Thursday, March 3, 2016

യന്ത്രം പോലെ ചലിക്കുന്ന ഒരു മനുഷ്യന്‍










ഇടുങ്ങിയ  ഫ്ലാറ്റ്  ജീവിതത്തിനിടയില്‍  പുറം  ലോകം  കാണിക്കാന്‍  അവളെയും  കൊണ്ട്  ഞാന്‍  ഇടയ്ക്കിടെ പുറത്തിറങ്ങാറുണ്ട്. അവള്‍  ആരാണെന്നല്ലേ, പ്രിയ. കൊച്ചു  മിടുക്കി. ഷോപ്പിംഗ്‌മാളുകളെ  കുറിച്ച്  സംസാരിച്ചാല്‍ അവള്‍ക്ക്  ചോക്ലേറ്റിനെ  കുറിച്ച്  ഒരുപാട്  പറയാനുണ്ടാവും. സ്കൂളും  പഠനവും അതീവ  വിരസമാണ് എന്നാണ് എന്‍റെ ജീവിതാനുഭവങ്ങള്‍  എന്ന  ഭാഗത്ത് അവള്‍  പറഞ്ഞിരിക്കുന്നത്. പൂക്കളും പൂമ്പാറ്റകളുമില്ലാത്ത  സ്കൂള്‍...... ജീവിതം. 
അടങ്ങി  ഒതുങ്ങി ഒരിടത്ത്  ഇരിക്കില്ല, എപ്പോഴും  കളിക്കണം, ഒന്നും  കഴിക്കുകയും  ഇല്ല. എല്ലാ  കുട്ടികളെയും  പോലെ  ഇവളും  ആ  കാര്യത്തില്‍  അമ്മയുടെ  സര്‍ടിഫിക്കറ്റ്  വാങ്ങി  വെച്ചിട്ടുണ്ട്.
ഒഴിവു  സമയത്ത്  അവളെയും  കൊണ്ട്  പുറത്ത്  പോവും. ഷോപ്പിംഗ്‌  അവള്‍ക്ക്  ലഹരിയാണ്. എനിക്ക്  അത്  വേണം  ഇത്  വേണം  എന്ന്  പറയില്ല. പകരം  എല്ലാം  എടുത്ത്  കൊണ്ട്  വരും.
"നീയാ  ഇവളെ  വഷളാക്കുന്നത്" ചേച്ചി  എപ്പോഴും  പറയും.
"കൊച്ചു  കുട്ടിയല്ലേ, നമുക്ക് കിട്ടാത്തത്  അവള്‍ക്ക്  കൊടുക്കുന്നെന്നെ ഉള്ളൂ  ചേച്ച്യേ.. " ഒരു  പുഞ്ചിരിയോടെ  ഞാന്‍  മറുപടി  പറയും.
അവള്‍ക്ക്  സാധനങ്ങള്‍  വാങ്ങി എന്‍റെ  പോക്കറ്റ്  കാലിയാവും, എങ്കിലും  മനസ്  നിറയും. അവളുടെ  കണ്ണില്‍ വിരിയുന്ന  തിളക്കം, സന്തോഷ് തുള്ളല്‍, ഇതെല്ലാം  മനസ്  നിറയ്ക്കും. സ്വകാര്യമായ  എല്ലാ  വേദനകളും  മറന്നു  പോവും. ആകാശത്തിലെ  നക്ഷത്രങ്ങളെ കണ്ടിട്ടില്ലേ, കണ്ണെടുക്കാന്‍  കഴിയില്ല. അത്  പോലെയാണ് ഇവള്‍. ഇവള്‍  മാത്രമല്ല  എല്ലാ  കുട്ടികളും. എത്ര  നോക്കിയിരുന്നാലും  മടുക്കാത്ത  ദൈവത്തിന്‍റെ സമ്മാനം. ഗള്‍ഫ്  ജീവിതത്തില്‍  ഞാന്‍  കണ്ടു  മുട്ടിയ കുടുംബമാണ് പ്രിയയുടെത്. ഖത്തറില്‍ റാസ്‌ ഗ്യാസില്‍ ക്ലറിക്കല്‍ പോസ്റ്റിലാണ് പ്രിയയുടെ  അച്ഛന്‍  അനിരുദ്ധന്‍ ജോലി ചെയ്യുന്നത്. ഭാര്യ സുമലത ഹൌസ് വൈഫ് പദം അലങ്കരിക്കുന്നു.
