Saturday, October 12, 2013

സച്ചിന്‍













കുട്ടിക്കാലത്ത് ക്രിക്കറ്റ് കളിച്ചു നടക്കുമ്പോള്‍ മനസ്സിലെ താരം സച്ചിന്‍ ആയിരുന്നില്ല. അസറുദ്ദീന്‍ ആയിരുന്നു സ്നേഹത്തോടെയും പ്രതീക്ഷയോടെയും നോക്കി കണ്ട ക്രിക്കറ്റ് താരം. ഇന്ത്യ എന്ന രാജ്യത്ത് അസറുദ്ദീനെ പോലെ ഒരു മുസ്ലിം ക്രിക്കറ്റര്‍ ഉയരങ്ങള്‍ കീഴടക്കിയപ്പോള്‍ സ്വാഭാവികമായും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നത് ഒരു ക്രിക്കറ്റര്‍ എന്നതിലുപരി അദ്ദേഹം ഒരു മുസ്ലിം ക്രിക്കറ്റര്‍ എന്ന മത വര്‍ഗീയബോധം മനസ്സില്‍ അന്നുണ്ടായിരുന്നത് കൊണ്ടാണ്. ഒരുപാട് ആരാധകര്‍ ഉള്ള അസരുദ്ദീന് മുകളില്‍ ഒരു മറ്റൊരു ക്രിക്കറ്റര്‍ വരുന്നത് എനിക്കിഷ്ടമില്ലായിരുന്നു. അതും അസറുദ്ദീന്‍റെ ആരാധകര്‍ അദ്ദേഹത്തിന് ആളെ കൂട്ടാനായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആര്‍ എസ് എസുകാരന്‍ ആണെന്ന് കാതില്‍ മന്ത്രമോതി തരുന്ന സമയം. സച്ചിന്‍ സെഞ്ചുറി അടിക്കുമെങ്കിലും രാജ്യത്തെ ജയിപ്പിക്കാന്‍ അസറുദ്ദീന്‍ തന്നെ വേണമെന്ന് അവര്‍ മണിക്കൂറില്‍ അറുപതു തവണ പറഞ്ഞുറപ്പിക്കുമായിരുന്നു.

അത് കൊണ്ട് തന്നെ ഏത് കളി ആയാലും ആര്‍ എസ് എസുകാരനായ സച്ചിന്‍ ഡക്ക് ഔട്ട്‌ ആയി പവലിയനിലേക്ക് മടങ്ങുന്നത് കാണാനും അസറുദ്ദീന്‍ സെഞ്ചുറി അടിച്ചു ടീമിനെ വിജയിപ്പിക്കുന്നത് കാണാനും ഒരുപാട് കൊതിച്ചു. പലപ്പോഴും സച്ചിനില്ലാതെ ഇന്ത്യന്‍ ടീം വിജയിക്കുന്നത് കണ്ടപ്പോള്‍ ആര്‍ എസ് എസുകാരനായ സച്ചിനെതിരായ വികാരം കൂടി കൂടി വന്നു.

ഇന്ത്യന്‍ മുസല്‍മാന്‍റെ അഭിമാനമെന്നു മനസ്സില്‍ കരുതി പോന്ന അസര്‍ ആദ്യ ഭാര്യയെ ഒഴിവാക്കി സിനിമാ നടിയായ സംഗീത ബിജലാനിയെ വിവാഹം കഴിച്ചപ്പോള്‍ മുതല്‍ക്കാണ് അസറുദ്ദീന്‍ എന്ന പ്രതിഭയുടെ മുകളിലേക്ക് അദ്ദേഹത്തോട് ഉള്ള ഇഷ്ടം എന്നില്‍ കുറഞ്ഞു വരുന്നത്. എങ്കിലും അദ്ദേഹത്തിന്‍റെ ക്രിക്കറ്റ് കളിയെ തള്ളിപറഞ്ഞില്ല. കാരണം സച്ചിന്‍ എന്ന ആര്‍ എസ് എസുകാരന്‍ തന്നെ. സച്ചിന് പകരം ഗാംഗുലിയെയും ദ്രാവിഡിനെയും മുഹമ്മദ്‌ കൈഫിനെയും മനസ്സില്‍ കുടിയിരുത്തി. പക്ഷെ അതിനു മുന്പ് തന്നെ ക്രിക്കറ്റ് എന്ന കളിയെ ഞാന്‍ ജീവിതത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. വെറും മൂന്ന്‍ വര്ഷം മാത്രമായിരുന്നു ഞാന്‍ ക്രിക്കറ്റിനു പിറകെ നടന്നിരുന്നത്. അതിനു ശേഷം ക്രിക്കറ്റ് എന്ന പിരാന്തന്‍ കളിക്ക് പിറകെ നടന്നിട്ടില്ല.

