിച്ചി തിന്നു കൊണ്ട് ഉറങ്ങാന്‍ കിടക്കുമ്പോള്‍ സമയം പിന്നെയും വൈകി.

തിയതി: 16/10/2011സമയം: 02:00 AM

മജന്ദന്‍ എന്നെ വിളിച്ചുണര്‍ത്തുന്നു. "ജസിക്കാ..ജസിക്കാ... എഴുന്നേല്‍ക്ക്, വേഗം വേഗം" .. "എന്താടാ.. എന്താ പ്രശ്നം?"  കിടന്നു ഉറക്കം വന്നിട്ടേ ഉള്ളൂ, കണ്ണ് തുറക്കാതെ ഞാന്‍ ചോദിച്ചു. "ജസീക്ക, അസീസിന് എന്തോ പ്രശ്നമുണ്ട്?"

"എന്ത് പ്രശ്നം"?

"ദാ നോക്ക്... കണ്ടില്ലേ?"

കണ്ണ്‍ തിരുമ്മി ഞാന്‍ നോക്കുമ്പോള്‍ അസീസ്‌ വേദനകൊണ്ട് പുളയുകയാണ്. ഞാന്‍ മജന്ദനോട് ശുക്കൂറിനെ വിളിച്ചുണര്‍ത്താന്‍ പറഞ്ഞു.

ഞാന്‍ അസീസിന്‍റെ അടുത്തേക്ക് ചെന്ന്, ചോദിച്ചു.

"അസീസ്‌.. എന്ത് പറ്റി?"

"ഹൌ.. വയ്യ.. എനിക്ക് വയ്യ.... എന്‍റെ നെഞ്ചില്‍ കൂട് തളരുന്ന വേദന"

അപ്പോഴേക്കും ഷുക്കൂറിന്‍റെ മൊബൈല്‍ ഫോണ്‍ റിംഗ് ചെയ്യുന്നു. നാട്ടില്‍ നിന്നും ആരോ വിളിക്കുന്നു. ഈ സമയത്ത് നാട്ടില്‍ നിന്നും ആരാണ് വിളിക്കുന്നത്? ശുക്കൂര്‍ ഫോണ്‍ എടുത്തു."ഹലോ.. ശുക്കൂര്‍ അല്ലേ? "

"അതെ, ആരാ സംസാരിക്കുന്നത്"?

"ഇത് ഞാനാ, അസീസിന്‍റെ ബാപ്പ"

'ഏത് അസീസ്‌?"

'നിങ്ങളെ റൂമില്‍ ഇന്ന് വന്നില്ലേ, അവന്‍റെ ബാപ്പയാണ്, അവനിപ്പോള്‍ സുഖമുണ്ടോ? ആശുപത്രിയില്‍ കൊണ്ട് പോയോ?" ദയനീയമായ സ്വരത്തില്‍ അദ്ദേഹം ചോദിച്ചു.

"ങാ.. അവനു സുഖമില്ല, ആശുപത്രിയില്‍ കൊണ്ട് പോവുകയാണ്. നിങ്ങളോട് ആരാ പറഞ്ഞത് അവനു സുഖമില്ലാന്ന്‍'?

"അവന്‍ കുറച്ചു മുന്പ് വിളിച്ചിരുന്നു, അവന്‍ ഇപ്പോള്‍ മരിക്കുമെന്നും പറഞ്ഞു. ന്‍റെ മോന് ഒന്നും പറ്റാതെ നോക്കണേ" അദ്ദേഹം കരച്ചിലിന്‍റെ വക്കിലെത്തി.

"നിങ്ങള്‍ പ്രശ്നമാക്കണ്ട, അവനു ഒന്നും ഇല്ല. ഞാന്‍ കുറച്ച് കഴിഞ്ഞു നിങ്ങളെ വിളിക്കാം" ശുക്കൂര്‍ ഫോണ്‍ വെച്ചു. എന്നിട്ട് എന്‍റെ നേരെ തിരിഞ്ഞു. "അവന്‍ എന്ത് പൊട്ടനാ.. മരിക്കാന്‍ പോണൂന്ന് ഒക്കെ നാട്ടിലേക്ക് വിളിച്ചു പറയാ? ഇനി മരിച്ചാല്‍ നമ്മള് വിളിച്ചു പറയൂല്ലേ. മണ്ടന്‍ കൊണാപ്പി?

"ഷുക്കൂറെ ഇത് സീരിയസ് ആണ്. നീ വേഗം ആംബുലന്‍സ് വിളി" നിലത്ത് കിടന്നു എരിപൊരി കൊള്ളുന്ന അസീസിനെ കാണിച്ചു ഞാന്‍ പറഞ്ഞു. "ആംബുലന്‍സ് ഒന്നും വേണ്ട, നമ്മള്‍ക്ക് കൊണ്ട് പോവാം, ഈ സമയത്ത് റോഡില്‍ തിരക്കുണ്ടാവില്ല. ഇനി അവിടെ എത്തുന്നതിനു മുന്പ് മാറിയാലോ?