അന്നൊരു വെള്ളിയാഴ്ച വൈകിട്ട്  ഞാന്‍  പ്രിയയുടെ  വീട്ടില്‍  പോയി. അവള്‍ക്കുള്ള  ചോക്ലേറ്റും  കയ്യിലുണ്ടായിരുന്നു. എന്നെ  കണ്ടപാടെ  അവള്‍  ഓടിവന്നു  കെട്ടിപിടിച്ചു. "അങ്കിളേ, എനിക്കിനി  വരുമ്പോള്‍  ഇതല്ല, കിന്റര്‍ ജോയ് മതി."

 അപ്പോള്‍ പഴയ  ഒരു  കിന്റര്‍  ജോയ് അനുഭവം എനിക്കോര്‍മ വന്നു. അന്നായിരുന്നു ഞാന്‍  ശരിക്കും  കിന്റര്‍ ജോയുടെ  വിലയറിഞ്ഞത്. 
നാളെ  ഖത്തര്‍  നാഷണല്‍  ഡേ ആണ്. അവളെയും  കൊണ്ട്  ബീച്ചില്‍  പോയി  മീന്‍  പിടിക്കാം. ഞാനും  അനിയും തീരുമാനിച്ചു. ബീച്ചിനെ  കുറിച്ചുള്ള അവളുടെ  ഭയം മാറ്റിയെടുക്കണം. 
ശമാല്‍  ബീച്ചിലേക്കാണ്  ഞങ്ങള്‍  പുറപ്പെട്ടത്. അവളുടെ  കിളി കൊഞ്ചലുകള്‍  ആസ്വദിച്ചുള്ള  യാത്രയില്‍  എത്ര പെട്ടെന്നാണ്  ശമാലില്‍  എത്തിയത്. വളരെ  വിശാലമായ ബീച്ചാണ്  ശമാല്.‍. കുറെ പൊന്തക്കാടുകള്‍  ഉണ്ട്  അവിടെ. രണ്ടു ദിവസം തുടര്‍ച്ചയായ അവധിയായതിനാല്‍  സഞ്ചാരികള്‍  ഒരുപാടുണ്ട്  ബീച്ചില്‍. ചിലര്‍  ഫുട്ബാള്‍ കളിക്കുന്നു. ചിലര്‍ മീന്‍  പിടിക്കുന്നു. ഒരുത്സവ പ്രതീതി.
പ്രിയ  സന്തോഷവതിയാണ്. കടലില്‍ സമപ്രായക്കാര്‍  ഇറങ്ങുന്നത്  കാണുമ്പോള്‍  അവളുടെ  പേടി  പതിയെ  മാറാന്‍ തുടങ്ങി. സുമയും  അവളും കരയിലൂടെ കാഴ്ചകള്‍  കണ്ടു  നടക്കുന്നു. ഞാനും  അനിയും (അനിരുദ്ധന്‍) മീന്‍ പിടിക്കാന്‍  ശ്രമം തുടങ്ങിയിരുന്നു. ഒരു  രക്ഷയുമില്ല. ഒരു  മീന്‍  പോലും  ചൂണ്ടയില്‍  കൊത്തുന്നില്ല.
"നിങ്ങള്‍ക്ക്  രണ്ടാള്‍ക്കും മീന്‍  കിട്ടാന്‍  ഒരു  വഴിയുണ്ട്." സുമ  അവിടേക്ക്  കടന്നു  വന്നു പറഞ്ഞു.
"എന്താ ആ വഴി  ചേച്ചി? "
"പോവുന്ന  വഴിക്ക്  മാര്‍ക്കറ്റില്‍  നിന്നും  വാങ്ങിയാല്‍  മതി "
ഞാന്‍  ചെറുതായി  ഒന്ന്  ചമ്മി.
"പുതിയ  വിറ്റൊന്നും  ഇല്ലേ  സുമേ?" അനിയാണ്  ചോദിച്ചത്.
"ഓ.. ഉണ്ടാവുമ്പോള്‍  പറയാം ഏട്ടാ " സുമയും  വിട്ടുകൊടുത്തില്ല.
