Thursday, March 3, 2016

യന്ത്രം പോലെ ചലിക്കുന്ന ഒരു മനുഷ്യന്‍










ഇടുങ്ങിയ  ഫ്ലാറ്റ്  ജീവിതത്തിനിടയില്‍  പുറം  ലോകം  കാണിക്കാന്‍  അവളെയും  കൊണ്ട്  ഞാന്‍  ഇടയ്ക്കിടെ പുറത്തിറങ്ങാറുണ്ട്. അവള്‍  ആരാണെന്നല്ലേ, പ്രിയ. കൊച്ചു  മിടുക്കി. ഷോപ്പിംഗ്‌മാളുകളെ  കുറിച്ച്  സംസാരിച്ചാല്‍ അവള്‍ക്ക്  ചോക്ലേറ്റിനെ  കുറിച്ച്  ഒരുപാട്  പറയാനുണ്ടാവും. സ്കൂളും  പഠനവും അതീവ  വിരസമാണ് എന്നാണ് എന്‍റെ ജീവിതാനുഭവങ്ങള്‍  എന്ന  ഭാഗത്ത് അവള്‍  പറഞ്ഞിരിക്കുന്നത്. പൂക്കളും പൂമ്പാറ്റകളുമില്ലാത്ത  സ്കൂള്‍...... ജീവിതം. 
അടങ്ങി  ഒതുങ്ങി ഒരിടത്ത്  ഇരിക്കില്ല, എപ്പോഴും  കളിക്കണം, ഒന്നും  കഴിക്കുകയും  ഇല്ല. എല്ലാ  കുട്ടികളെയും  പോലെ  ഇവളും  ആ  കാര്യത്തില്‍  അമ്മയുടെ  സര്‍ടിഫിക്കറ്റ്  വാങ്ങി  വെച്ചിട്ടുണ്ട്.
ഒഴിവു  സമയത്ത്  അവളെയും  കൊണ്ട്  പുറത്ത്  പോവും. ഷോപ്പിംഗ്‌  അവള്‍ക്ക്  ലഹരിയാണ്. എനിക്ക്  അത്  വേണം  ഇത്  വേണം  എന്ന്  പറയില്ല. പകരം  എല്ലാം  എടുത്ത്  കൊണ്ട്  വരും.
"നീയാ  ഇവളെ  വഷളാക്കുന്നത്" ചേച്ചി  എപ്പോഴും  പറയും.
"കൊച്ചു  കുട്ടിയല്ലേ, നമുക്ക് കിട്ടാത്തത്  അവള്‍ക്ക്  കൊടുക്കുന്നെന്നെ ഉള്ളൂ  ചേച്ച്യേ.. " ഒരു  പുഞ്ചിരിയോടെ  ഞാന്‍  മറുപടി  പറയും.
അവള്‍ക്ക്  സാധനങ്ങള്‍  വാങ്ങി എന്‍റെ  പോക്കറ്റ്  കാലിയാവും, എങ്കിലും  മനസ്  നിറയും. അവളുടെ  കണ്ണില്‍ വിരിയുന്ന  തിളക്കം, സന്തോഷ് തുള്ളല്‍, ഇതെല്ലാം  മനസ്  നിറയ്ക്കും. സ്വകാര്യമായ  എല്ലാ  വേദനകളും  മറന്നു  പോവും. ആകാശത്തിലെ  നക്ഷത്രങ്ങളെ കണ്ടിട്ടില്ലേ, കണ്ണെടുക്കാന്‍  കഴിയില്ല. അത്  പോലെയാണ് ഇവള്‍. ഇവള്‍  മാത്രമല്ല  എല്ലാ  കുട്ടികളും. എത്ര  നോക്കിയിരുന്നാലും  മടുക്കാത്ത  ദൈവത്തിന്‍റെ സമ്മാനം. ഗള്‍ഫ്  ജീവിതത്തില്‍  ഞാന്‍  കണ്ടു  മുട്ടിയ കുടുംബമാണ് പ്രിയയുടെത്. ഖത്തറില്‍ റാസ്‌ ഗ്യാസില്‍ ക്ലറിക്കല്‍ പോസ്റ്റിലാണ് പ്രിയയുടെ  അച്ഛന്‍  അനിരുദ്ധന്‍ ജോലി ചെയ്യുന്നത്. ഭാര്യ സുമലത ഹൌസ് വൈഫ് പദം അലങ്കരിക്കുന്നു.
അന്നൊരു വെള്ളിയാഴ്ച വൈകിട്ട്  ഞാന്‍  പ്രിയയുടെ  വീട്ടില്‍  പോയി. അവള്‍ക്കുള്ള  ചോക്ലേറ്റും  കയ്യിലുണ്ടായിരുന്നു. എന്നെ  കണ്ടപാടെ  അവള്‍  ഓടിവന്നു  കെട്ടിപിടിച്ചു. "അങ്കിളേ, എനിക്കിനി  വരുമ്പോള്‍  ഇതല്ല, കിന്റര്‍ ജോയ് മതി."