റൂമില്‍ എല്ലാവരുടെയും മുഖത്ത് പരിഭ്രാന്തി പടര്‍ന്നു. ആലോചിച്ചു നില്‍ക്കാന്‍ സമയമില്ല.
ഈ തടിയന്‍ ഇവിടെ കിടന്നു എന്തേലും പറ്റിയാല്‍ എടുത്തു പൊക്കാന്‍ ആരോഗ്യമുള്ള ആരും ഇല്ല. പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു. അസീസിനെയും കൊണ്ട് എല്ലാവരും ഹമദിലേക്ക് കുതിച്ചു.സംസാരിക്കാന്‍ പറ്റാത്ത വിധം കുഴങ്ങിയിരിക്കുന്നു അസീസ്‌.

സമയം: 02:15 AM
ഹമദ്‌ എമെര്‍ജെന്‍സി കേസുകള്‍ക്ക് അല്ലാത്തവക്ക് ഐ ഡി കാര്‍ഡ് നിര്‍ബന്ധമാണ്‌. ഇവന്‍റെ കയ്യില്‍ ഐ ഡി യോ പാസ്പോര്‍ട്ട് കോപ്പിയോ ഇല്ല. മലയാളിയായ ഒരു നല്ല റിസപ്ഷനിസ്റ്റ് ആയത് കൊണ്ട് പെട്ടന്ന് തന്നെ എമെര്‍ജെന്‍സിയിലേക്ക് മാറ്റി തന്നു. ഞങ്ങളെ എല്ലാം പുറത്താക്കി. നാട്ടില്‍ നിന്നും തുടരെ തുടരെ കാളുകള്‍ വരുന്നു. ബാപ്പയും, അമ്മാവനും എന്ന് വേണ്ട അവന്‍റെ കുടുംബക്കാര്‍ മുഴുവനും വിളിക്കുന്നു. അവരെ പറഞ്ഞു സമാധാനിപ്പിക്കുന്ന ശുക്കൂര്‍. ഇടക്കിടെ റിസപ്ഷനില്‍ പോയി കാര്യം തിരക്കും.  പിന്നീട് വീണ്ടും വന്നു സീറ്റില്‍ ഇരിക്കും. മണിക്കൂറുകള്‍ കടന്നു പോയി. എന്നെയും മജീദിനെയും അസീസിനെ കാണാന്‍ അനുവദിച്ചു.പേടിക്കാനൊന്നുമില്ല. കയ്യില്‍ ഡ്രിപ് ഒക്കെ കൊടുത്ത് അസീസ്‌ ഇരിക്കുന്നു. കുഴപ്പമൊന്നും ഇപ്പോള്‍ കാണുന്നില്ല എന്ന് അറബിയായ ഡോക്ടര്‍ പറഞ്ഞു. അല്‍പ സമയത്തിനകം ഡിസ്ചാര്‍ജ് ചെയ്യുമെന്നും പറഞ്ഞു.

സമയം 05:10
അസീസിനെ ഡിസ്ചാര്‍ജ് ചെയ്ത് ഞങ്ങള്‍ റൂമിലേക്ക് തിരിച്ചു. ജൈദ ഫ്ലൈ ഓവറിന്‍റെ അടിയില്‍ നിന്നും കാറിന്‍റെ പിന്‍സീറ്റില്‍ നിന്നും ഒരു പൊട്ടി തെറി ശബ്ദം കേട്ട് ഞാന്‍ തിരിഞ്ഞു നോക്കിയതും, ശുക്കൂര്‍ കാറിന്‍റെ ഗ്ലാസ്‌ വിന്‍ഡോ താഴ്ത്താന്‍ തുടങ്ങിയതും ഞാന്‍ കണ്ടു. ഒരു മുന്കരുതലിനു വേണ്ടി, മൂക്കുകള്‍ പൊത്തി ഞാന്‍ അസീസിന്‍റെ  ഗ്യാസിനെ പ്രതിരോധിച്ചു. നാട്ടിലെയും, മറുനാട്ടിലേയും മനുഷ്യരെ പരിഭ്രാന്തിയിലാക്കി, അവരുടെ ഉറക്കം കളയുന്ന, ഒരു മാരക രോഗമാണ് ഗ്യാസ് അല്ല, ഇത്തരം ആളുകള്‍ എന്ന് ചുരുക്കി പറയാന്‍ ഉദ്ദേശിക്കുന്നു.
------------------------------------------------------------------------------------------------------------------------------


NB: നീണ്ട ഒരു ചളിക്കഥ ആയതില്‍ ക്ഷമിക്കുക. ഇനി എഴുതുമ്പോള്‍ നീളം കുറഞ്ഞ ചളി എഴുതാന്‍ ശ്രമിക്കുന്നതാണ്.. :)

Wednesday, September 4, 2013

മാപ്പ് .....