"അങ്കിളേ.. ഈ  മീനിനെ  പിടിച്ചു  കൊല്ലുന്നത്  പാവല്ലേ?" ചൂണ്ടയില്‍  ഇര കോര്‍ക്കാന്‍  ശ്രമിക്കുന്ന എന്‍റെ  അരികില്‍ വന്നു   പ്രിയ ചോദിച്ചു.
"മോളൂസേ.. അവിടെ  കാല്‍  വെക്കല്ലേ, ചൂണ്ടയുണ്ട്. കാലില്‍ കുടുങ്ങും" ഞാന്‍ മറുപടി  പറഞ്ഞു.
ഒന്ന് ശ്രദ്ധിച്ചു  കാല്‍ പതുക്കെ  മറ്റൊരിടത്തേക്ക്  വെച്ച്  അവള്‍  പറഞ്ഞു.
"അതല്ല, ഞാന്‍  ചോദിച്ചേ.. ഈ മീനിനെ  കൊല്ലാമോന്നാ ചോദിച്ചേ. ? "
"അത്  ശരി, അപ്പൊ  ഇന്നുച്ചക്ക്  മോള്‍  ഫിഷ്‌  ബിരിയാണിയല്ലേ  കഴിച്ചത്?"
അത് ശരിയാണല്ലോ  എന്നര്‍ത്ഥത്തില്‍  ഒരു വിരല്‍ താടിയില്‍  വെച്ച്  അവള്‍ ആലോചിച്ചു.  പിന്നെ അവിടെ നിന്നും ഓടി  മണലില്‍ പോയിരുന്നു  ചിത്രം വരയ്ക്കാന്‍ തുടങ്ങി.
"അന്യേട്ടാ.. ദാ .. നമുക്ക്  ആ പാറക്കെട്ടില്‍  പോയി  മീന്‍  പിടിച്ചാലോ?" ദൂരേക്ക്  ചൂണ്ടി  കടലിനോടു  ചേര്‍ന്ന്  കിടക്കുന്ന  പാറക്കെട്ട്  ചൂണ്ടി  സുമലത  പറഞ്ഞു.
"ഹോ.. വേണ്ട, അത് കുറെ  ദൂരെയല്ലേ?"
"അത്ര  ദൂരെയൊന്നും  അല്ല, നടക്കാന്‍  മാത്രം  ദൂരമേയുള്ളൂ. നമുക്കൊന്ന് പോയി  നോക്കാം.". ചൂണ്ടയില്‍  ഒന്നും  കുടുങ്ങാത്തത്തിലുള്ള  നിരാശകൊണ്ട്  ഞാന്‍  പറഞ്ഞു.
നടക്കുന്ന വഴിയെ ഞാന്‍ പ്രിയ വരഞ്ഞ ചിത്രം കണ്ടു. മണലില്‍ അവള്‍  ചൂണ്ടയില്‍  കുരുങ്ങിയ ഒരു  മത്സ്യത്തെ വരഞ്ഞിരിക്കുന്നു. തൊട്ടടുത്ത് അതിനെ  രക്ഷിക്കാന്‍ ശ്രമിക്കുന്ന മത്സ്യത്തിന്റെ അച്ഛനും  അമ്മയും. 
ഒരു  വഴികാട്ടിയെ പോലെ  പ്രിയ  മുന്നില്‍  നടന്നു. ഇടക്ക് തളര്‍ന്നപ്പോള്‍  അവള്‍  അച്ഛന്റെ  തോളില്‍  കയറിയിരുന്നു. എന്നിട്ട്  എന്നോട്  ചോദിച്ചു.
'അങ്കിളേ, അങ്കിള്‍  നടന്നു  കുഴഞ്ഞെങ്കില്‍  അച്ഛന്റെ തോളിലിരുന്നോ, ഞാന്‍  വേണേല്‍  ഇറങ്ങി തരാം."
വലിയ  കാര്യത്തില്‍ അവളത് പറഞ്ഞപ്പോള്‍  ഞങ്ങള്‍  ചിരിച്ചു  പോയി.
ആ  ചെറിയ പാറക്കെട്ടിലേക്ക് ഞങ്ങള്‍ വലിഞ്ഞു  കയറി. 
