Monday, September 9, 2013

പ്രവാസിയുടെ പാര്‍ക്കാന്‍ പോവല്‍...



കുട്ടികാലത്ത് നാട്ടില്‍ ബന്ധുവീടുകളില്‍ പാര്‍ക്കാന്‍ പോവുക അല്ലെങ്കില്‍ കൂടാന്‍ പോവുക എന്നൊരു രസകരമായ പരിപാടിയുണ്ട്. മനസ്സില്‍ എന്നും  താലോലിക്കാവുന്ന അനുഭവങ്ങള്‍ പകര്‍ന്നു തന്ന കുട്ടിക്കാലത്തിലെ മനോഹരമായ ദിവസങ്ങള്‍. അത്ര മധുരതരമല്ലെങ്കിലും വ്യാഴായ്ച്ച ദിവസങ്ങളില്‍ പ്രവാസികളും പാര്‍ക്കാന്‍ പോവാറുണ്ട്. ഒരിക്കല്‍ ഞങ്ങളുടെ ഒരു സുഹൃത്തിന്‍റെ സുഹൃത്ത് സുക്കര്‍ ഭാഷയില്‍ പറഞ്ഞാല്‍ ഫ്രണ്ട് ഓഫ് ഫ്രണ്ട് ഞങ്ങളുടെ റൂമില്‍ കൂടാന്‍ വന്ന കദന കഥയാണ് പറയുവാന്‍ ഉദ്ദേശിക്കുന്നത്.

ഇതിലെ കഥാപാത്രങ്ങളുടെ പേരുകള്‍ ഞാനൊഴികെ യഥാര്‍ഥമല്ല.

തിയതി: 15/10/2011 സമയം: 07:45 PM

സുഹൃത്ത് മജെന്ദന്‍ മൊബൈലില്‍ വിളിച്ചു പറഞ്ഞു. ഇന്ന് നമ്മുടെ റൂമില്‍ ഒരു പുതിയ അതിഥി ഉണ്ട്, ഭക്ഷണം അവനും കൂടെ ഉണ്ടാക്കണം.

"ഡാ.. ഇന്ന് ഫുഡ്‌ ഉണ്ടാക്കുന്നില്ല. ഒന്‍പതു മണി ആവുമ്പോള്‍ നീ അവനെയും കൂട്ടി നീ നേരെ ദോഹ റോക്സിലേക്ക് വാ. നമുക്കവിടെ നിന്നും കാണാം." റൂമിലെ തലയെടുപ്പുകാരനായ ശുക്കൂര്‍ മറുപടി കൊടുത്തു.

സമയം 9:15 PM

ദോഹ റോക്സ്, എല്ലാവരും തന്തൂരിക്ക് ഓര്‍ഡര്‍ കൊടുത്ത് അക്ഷമരായി ഇരിക്കുന്നു. അതിനിടയില്‍ പുതിയ സുഹൃത്തിനെ പരിചയപ്പെട്ടു. പേര് അസീസ്‌, ഒരു 80-90 കിലോ യുള്ള കണ്ടാല്‍ പാവത്തരം തോന്നുന്ന ഒരു ഒന്നൊന്നര മനുഷ്യന്‍. മലപ്പുറം സ്വദേശി. പുതുതായി വന്നു കമ്പനിയില്‍ ജോയിന്‍ ചെയ്തിട്ടേ ഉള്ളൂ. കമ്പനിയില്‍ മുഴുവന്‍ അറബികള്‍, താമസവും അവരോടൊപ്പം ആയതിനാല്‍ ഒരു വെള്ളിയാഴ്ച എങ്കില്‍ ഒരു വെള്ളിഴായ്ച്ച മലയാളം സംസാരിക്കാനും അവധി ആഘോഷിക്കാനും വേണ്ടി വന്നതാണ്. യാ അല്ലാഹ്.. അവന്‍ തന്തൂരി തിന്നുന്നത് കണ്ടപ്പോള്‍ കണ്ണ് തള്ളി പോയി. ഇവന് അറബികള്‍ ഫുഡ്‌ ഒന്നും കൊടുക്കാറില്ലേ എന്നാ ചിന്ത മനസ്സിലൂടെ മലപ്പുറം റൂട്ടിലെ ബസ്‌ പോലെ പാഞ്ഞു പോയി.

