Tuesday, January 29, 2013

യുവത്വം

യുവത്വം സിഗരറ്റ്‌ പോലെയാണ് 
തുമ്പില്‍ ആരോ തിരികൊളുത്തി  
എരിയുന്ന ചിന്തകള്‍ തീവ്രമാക്കുന്നു
അവസാനത്തെ പുകയും ആഞ്ഞു വലിച്ചു
തെരുവിലേക്ക്‌ വലിച്ചെറിയുന്നു


കണ്ണ് തുറന്നു പിടിച്ചു
കൈകള്‍ കൊണ്ടു തട്ടിമാറ്റി 
സ്വയം നിയന്ത്രിച്ചു തടുത്തു നിര്‍ത്തണം
നിന്റെ ചാരം വളത്തിന് പോലും
കൊള്ളില്ലെന്ന് അറിയുന്നതിനു മുന്‍പ്.----------------------------------------------------------

Sunday, January 27, 2013

സദാചാരംജീവിതം ഒന്നേ ഉള്ളൂവെന്നും, അത് ആസ്വദിച്ച് തീര്‍ക്കണം എന്നും ആഗ്രഹിക്കുന്ന ആളാണ്‌ കുട്ടപ്പന്‍ ആശാരി. ജന്മനാ ബുദ്ധി ജീവി ആയിരുന്നത് കൊണ്ടു സ്കൂളിലും കോളേജിലും പോയി അധിക സമയം ചിലവഴിച്ചിട്ടില്ല. എന്നാലോ ലോകത്ത്‌ നടക്കുന്ന സംഭവങ്ങള്‍ എല്ലാം അറിയാം. അച്ഛന്‍ മരിക്കുന്നതിനു മുന്‍പ് ദൈവത്തില്‍ ഒക്കെ വിശ്വസിച്ചിരുന്നു. അച്ഛന്‍ മരിച്ചതിനു ശേഷം ദൈവ വിശ്വാസം ഒക്കെ പോയി. ദൈവം ഉണ്ടായിരുന്നെങ്കില്‍ അച്ഛന്‍ മരിക്കില്ലായിരുന്നു എന്നായിരുന്നു അദ്ദേഹം ചിന്തിക്കുന്നത്. പ്രത്യേകിച്ച് അസുഖം ഒന്നും ഇല്ലാതെ ആണ് അച്ഛന്‍ മരിച്ചത്. രാത്രി ജോലി കഴിഞ്ഞു വന്നു ഉറങ്ങാന്‍ കിടന്നതാണ് അച്ഛന്‍. പിന്നെ എഴുനീറ്റിട്ടില്ല. അച്ഛന്‍ മറ്റൊരു ലോകത്തേക്ക്‌ പോയതിനു ശേഷമാണ് കുട്ടപ്പന്‍ ആശാരി വിവാഹം കഴിച്ചത്. അതില്‍ ഒരു മകളും ഉണ്ട്.

കുട്ടപ്പന്‍ ആശാരിക്ക്‌ നേരം സന്ധ്യ മയങ്ങിയാല്‍ ഒരു നാല് അഞ്ചെണ്ണം വീശണം. ആദ്യമൊക്കെ ഭാര്യ എതിര്‍ക്കുമായിരുന്നു. പിന്നെ പിന്നെ പറഞ്ഞിട്ട് കാര്യമില്ല എന്ന് തോന്നിയത് കൊണ്ടോ അല്ലെങ്കില്‍ മറ്റെന്തോ കൊണ്ടോ ഇപ്പോള്‍ അധികമായി എതിര്‍ക്കാറില്ല. കുട്ടപ്പന്‍ ആശാരിക്ക്‌ മറ്റൊരു വീക്ക്‌നെസ് കൂടി ഉണ്ട്. അത് മറ്റൊന്നും അല്ല, പെണ്ണ്. സ്വന്തം പെണ്ണല്ല കേട്ടോ, മറ്റു പെണ്ണുങ്ങള്‍. വേറെ എന്ത് കാര്യവും സംഘടിപ്പിക്കാന്‍ അറിയില്ലെങ്കിലും കള്ളും പെണ്ണും സംഘടിപ്പിക്കാന്‍ അദ്ദേഹം മിടുക്കനാണ്. ഇത് രണ്ടും കൊടുക്കാന്‍ പറ്റിയ കൂട്ടുകാരും അദ്ദേഹത്തിന് സ്വന്തമായുണ്ട്.