"ഇവിടുന്നു നോക്കുമ്പോള്‍  ബീച്ചിനു  ഭംഗി കൂടുന്നുണ്ട്. " സുമലത പറഞ്ഞു.
"അമ്മേ.. എന്നെക്കാള്‍  ഭംഗിയുണ്ടോ?" പ്രിയ സംശയത്തോടെ  ചോദിച്ചു.
"ഹേയ്.. മോളെക്കാള്‍  ഭംഗിയൊന്നും ലോകത്തൊരു  ബീചിനും  ഇല്ല  ന്‍റെ പ്രിയക്കുട്ടീ." ഞാനത്  പറഞ്ഞപ്പോള്‍  അവള്‍  എന്‍റെ കഴുത്തിലൂടെ  കൈ ഇട്ടു  കവിളത്തൊരു  മുത്തം  തന്നു.
ആ  പാറക്കെട്ടില്‍  ഞങ്ങളെ  കൂടാതെ മൂന്നു  അതിഥികള്‍  ഉണ്ടായിരുന്നു. മൂന്നു  സുഡാനികള്‍. ആധുനിക മീന്‍ പിടിത്ത ഉപകരണങ്ങളും  ഒരു രാത്രി  മുഴുവന്‍  അവിടെ തങ്ങാനുള്ള സംവിധാനവുമായാണ്  അവരവിടെയിരിക്കുന്നത്. കാറില്‍  നിന്നും കേബിള്‍ വലിച്ചു പോര്‍ട്ടബിള്‍  സ്പീക്കറില്‍  അവര്‍  ഉച്ചത്തില്‍  ഏതോ അറബിക് പാട്ടൊക്കെ വെച്ചിട്ടുണ്ട്. 
പെട്ടന്ന്  അവരുടെ ആര്‍പ്പ്  വിളി കേട്ട്  ഞങ്ങള്‍  അങ്ങോട്ട്‌  നോക്കി. അതാ ചൂണ്ടയില്‍  ഒരു  വലിയ  മീന്‍ കുടുങ്ങിയിരിക്കുന്നു. ആശ്ചര്യത്തോടെ  അത്  നോക്കി  നിന്ന  പ്രിയയെ അതില്‍  ഒരു  സുഡാനി  മീന്‍  കാണിക്കാന്‍  അവിടേക്ക്  ക്ഷണിച്ചു. ആദ്യം  ഒന്ന്  മടിച്ചെങ്കിലും  അയാളുടെ  സ്നേഹപൂര്‍വമുള്ള  വിളിയില്‍ അവള്‍  മീന്‍  കാണാന്‍  പോയി. അവളുടെ കുട്ടിക്കളിയില്‍  ആകൃഷ്ടരായ അവര്‍ അവളെ  കളിപ്പിക്കാന്‍  തുടങ്ങി. അവര്‍  പെട്ടന്ന്  തന്നെ ഫ്രണ്ട്സ് ആയി.
ഞാനിപ്പോള്‍  വരാമെന്ന്  പറഞ്ഞു  അനി പാറക്കെട്ടിനു  ഒരു വശത്തേക്ക്  നടന്നു?
"ഉം? എങ്ങോട്ടാ?" സുമലത  ചോദിച്ചു.
അനി കയ്യിലെ  ചെറു വിരല്‍  ഉയര്‍ത്തി കാണിച്ചു. അതിനര്‍ഥം സിഗരറ്റ്  ആണെന്ന് എനിക്കല്ലാതെ  അവള്‍ക്കറിയില്ലല്ലോ.
"ഉം.. വേഗം വാ ."
"അച്ഛാ.. ഞാനും വരുന്നു." പ്രിയ  പിറകെ പോവാന്‍ ശ്രമിച്ചു. പക്ഷെ  സുമ  തടഞ്ഞു.,
"നീ  അവിടെ  നിക്ക്, അച്ഛന്‍ ഇപ്പൊ വരും."
 സമയം  കടന്നു പോയി കൊണ്ടിരിക്കുന്നു. നേരം ഇരുട്ടി വരുന്നു.
"ഈ കറുപ്പന്മാര്‍ക്ക്  എന്തോരം മീനാണ്  കിട്ടുന്നത്." സുമലത  പറഞ്ഞു.
