Friday, March 21, 2014

വരവും കാത്ത്‌പ്രിയപ്പെട്ട ഡാഡിക്ക്

ഒരുപാട് ആഗ്രത്തോടെ ഞാന്‍ ഡാഡിയെ കാത്തിരിക്കുകയാണ്.  ഇന്ന്‍ വരാം, നാളെ വരാം എന്ന് പറഞ്ഞു ഡാഡി എന്തിനാ എന്നെയിങ്ങനെ കളിപ്പിക്കുന്നത്? ഞാന്‍ ഇവിടെ ഒറ്റക്കാണെന്നു ഡാഡിക്കറിയില്ലേ?

ഡാഡിക്കറിയില്ലേ അടുത്താഴ്ച മമ്മിയുടെ ഒന്നാം ചരമവാര്‍ഷികം ആണെന്ന്. അമ്മയുടെ കല്ലറയില്‍ പോയി ഒരു ചുവന്ന റോസാപ്പൂ അര്‍പ്പിക്കണം എന്നൊക്കെ കഴിഞ്ഞ തവണ വിളിച്ചപ്പോള്‍ ഡാഡി പറഞ്ഞത് മറന്നു പോയോ? എന്താ ഇപ്പൊ ഞാന്‍ ഫോണ്‍ വിളിച്ചിട്ട് ഫോണില്‍ കിട്ടാത്തത്?  എത്ര ദിവസമായി ഞാന്‍ ട്രൈ ചെയ്യുന്നു. ഡാഡി ... പ്ലീസ്

ജസീക്കയെ വിളിച്ചപ്പോള്‍ ഡാഡിയുടെ ഫോണ്‍ കളഞ്ഞു പോയി എന്നും, ഡാഡിക്ക് പുതിയ കണക്ഷന്‍ എടുക്കാന്‍ അല്പം സമയം എടുക്കുമെന്നും കൂടാതെ ജോലിതിരക്കിലാണെന്നും അവര്‍ പറഞ്ഞു. ഓഫീസില്‍ ഡാഡിക്ക് എന്‍റെ മെയില്‍ വായിച്ചു ഒരു റിപ്ലൈ അയക്കാന്‍ അധികം സമയമൊന്നും വേണ്ടല്ലോ. സ്കൂളില്‍ ആന്വല്‍ എക്സാം ആയതിനാല്‍ ആണ് എനിക്ക് പുറത്ത് പോയി ഡാഡിക്ക് വിളിക്കാനോ മെയില്‍ ചെയ്യാനോ കഴിയാത്തത്.  ഈ മെയില്‍ വായിച്ചു സുഖം എന്ന് മാത്രം റിപ്ലൈ ചെയ്താല്‍ മാത്രം മതി ഡാഡി. ഡാഡിയുടെ ചക്കര മോള്‍ അല്ലെ ഈ പറയുന്നത്? എനിക്കത്രക്ക് ഡാഡിയെ മിസ്‌ ചെയ്യുന്നു.

കഴിഞ്ഞ ആഴ്ച എന്‍റെ ജന്മദിനമയിരുന്നല്ലോ. നമ്മുടെ ഇടവകയിലെ അച്ചന്‍ എന്നെ കാണാന്‍ ഇവിടെ ഹോസ്റ്റലില്‍ വന്നിരുന്നു. ഡാഡി അയച്ചതാണ് എന്ന് പറഞ്ഞു എനിക്ക് ഒരു പിങ്ക് കളറില്‍ ഉള്ള മുത്ത് മാല തന്നു. എനിക്ക് ഒരുപാട് സന്തോഷമായി ഡാഡി. പക്ഷെ ഞാന്‍ ഡാഡിയോട് പിണക്കമാണ്. എന്‍റെ ബര്‍ത്ത്ഡേക്ക് എന്നെ ഒന്ന് വിളിച്ചു വിഷ് ചെയ്യാന്‍ പോലും ഡാഡിക്ക് തോന്നിയില്ലല്ലോ. അത്രക്ക് തിരക്കാണോ ഡാഡി? അല്ലെങ്കില്‍ എന്‍റെ ബര്‍ത്ത്ഡേ മറന്നോ? അന്ന് വിളിച്ചപ്പോഴും ഞാന്‍ ഓര്‍മിപ്പിച്ചിരുന്നല്ലോ? യേശുവേ.. ഈ ഡാഡിയുടെ മറവി മാറ്റാന്‍ എവിടെയാണാവോ ഒരു മരുന്ന് കിട്ടുക?

