Tuesday, November 26, 2013

ജിന്നും ഞാനും




ഞാനും കണ്ടിരുന്നു ജിന്നിനെ.. ഇപ്പോഴല്ല പണ്ടൊരിക്കല്‍.


സമയം രാത്രി പന്ത്രണ്ടു മണി, കോഴിക്കോട് പുഷ്പയില്‍ നിന്നും കിന്നാര തുമ്പികള്‍ കണ്ടതിനു ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പഴയ മോഡല്‍ ബൈക്ക് ആണ്. കെ ബജാജ്. വരുന്ന വഴി പെട്രോള്‍ തീര്‍ന്നു. ശോ.. എന്ത് ചെയ്യും? സിനിമയുടെ ത്രില്ലില്‍ വരുന്ന വഴി പെട്രോള്‍ അടിക്കാന്‍ മറന്നു. ആ മനോഹര രംഗങ്ങള്‍ മനസ്സില്‍ താലോലിച്ചു വരുമ്പോള്‍ ആണ് പണ്ടാരമടങ്ങാന്‍ പെട്രോള്‍ തീരുന്നത്. ടാങ്ക് തുറന്നു ശക്തിയായി ഊതി. അത്ഭുതകരമെന്നു പറയട്ടെ, വാഹനം സ്റ്റാര്‍ട്ട്‌ ആയി. അങ്ങനെ ഒരു കിലോമീറ്റര്‍ കൂടി മുന്നോട്ടു പോയി. വീണ്ടും ഊതി. ഊത്ത് മാത്രം ബാക്കിയായി. കിക്കര്‍ അടിച്ചു കിക്കര്‍ അടിച്ചു കിക്കര്‍ ഒടിഞ്ഞു തൂങ്ങി. സമാധാനം! ഞാന്‍ വണ്ടി മെല്ലെ ഉരുട്ടാന്‍ തുടങ്ങി. അപ്പോഴാണ്‌ മുന്നില്‍ ഒരു വെളിച്ചം കാണുന്നത്. നോക്കുമ്പോള്‍ പെട്രോള്‍ പമ്പ്. ഹാവൂ സമാധാനമായി. പെട്രോള്‍ അടിക്കാന്‍ വേണ്ടി അവിടെക്കു കയറി. അപ്പോള്‍ ഒരു സുന്ദരിയായ പെണ്‍കുട്ടി ഇറങ്ങി വന്നു പെട്രോള്‍ അടിച്ചു തന്നു. അവള്‍ എന്നെ നോക്കി ഒന്ന്‍ കണ്ണിറുക്കി. ഞാന്‍ ആകെ ഹര്‍ഷ പുളകിതനായി. നമ്മുടെ ശക്കീലചേച്ചിയുടെ അതെ ഭംഗി. അതേ ഉടല്‍, അതേ സാരി.. വോ.. വോ.. അവളോടൊപ്പം ആ രാത്രി ചിലവഴിക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും നേരം വൈകിയാല്‍ ഉമ്മ വഴക്ക് പറയും എന്നതോര്‍ത്ത് നാളെ കാണാം എന്ന് പറഞ്ഞു ഞാന്‍ വേഗം വീട്ടിലേക്ക് തിരിച്ചു. പിറ്റേന്നു അവളെ കാണാന്‍ വേണ്ടി രാവിലെ തന്നെ വേഗം തന്നെ വണ്ടിയെടുത്ത് പാഞ്ഞു. ഞാന്‍ എന്താ പറയാ.. അവിടെ പെട്രോള്‍ സ്റ്റേഷനും ഇല്ല ആ പെണ്‍കുട്ടിയും ഇല്ല. എനിക്ക് വണ്ടിയില്‍ പെട്രോള്‍ അടിക്കാന്‍ വേണ്ടി ഏതോ ഷക്കീല ഫാന്‍ ആയ ജിന്ന് വന്നതായിരുന്നു.

അതിനു ശേഷം പെട്രോള്‍ കുറച്ചു വെച്ചു ഒരു പാട് രാത്രി ഷക്കീല പടം കാണാന്‍ പോയി. പക്ഷെ പെട്രോള്‍ തീര്‍ന്നു വണ്ടി ഉരുട്ടിയത് മിച്ചം. ജിന്നുമില്ല കോപ്പുമില്ല. പക്ഷെ ഞാന്‍ വിട്ടില്ല, അവളെ കണ്ടിട്ടു കൊതി തീര്‍ന്നിട്ടില്ല. ഒരിക്കല്‍ കൂടി കണ്ടിട്ടേ ഞാന്‍ വിടുള്ളൂ എന്ന രീതിയില്‍ വീണ്ടും വീണ്ടും ഷക്കീല പടത്തിനു പോയി കൊണ്ടിരുന്നു.

ഒരിക്കല്‍ മുക്കം പീ സി യില്‍ നിന്നും പാതി രാത്രി പടം കഴിഞ്ഞു വരുമ്പോള്‍ അവളുടെ അമ്മായിയുടെ മകള്‍ ആയ മറ്റൊരു ജിന്ന് വന്നു എന്‍റെ കയ്യില്‍ ഒരു കത്ത് തന്നു. അത് മറ്റവളുടെ വിവാഹ ക്ഷണം ആയിരുന്നു. പ്രിന്റിംഗ് പ്രസ് ചൊവ്വയില്‍ എന്നാണു രേഖപ്പെടുത്തിയത്. എന്നാല്‍ അവിടെക്ക് പോവാന്‍ വണ്ടി ഇല്ലാത്തതിനാല്‍ ആ ആഗ്രഹവും പോയി. ആ കത്തിനുള്ളില്‍ അവളുടെ കൈ പടയില്‍ എഴുതിയ രണ്ട് വാക്കുകള്‍ ഉണ്ടായിരുന്നു.

"ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ ഞാന്‍ ജിന്നിനെ കണ്ടു എന്നും പറഞ്ഞു കൊറേ കോപ്പന്മാര്‍ വരും, നീ അതില്‍ വിശ്വസിക്കരുത്"

അതില്‍ പിന്നെ ഞാനിന്നും ജിന്നിനെ കണ്ടു എന്ന് പറയുന്നവരെ വിശ്വസിക്കാറില്ല*.

* പ്രവാചകന്മാര്‍ ഒഴികെ.

4 comments:

  1. :) കവി ഉദ്ദേശിച്ചത്?

    ReplyDelete
    Replies
    1. ചിലര്‍ക്കുള്ള തട്ടുകട ദോശ :)

      Delete
  2. ഇതെത്താത്...?
    ഇത്താത്താന്റെ ഫാന്‍ ആണല്ലേ..?

    ReplyDelete