സമയം 11:48 PM

ദോഹ റോക്സിലെ ഫുഡിന്‍റെ ഹാങ്ങ്‌ ഓവര്‍ മാറ്റാന്‍ ദോഹ കോര്‍ണിഷില്‍ പോയി കടലിലെ വെള്ളവും, കരയില്‍ നിന്ന് മീന്‍ പിടിക്കുന്നവരുടെ മുഖഭാവങ്ങളും കണ്ടതിനു ശേഷം റൂമില്‍ എത്തി. സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും പച്ചയിറിച്ചി തിന്നു കൊണ്ട് ഉറങ്ങാന്‍ കിടക്കുമ്പോള്‍ സമയം പിന്നെയും വൈകി.

തിയതി: 16/10/2011സമയം: 02:00 AM

മജന്ദന്‍ എന്നെ വിളിച്ചുണര്‍ത്തുന്നു. "ജസിക്കാ..ജസിക്കാ... എഴുന്നേല്‍ക്ക്, വേഗം വേഗം" .. "എന്താടാ.. എന്താ പ്രശ്നം?"  കിടന്നു ഉറക്കം വന്നിട്ടേ ഉള്ളൂ, കണ്ണ് തുറക്കാതെ ഞാന്‍ ചോദിച്ചു. "ജസീക്ക, അസീസിന് എന്തോ പ്രശ്നമുണ്ട്?"

"എന്ത് പ്രശ്നം"?

"ദാ നോക്ക്... കണ്ടില്ലേ?"

കണ്ണ്‍ തിരുമ്മി ഞാന്‍ നോക്കുമ്പോള്‍ അസീസ്‌ വേദനകൊണ്ട് പുളയുകയാണ്. ഞാന്‍ മജന്ദനോട് ശുക്കൂറിനെ വിളിച്ചുണര്‍ത്താന്‍ പറഞ്ഞു.

ഞാന്‍ അസീസിന്‍റെ അടുത്തേക്ക് ചെന്ന്, ചോദിച്ചു.

"അസീസ്‌.. എന്ത് പറ്റി?"

"ഹൌ.. വയ്യ.. എനിക്ക് വയ്യ.... എന്‍റെ നെഞ്ചില്‍ കൂട് തളരുന്ന വേദന"

അപ്പോഴേക്കും ഷുക്കൂറിന്‍റെ മൊബൈല്‍ ഫോണ്‍ റിംഗ് ചെയ്യുന്നു. നാട്ടില്‍ നിന്നും ആരോ വിളിക്കുന്നു. ഈ സമയത്ത് നാട്ടില്‍ നിന്നും ആരാണ് വിളിക്കുന്നത്? ശുക്കൂര്‍ ഫോണ്‍ എടുത്തു."ഹലോ.. ശുക്കൂര്‍ അല്ലേ? "

"അതെ, ആരാ സംസാരിക്കുന്നത്"?

"ഇത് ഞാനാ, അസീസിന്‍റെ ബാപ്പ"

'ഏത് അസീസ്‌?"

'നിങ്ങളെ റൂമില്‍ ഇന്ന് വന്നില്ലേ, അവന്‍റെ ബാപ്പയാണ്, അവനിപ്പോള്‍ സുഖമുണ്ടോ? ആശുപത്രിയില്‍ കൊണ്ട് പോയോ?" ദയനീയമായ സ്വരത്തില്‍ അദ്ദേഹം ചോദിച്ചു.