 അപ്പോള്‍ പഴയ  ഒരു  കിന്റര്‍  ജോയ് അനുഭവം എനിക്കോര്‍മ വന്നു. അന്നായിരുന്നു ഞാന്‍  ശരിക്കും  കിന്റര്‍ ജോയുടെ  വിലയറിഞ്ഞത്. 
നാളെ  ഖത്തര്‍  നാഷണല്‍  ഡേ ആണ്. അവളെയും  കൊണ്ട്  ബീച്ചില്‍  പോയി  മീന്‍  പിടിക്കാം. ഞാനും  അനിയും തീരുമാനിച്ചു. ബീച്ചിനെ  കുറിച്ചുള്ള അവളുടെ  ഭയം മാറ്റിയെടുക്കണം. 
ശമാല്‍  ബീച്ചിലേക്കാണ്  ഞങ്ങള്‍  പുറപ്പെട്ടത്. അവളുടെ  കിളി കൊഞ്ചലുകള്‍  ആസ്വദിച്ചുള്ള  യാത്രയില്‍  എത്ര പെട്ടെന്നാണ്  ശമാലില്‍  എത്തിയത്. വളരെ  വിശാലമായ ബീച്ചാണ്  ശമാല്.‍. കുറെ പൊന്തക്കാടുകള്‍  ഉണ്ട്  അവിടെ. രണ്ടു ദിവസം തുടര്‍ച്ചയായ അവധിയായതിനാല്‍  സഞ്ചാരികള്‍  ഒരുപാടുണ്ട്  ബീച്ചില്‍. ചിലര്‍  ഫുട്ബാള്‍ കളിക്കുന്നു. ചിലര്‍ മീന്‍  പിടിക്കുന്നു. ഒരുത്സവ പ്രതീതി.
പ്രിയ  സന്തോഷവതിയാണ്. കടലില്‍ സമപ്രായക്കാര്‍  ഇറങ്ങുന്നത്  കാണുമ്പോള്‍  അവളുടെ  പേടി  പതിയെ  മാറാന്‍ തുടങ്ങി. സുമയും  അവളും കരയിലൂടെ കാഴ്ചകള്‍  കണ്ടു  നടക്കുന്നു. ഞാനും  അനിയും (അനിരുദ്ധന്‍) മീന്‍ പിടിക്കാന്‍  ശ്രമം തുടങ്ങിയിരുന്നു. ഒരു  രക്ഷയുമില്ല. ഒരു  മീന്‍  പോലും  ചൂണ്ടയില്‍  കൊത്തുന്നില്ല.
"നിങ്ങള്‍ക്ക്  രണ്ടാള്‍ക്കും മീന്‍  കിട്ടാന്‍  ഒരു  വഴിയുണ്ട്." സുമ  അവിടേക്ക്  കടന്നു  വന്നു പറഞ്ഞു.
"എന്താ ആ വഴി  ചേച്ചി? "
"പോവുന്ന  വഴിക്ക്  മാര്‍ക്കറ്റില്‍  നിന്നും  വാങ്ങിയാല്‍  മതി "
ഞാന്‍  ചെറുതായി  ഒന്ന്  ചമ്മി.
"പുതിയ  വിറ്റൊന്നും  ഇല്ലേ  സുമേ?" അനിയാണ്  ചോദിച്ചത്.
"ഓ.. ഉണ്ടാവുമ്പോള്‍  പറയാം ഏട്ടാ " സുമയും  വിട്ടുകൊടുത്തില്ല.
"അങ്കിളേ.. ഈ  മീനിനെ  പിടിച്ചു  കൊല്ലുന്നത്  പാവല്ലേ?" ചൂണ്ടയില്‍  ഇര കോര്‍ക്കാന്‍  ശ്രമിക്കുന്ന എന്‍റെ  അരികില്‍ വന്നു   പ്രിയ ചോദിച്ചു.
"മോളൂസേ.. അവിടെ  കാല്‍  വെക്കല്ലേ, ചൂണ്ടയുണ്ട്. കാലില്‍ കുടുങ്ങും" ഞാന്‍ മറുപടി  പറഞ്ഞു.
ഒന്ന് ശ്രദ്ധിച്ചു  കാല്‍ പതുക്കെ  മറ്റൊരിടത്തേക്ക്  വെച്ച്  അവള്‍  പറഞ്ഞു.
"അതല്ല, ഞാന്‍  ചോദിച്ചേ.. ഈ മീനിനെ  കൊല്ലാമോന്നാ ചോദിച്ചേ. ? "
"അത്  ശരി, അപ്പൊ  ഇന്നുച്ചക്ക്  മോള്‍  ഫിഷ്‌  ബിരിയാണിയല്ലേ  കഴിച്ചത്?"
അത് ശരിയാണല്ലോ  എന്നര്‍ത്ഥത്തില്‍  ഒരു വിരല്‍ താടിയില്‍  വെച്ച്  അവള്‍ ആലോചിച്ചു.  പിന്നെ അവിടെ നിന്നും ഓടി  മണലില്‍ പോയിരുന്നു  ചിത്രം വരയ്ക്കാന്‍ തുടങ്ങി.
"അന്യേട്ടാ.. ദാ .. നമുക്ക്  ആ പാറക്കെട്ടില്‍  പോയി  മീന്‍  പിടിച്ചാലോ?" ദൂരേക്ക്  ചൂണ്ടി  കടലിനോടു  ചേര്‍ന്ന്  കിടക്കുന്ന  പാറക്കെട്ട്  ചൂണ്ടി  സുമലത  പറഞ്ഞു.
"ഹോ.. വേണ്ട, അത് കുറെ  ദൂരെയല്ലേ?"
"അത്ര  ദൂരെയൊന്നും  അല്ല, നടക്കാന്‍  മാത്രം  ദൂരമേയുള്ളൂ. നമുക്കൊന്ന് പോയി  നോക്കാം.". ചൂണ്ടയില്‍  ഒന്നും  കുടുങ്ങാത്തത്തിലുള്ള  നിരാശകൊണ്ട്  ഞാന്‍  പറഞ്ഞു.
നടക്കുന്ന വഴിയെ ഞാന്‍ പ്രിയ വരഞ്ഞ ചിത്രം കണ്ടു. മണലില്‍ അവള്‍  ചൂണ്ടയില്‍  കുരുങ്ങിയ ഒരു  മത്സ്യത്തെ വരഞ്ഞിരിക്കുന്നു. തൊട്ടടുത്ത് അതിനെ  രക്ഷിക്കാന്‍ ശ്രമിക്കുന്ന മത്സ്യത്തിന്റെ അച്ഛനും  അമ്മയും. 
ഒരു  വഴികാട്ടിയെ പോലെ  പ്രിയ  മുന്നില്‍  നടന്നു. ഇടക്ക് തളര്‍ന്നപ്പോള്‍  അവള്‍  അച്ഛന്റെ  തോളില്‍  കയറിയിരുന്നു. എന്നിട്ട്  എന്നോട്  ചോദിച്ചു.
'അങ്കിളേ, അങ്കിള്‍  നടന്നു  കുഴഞ്ഞെങ്കില്‍  അച്ഛന്റെ തോളിലിരുന്നോ, ഞാന്‍  വേണേല്‍  ഇറങ്ങി തരാം."
വലിയ  കാര്യത്തില്‍ അവളത് പറഞ്ഞപ്പോള്‍  ഞങ്ങള്‍  ചിരിച്ചു  പോയി.
ആ  ചെറിയ പാറക്കെട്ടിലേക്ക് ഞങ്ങള്‍ വലിഞ്ഞു  കയറി. 
"ഇവിടുന്നു നോക്കുമ്പോള്‍  ബീച്ചിനു  ഭംഗി കൂടുന്നുണ്ട്. " സുമലത പറഞ്ഞു.
"അമ്മേ.. എന്നെക്കാള്‍  ഭംഗിയുണ്ടോ?" പ്രിയ സംശയത്തോടെ  ചോദിച്ചു.
"ഹേയ്.. മോളെക്കാള്‍  ഭംഗിയൊന്നും ലോകത്തൊരു  ബീചിനും  ഇല്ല  ന്‍റെ പ്രിയക്കുട്ടീ." ഞാനത്  പറഞ്ഞപ്പോള്‍  അവള്‍  എന്‍റെ കഴുത്തിലൂടെ  കൈ ഇട്ടു  കവിളത്തൊരു  മുത്തം  തന്നു.
ആ  പാറക്കെട്ടില്‍  ഞങ്ങളെ  കൂടാതെ മൂന്നു  അതിഥികള്‍  ഉണ്ടായിരുന്നു. മൂന്നു  സുഡാനികള്‍. ആധുനിക മീന്‍ പിടിത്ത ഉപകരണങ്ങളും  ഒരു രാത്രി  മുഴുവന്‍  അവിടെ തങ്ങാനുള്ള സംവിധാനവുമായാണ്  അവരവിടെയിരിക്കുന്നത്. കാറില്‍  നിന്നും കേബിള്‍ വലിച്ചു പോര്‍ട്ടബിള്‍  സ്പീക്കറില്‍  അവര്‍  ഉച്ചത്തില്‍  ഏതോ അറബിക് പാട്ടൊക്കെ വെച്ചിട്ടുണ്ട്. 