"അതെ, അവര്‍  മൂന്ന്  പേരില്ലായിരുന്നോ, ബാക്കിയുള്ളവര്‍  എവിടെ?" അപ്പോള്‍  അവിടെ  ഒരാളെ  ഉണ്ടായിരുന്നുള്ളൂ.
"പിടിച്ച  മീന്‍  വീട്ടില്‍  കൊണ്ട്  വെക്കാന്‍  പോയതാവും. നിന്നെ  പോലെ മണ്ടന്മാരല്ല  അവര്‍. ഹോ.. ഈ  മീന്‍  പിടിത്തം  ഇത്ര  ബോര്‍  ആയിരുന്നെങ്കില്‍ ഞാന്‍  വരില്ലായിരുന്നു."  സുമലത  പറഞ്ഞു.
"അല്ല, പ്രിയയും അനിയും എവിടെ?" ഞാന്‍  ചോദിച്ചു. കുറച്ചു നേരായി  അവരെ  കാണാനില്ല.
"ഇവിടെ എവിടേലും ഉണ്ടാവും."
സുമലത  പറഞ്ഞു.
"ഒന്ന് വിളിച്ചു  നോക്കൂ. വലിയ മീന്‍  കിട്ടി എന്ന് പറ. അപ്പോള്‍  ഓടി വരും."
"ഈ  നമ്പര്‍  നിലവിലില്ല  എന്നാ  പറയുന്നത് "
തൊട്ടപ്പുറത്ത്  ഉണ്ടായിരുന്ന  സുഡാനിയോട്  മുറി  അറബിയില്‍  ഞാന്‍  കാര്യം  അന്വേഷിച്ചു. അയാള്‍  അവരെ  കണ്ടിട്ടില്ല എന്ന് പറഞ്ഞു. അയാളും    തിരിച്ചു പോവുകയാണെന്ന്  തോന്നുന്നു.
ഒടുവില്‍ ഞങ്ങള്‍ തിരയാന്‍  തുടങ്ങി. പാറക്കെട്ടിനു  പിന്നില്‍  നിന്ന്  സിഗരറ്റ് വലിക്കാനുള്ള  ഒരു സാധ്യത കാണുന്നുണ്ട്. പക്ഷെ മകളുടെ  മുന്നില്‍ നിന്നും വലിക്കുമോ?  ഏതായാലും  പോയി നോക്കാം.
പാറകെട്ടിന്റെ മറ്റൊരു ഭാഗത്ത് നിന്ന് ഒരു  ഞരക്കം  കേള്‍ക്കുന്ന പോലെ തോന്നി. തോന്നിയതല്ല. ചേട്ടാ  എന്ന്  അലറി വിളിച്ചു സുമലത പാറയുടെ  ഒരരികിലേക്ക്  ഓടി. കൈകാലുകള്‍  ബന്ധിക്കപ്പെട്ട  നിലയില്‍, തല പൊട്ടി രക്തം ഒലിച്ചു അനിരുദ്ധന്‍.
നമ്മുടെ  മോള്‍  എവിടെ  അന്യേട്ടാ ?  കരഞ്ഞു കൊണ്ട് സുമലത ചോദിച്ചു.
തളര്‍ന്ന കണ്ണുകള്‍ കൊണ്ട് അയാള്‍ ഇടത് ഭാഗത്തേക്ക് ആംഗ്യം  കാണിച്ചു. ഞാന്‍ ആ  ഭാഗത്തേക്ക്  ഓടി. വഴിയില്‍ പ്രിയ ചൂടാറുള്ള മുത്തുകള്‍ പതിച്ച ഹെയര്‍ ബാന്‍ഡ് അരണ്ട വെളിച്ചത്തിലും  തിളങ്ങി നിലത്തു വീണു കിടക്കുന്നു. 
പാറക്കെട്ടിനോട് ചേര്‍ന്ന് രണ്ടു സുഡാനികള്‍, അതെ, ആ  മീന്‍  പിടിത്തക്കാര്‍, എന്നെ കണ്ടതും അയാള്‍ എന്നോട് അകലേക്ക് പോവാന്‍ പറഞ്ഞു. കാര്യം അറിയാന്‍ മറ്റേ സുഡാനിയും എനിക്ക്  നേരെ തിരിഞ്ഞു.
