Saturday, July 26, 2014

അറിയാതൊരു നോമ്പ്

 
മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആണ് നോമ്പ് എന്ന സാഹസം എടുക്കാന്‍ തീരുമാനിക്കുന്നത്. അത് അഞ്ചാം തരം വരെ അര നോമ്പ് എടുത്താല്‍ മതി എന്ന് ഉമ്മ പറഞ്ഞപ്പോള്‍ ആണ് സന്തോഷമായത്. ചെറുപ്പം മുതലേ വിശപ്പ്‌ പിടിച്ചു വെക്കാന്‍ എനിക്ക് കഴിയില്ല എന്നത് തന്നെ. എന്നേക്കാള്‍ ഒരുപാട് ഇളയ എന്‍റെ കസിന്‍ പറയുമായിരുന്നു "ജസികാക്കക്ക് വെള്ളത്തിനോട് പോലും നുണയാ" എന്ന്. ആര്‍ക്ക് വെള്ളം കൊടുക്കുന്നത് കണ്ടാല്‍ പോലും എനിക്ക് വേണത്രേ.. ങ്ഹാ .. ആരോര്‍ക്കുന്നു അതൊക്കെ.
അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ തീരുമാനിച്ചുറപ്പിച്ചു ഇന്നൊരു നോമ്പ് എന്തായാലും എടുക്കും. ഉമ്മ പറയുകയും ചെയ്തു ഒന്നിടവിട്ട് എടുത്താല്‍ മതിയെന്ന. മതീല്ലോ.. ധാരാളം. എന്നാല്‍ പിന്നെ അങ്ങനെ ആയിക്കോട്ടെ എന്ന് കരുതി. വീട്ടില് ടീവിയോന്നും ഇല്ലാത്ത കാലമായിരുന്നു അന്ന്. നോമ്പിനു സമയം കളയണ്ടേ. കൂട്ടുകാരോടൊപ്പം പുഴവക്കത്ത് പോയിരിക്കുക, പുഴയില്‍ കുളിക്കുക എന്നൊക്കെയായിരുന്നു ഹോബി. പാമ്പും കോണിയും, ലുഡോബോഡ് എന്നിവ ഉച്ചക്ക് ശേഷത്തെ കളി. അധിക കുട്ടികളും പാട്ടയുമായിട്ടായിരുന്നു പുഴയില്‍ വരാറ്. കാരണം മുങ്ങി കുളിച്ചാല്‍ നോമ്പ് മുറിയുമത്രേ. ചെവിയില്‍ വെള്ളം കയറാനുള്ള സാധ്യത വെച്ച് കൊണ്ട് ചിലരൊന്നും മുങ്ങി കുളിക്കില്ല. എന്നാല്‍ എനിക്കതൊന്നും പ്രശ്നമില്ല. ഞാന്‍ എങ്ങനെയും കുളിക്കും. ചെവി വിരല്‍ കൊണ്ട് പൊത്തി പിടിച്ചാല്‍ പോരെ? ഹും പിന്നല്ല.
അങ്ങനെ പുഴയില്‍ നീന്തിതുടിച്ചു ക്ഷീണിച്ചു വീട്ടിലെത്തിയ ഉടന്‍ ഞാന്‍ അറിയാതെ ജഗ്ഗില്‍ കിടന്ന വെള്ളം എടുത്ത് കുടിച്ചു. ഇത് കണ്ട ഇത്താത്ത ഓടിപോയി ഉമ്മയോട് പറഞ്ഞു. ഉമ്മാ എച്ചിന്‍റെ നോമ്പ് മുറിഞ്ഞേ .. ഓന്‍ വെള്ളം കുടിച്ചു. (എന്നെ അവള്‍ അങ്ങനെയാ വിളിക്ക്വാ.. വിഡ്ഢി കൂശ്മാണ്ഡം. ന്‍റെ നല്ലോരു പേര് വെടക്കാക്കാന്‍ ഇറങ്ങി തിരിച്ചവള്‍ ) അത് കേട്ട് ഉമ്മ എന്നോട് ചോദിച്ചു. "നേരാണോ നീ വെള്ളം കുടിച്ചോ" ഞാന്‍ പറഞ്ഞു അറിയാതെ കുടിച്ചു പോയതാണെന്ന്. അപ്പോള്‍ ഉമ്മ പറഞ്ഞു. സാരല്യ, അറിയാതെ കുടിച്ചാല്‍ നോമ്പ് മുറിയില്ല എന്ന്. അപ്പോഴാണ്‌ എനിക്ക് സമാധാനമായത്.
ആദ്യനോമ്പല്ലേ, ഉമ്മ പറഞ്ഞു. "മോന്‍ പള്ളിയിലോക്കെ പോയി നിസ്കരിച്ചിട്ടു വാ.. എന്നിട്ട് കുറച്ചു കിടന്നുറങ്ങിയാല്‍ മതി. അപ്പോഴേക്കും വൈകുന്നേരമാവും."
അപ്രകാരം ഞാന്‍ പള്ളിയിലേക്ക് നടന്നു. പള്ളിയില്‍ എത്തിയില്ല. അതിന് മുന്‍പേ വയറ്റീന്നു കാളല്‍ തുടങ്ങി. ഹെന്‍റെ റബ്ബേ കുടുങ്ങിയോ? കുറച്ചു വെള്ളം കുടിച്ചതാണ് പ്രശ്നമായത്. അത് വരെ ഒന്നുമില്ലായിരുന്നു. അങ്ങനെ ഒരുവിധം നടന്നു പള്ളിയില്‍ എത്തി. ഹൌ.. ദാ കിടക്കുന്നു ഹൌള്.. നിറയെ വെള്ളം. എല്ലാവരും കയ്യും മുഖവും കഴുകുന്ന സ്ഥലം. എന്തായാലും വേണ്ട, ഒരിറക്ക് കുടിച്ചാല്‍ ഒന്നും ഒരു പ്രശ്നവും ഉണ്ടാവില്ല. അത്രക്ക് ദാഹിചിട്ടല്ലേ. പിന്നെ ചുറ്റും നോക്കി, ഭാഗ്യം ആരും പള്ളിയില്‍ എത്തിത്തുടങ്ങിയിട്ടില്ല. രണ്ടിറക്ക് വെള്ളം കുടിച്ചു. ഒരുമാതിരി ഇരുമ്പിന്‍റെ ചുവയുള്ള വെള്ളം. കുടിക്കേണ്ടിയിരുന്നില്ലെന്ന് തോന്നി. പടച്ചോനെ പൊറുക്കണേ..