സെക്സും ലഹരിയും മനുഷ്യന് ഒഴിച്ചു കൂടാന്‍ ആവാത്ത ഒന്നാണെന്നും അതില്‍ ഭരണകൂടത്തിണോ സമൂഹത്തിനോ കൈകടത്താന്‍ അവകാശമില്ല എന്നും ആണ് അദ്ദേഹം പറയുന്നത്. ആരെങ്കിലും അങ്ങനെ ചെയ്‌താല്‍ അത് മഹാപാപം ആണെന്നും അദ്ദേഹം വാദിക്കുന്നു. എന്നാല്‍ സ്വന്തം ഭാര്യ മറ്റൊരാളോടൊപ്പം ശയിക്കുന്നതു അദ്ദേഹം ക്ഷമിക്കില്ല. കാരണം ഞാനുള്ളപ്പോള്‍ അവള്‍ക്കെന്തിനു മറ്റൊരുത്തന്‍. ഇതൊരു സ്വാര്‍ത്ഥത ആവാം. ആ സ്വാര്‍ത്ഥത അവളോടുള്ള സ്നേഹം കൊണ്ടാണ്. അത് മാത്രമല്ല അവള്‍ക്കു മറ്റാരോടോ ബന്ധം ഉണ്ടോ എന്ന സംശയം ഇല്ലാതില്ല. ഇതില്‍ ഒരു തന്ത്രം അദ്ദേഹത്തിന് ഉണ്ട്. താന്‍ അങ്ങോട്ട്‌ സംശയിച്ചാല്‍ പിന്നെ ഭാര്യക്ക്‌ തന്നെ സംശയം ഉണ്ടാവില്ലല്ലോ എന്നുള്ള ഒരു ധാരണ.

സംഗതി ഇങ്ങനെയൊക്കെ ആണേലും കുട്ടപ്പനാശാരിയുടെ പെണ്ണുങ്ങളുമായുള്ള ബന്ധം അറിയാത്ത രണ്ടേ രണ്ടു പേര്‍ മാത്രമേ നാട്ടില്‍ ഉള്ളൂ. ഭാര്യയും മകളും. മാത്രമല്ല അവരത് അറിയുന്നത് അദ്ദേഹത്തിന് ഇഷ്ടവുമില്ല. അവര്‍ അറിഞ്ഞാല്‍ എങ്ങനെയാവും പ്രതികരിക്കുക എന്ന് അദ്ദേഹത്തിന് ഒരു പിടിയും ഇല്ല താനും. ആയിടക്കാണ് ആശാരി വാസന്തിയെ കണ്ടു മുട്ടുന്നത്. വാസന്തി തമിഴ് നാട്ടുകാരി ആണ്. എന്നാല്‍ ജനിച്ചതും വളര്‍ന്നതും കേരളത്തില്‍ തന്നെ. അതുകൊണ്ടു അവളോട്‌ സംസാരിക്കാന്‍ തമിഴ് പഠിക്കേണ്ടി വന്നില്ല. കാണാന്‍ അത്ര ഭംഗി ഒന്നും ഇല്ലെങ്കിലും ശരീര വടിവ് ഏതൊരു പുരുഷനെയും ആകര്ഷിക്കുന്നതായിരുന്നു. ആ ഇറുകിയ ബ്ലൌസും ഇട്ടു അവള്‍ കൊണ്ക്രീറ്റ്‌ പണിക്ക് വരുമ്പോള്‍ കുട്ടപ്പന്‍ ആശാരി സ്ഥലകാല ബോധം നഷ്ടപ്പെട്ടു നോക്കിയിരിക്കും. അവളെ കുറിച്ച് അയാള്‍ എപ്പോഴും കൂട്ടുകാരോട് സംസാരിക്കുകയും ചെയ്യും. സ്വതവേ സ്ത്രീകളെ മയക്കാന്‍ അറിയുന്ന ആശാരിക്ക് വാസന്തി ഒരു ഇരയേ ആയിരുന്നില്ല. പക്ഷെ ഇത്തവനെ കുട്ടപ്പനാശാരിയുടെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ചു വാസന്തി ഗര്‍ഭിണി ആയി. ങേ എന്ത്? ഇന്ത്യാ മഹാരാജ്യത്ത് “സുരക്ഷ”യിലും മായമോ? കുട്ടപ്പനാശാരി അത്ഭുതപ്പെട്ടു.