പെട്ടന്ന്  അവരുടെ ആര്‍പ്പ്  വിളി കേട്ട്  ഞങ്ങള്‍  അങ്ങോട്ട്‌  നോക്കി. അതാ ചൂണ്ടയില്‍  ഒരു  വലിയ  മീന്‍ കുടുങ്ങിയിരിക്കുന്നു. ആശ്ചര്യത്തോടെ  അത്  നോക്കി  നിന്ന  പ്രിയയെ അതില്‍  ഒരു  സുഡാനി  മീന്‍  കാണിക്കാന്‍  അവിടേക്ക്  ക്ഷണിച്ചു. ആദ്യം  ഒന്ന്  മടിച്ചെങ്കിലും  അയാളുടെ  സ്നേഹപൂര്‍വമുള്ള  വിളിയില്‍ അവള്‍  മീന്‍  കാണാന്‍  പോയി. അവളുടെ കുട്ടിക്കളിയില്‍  ആകൃഷ്ടരായ അവര്‍ അവളെ  കളിപ്പിക്കാന്‍  തുടങ്ങി. അവര്‍  പെട്ടന്ന്  തന്നെ ഫ്രണ്ട്സ് ആയി.
ഞാനിപ്പോള്‍  വരാമെന്ന്  പറഞ്ഞു  അനി പാറക്കെട്ടിനു  ഒരു വശത്തേക്ക്  നടന്നു?
"ഉം? എങ്ങോട്ടാ?" സുമലത  ചോദിച്ചു.
അനി കയ്യിലെ  ചെറു വിരല്‍  ഉയര്‍ത്തി കാണിച്ചു. അതിനര്‍ഥം സിഗരറ്റ്  ആണെന്ന് എനിക്കല്ലാതെ  അവള്‍ക്കറിയില്ലല്ലോ.
"ഉം.. വേഗം വാ ."
"അച്ഛാ.. ഞാനും വരുന്നു." പ്രിയ  പിറകെ പോവാന്‍ ശ്രമിച്ചു. പക്ഷെ  സുമ  തടഞ്ഞു.,
"നീ  അവിടെ  നിക്ക്, അച്ഛന്‍ ഇപ്പൊ വരും."
 സമയം  കടന്നു പോയി കൊണ്ടിരിക്കുന്നു. നേരം ഇരുട്ടി വരുന്നു.
"ഈ കറുപ്പന്മാര്‍ക്ക്  എന്തോരം മീനാണ്  കിട്ടുന്നത്." സുമലത  പറഞ്ഞു.
"അതെ, അവര്‍  മൂന്ന്  പേരില്ലായിരുന്നോ, ബാക്കിയുള്ളവര്‍  എവിടെ?" അപ്പോള്‍  അവിടെ  ഒരാളെ  ഉണ്ടായിരുന്നുള്ളൂ.
"പിടിച്ച  മീന്‍  വീട്ടില്‍  കൊണ്ട്  വെക്കാന്‍  പോയതാവും. നിന്നെ  പോലെ മണ്ടന്മാരല്ല  അവര്‍. ഹോ.. ഈ  മീന്‍  പിടിത്തം  ഇത്ര  ബോര്‍  ആയിരുന്നെങ്കില്‍ ഞാന്‍  വരില്ലായിരുന്നു."  സുമലത  പറഞ്ഞു.
"അല്ല, പ്രിയയും അനിയും എവിടെ?" ഞാന്‍  ചോദിച്ചു. കുറച്ചു നേരായി  അവരെ  കാണാനില്ല.
"ഇവിടെ എവിടേലും ഉണ്ടാവും."
സുമലത  പറഞ്ഞു.
"ഒന്ന് വിളിച്ചു  നോക്കൂ. വലിയ മീന്‍  കിട്ടി എന്ന് പറ. അപ്പോള്‍  ഓടി വരും."
"ഈ  നമ്പര്‍  നിലവിലില്ല  എന്നാ  പറയുന്നത് "
തൊട്ടപ്പുറത്ത്  ഉണ്ടായിരുന്ന  സുഡാനിയോട്  മുറി  അറബിയില്‍  ഞാന്‍  കാര്യം  അന്വേഷിച്ചു. അയാള്‍  അവരെ  കണ്ടിട്ടില്ല എന്ന് പറഞ്ഞു. അയാളും    തിരിച്ചു പോവുകയാണെന്ന്  തോന്നുന്നു.
ഒടുവില്‍ ഞങ്ങള്‍ തിരയാന്‍  തുടങ്ങി. പാറക്കെട്ടിനു  പിന്നില്‍  നിന്ന്  സിഗരറ്റ് വലിക്കാനുള്ള  ഒരു സാധ്യത കാണുന്നുണ്ട്. പക്ഷെ മകളുടെ  മുന്നില്‍ നിന്നും വലിക്കുമോ?  ഏതായാലും  പോയി നോക്കാം.
പാറകെട്ടിന്റെ മറ്റൊരു ഭാഗത്ത് നിന്ന് ഒരു  ഞരക്കം  കേള്‍ക്കുന്ന പോലെ തോന്നി. തോന്നിയതല്ല. ചേട്ടാ  എന്ന്  അലറി വിളിച്ചു സുമലത പാറയുടെ  ഒരരികിലേക്ക്  ഓടി. കൈകാലുകള്‍  ബന്ധിക്കപ്പെട്ട  നിലയില്‍, തല പൊട്ടി രക്തം ഒലിച്ചു അനിരുദ്ധന്‍.
നമ്മുടെ  മോള്‍  എവിടെ  അന്യേട്ടാ ?  കരഞ്ഞു കൊണ്ട് സുമലത ചോദിച്ചു.
തളര്‍ന്ന കണ്ണുകള്‍ കൊണ്ട് അയാള്‍ ഇടത് ഭാഗത്തേക്ക് ആംഗ്യം  കാണിച്ചു. ഞാന്‍ ആ  ഭാഗത്തേക്ക്  ഓടി. വഴിയില്‍ പ്രിയ ചൂടാറുള്ള മുത്തുകള്‍ പതിച്ച ഹെയര്‍ ബാന്‍ഡ് അരണ്ട വെളിച്ചത്തിലും  തിളങ്ങി നിലത്തു വീണു കിടക്കുന്നു. 
പാറക്കെട്ടിനോട് ചേര്‍ന്ന് രണ്ടു സുഡാനികള്‍, അതെ, ആ  മീന്‍  പിടിത്തക്കാര്‍, എന്നെ കണ്ടതും അയാള്‍ എന്നോട് അകലേക്ക് പോവാന്‍ പറഞ്ഞു. കാര്യം അറിയാന്‍ മറ്റേ സുഡാനിയും എനിക്ക്  നേരെ തിരിഞ്ഞു.
ആ കാഴ്ച കണ്ടു  ഞാന്‍  ഞെട്ടി. അടി മുതല്‍ തല വരെ ഭയം കൊണ്ട്  വിറച്ചു. രക്തത്തില്‍  കുളിച്ചു അര്‍ദ്ധ നഗ്നനായി പ്രിയ മോള്‍ അയാളുടെ  കയ്യില്‍  ഉണ്ടായിരുന്നു.
ഡാ .... അലറി കൊണ്ട് ഞാന്‍  അയാള്‍ക്ക്  നേരെ  കുതിച്ചു. ഇല്ല, കാലുകള്‍ തളരുന്നു. ഒരടി മുന്നോട്ട്  വെക്കാന്‍  കഴിയുന്നില്ല. വലിയ ധൈര്യവാനെന്നു  ധരിച്ച  ഞാന്‍ ഭയചകിതനായി നിന്നു. 
ഠിം!! ..  ഹാ!! വേദന കൊണ്ട്  ഞാന്‍  പിടഞ്ഞു. അപ്രതീക്ഷിതമായിട്ടായിരുന്നു  പിറകില്‍  നിന്നും  അടി കിട്ടിയത്. കണ്ണില്‍  ഇരുട്ട്  പടര്‍ന്നു. തലയില്‍  നിന്നും  ഒരു നനവ്‌ എന്‍റെ ശരീരത്തിലേക്ക് പടര്‍ന്നു. ബോധം നഷ്ടപ്പെട്ട് ഞാന്‍ തളര്‍ന്നു വീണു.
തിരിച്ചു ബോധം കിട്ടുമ്പോള്‍  ഞാന്‍  ആശുപത്രി കിടക്കയില്‍ ആയിരുന്നു. അമ്മയും അച്ഛനും ഒക്കെ  എന്‍റെ കട്ടിലിനു  അരികില്‍  ഉണ്ട്.
"പ്രിയ എവിടെ? " ബോധം  വീണപ്പോള്‍  ഞാന്‍  ആദ്യം  ചോദിച്ചത് അവളെ കുറിച്ചാണ്?
"ഏത്  പ്രിയ  മോനെ? " അമ്മ എന്‍റെ കവിളില്‍  കൈ  ചേര്‍ത്ത് ചോദിച്ചു?
"എന്താ പറ്റിയത്?  അപ്പോള്‍  അങ്ങോട്ട്‌  കടന്നു വന്ന  അമ്മാവന്‍ അച്ഛനോട്  ചോദിച്ചു.
"ങാ.. ആര്‍ക്കറിയാം, ഇന്നലെ രാത്രി എന്തോ സ്വപ്നം കണ്ടു കട്ടിലില്‍  നിന്നും വീണു തല പൊട്ടിയതാണെന്ന്  തോന്നുന്നു. " അച്ഛന്‍ മറുപടി  പറഞ്ഞു.
"ഇനി വല്ല കള്ളന്മാരോ  മറ്റോ  ആവുമോ?" അമ്മാവന്‍  ചോദിക്കുന്നത്  കേള്‍ക്കാം.
അവരുടെ  സംഭാഷണം  നടന്നു കൊണ്ടിരിക്കുന്നതിനിടയില്‍  ഞാന്‍ ചിന്തയില്‍ വീണു.
ആരാണ്  പ്രിയ, എന്തിനാണ്  അവളെന്‍റെ സ്വപ്നത്തില്‍  വന്നത്?