നമസ്കാരം കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ ക്ഷീണം കൂടി. ഉടനടി എന്തേലും ചെയ്തെ പറ്റുള്ളൂ. ഇപ്പൊ ദാഹമല്ല നല്ല വിശപ്പാണ്. വീട്ടിലേക്ക് ഷോര്‍ട്ട്കട്ട് അടിച്ചു നടന്നാല്‍ വേഗം എത്തും. പഴയ ഒരു ഡോകടര്‍ താമസിച്ച വീടുണ്ട്. അവിടെ ഇപ്പോള്‍ ആരുമില്ല. അത് വഴി മുറിച്ചു കടന്നാല്‍ എളുപ്പം വീടെത്താം. മതില് ചാടി അതിലൂടെ നടന്നു. ഹമ്പടാ ദേ നോക്ക്യേ .. നല്ല എളോര്‍ മാങ്ങ കിടക്കുന്ന കിടപ്പ് കണ്ടാ. ഒന്ന് കൈ ഏന്തിയാല്‍ കിട്ടും മാങ്ങ. അത്ര താഴെ. ആ വീട്ടില്‍ നിന്നും ആദ്യമായാണ് ഞാന്‍ ഇങ്ങനെ മാങ്ങ കാണുന്നത്. നോമ്പ് തുറന്നിട്ട്‌ കഴിക്കാമെന്നു കരുതി മെല്ലെ സൂക്ഷിച്ചു ആരോ നോക്കുന്നോ എന്നൊക്കെ ചുറ്റുപാടും നോക്കി ഒരെണ്ണം പറിച്ചെടുത്തു. മാങ്ങയുടെ കണ്ണിപൊട്ടി മണം മൂക്കിലടിച്ചതോട് കൂടെ വിശപ്പ്‌ കൂടി. അള്ളാ.. സഹിക്കാന്‍ പറ്റുന്നില്ല.. അപ്പോഴാണ്‌ ഉമ്മ പറഞ്ഞത് അറിയാതെ എന്തെങ്കിലും കുടിച്ചാലോ തിന്നാലോ നോമ്പ് മുറിയില്ല എന്ന്. എന്‍റെ ഉള്ളിലെ മുഫ്തി വര്‍ക്ക് ചെയ്യാന്‍ തുടങ്ങിയത് അന്ന് മുതലായിരിക്കും. കൊടുത്ത് ഫത് വ .. ധൈര്യായിട്ട് കഴിച്ചോ.. കണ്ണടച്ച് കഴിച്ചാല്‍ മതി. എന്നിട്ട് അറിയാതെ ആണെന്ന് ഉദ്ദേശിക്കുക. സംഗതി സിമ്പിള്‍. . ,
അങ്ങനെ ആരും അറിയാതെ മാങ്ങ തിന്നു അവിടത്തെ കിണറ്റില്‍ നിന്നും വെള്ളം കുടിച്ചു വായ കൊപ്ലിച്ചു മാങ്ങയുടെ മണമൊക്കെ മാറ്റി. വിശപ്പ്‌ കൂള്‍ ആയി പമ്പ കടന്നു. പള്ളിയിലേക്ക് ക്ഷീണിച്ചു നടന്ന മകന്‍ തിരിച്ചു പതിന്മടങ്ങ് ഉന്മേഷത്തോടെ വന്നത് കണ്ടപ്പോള്‍ ഉമ്മ ചോദിച്ചു. "അല്ലെടോ .. നീ എന്തേലും കഴിച്ചോ?" . അപ്പോള്‍ ശരിക്കും അറിയാതെ "ഉം" എന്ന് ഞാന്‍ പറഞ്ഞു. ശ്ശെടാ അബദ്ധം പറ്റിയല്ലോ.. ഇനി എന്ത് ചെയ്യും? "ങേ.. തലോമ്പായിട്ട് നീ എന്താ തിന്നത്?" ഉമ്മ അതിശയത്തോടെ ചോദിച്ചു. ഉമ്മയോട് കള്ളം പറയാന്‍ തോന്നിയില്ല. ഞാന്‍ പറഞ്ഞു അതുമ്മാ വരുന്ന വഴി ഞാന്‍ അറിയാതെ, അതെ സത്യമായിട്ടും അറിയാതേ ഒരു മാങ്ങ തിന്നുപോയി. തിന്നു കഴിഞ്ഞപ്പോള്‍ ആണ് നോമ്പ്ള്ളത് ഓര്‍മയായത്" ഉമ്മ അന്ന് തലയില്‍ വെച്ച ആ കൈ ഇന്നും എന്‍റെ മനസിലുണ്ട്. ഏതായാലും വൈകുന്നേരം അസര്‍ നിസ്കരിച്ചു വന്നപ്പോള്‍ എനിക്ക് കഴിക്കാന്‍ വേണ്ടി പത്തിരിയും ഇറച്ചിക്കറിയും ഒരുക്കി വെച്ചിരിക്കുന്നു. എന്നിട്ട് ഉമ്മ പറഞ്ഞു "ഇത് നീ അറിയാതെ അങ്ങ് തിന്നോളൂ ട്ടോ. നാളെ ഇത് ആവര്‍ത്തിക്കരുത്" പക്ഷെ ഞാന്‍ ചമ്മിയത് അപ്പോള്‍ അല്ല, ആണായ എനിക്ക് വിശപ്പ്‌ സഹിക്കാന്‍ കഴിയാതെ ഇരിക്കുമ്പോള്‍ വെറും ഒരു പെണ്ണായ അതും ഒരു വയസിന്റെ മാത്രം മൂപ്പുള്ള ന്‍റെ പെങ്ങള്‍ എന്നെ നോക്കി ചിരിച്ചത് കണ്ടപ്പോള്‍ ആയിരുന്നു. ങാ.. മാനം ഏതായാലും പോയി, ഇനി പത്തിരീം ഇറച്ചീം കഴിക്കട്ടെ..
*ഹൌള് - പള്ളിയില്‍ വുദു ഉണ്ടാക്കുന്നതിനു വേണ്ടി വെള്ളം നിറച്ചു വെച്ച ഭാഗം 
*തലോമ്പ് - ആദ്യത്തെ നോമ്പ് 
*മുഫ്തി - ഫത് വ നല്‍കുന്ന പണ്ഡിതന്‍
--------------------------------------------- ശുഭം ---------------------------------------