അപ്പോള്‍ പറഞ്ഞു വരുന്നത് സച്ചിനെ കുറിച്ചാണല്ലോ. പിന്നീട് എപ്പോഴാണ് സച്ചിന്‍ ആര്‍ എസ് എസുകാരനോ, മത വര്‍ഗീയ വാദിയോ അല്ല എന്ന് മനസ്സിലായത് എന്ന് എനിക്കിപ്പോള്‍ ഓര്‍ക്കാന്‍ കഴിയുന്നില്ല. കോഴവിവാദങ്ങളില്‍ പെടാതെ, അഹങ്കാരമോ അനാവശ്യവിവാദങ്ങളോ ഇല്ലാതെ ലോക ക്രിക്കറ്റിന്‍റെ ഉന്നതങ്ങളില്‍ വിഹരിക്കുന്ന സച്ചിന്‍ എന്ന പ്രതിഭ കാലക്രമേണ ആദരവ് പിടിച്ചു പറ്റുകയായിരുന്നു. മഹത്തായ ഒരു കളിക്കാരന്‍ എന്നതില്‍ ഉപരി മഹത്തായ ഒരു മനുഷ്യന്‍ എന്ന നിലയിലേക്ക് സച്ചിന്‍ എന്ന മനുഷ്യനെ എനിക്ക് ഇഷ്ടമാവാന്‍ തുടങ്ങി. പ്രതിഭയുല്ലവര്‍ക്ക് അഹങ്കാരം ഉണ്ടാവില്ല എന്നതിന് ഉത്തമ ഉദാഹരണമായി ഇന്ത്യക്ക് അഭിമാനപൂര്‍വ്വം ലോകത്തിനു മുന്നില്‍ വിളിച്ചു പറയാന്‍ പറ്റുന്ന പേരാണ് സച്ചിന്‍ രമേശ്‌ ടെണ്ടുല്‍ക്കര്‍.

വര്‍ഗീയ ഇല്ലാത്ത സച്ചിനെ മനസിലാക്കാന്‍ ആദ്യകാലത്ത് കഴിഞ്ഞില്ല എന്നത് ഇന്നും ഒരു കുറ്റബോധം ആയി മനസ്സില്‍ കിടക്കുന്നു. സ്പോര്‍ട്സിലും ആര്ടിലും ആരാണ് വര്‍ഗീയത് കുത്തിനിറക്കുന്നത് എന്ന് എനിക്കിപ്പോഴും മനസ്സിലാവുന്നില്ല. അത്കൊണ്ട് എന്താണ് ലാഭമെന്നും അറിയില്ല. ആരായാലും അതിനെതിരെയാവട്ടെ ഇനിയുള്ള നാളുകള്‍. പാര്‍ലമെന്റില്‍ ഇന്ത്യന്‍ ജനതക്ക് വേണ്ടി എന്തെങ്കില്‍ കാര്യമായി ചെയ്യാന്‍ സച്ചിന് സാധിക്കട്ടെ എന്നാത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. ഉയരങ്ങള്‍ കീഴടക്കിയ സച്ചിന് പൊതുജന സേവനത്തിലും അത് സാധ്യമാവട്ടെ എന്ന് ആത്മാര്‍ഥമായി ആശംസിക്കുന്നു.


പറയാന്‍ മറന്നത്... കുറെ കാലത്തിനു ശേഷം കുത്തിയിരുന്ന് കണ്ടക്രിക്കറ്റ് മത്സരം സച്ചിന്‍റെ നൂറാം സെഞ്ചുറി ആണ്.. :)

No comments:

Post a Comment