ഡാഡി വരുമ്പോള്‍ മമ്മിക്ക് കൊടുക്കാന്‍ പൂക്കള്‍ കൊണ്ട് വരാന്‍ എന്‍റെ കൂട്ടുകാരിയോട് ഞാന്‍ പറഞ്ഞിട്ടുണ്ട്. അവളുടെ വീട്ടില് നല്ല ചുവന്ന റോസാപൂക്കള്‍ ഉണ്ടത്രേ. മമ്മിക്ക് ഡാഡി കൊടുത്ത ആദ്യ പ്രണയോപഹാരം തന്നെ മമ്മിയുടെ ചരമവാര്‍ഷികത്തില്‍ നമുക്ക് കൊടുക്കണം. അത് കണ്ടു മമ്മിയുടെ ആത്മാവ് സന്തോഷിക്കും. ഞാനും ഡാഡി വരാന്‍ കാത്തിരിക്കുകയാണ്. അധിക ദിവസവും മമ്മി സ്വപ്നത്തില്‍ വന്നു പറയും. മോള്‍ വരുന്നോ എന്‍റെ കൂടെ എന്ന്? ഡാഡിയെ തനിച്ചാക്കിയിട്ടു ഞാന്‍ എങ്ങനെയാ ഡാഡി മമ്മിയുടെ അടുത്തേക്ക് പോവുക?

ഒരുപക്ഷെ ഡാഡിയോടും മമ്മി പറയുന്നുണ്ടാവും കൂടെ ചെല്ലാന്‍. എന്നെ ഒറ്റയ്ക്കാക്കിയിട്ട് ഡാഡി മമ്മിയോടൊപ്പം പോവല്ലേ. നമുക്ക് ഒരുമിച്ച് ഒരു ദിവസം മമ്മിയുടെ അടുത്ത് പോവാം. അത് വരെ മമ്മി കാത്തിരിക്കട്ടെ അല്ലെ? നമ്മെ കൂട്ടാതെ മമ്മി പോയതിനുള്ള പിണക്കം ഇങ്ങനെയല്ലേ നമുക്ക് പ്രകടിപ്പിക്കാന്‍ കഴിയുക?

ഒരേ സമയം എനിക്കെന്‍റെ  മമ്മിയും ഡാഡിയുമായി എങ്ങനെ മാറാന്‍ ഡാഡിക്ക്  കഴിയുന്നു എന്നത് എന്നെ ഒരുപാട് അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഈ ജന്മം മുഴുവന്‍ ഡാഡി എന്‍റെ കൂടെ ഉണ്ടെങ്കില്‍ ഞാന്‍ ഒരിക്കലും എന്‍റെ മമ്മിയെ മിസ്‌ ചെയ്യില്ല. അത്രക്ക് ഉറപ്പാണ് എനിക്ക്. ഡാഡിക്കറിയോ, ഞാന്‍ നല്ല പോലെ ഭക്ഷണം കഴിച്ചിട്ട് എത്ര ദിവസമായെന്നു?
ഇനി ഡാഡി വന്നു എനിക്ക് ഭക്ഷണം വായില്‍ ഇട്ടു തന്നാല്‍ മാത്രമേ ഞാന്‍ കഴിക്കുള്ളൂ.