ശരിയാണ് സ്വപ്നത്തില്‍  പോലും ഒരു പെണ്‍കുട്ടിയെ രക്ഷിക്കാന്‍  കഴിയാത്തവനാണ്  ഞാന്. പ്രതിസന്ധികളോട്  പുറം  തിരിഞ്ഞു  നില്‍ക്കുന്ന  യന്ത്രം  പോലെ  ചലിക്കുന്ന ‍മനുഷ്യന്‍റെ  പ്രതീകം.

ജസി ഫ്രണ്ട്
ദോഹ - ഖത്തര്‍

Thursday, February 11, 2016

തേടൽ



നീലാകാശമേ
നീ മഴനൂലുകൊണ്ടൊരു
മഴവില്ല് തരുമോ
എന്‍ പ്രണയിനിയുടെ
തലയില്‍ ചൂടാന്‍

നീലസമുദ്രമേ
നീ  തിരകളാല്‍ തീര്‍ത്തൊരു
പാദസരം തരുമോ
എന്‍റെ പ്രണയിനിയുടെ
കാലിലണിയാന്‍

നീലസമുദ്രമേ
നീ പവിഴത്താല്‍ തീര്‍ത്തൊരു
മോതിരം തരുമോ
എന്‍ പ്രണയിനിയുടെ
വിരലില്‍ ചാര്‍ത്താന്‍

Sunday, September 27, 2015

താരാട്ട് പാട്ട്






മോനേ.. മോനേ.. ചെന്താരേ..
എന്റെ ഉള്ളം തുടിപ്പിക്കും പുന്നാരേ...

കണ്ണുകൾ രണ്ടും പൂട്ടീട്ട് നീ
സ്വപ്നങ്ങൾ കണ്ടിട്ടുറങ്ങേണം.


നാളെ നിന്നെയുറക്കീടാൻ...
നിന്റെ ഉപ്പച്ചി ഉണ്ടാവില്ലെൻ മോനെ..
നിന്നെ കയ്യിലെടുത്ത് നടക്കുവാൻ
ഈ ഉപ്പച്ചി ഉണ്ടാവില്ലെൻ മോനെ...


ആ മരുഭൂ മണൽ കാട്ടില്...
പൊള്ളുന്ന വെയിലിൻ ചോട്ടിലും
മടുക്കുന്ന മഞ്ഞു മഴയിലും
ഉപ്പയെന്നുമോർക്കുമീ മുഖം
നിന്റെ തേനൂറും പുഞ്ചിരി പാൽ മുഖം.


മണ്ണിൽ കളിച്ചു വളരേണം നീ 
പുഴയിൽ ചാടി കുളിക്കേണം 
കുസൃതികൾ കാട്ടി നടക്കേണം നീ..
എല്ലാർക്കുമോമലായ് വളരേണം.


അറിവുകൾ ഒരുപാട് നേടേണം നീ ....
പൊയ്മുഖമില്ലാതിരിക്കേണം 
ജാതിമതഭേദമില്ലാതെ നീ 
എല്ലാർക്കും കനിയായി മാറേണം


ഉമ്മാന്റെ വാക്കുകൾ കേൾക്കേണം നീ ..
ഉമ്മാക്ക് നന്മകൾ ചെയ്യേണം
ഉമ്മാന്റെ കണ്ണ് നിറക്കാതെ നീ..
ഉമ്മാന്റെ ചാരത്തിരിക്കേണം...


------------------------------X-X-X-X-X---------------------------

Saturday, August 8, 2015

വസ്വിയ്യത്ത്‌





ഞാന്‍ മരിച്ചാല്‍ 

എന്‍റെ ഹൃദയമൊഴിച്ചു 
ബാക്കിയെല്ലാം 
ദാനം ചെയ്തു കൊള്ളുക


ഞാന്‍ കണ്ട കാഴ്ച്ചകള്‍ 
ഡിലീറ്റ് ചെയ്തിട്ടെന്റെ 
കണ്ണുകളും ദാനം ചെയ്യുക


കാരണം 
എന്‍റെ ദാനത്തിനെങ്കിലും 
പരിശുദ്ധിയുണ്ടാവണം

സഹായം.





ഞാനൊരു കൊമ്പ് ഓടിച്ചോട്ടെ ?
അയാള്‍ മരത്തോടു ചോദിച്ചു.
തണല്‍ പെയ്യുന്ന മരം സമ്മതം മൂളി.
ഒടിച്ച കൊമ്പ് മഴുവില്‍ ചേര്‍ത്ത് 
പിന്നീട് അയാള്‍ മരത്തിന്റെ അടിവേര് വെട്ടി.

നിഴല്‍






ഇടക്ക് വലുതായും 
ഇടക്ക് ചെറുതായും 
ചിലപ്പോള്‍ ചേര്‍ന്നു നിന്നും 
ജീവിതം ഇരുട്ടിലാവുമ്പോള്‍ 
ഓടിയൊളിക്കുകയും ചെയ്യുന്ന 
ചതിയനായ സുഹൃത്താണ് നിഴല്‍

ഫാര്‍മസിസ്റ്റ്



സുലൈമാന്‍ ഫാര്‍മസിസ്റ്റ് ആയി ജോലിക്ക് കയറിയിട്ട് കുറച്ചു ദിവസങ്ങളെ ആയുള്ളൂ. ഒരു ദിവസം ഉച്ച സമയത്ത് ഒരറബി ഫാര്‍മസിയില്‍ വന്നു. അറബിയുടെ വായ്നാറ്റം മൂലം സുലൈമാന്‍ പകുതി മൂക്ക് പൊത്തിയിട്ടാണ് അറബിയോട് സംസാരിക്കുന്നത്. അറബി അറിയാത്ത സുലൈമാന്‍ ഒരു വിധം അറബി ചോദിച്ച മരുന്ന് എടുത്തു കൊടുത്തു.

ഒടുവില്‍ അറബി ബില്ലടച്ചു പോവുമ്പോഴാണ് സുലൈമാന് ഒരു കാര്യം ഓര്‍മ വന്നത്. അറബികളെ സോപ്പിട്ടാല്‍ നമുക്ക് പുരോഗതി പെട്ടന്നുണ്ടാവുമെന്നു ഔക്കര്‍ക്ക പറഞ്ഞ കാര്യം. ഈ അറബിയെ ഒന്ന് സോപ്പിട്ട് നോക്കാമെന്ന് കരുതി സുലൈമാന്‍ അറബിയെ തിരിച്ചു വിളിച്ചു. അറബിയുടെ വായ്‌ നാറ്റത്തിനു ഒരു നല്ല മരുന്ന് ഫ്രീ ആയി നല്‍കാന്‍ തീരുമാനിച്ചു.