ഗര്‍ഭചിദ്രം ഒരു തെറ്റല്ല, അത് യാഥാര്‍ത്യത്തിലെക്കുള്ള ഒരു കാല്‍വെപ്പാണ് എന്ന് അപ്പോഴാണ്‌ അദ്ദേഹം തിരിച്ചറിഞ്ഞത്. നീറുന്ന മനുഷ്യന്‍റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഗര്‍ഭചിദ്രം ഒരു ആവശ്യം തന്നെ ആണ്. ഒരു ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഇത് അത്യാവശ്യമാണ് താനും. വാസന്തിയെ കാര്യം പറഞ്ഞു മനസ്സിലാക്കാന്‍ പെട്ടപാട്, അണുബോംബ് ഉണ്ടാക്കാന്‍ ഐന്‍സ്റ്റീന്‍ ഇത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ടാവില്ല എന്ന് വരെ തോന്നിപോയി. അടുത്ത ദിവസം തന്നെ പോയി ഒരു ഡോക്ടറെ കാണിക്കാമെന്ന് അവള്‍ സമ്മതിക്കുകയും ചെയ്തു.
ഏതായാലും കല്യാണം കഴിക്കാത്ത വാസന്തി ഗര്‍ഭിണിയായത് നാട്ടില്‍ പാട്ടായി. കൂട്ടത്തില്‍ കുട്ടപ്പനാശാരിയുടെ ഭാര്യയും മകളും ഇതറിഞ്ഞു. ഭര്‍ത്താവാണ് ഇതിനു പിന്നിലെന്ന് അറിഞ്ഞപ്പോള്‍ ആ പാവത്തിന് ദേഷ്യവും സങ്കടവും വന്നു. വൈകിട്ട് നാലഞ്ചെണ്ണം വീശി ആശാരി വന്നപ്പോള്‍ കലിതുള്ളി നില്‍ക്കുന്ന ഭാര്യയെ ആണ് കണ്ടത്. അടിച്ച വാറ്റ് ഒറ്റയടിക്ക് ഇറങ്ങിപോയത് പോലെ, ഓടികൊണ്ടിരിക്കുന്ന ട്രെയിനില്‍ ആരോ പെട്ടന്ന്‍ അപായ ചങ്ങല പിടിച്ചത് പോലെ. സ്തബ്ധനായി കുട്ടപ്പനാശാരി നിന്നും. കരഞ്ഞു കൊണ്ടും, സാധനങ്ങള്‍ വലിച്ചെറിഞ്ഞു കൊണ്ടും അവള്‍ രോഷം പ്രകടിപ്പിച്ചപ്പോള്‍ ഭാര്യ വീട് വിട്ടു പോവും എന്നയാള്‍ തീരെ നിനച്ചില്ല.