സഖിമാരും ഞാനും എന്ന എന്‍റെ പ്രശസ്തമായ ഖണ്ഡകാവ്യത്തില്‍ നിന്നും ഉള്ള ഒരേട്‌.... :)

 




കാറ്റൊരു പരിഭവം കടലിനോടോതുന്നു
കടലത് കരയില്‍ തല്ലി തിമിര്‍ക്കുന്നു
പറയുവാന്‍ വയ്യെങ്കില്‍ എന്തിനീ പരിഭവം
പറയു നീ പ്രിയ സഖീ മറയാതെ എന്‍ മുന്നില്‍

കാത്ത് നിന്നൂ ഞാനീ കുന്നിന്‍ ചെരിവിതില്‍
അകലേക്ക് നീ മാഞ്ഞു മറയുന്നതിന്‍ മുന്‍പേ
ഇരുളിലൊരു വിങ്ങലായ് മാറുമീ സങ്കടം
പേറുവാന്‍ ശക്തിയില്ലെന്നോര്‍ക്കണം സഖീ

നനയുമീ കണ്‍തടം ഓര്‍ക്കണം നീ സഖീ
വിങ്ങുമീ വാക്കുകള്‍ കേള്‍ക്കണം നീ പ്രിയേ
ഏതോ കിരണത്താല്‍ പൊള്ളിയ വാക്കുകള്‍
സദയം ക്ഷമിച്ചു നീ മാപ്പേകണം സഖീ

അരുതായ്മ വല്ലതും വന്നുപോയീടുകില്‍
സഖീ നമ്മളൊന്നല്ലേ നാമിനിയും കാണില്ലേ
അറിയുന്നു ഞാന്‍ നിന്‍റെ വ്യഥകളെല്ലാം സഖീ
അരികത്ത് വീണ്ടും നീ വന്നീടുമോ പ്രിയേ...
--------------------------------------------------------------



ലേബല്‍: മാക്സിമം ബെര്‍പ്പിക്കല്‍....


ജസി ഫ്രണ്ട് 
ദോഹ - ഖത്തര്‍

Sunday, September 1, 2013

യാത്രക്കാരന്‍




അച്ഛന്റെ മുഖത്ത് മൂര്‍ച്ചയുള്ള ആയുധം കൊണ്ട്
തലങ്ങും വിലങ്ങും ആരോ കോറിയിട്ടിരിക്കുന്നു 

വരണ്ടുണങ്ങിയ കൈകളില്‍ അധ്വാനത്തിന്‍റെ
തഴമ്പ് കറുത്ത് തടിച്ച് മുഴച്ചു നില്‍ക്കുന്നു 

അച്ഛന്റെ തല കീറി താഴിട്ടു പൂട്ടിയിരിക്കുന്നു
കരിഞ്ഞുണങ്ങിയ ആമാശയം പുകഞ്ഞു കൊണ്ടിരിക്കുന്നു

ഇനി ഒരടി നടക്കാന്‍ കഴിയാത്തവിധം ഓടി തളര്‍ന്ന
കാല്‍പത്തികള്‍ പൊട്ടി പൊളിഞ്ഞു തൂങ്ങിക്കിടക്കുന്നു

രണ്ടറ്റവും കൂട്ടിചേര്‍ക്കാനുള്ള പ്രയത്നത്തില്‍
കിതച്ച് കിതച്ച് തൊണ്ടക്കുഴി ഉള്‍വലിഞ്ഞിരിക്കുന്നു

കുഴിഞ്ഞ കണ്ണുകളില്‍ പ്രതീക്ഷയുടെ ഒരു തിരിനാളം പോലും
അണഞ്ഞു തീര്‍ന്നതിന്‍റ് അടയാളങ്ങളുണ്ടായിരുന്നില്ല

മിഴി കോണില്‍ തടം കെട്ടി നില്‍ക്കുന്ന കണ്ണീരിനു
രക്തത്തിന്റെ ഭയപ്പെടുത്തുന്ന ഗന്ധമായിരുന്നു. 

തിളച്ചു മറിഞ്ഞ ഹൃദ്തടം അച്ഛന്റെ വായിലൂടെ
പുറത്തേക്ക് ഒഴുകി പരന്നു കിടക്കുന്നു,
 
രുചിയറിയാത്ത പാനീയം കഴിച്ചുകൊണ്ട്  
പലിശയും വട്ടിപലിശയും വേണ്ടാത്തിടത്തേക്ക്
ആരോടും പറയാതെ അച്ഛന്‍ തനിച്ചാണ് യാത്രയായത്.

---------------------------------------------------------------------------------
 
ജസി ഫ്രണ്ട് 
ദോഹ - ഖത്തര്‍