"ങാ.. അവനു സുഖമില്ല, ആശുപത്രിയില്‍ കൊണ്ട് പോവുകയാണ്. നിങ്ങളോട് ആരാ പറഞ്ഞത് അവനു സുഖമില്ലാന്ന്‍'?

"അവന്‍ കുറച്ചു മുന്പ് വിളിച്ചിരുന്നു, അവന്‍ ഇപ്പോള്‍ മരിക്കുമെന്നും പറഞ്ഞു. ന്‍റെ മോന് ഒന്നും പറ്റാതെ നോക്കണേ" അദ്ദേഹം കരച്ചിലിന്‍റെ വക്കിലെത്തി.

"നിങ്ങള്‍ പ്രശ്നമാക്കണ്ട, അവനു ഒന്നും ഇല്ല. ഞാന്‍ കുറച്ച് കഴിഞ്ഞു നിങ്ങളെ വിളിക്കാം" ശുക്കൂര്‍ ഫോണ്‍ വെച്ചു. എന്നിട്ട് എന്‍റെ നേരെ തിരിഞ്ഞു. "അവന്‍ എന്ത് പൊട്ടനാ.. മരിക്കാന്‍ പോണൂന്ന് ഒക്കെ നാട്ടിലേക്ക് വിളിച്ചു പറയാ? ഇനി മരിച്ചാല്‍ നമ്മള് വിളിച്ചു പറയൂല്ലേ. മണ്ടന്‍ കൊണാപ്പി?

"ഷുക്കൂറെ ഇത് സീരിയസ് ആണ്. നീ വേഗം ആംബുലന്‍സ് വിളി" നിലത്ത് കിടന്നു എരിപൊരി കൊള്ളുന്ന അസീസിനെ കാണിച്ചു ഞാന്‍ പറഞ്ഞു. "ആംബുലന്‍സ് ഒന്നും വേണ്ട, നമ്മള്‍ക്ക് കൊണ്ട് പോവാം, ഈ സമയത്ത് റോഡില്‍ തിരക്കുണ്ടാവില്ല. ഇനി അവിടെ എത്തുന്നതിനു മുന്പ് മാറിയാലോ?

റൂമില്‍ എല്ലാവരുടെയും മുഖത്ത് പരിഭ്രാന്തി പടര്‍ന്നു. ആലോചിച്ചു നില്‍ക്കാന്‍ സമയമില്ല.
ഈ തടിയന്‍ ഇവിടെ കിടന്നു എന്തേലും പറ്റിയാല്‍ എടുത്തു പൊക്കാന്‍ ആരോഗ്യമുള്ള ആരും ഇല്ല. പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു. അസീസിനെയും കൊണ്ട് എല്ലാവരും ഹമദിലേക്ക് കുതിച്ചു.സംസാരിക്കാന്‍ പറ്റാത്ത വിധം കുഴങ്ങിയിരിക്കുന്നു അസീസ്‌.

സമയം: 02:15 AM
ഹമദ്‌ എമെര്‍ജെന്‍സി കേസുകള്‍ക്ക് അല്ലാത്തവക്ക് ഐ ഡി കാര്‍ഡ് നിര്‍ബന്ധമാണ്‌. ഇവന്‍റെ കയ്യില്‍ ഐ ഡി യോ പാസ്പോര്‍ട്ട് കോപ്പിയോ ഇല്ല. മലയാളിയായ ഒരു നല്ല റിസപ്ഷനിസ്റ്റ് ആയത് കൊണ്ട് പെട്ടന്ന് തന്നെ എമെര്‍ജെന്‍സിയിലേക്ക് മാറ്റി തന്നു. ഞങ്ങളെ എല്ലാം പുറത്താക്കി. നാട്ടില്‍ നിന്നും തുടരെ തുടരെ കാളുകള്‍ വരുന്നു. ബാപ്പയും, അമ്മാവനും എന്ന് വേണ്ട അവന്‍റെ കുടുംബക്കാര്‍ മുഴുവനും വിളിക്കുന്നു. അവരെ പറഞ്ഞു സമാധാനിപ്പിക്കുന്ന ശുക്കൂര്‍. ഇടക്കിടെ റിസപ്ഷനില്‍ പോയി കാര്യം തിരക്കും.  പിന്നീട് വീണ്ടും വന്നു സീറ്റില്‍ ഇരിക്കും. മണിക്കൂറുകള്‍ കടന്നു പോയി. എന്നെയും മജീദിനെയും അസീസിനെ കാണാന്‍ അനുവദിച്ചു.പേടിക്കാനൊന്നുമില്ല. കയ്യില്‍ ഡ്രിപ് ഒക്കെ കൊടുത്ത് അസീസ്‌ ഇരിക്കുന്നു. കുഴപ്പമൊന്നും ഇപ്പോള്‍ കാണുന്നില്ല എന്ന് അറബിയായ ഡോക്ടര്‍ പറഞ്ഞു. അല്‍പ സമയത്തിനകം ഡിസ്ചാര്‍ജ് ചെയ്യുമെന്നും പറഞ്ഞു.