അന്ന് രാതി അയാള്‍ ചിന്തിച്ചു. ഞാന്‍ അന്യ സ്ത്രീകളുടെ അരികില്‍ പോവുന്നത് കൊണ്ടു അവള്‍ക്കെന്താണ് നഷ്ടം? അവള്‍ക്ക് വേണ്ടതെല്ലാം ഞാന്‍ നല്‍കുന്നില്ലേ? വിശക്കുമ്പോള്‍ ഭക്ഷണം, ഉടുക്കാന്‍ വസ്ത്രം, കിടക്കുമ്പോള്‍ സെക്സ് എല്ലാം ഞാന്‍ നല്‍കുന്നില്ലേ? പിന്നെന്തിനു അവള്‍ വീട് വിട്ടു പോവണം? എനിക്ക് കള്ളുകുടിക്കാന്‍ പാടില്ല, അന്യ സ്ത്രീകളുടെ അടുത്ത് പോവരുത്. എന്തിനു ഇത് പോലെ ഉള്ള നിയമങ്ങള്‍? ഇതെല്ലാം വ്യക്തി സ്വാതന്ത്യ്രത്തില്‍ ഉള്ള കടന്നു കയറ്റമായി അയാള്‍ക്ക അനുഭവപ്പെട്ടു. ഒരു വ്യക്തി കള്ളുകുടിക്കുന്നത് മൂലം ഒരു കുടുംബത്തിന് അരി വാങ്ങാനുള്ള കാഷ്‌ ലഭിക്കുന്നു എന്നുള്ളത് ഇവള്‍ക്കറിയില്ല. അത് മനസ്സിലാക്കാനുള്ള വിവേകം ഇല്ലാത്തതു കൊണ്ടാണ് അവള്‍ അന്ന് പ്ലാക്കാര്‍ഡും പിടിച്ചു ഒരു കൂട്ടം വൃത്തികെട്ട സ്ത്രീകളുമായി അന്ന് ഷാപ്പിനു മുന്‍പില്‍ വന്നു സമരം ചെയ്തത്.
ഒരു സ്ത്രീയും പുരുഷനും ഒറ്റയ്ക്ക് എവിടെയെങ്കിലും പോയാല്‍ അതിനു എന്താണ് ഭായ്‌? ഇനി അവര്‍ ബന്ധപ്പെട്ടു എന്ന് തന്നെ വിചാരിക്കുക, എന്നാലും അതിനെന്താണ് ഭായ്‌? ആണും പെണ്ണും ആവുമ്പോള്‍ കാണുകയും പ്രവര്‍ത്തിക്കുകയും എല്ലാം ചെയ്യും. അത് പ്രകൃതി നിയമം ആണ്. മൃഗങ്ങളെയും പക്ഷികളെയും, ഉരഗങ്ങളെയും കുറിച്ച് അയാള്‍ ചിന്തിച്ചു. എന്ത് മനോഹരം ആയിരിക്കും അവരുടെ ലോകം. ജനിക്കുകയാണെങ്കില്‍ അടുത്ത ജന്മം വല്ല കോഴിയോ പൂച്ചയോ പാമ്പോ ആയി ജനിക്കണം. ചോദിക്കാനും പറയാനും ആരും ഉണ്ടാവില്ല. വ്യക്തി സ്വാതന്ത്ര്യത്തിനു മുന്‍പില്‍ ആരും കൂച് വിലങ്ങിടില്ലല്ലോ. ഇത്തരം സ്വാതന്ത്ര്യങ്ങള്‍ സ്വന്തം മകളോ ഭാര്യയോ എടുക്കുകയാണെങ്കില്‍ അയാള്‍ക്കതിനു ഉത്തരമില്ല. പക്ഷെ ഒരു കാര്യം അയാള്‍ക്ക് പകല്‍ പോലെ വ്യക്തമായി.