അമ്മയുടെ കല്ലറയില്‍ പോയി പ്രാര്‍ഥിക്കാനും, നമ്മുടെ സ്നേഹം പങ്കുവെക്കാനും ഡാഡി ഉടനെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.  എനിക്ക് തരാമെന്നു പറഞ്ഞ സര്‍പ്രൈസ് കൊണ്ട് വരാന്‍ മറക്കരുത് :)

ഗോഡ് ബ്ലെസ് യു ഡാഡി

റ്റെയ്ക് കെയര്‍

സസ്നേഹം

മമ്മിയുടെയും ഡാഡിയുടെയും സ്വന്തം

തെരേസ ഫെര്‍ണാണ്ടസ്
ബീജിംഗ് - ചൈന

മെയില്‍ ഡ്രാഫ്റ്റ് ചെയ്ത ഉടന്‍ തന്നെ  ഡാഡിയുടെ റിപ്ലൈ കണ്ടു തെരേസ സന്തോഷവതിയായി. ഉടന്‍ തന്നെ അവള്‍ ഇ മെയില്‍ തുറന്നു വായിച്ചു. ശേഷം ബോധരഹിതയായി വീണു. ഒരു ഓട്ടോമേയ്റ്റഡ റിപ്ലൈ  മെയില്‍ ആയിരുന്നത്.

"താങ്കള്‍ക്ക് നന്ദി.

മകളോടൊപ്പം അവധി ദിനം ചിലവഴിക്കാനും ഭാര്യയുടെ ചരമവാര്‍ഷികത്തില്‍ പങ്കെടുക്കാനും ഇന്ന്  08 / 03 / 2014 രാത്രി മലേഷ്യന്‍ ഫ്ലൈറ്റ് 370 ല്‍ ബീജിങ്ങിലെയ്ക് പുറപ്പ്ടുന്നു.  ബീജിങ്ങില്‍ എത്തിയാല്‍ എന്നെ ബന്ധപ്പെടേണ്ട നമ്പര്‍ താഴെ കൊടുക്കുന്നു.

ഫെര്‍ണാണ്ടസ് സി മാത്യു
മൊബൈല്‍: +86 9235*****
ക്വാലാലം‌പൂര്‍ - മലേഷ്യ "
ഇന്ന് (08/03/2014) രാത്രി
8 comments:

 1. അപ്രത്യക്ഷമായ മലേഷ്യൻ ഫ്ലൈറ്റിനെ കുറിച്ച് ഒരോർമ്മപ്പെടുത്തൽ. അവസാനം വരെ സസ്പെൻസ് നിലനിർത്താനും ശ്രമിച്ചു. പക്ഷേ അതുവരെയുള്ള വായന വിരസമായിരുന്നു എന്നതാണ് പോരായ്മ.

  ഇന്ന് രാത്രി 08 / 03 / 2014 ന് >> ഇങ്ങനെ എഴുതാൻ സാധ്യതയുണ്ടോ ? ഇന്ന് (08/03/2014) രാത്രി 00.41ന് എന്നല്ലേ എഴുതുക ?

  ReplyDelete
  Replies
  1. വിലപ്പെട്ട അഭിപ്രായത്തിനു നന്ദി വിഡ്ഢിമാന്‍..... <3

   Delete
 2. കൊള്ളാമെന്ന ഒരൊറ്റ വാക്കില്‍
  ഒതുക്കുന്നു ഞാന്‍,,,rr

  ReplyDelete
 3. നന്നായി എഴുതി... മനോജേട്ടന്‍ പറഞ്ഞപോലെ അവസാനം വരെ സസ്പെന്‍സ് നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട് .. ആശംസ്സകള്‍.. :)

  ReplyDelete
 4. വളരെ വിഷമം തോന്നി വായിച്ചപ്പോള്‍, ഇനി ഒരിക്കലും ഇങ്ങനെ ഉള്ള അപകടങ്ങള്‍ ഉണ്ടാകാതെ ഇരിക്കട്ടെ........

  ReplyDelete