ആ കാഴ്ച കണ്ടു  ഞാന്‍  ഞെട്ടി. അടി മുതല്‍ തല വരെ ഭയം കൊണ്ട്  വിറച്ചു. രക്തത്തില്‍  കുളിച്ചു അര്‍ദ്ധ നഗ്നനായി പ്രിയ മോള്‍ അയാളുടെ  കയ്യില്‍  ഉണ്ടായിരുന്നു.
ഡാ .... അലറി കൊണ്ട് ഞാന്‍  അയാള്‍ക്ക്  നേരെ  കുതിച്ചു. ഇല്ല, കാലുകള്‍ തളരുന്നു. ഒരടി മുന്നോട്ട്  വെക്കാന്‍  കഴിയുന്നില്ല. വലിയ ധൈര്യവാനെന്നു  ധരിച്ച  ഞാന്‍ ഭയചകിതനായി നിന്നു. 
ഠിം!! ..  ഹാ!! വേദന കൊണ്ട്  ഞാന്‍  പിടഞ്ഞു. അപ്രതീക്ഷിതമായിട്ടായിരുന്നു  പിറകില്‍  നിന്നും  അടി കിട്ടിയത്. കണ്ണില്‍  ഇരുട്ട്  പടര്‍ന്നു. തലയില്‍  നിന്നും  ഒരു നനവ്‌ എന്‍റെ ശരീരത്തിലേക്ക് പടര്‍ന്നു. ബോധം നഷ്ടപ്പെട്ട് ഞാന്‍ തളര്‍ന്നു വീണു.
തിരിച്ചു ബോധം കിട്ടുമ്പോള്‍  ഞാന്‍  ആശുപത്രി കിടക്കയില്‍ ആയിരുന്നു. അമ്മയും അച്ഛനും ഒക്കെ  എന്‍റെ കട്ടിലിനു  അരികില്‍  ഉണ്ട്.
"പ്രിയ എവിടെ? " ബോധം  വീണപ്പോള്‍  ഞാന്‍  ആദ്യം  ചോദിച്ചത് അവളെ കുറിച്ചാണ്?
"ഏത്  പ്രിയ  മോനെ? " അമ്മ എന്‍റെ കവിളില്‍  കൈ  ചേര്‍ത്ത് ചോദിച്ചു?
"എന്താ പറ്റിയത്?  അപ്പോള്‍  അങ്ങോട്ട്‌  കടന്നു വന്ന  അമ്മാവന്‍ അച്ഛനോട്  ചോദിച്ചു.
"ങാ.. ആര്‍ക്കറിയാം, ഇന്നലെ രാത്രി എന്തോ സ്വപ്നം കണ്ടു കട്ടിലില്‍  നിന്നും വീണു തല പൊട്ടിയതാണെന്ന്  തോന്നുന്നു. " അച്ഛന്‍ മറുപടി  പറഞ്ഞു.
"ഇനി വല്ല കള്ളന്മാരോ  മറ്റോ  ആവുമോ?" അമ്മാവന്‍  ചോദിക്കുന്നത്  കേള്‍ക്കാം.
അവരുടെ  സംഭാഷണം  നടന്നു കൊണ്ടിരിക്കുന്നതിനിടയില്‍  ഞാന്‍ ചിന്തയില്‍ വീണു.
ആരാണ്  പ്രിയ, എന്തിനാണ്  അവളെന്‍റെ സ്വപ്നത്തില്‍  വന്നത്?

ശരിയാണ് സ്വപ്നത്തില്‍  പോലും ഒരു പെണ്‍കുട്ടിയെ രക്ഷിക്കാന്‍  കഴിയാത്തവനാണ്  ഞാന്. പ്രതിസന്ധികളോട്  പുറം  തിരിഞ്ഞു  നില്‍ക്കുന്ന  യന്ത്രം  പോലെ  ചലിക്കുന്ന ‍മനുഷ്യന്‍റെ  പ്രതീകം.

ജസി ഫ്രണ്ട്
ദോഹ - ഖത്തര്‍

2 comments:

  1. സ്വല്പ്പം മനുഷ്യനെ ടെന്ഷനടിപ്പിച്ചല്ലോ ജാസി

    ReplyDelete
    Replies
    1. അത്രേ ഞാനും ഉദ്ദേശിച്ചുള്ളൂ :p

      Delete