പക്ഷെ ഇത് വായ്‌നാറ്റത്തിനു നല്ലതാണെന്ന് അറബിയില്‍ പറയാന്‍ സുലൈമാന് കഴിയുന്നില്ല. വായക്ക് എന്താണാവോ അറബിയില്‍ പറയുക.? ആംഗ്യത്തിലൂടെയും മുറി അറബി ഇംഗ്ലീഷിലൂടെയും ഒരു വിധം പറഞ്ഞൊപ്പിച്ചു.

"മുദീര്‍, ഇന്‍ത മൌത്ത്, ഹാദാ സെയിന്‍" (നിങ്ങളെ വായക്ക് ഇത് നല്ലതാണ്)

അറബിയുടെ മുഖം ചുവന്നു? സംശയം തീര്‍ക്കാന്‍ അയാള്‍ ഒന്നൂടെ ചോദിച്ചു.

"മൌത്തീ" ?

"ഹൈവ.. സെയിന്‍" സുലൈമാന്‍ റിപ്ലൈ കൊടുത്തു.

പറഞ്ഞു തീരുന്നതിനു മുന്പ് തന്നെ അറബി കൈ ഒന്നാഞ്ഞു വീശി. പൊന്നിന് വില കുറഞ്ഞത് കൊണ്ടാവാം, അല്ലെങ്കില്‍ മരുഭൂമിയുടെ പ്രത്യേകത കൊണ്ടോ സുലൈമാന്‍റെ തലക്ക് മുകളില്‍ ഒരായിരം വെള്ളിയീച്ചകള്‍ ഒന്നിച്ചു മിന്നി.

----------------------------
മൌത്ത് = മരണം
മൌത്തീ = എന്‍റെ മരണമോ?

തകര്‍ക്കപ്പെടേണ്ട വ്യവസായം












മീരാ ഗഞ്ച് 
മുസാഫര്‍പൂര്‍ 
വാരാണസി 
ഗംഗ യമുനാ 
ബുധ് വാര്‍പേട്ട് 

കാമാത്തിപുര 
ജി ബി റോഡ്‌ 
സോനാ ഗച്ചി


ബാല്യവും 
കൌമാരവും 
യൗവനവും 
വിവസ്ത്രമാക്കപ്പെട്ട 
ഭാരത സ്ത്രീയുടെ 
കണ്ണീര്‍ ചാലുകള്‍


ഒരിറ്റ് സ്നേഹം 
ഇവരോടുണ്ടായിരുന്നെങ്കില്‍ 
പല അമ്മമാര്‍ക്കും 
മകളെ നഷ്ടപ്പെടില്ലായിരുന്നു


കേരളമേ നീയെത്ര ധന്യ 
നിന്‍റെ മാറിടത്തില്‍ 
പരസ്യമായ മേച്ചില്‍
പുറങ്ങളില്ലല്ലോ

Monday, June 1, 2015

നഗ്ന കാഴ്ചകള്‍ ചലിക്കുന്നതെങ്ങനെ ...




ലെഗ്ഗിന്‍സ് ആണല്ലോ പുതിയ ട്രെന്‍ഡ്. അത് കൊണ്ട് തന്നെ ലെഗ്ഗിന്‍സ് എന്താണ് എന്ന് പഠിക്കുന്നതിനു മുന്പ് സമൂഹം സ്ത്രീയെ എങ്ങനെ നോക്കി കാണുന്നു എന്ന് നോക്കാം. ആരാണ് സ്ത്രീയെ കാമ വസ്തു ആക്കി മാറ്റുന്നതെന്നും നോക്കാം.

ആധുനിക നൂറ്റാണ്ടില്‍ സിനിമയോളം ജനപ്രീതിയുള്ള മറ്റൊരു മാധ്യമം ഇല്ല എന്ന് തന്നെ പറയാം. സിനിമ എന്നത് ഒരു ദൃശ്യാവിഷ്കാരം ആണ്. സിനിമയില്‍ നിന്നുമാണ് ഫാഷന്‍ ട്രെന്‍ഡ് പടരുന്നത് എന്നത് ഒരു വസ്തുതയുമാണ്. താടിയോ മീശയോ, ലെഗ്ഗിന്‍സോ, ജീന്‍സോ, കൂളിംഗ് ഗ്ലാസ്, മൊബൈല്‍, ആഭരണം, അങ്ങനെ ഒരുപാട് സാധങ്ങള്‍ സിനിമ വഴി ക്രയവിക്രയം ചെയ്യപ്പെടുന്നുണ്ട്.

സിനിമ തന്നെ പല വിധത്തില്‍ ഉണ്ട്. വാണിജ്യ സിനിമകള്‍ , ആര്‍ട്ട്‌ മൂവീസ്, ഷോര്‍ട്ട് മൂവീസ്, സോഫ്റ്റ്‌ കോര്‍ പോണ്‍ മൂവീസ്, ഹാര്‍ഡ്കോര്‍ പോണ്‍ മൂവീസ്. ഇതിനൊക്കെ പുറമേ മ്യൂസിക് വീഡിയോസ് എന്നിവയും ഉണ്ടാവും.

സൗന്ദര്യമില്ലാത്ത അഭിനേത്രികള്‍ നായികയായി വരുന്ന സിനിമകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ? സിനിമയിലെ കഥാപാത്രം വിരൂപയാണെങ്കില്‍ പോലും സുന്ദരിയായ നായികയെ വിരൂപയാക്കി മേയ്ക്ക് അപ് ചെയ്തിട്ടാണ് സിനിമയില്‍ പ്രദര്‍ശിപ്പിക്കുക. പല ഗാന രംഗങ്ങളിലും നായികയുടെ മുലയും മൂടും ആവോളം ക്യാമറ കണ്ണുകളില്‍ ഒപ്പിയെടുക്കുകയും ചെയ്യും. ചില സിനിമകളില്‍ നമുക്ക് കാണാം ഒരു ഉത്തമ കുടുംബ ചിത്രം എന്ന്. അതായത് ഈ സിനിമ കുടുംബത്തിനു ഒന്നിച്ചിരുന്നു കാണാം എന്ന സദുദ്ദേശ മുന്നറിയിപ്പ്.

കിംഗ്‌ എന്ന സിനിമയിലെ വാണി വിശ്വനാഥ് താഴെ വീഴുന്ന കീ എടുക്കുന്ന രംഗം മനസ്സില്‍ ഇല്ലാത്ത എത്ര ചെറുപ്പക്കാര്‍ ഉണ്ടാവും നാട്ടില്‍? നടിയുടെ മുലയിടുക്കള്‍ വഴി സിനിമയിലെ മറ്റൊരു കഥാപാത്രത്തെ കെണിയില്‍ പെടുത്തുന്ന രംഗം. ആ ഒരു രംഗം കാണാന്‍ വേണ്ടി വീണ്ടും വീണ്ടും സിനിമ കണ്ടവര്‍ പോലും ഉണ്ട് ഞാന്‍ ഉള്‍പ്പെടെ. രംഗീല എന്ന സിനിമ കാണാന്‍ ആള് പോയത് അതിലെ നടിയുടെ തുറന്നു കാണിക്കല്‍ ഉള്ളത് കൊണ്ടായിരുന്നു. ഇന്നത് കാണുമ്പോള്‍ ഒന്നും ഇല്ല. അതിലധികം തുറക്കപ്പെട്ടിരിക്കുന്നു.