തന്‍റെ ഭാര്യ ഒരു സദാചാര വാദി ആണ്


ഇത്തരം സദാചാര വാദികളെ നിലക്ക് നിര്‍ത്താന്‍ പുതിയ നിയമങ്ങള്‍ ആവിഷ്കരിക്കേണ്ടതുണ്ട്. ഇവിടെയുള്ള സകല സദാചാര വാദികളെയും വെടിവേച്ചോ ബോംബ്‌ വെച്ചോ കൊന്നു കുഴിച്ചു മൂടി പുതിയ ഒരു ലോക ക്രമം നടപ്പിലാക്കണം. കുടുംബം എന്ന ഒരു മതില്‍ക്കെട്ട് തകര്‍ത്തെരിയണം. ആരാണ് കുടുംബം എന്ന ഫോര്‍മുല കൊണ്ടു വന്നത്? ആരാണ് വസ്ത്രം കൊണ്ടു വന്നത്? പണ്ടു ഇതൊന്നും ഇല്ലായിരുന്നല്ലോ? ശിലായുഗത്തില്‍ മനുഷ്യന്‍ നഗ്നനായിരുന്നു എന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ പിന്നെ എന്തിനു ഇപ്പോള്‍ വസ്ത്രം ധരിക്കുന്നു? ആ പഴയ ശിലായുഗത്തിലേക്ക് മനുഷ്യന്‍ തിരിച്ചു നടക്കണം എന്നാലേ ഈ നാട് രക്ഷപ്പെടുള്ളൂ.. അല്ല, കുട്ടപ്പന്‍ ആശാരിമാര്‍ രക്ഷപ്പെടുകയുള്ളൂ. ത്ഫൂ സദാചാര വാദികളെ...

Saturday, January 26, 2013

കാറ്റ്‌ ഒരു വിഡ്ഢിയോ?


കാറ്റ്‌ കരളും കൊണ്ട് പോയെന്ന്‍ കര്‍ഷകന്‍ 
കാറ്റ്‌ ചതിച്ചെന്ന് പറഞ്ഞു കാക്കക്കൂട്ടം

കാറ്റ്‌ വിധവ ആക്കിയെന്നു മുക്കുവത്തി 
കാറ്റ്‌ ഭരണം കൊണ്ടു പോയെന്നു തടവറ 

കാറ്റ് സുഖകരമായ ഓര്‍മയെന്നു കാമുകന്‍ 
കാറ്റ്‌ അകവും പുറവും കുളിര്‍പ്പിചെന്നു കാമുകി 

കാറ്റ് ഇല്ലെങ്കില്‍ പാട്ട് ഇല്ലെന്നു ഗായകന്‍
കാറ്റ്‌ ഇല്ലെങ്കില്‍ കായ്‌ ഇല്ലെന്ന് ഈത്തപ്പന 

കാറ്റില്ലാതെ പട്ടം പറത്തുവതെങ്ങനെയെന്നു കുട്ടി 
കാറ്റ് ഇല്ലെങ്കില്‍ മഴയില്ലെന്ന്  മേഘം 

വിഡ്ഢി  ഒരു കാറ്റിനെ പോലെ ആണ് 
മര്‍ദത്തിനനുസരിച്ചു വീശിയടിക്കുന്നവന്‍ 
സ്വന്തമായ് ഒരു തുണ്ട് ഭൂമി ഇല്ലാത്തവന്‍ 
കാറ്റ്‌ വിതച്ച് കൊടുംകാറ്റ് കൊയ്യുന്നവന്‍ 

Friday, January 25, 2013

തര്‍ക്കം
 


തര്‍ക്കം തക്കം പാര്‍ത്തിരുന്നു 

തഞ്ചത്തില്‍ ആരെയെങ്കിലും തനിക്ക് കൂട്ടാന്‍ 

തന്തയ്ക്കു പിറന്നവര്‍ ഉണ്ടെങ്കില്‍ വാടാ എന്ന്

തര്‍ക്കം തന്ത്ര പൂര്‍വം വെല്ലു വിളിച്ചു 

തനിക്ക്‌ താന്‍ പോന്നവര്‍ എന്ന് തോന്നിയ 

തര്‍ക്കികള്‍ തര്‍ക്കത്തിന്‍ കെണിയിലായി...