 

ജസി ഫ്രണ്ട്

ദോഹ - ഖത്തര്‍

9 comments:

 1. അപ്പൊ അറിയാതെ കഴിക്കാം ല്ലേ.

  ReplyDelete
 2. ക്ഷമിക്കും.......
  ആര്‍ക്കും പറ്റും അബദ്ധം
  നന്നായി എഴുതി
  ആശംസകള്‍

  ReplyDelete
 3. നല്ല എഴുത്ത്. രസകരമായിരിക്കുന്നു :)

  ReplyDelete
 4. ഹഹഹ്ഹ ..കണ്ണടച്ച് ചില പൂച്ചകള്‍

  ReplyDelete
 5. പിന്നെ ..
  പഴയ കാലം പോട്ടെ ..ഒരു സംശയം ചോദിച്ചോട്ടെ ..ആ പഴയ മുഫ്തി ഇപ്പോഴും വർക്ക് ചെയ്യാറുണ്ടോ ..?
  രസകരമായ് ..
  അനുഭവങ്ങൾ നല്ല ഓർമ്മകൾ നൽകട്ടെ..
  -
  സ്നേഹിതൻ

  ReplyDelete

 6. ആദ്യത്തെ നോമ്പ് അസ്സലായി..
  രസകരമായ എഴുത്ത്.

  ReplyDelete
 7. അസഹനീയം വിശപ്പ് ല്ലേ, നല്ല മനശക്തിയുള്ളോര്‍ക്ക് പറഞ്ഞിട്ടുള്ളതാ അതൊക്കെ, അതോണ്ടാ ഞാനൊന്നും ഒരു നോമ്പും എടുക്കാത്തെ ;)

  ReplyDelete
 8. കണ്ണടച്ചിരുട്ടാക്കിയല്ലെ! :)

  ReplyDelete