ജെന്നിഫര്‍ ലോപസ്, റിഹാന, ഹേമ മാലിനി, ഐശ്വര്യ റായ്, കരീന കപൂര്‍, രവീണ, ഊര്‍മിള, മോഹിനി, രംഭ, നയന്‍ താര തുടങ്ങി ശരീരത്തിന്‍റെ കാമസ്വരൂപം പ്രദര്‍ശിപ്പിക്കാത്ത എത്ര നായികമാര്‍ ഉണ്ട്. അതിനു നമ്മള്‍ വിളിക്കുന്ന ഓമനപ്പേര് ആണ് ഗ്ലാമര്‍ എന്ന്. എന്ത് കൊണ്ടാണ് ഇവരൊക്കെ ഇങ്ങനെ ശരീരം പ്രദര്‍ശിപ്പിക്കുന്നത്? തീര്‍ച്ചയായും അത് പണം ഉണ്ടാക്കാന്‍ എന്നല്ലാതെ മറ്റെന്തിനു വേണ്ടിയാണ്? കഥാപാത്രം അത് ആവശ്യപ്പെടുന്നു എന്നത് ഒരു ന്യായീകരണം മാത്രമാണ്. ഒരു ഗാന രംഗത്തില്‍ അര്‍ദ്ധനഗ്നയായി പ്രത്യക്ഷപ്പെടാന്‍ എന്ത് കഥാപാത്രം ആണ് അതില്‍ ഉള്ളത്? അതിനെയാണ് വ്യാപാരം എന്ന് പറയുന്നത്. ഒരു പെണ്ണിനെ കണ്ണുകള്‍ കൊണ്ട് ഉഴിയുക എന്നത് ഒരു പുരുഷന്‍റെ ജീനില്‍ പെട്ടത് ആണ്. ആ ജീനില്‍ ഏറ്റകുറച്ചിലുകള്‍ ഉണ്ടാവുമ്പോഴാണ് കാമ ഭ്രാന്തന്മാരും സ്വവര്‍ഗ രതിക്കാരും സെക്സില്‍ താല്‍പ്പര്യമില്ലാത്തവരും  ഉണ്ടാവുന്നത്.

ഒരു ആണ്‍കുട്ടി ഹൈസ്കൂള്‍ തലം മുതല്‍ പെണ്‍കുട്ടികളോട് സെക്സ് അപ്പീലിനാല്‍ ആകര്‍ഷിക്കപ്പെടുന്നു. അവിടം മുതലാണ്‌ ഒരുപാട് പ്രണയങ്ങള്‍ മൊട്ടിടുന്നത്. സുന്ദരിയായ പെണ്‍കുട്ടികളെയാവും ഒരുപാട് ആണ്‍കുട്ടികള്‍ നോട്ടമിടുക. സൌന്ദര്യം കുറഞ്ഞ പെണ്‍കുട്ടികള്‍ക്ക് അന്നും ഇന്നും മാര്‍ക്കറ്റ് ഇല്ല. വിവാഹ മാര്‍ക്കറ്റില്‍ പോലും. അത്ഭുതപ്പെടെണ്ട, ഏതാണ്ട് ഹൈസ്കൂള്‍ തലം മുതല്‍ ആണ്‍കുട്ടികള്‍ സോഫ്റ്റ്‌ പോണ്‍ മുതല്‍ ഹാര്‍ഡ്കോര്‍ പോണ്‍ സിനിമകള്‍ വീക്ഷിക്കാന്‍ തുടങ്ങുന്നു.

സണ്ണി ലിയോണ്‍ എന്ന പോണ്‍ സ്റ്റാര്‍ (സ്റ്റാര്‍ എന്നാല്‍ നക്ഷത്രം) പഴയ പണിയൊക്കെ നിര്‍ത്തിയിട്ട് ആണത്രേ ബോളിവുഡില്‍ വന്നത്. എന്തിനാവും നിര്‍ത്തിയത് എന്നതില്‍ ഇപ്പോഴും ഒരു ശങ്ക, എത്ര തന്നെ പോണ്‍ സിനിമയില്‍ നഗ്നയായി അനുഭവിച്ചാലും അവളുടെ ഒരു സിനിമ കണ്ടാല്‍ പോരെ ഒരാള്‍ക്ക്? സ്ഥാവര ജംഗമ വസ്തുക്കള്‍ ഒന്ന് തന്നെയായിരിക്കുമല്ലോ?

പറഞ്ഞു വന്നത് വസ്ത്രത്തെ കുറിച്ച് ആണല്ലോ, ഒരേ പോണ്‍ സ്റ്റാര്‍ തന്നെ, ടീച്ചര്‍ ആയും, വിദ്യാര്‍ഥിനിയായും, നഴ്സ് ആയും, ഹോം മെയ്ഡ് ആയും അങ്ങനെ ജീവിതത്തിലെ ഒരുപാട് കഥാപാത്രങ്ങളുടെ വേഷ പകര്‍ച്ചയിലൂടെ പോണ്‍ സിനിമ ചെയ്യുന്നുണ്ട്. കാരണം ആസ്വാദകര്‍ പല തരത്തില്‍ ആണ്. ചിലര്‍ക്ക് ടീച്ചറുടെ ഡ്രസ്കോഡ് ആയിരിക്കും പ്രിയങ്കരം, ചിലര്‍ക്ക് മിനി സ്കേര്‍ട്ട് ആയിരിക്കും, ചിലര്‍ക്ക് പര്‍ദ്ദയോ, പാവാടയോ ഇനി അതല്ല വേറെ മറ്റുവല്ലതോ ആയിരിക്കും. ഇവരെയെല്ലാം സന്തോഷിപ്പിക്കാനും ഉത്തേജിപ്പിക്കാനും ഉള്ള സിനിമകള്‍ പോണ്‍ കാറ്റഗറിയില്‍ ലഭ്യമാണ്.

ഒരു സ്ത്രീയുടെ ഏതൊരു ശരീര ഭാഗവും പുരുഷനെ സംബന്ധിടത്തോളം ആകര്‍ഷകമാണ്. അത് കൊണ്ടാണ് സ്ത്രീയെ വര്‍ണിച്ചു കൊണ്ടുള്ള കവിതകള്‍ ലോകമെമ്പാടും പടരുന്നതും. ആസ്വാദനത്തിലും മാറ്റങ്ങള്‍ ഉണ്ട്, ചിലര്‍ക്ക് സ്ത്രീയുടെ കണ്ണുകള്‍ ആയിരിക്കും ഇഷ്ടം, ചിലര്‍ക്ക് കവിള്‍, ചിലര്‍ക്ക് ചുണ്ട്, ചിലര്‍ക്ക് മുല, ചിലര്‍ക്ക് വയര്‍, ചിലര്‍ക്ക് ചന്തി, ചിലര്‍ക്ക് കാല്‍ അങ്ങനെ അങ്ങനെ പോവും. സ്തീയുടെ ചന്തിയും കണങ്കാലും ഇഷ്ടപ്പെടുന്നവനെ സംബന്ധിച്ച് നിയന്ത്രണം പോയാല്‍ അതിനു കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവന്‍റെ മനസ് അങ്ങനെയാണല്ലോ നിര്‍മിക്കപ്പെട്ടത്. ഒരു സുപ്രഭാതത്തില്‍ ഞാന്‍ ഇനി പെണ്ണിന്‍റെ ചന്തിക്ക് പകരം മുടി ഇഷ്ടപ്പെടട്ടെ എന്ന് തീരുമാനിക്കാനൊന്നും കഴിയില്ല. വേണെമെങ്കില്‍ അങ്ങോട്ട്‌ നോക്കാതിരിക്കാന്‍ ശ്രദ്ധിക്കാം എന്നൊക്കെ തീരുമാനിക്കാം.