സമയം 05:10
അസീസിനെ ഡിസ്ചാര്‍ജ് ചെയ്ത് ഞങ്ങള്‍ റൂമിലേക്ക് തിരിച്ചു. ജൈദ ഫ്ലൈ ഓവറിന്‍റെ അടിയില്‍ നിന്നും കാറിന്‍റെ പിന്‍സീറ്റില്‍ നിന്നും ഒരു പൊട്ടി തെറി ശബ്ദം കേട്ട് ഞാന്‍ തിരിഞ്ഞു നോക്കിയതും, ശുക്കൂര്‍ കാറിന്‍റെ ഗ്ലാസ്‌ വിന്‍ഡോ താഴ്ത്താന്‍ തുടങ്ങിയതും ഞാന്‍ കണ്ടു. ഒരു മുന്കരുതലിനു വേണ്ടി, മൂക്കുകള്‍ പൊത്തി ഞാന്‍ അസീസിന്‍റെ  ഗ്യാസിനെ പ്രതിരോധിച്ചു. നാട്ടിലെയും, മറുനാട്ടിലേയും മനുഷ്യരെ പരിഭ്രാന്തിയിലാക്കി, അവരുടെ ഉറക്കം കളയുന്ന, ഒരു മാരക രോഗമാണ് ഗ്യാസ് അല്ല, ഇത്തരം ആളുകള്‍ എന്ന് ചുരുക്കി പറയാന്‍ ഉദ്ദേശിക്കുന്നു.
------------------------------------------------------------------------------------------------------------------------------


NB: നീണ്ട ഒരു ചളിക്കഥ ആയതില്‍ ക്ഷമിക്കുക. ഇനി എഴുതുമ്പോള്‍ നീളം കുറഞ്ഞ ചളി എഴുതാന്‍ ശ്രമിക്കുന്നതാണ്.. :)

8 comments:

  1. Replies
    1. ഇപ്പൊ ശരിയാക്കി.... നന്ദി ഹൈനകുട്ടീ.... :)

      Delete
  2. ഗ്യാസിനോക്കെ ഇപ്പൊ എന്താ വില അടുത്തു തന്നെ വീണ്ടും കൂടും .നല്ല വിലപിടിപ്പുള്ള കഥ എന്ന് കൊടുക്കാതെ ചളിയെന്നോ :)

    ReplyDelete
  3. അവന്‍ എന്ത് പൊട്ടനാ.. മരിക്കാന്‍ പോണൂന്ന് ഒക്കെ നാട്ടിലേക്ക് വിളിച്ചു പറയാ? ഇനി മരിച്ചാല്‍ നമ്മള് വിളിച്ചു പറയൂല്ലേ. മണ്ടന്‍ കൊണാപ്പി?

    ജസീ ഒരു ദിവസം ഞാൻ കൊട്ടേഷൻ കൊടുക്കും

    ReplyDelete