പറഞ്ഞു വരുന്നത് എന്തെന്നാല്‍ വസ്ത്രം നോക്കി ആരെങ്കിലും എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍ അയാള്‍ അയാളുടെ അമ്മയെ , പെങ്ങളെ, മകളെ അങ്ങനെയാണോ കാണുന്നത് എന്നൊക്കെ അധിക്ഷേപിച്ച് തെറി വിളിക്കുന്നതിനു പകരം ലോകം ഇങ്ങനെയൊക്കെ തന്നെയാണ് എന്ന് മനസിലാക്കുകയും അഭിപ്രായം മുഖവിലക്ക് എടുക്കേണ്ടത് ആണെങ്കില്‍ എടുക്കുകയും തള്ളേണ്ടത് തള്ളുകയും ചെയ്യുക.

സെക്സിനോടുള്ള  പുരുഷന്‍റെ ചാപല്യം  മുതലെടുക്കുകയാണ്  ലോകം. ഇവിടെയെല്ലാം കച്ചവടം ചെയ്യപ്പെടുന്നത് സ്ത്രീ ശരീരമാണ്. അല്ലെങ്കില്‍ തുടുത്ത പൂവമ്പഴം പോലെയുള്ള പെണ്ണിന് പകരം മെലിഞ്ഞു ഒട്ടി അല്ലെങ്കില്‍ പൊണ്ണതടിയുള്ള ഒട്ടും ആകര്‍ഷണം തോന്നാത്ത നായികമാര്‍ ഉയര്‍ന്നുവരുമായിരുന്നു. സ്ത്രീ ശരീരം കച്ചവടം ചെയ്യപ്പെടാനുള്ള കാരണം അതിനു ആസ്വാദകര്‍ കൂടുതലാണ് എന്നത് തന്നെ. 

ഒരു സാധാരണ പുരുഷന്‍ എത്ര തന്നെ മറ്റുള്ളവരുടെ നഗ്നത ആസ്വദിക്കുകയാണെങ്കിലും അവനു അമ്മയെയും പെങ്ങളെയും മകളെയും തിരിച്ചറിയാന്‍ കഴിയും. അല്ലായിരുന്നെങ്കില്‍ പെങ്ങളുടെ സ്ത്രീധനത്തിനു വേണ്ടി പരക്കം പായാതെ അവന്‍ അവളെ വിവാഹം കഴിക്കുമായിരുന്നു.

എന്‍ ബി: ബിരിയാണി മുന്നില്‍ വിളമ്പി വെച്ചിട്ട് കഴിക്കരുത് എന്ന് പറയരുത് .. പ്ലീസ്...





Wednesday, May 20, 2015

ദയ അര്‍ഹിക്കാത്തവര്‍





ഇസ്ലാം ഹിന്ദൂയിസം 
ക്രിസ്ത്യാനിസം 
ബുദ്ധിസം കമ്മ്യൂണിസം 
തത്വങ്ങള്‍ കടലാസില്‍ 
മാത്രമൊതുക്കിയ 
മനുഷ്യ വാസമില്ലാത്ത 
ഹൃദയങ്ങളിലാണ് 
രോഹീങ്ക്യകള്‍ 
തണുപ്പ് പുതച്ചു 
വിശപ്പ്‌ തിന്നു ജീവിക്കുന്നത്


യൌവനം 
പൂക്കുന്നതിനു മുന്‍പേ 
ലിംഗം സ്ത്രീയായതിനാല്‍ 
ഒരു അക്രമിയുടെ 
സ്ഖലനത്തിനായി 
ചങ്ങല കുരുക്കില്‍ 
പിടഞ്ഞു തൂങ്ങി 
കോമയില്‍ 
നാല് പതിറ്റാണ്ടിന്‍റെ 
ജയിലവാസമനുഭവിച്ചവള്‍ 
അരുണ ഷാന്‍ഭാഗ്


------------------


ജസി ഫ്രണ്ട് 
ദോഹ - ഖത്തര്‍ 

Sunday, October 5, 2014

എന്നിട്ടുമെന്തേ ...... !!!



 
 
 
അത്രമേല്‍ വിശന്നിട്ടും, 
മനുഷ്യാ... ജീവന്‍റെ
അവസാന ശ്വാസവും
നിലച്ചെന്നു ഉറപ്പ്
വരുത്തിയതിനു ശേഷമാണ്
ഞാന്‍ ആഹരിക്കുന്നത്..
 
പകല് വെളിച്ചത്തില്‍
സഹോദരന്‍റെ കഴുത്തിലും 
നെഞ്ചിലും ആഴത്തില്‍
കുത്തിയിറക്കുന്ന
നിന്‍റെയീ രക്തം പുരണ്ട 
കൈകളെക്കാള്‍ വിശുദ്ധമാണ്
എന്‍റെയീ കൊക്കും നഖങ്ങളും
എന്നിട്ടുമെന്തേ ...... !!!

വീഴ്ച...

 
 
 
 
 
 
വര്‍ഷത്തിനു കൃത്യം 
പത്തുമാസം തികഞ്ഞപ്പോഴാണ് 
ഇന്ത്യക്കൊരു പുത്രന്‍ പിറന്നത് 
പിന്നീടവന്‍ വളര്‍ന്നു 
പിതാവാകുകയും ചെയ്തു
 


അഹിംസയെന്ന പദത്തിന് 
എന്തര്‍ത്ഥം എന്ന ചോദ്യത്തിനു 
ഉത്തരമായാണ് മഹാത്മാ 
എന്ന് ഇപ്പോഴും വിളിക്കപ്പെടുന്നത്
 
 
പിന്മുറക്കാര്‍ 
അഹിംസയെ ഹിംസിക്കുകയും 
മഹാത്മാവിനെ നോട്ടുകെട്ടുകളില്‍ 
തനിച്ചാക്കി യാത്ര തുടരുകയും
ചെയ്തതോടെയാണ് 
ഭാരതം പട്ടിണിയിലേക്ക്‌ 
വീണ്ടും മൂക്കും കുത്തി വീണത്













Monday, September 22, 2014

പ്രണയം

 
 
 
 
 
നിന്‍റെ മൂന്ന്‍ കഷ്ണം 
കഫന്‍ തുണിയില്‍ 
ഒടുങ്ങുന്നതല്ല 
എനിക്ക് നിന്നോടുള്ള 
പ്രണയം


ആറാമത്തെ കഷ്ണം 
കഫന്‍ തുണിയില്‍ 
ഞാന്‍ കൂടെ 
യാത്രയാവുമ്പോഴാണ് 
എന്‍റെ പ്രണയം 
പൂര്‍ണമാവുന്നത്

 

 

ദേശസ്നേഹം?

 
 
 



ദേശ സ്നേഹികള്
കൈക്കൂലി കൊടുക്കുന്നു
പലിശ വാങ്ങുന്നു
ബാലവേലയെടുപ്പിക്കുന്നു

 
ദേശസ്നേഹികള്‍
നികുതി വര്‍ധിപ്പിക്കുന്നു
ഇന്ധന വില ഉയര്‍ത്തുന്നു
പൊതു ഖജനാവില്
കയ്യിട്ടു വാരി തിന്നുന്നു

 
ഇതിനെല്ലാമപ്പുറം
പരസ്പരം ചേരി തിരിഞ്ഞു
കൊന്നും കൊല വിളിച്ചും
ദേശ സ്നേഹം ഊട്ടിയുറപ്പിക്കുന്നു

 
ദേശസ്നേഹികള്‍
നാവു കൊണ്ട്
ജീര്‍ണിച്ച മനസും
പകയും വിദ്വേഷവും
നിറച്ച കൊട്ടാരം പണിതിരിക്കുന്നു
പുറമേ നിന്ന് കണ്ടാല്‍
സുന്ദരമായൊരു കൊട്ടാരം


ദേശസ്നേഹികള്‍
ഇനിയും വിതക്കാന്‍
പഠിക്കേണ്ടിയിരിക്കുന്നു
വെള്ളവും വളവും നല്‍കി
ദേശത്തെ പുഷ്പിപ്പിച്ചെടുക്കാന്‍
ഇനിയെത്ര കാലമെടുക്കും


 
സത്യത്തില്‍
ദേശസ്നേഹമെന്നാല്‍
ശത്രു രാജ്യത്തെ
തെറിവിളിക്കുന്നതില്‍
ഒതുക്കി നിര്‍ത്തപ്പെട്ടിരിക്കുന്നു

Saturday, July 26, 2014

അറിയാതൊരു നോമ്പ്

 
മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആണ് നോമ്പ് എന്ന സാഹസം എടുക്കാന്‍ തീരുമാനിക്കുന്നത്. അത് അഞ്ചാം തരം വരെ അര നോമ്പ് എടുത്താല്‍ മതി എന്ന് ഉമ്മ പറഞ്ഞപ്പോള്‍ ആണ് സന്തോഷമായത്. ചെറുപ്പം മുതലേ വിശപ്പ്‌ പിടിച്ചു വെക്കാന്‍ എനിക്ക് കഴിയില്ല എന്നത് തന്നെ. എന്നേക്കാള്‍ ഒരുപാട് ഇളയ എന്‍റെ കസിന്‍ പറയുമായിരുന്നു "ജസികാക്കക്ക് വെള്ളത്തിനോട് പോലും നുണയാ" എന്ന്. ആര്‍ക്ക് വെള്ളം കൊടുക്കുന്നത് കണ്ടാല്‍ പോലും എനിക്ക് വേണത്രേ.. ങ്ഹാ .. ആരോര്‍ക്കുന്നു അതൊക്കെ.
അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ തീരുമാനിച്ചുറപ്പിച്ചു ഇന്നൊരു നോമ്പ് എന്തായാലും എടുക്കും. ഉമ്മ പറയുകയും ചെയ്തു ഒന്നിടവിട്ട് എടുത്താല്‍ മതിയെന്ന. മതീല്ലോ.. ധാരാളം. എന്നാല്‍ പിന്നെ അങ്ങനെ ആയിക്കോട്ടെ എന്ന് കരുതി. വീട്ടില് ടീവിയോന്നും ഇല്ലാത്ത കാലമായിരുന്നു അന്ന്. നോമ്പിനു സമയം കളയണ്ടേ. കൂട്ടുകാരോടൊപ്പം പുഴവക്കത്ത് പോയിരിക്കുക, പുഴയില്‍ കുളിക്കുക എന്നൊക്കെയായിരുന്നു ഹോബി. പാമ്പും കോണിയും, ലുഡോബോഡ് എന്നിവ ഉച്ചക്ക് ശേഷത്തെ കളി. അധിക കുട്ടികളും പാട്ടയുമായിട്ടായിരുന്നു പുഴയില്‍ വരാറ്. കാരണം മുങ്ങി കുളിച്ചാല്‍ നോമ്പ് മുറിയുമത്രേ. ചെവിയില്‍ വെള്ളം കയറാനുള്ള സാധ്യത വെച്ച് കൊണ്ട് ചിലരൊന്നും മുങ്ങി കുളിക്കില്ല. എന്നാല്‍ എനിക്കതൊന്നും പ്രശ്നമില്ല. ഞാന്‍ എങ്ങനെയും കുളിക്കും. ചെവി വിരല്‍ കൊണ്ട് പൊത്തി പിടിച്ചാല്‍ പോരെ? ഹും പിന്നല്ല.
അങ്ങനെ പുഴയില്‍ നീന്തിതുടിച്ചു ക്ഷീണിച്ചു വീട്ടിലെത്തിയ ഉടന്‍ ഞാന്‍ അറിയാതെ ജഗ്ഗില്‍ കിടന്ന വെള്ളം എടുത്ത് കുടിച്ചു. ഇത് കണ്ട ഇത്താത്ത ഓടിപോയി ഉമ്മയോട് പറഞ്ഞു. ഉമ്മാ എച്ചിന്‍റെ നോമ്പ് മുറിഞ്ഞേ .. ഓന്‍ വെള്ളം കുടിച്ചു. (എന്നെ അവള്‍ അങ്ങനെയാ വിളിക്ക്വാ.. വിഡ്ഢി കൂശ്മാണ്ഡം. ന്‍റെ നല്ലോരു പേര് വെടക്കാക്കാന്‍ ഇറങ്ങി തിരിച്ചവള്‍ ) അത് കേട്ട് ഉമ്മ എന്നോട് ചോദിച്ചു. "നേരാണോ നീ വെള്ളം കുടിച്ചോ" ഞാന്‍ പറഞ്ഞു അറിയാതെ കുടിച്ചു പോയതാണെന്ന്. അപ്പോള്‍ ഉമ്മ പറഞ്ഞു. സാരല്യ, അറിയാതെ കുടിച്ചാല്‍ നോമ്പ് മുറിയില്ല എന്ന്. അപ്പോഴാണ്‌ എനിക്ക് സമാധാനമായത്.
ആദ്യനോമ്പല്ലേ, ഉമ്മ പറഞ്ഞു. "മോന്‍ പള്ളിയിലോക്കെ പോയി നിസ്കരിച്ചിട്ടു വാ.. എന്നിട്ട് കുറച്ചു കിടന്നുറങ്ങിയാല്‍ മതി. അപ്പോഴേക്കും വൈകുന്നേരമാവും."
അപ്രകാരം ഞാന്‍ പള്ളിയിലേക്ക് നടന്നു. പള്ളിയില്‍ എത്തിയില്ല. അതിന് മുന്‍പേ വയറ്റീന്നു കാളല്‍ തുടങ്ങി. ഹെന്‍റെ റബ്ബേ കുടുങ്ങിയോ? കുറച്ചു വെള്ളം കുടിച്ചതാണ് പ്രശ്നമായത്. അത് വരെ ഒന്നുമില്ലായിരുന്നു. അങ്ങനെ ഒരുവിധം നടന്നു പള്ളിയില്‍ എത്തി. ഹൌ.. ദാ കിടക്കുന്നു ഹൌള്.. നിറയെ വെള്ളം. എല്ലാവരും കയ്യും മുഖവും കഴുകുന്ന സ്ഥലം. എന്തായാലും വേണ്ട, ഒരിറക്ക് കുടിച്ചാല്‍ ഒന്നും ഒരു പ്രശ്നവും ഉണ്ടാവില്ല. അത്രക്ക് ദാഹിചിട്ടല്ലേ. പിന്നെ ചുറ്റും നോക്കി, ഭാഗ്യം ആരും പള്ളിയില്‍ എത്തിത്തുടങ്ങിയിട്ടില്ല. രണ്ടിറക്ക് വെള്ളം കുടിച്ചു. ഒരുമാതിരി ഇരുമ്പിന്‍റെ ചുവയുള്ള വെള്ളം. കുടിക്കേണ്ടിയിരുന്നില്ലെന്ന് തോന്നി. പടച്ചോനെ പൊറുക്കണേ..
നമസ്കാരം കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ ക്ഷീണം കൂടി. ഉടനടി എന്തേലും ചെയ്തെ പറ്റുള്ളൂ. ഇപ്പൊ ദാഹമല്ല നല്ല വിശപ്പാണ്. വീട്ടിലേക്ക് ഷോര്‍ട്ട്കട്ട് അടിച്ചു നടന്നാല്‍ വേഗം എത്തും. പഴയ ഒരു ഡോകടര്‍ താമസിച്ച വീടുണ്ട്. അവിടെ ഇപ്പോള്‍ ആരുമില്ല. അത് വഴി മുറിച്ചു കടന്നാല്‍ എളുപ്പം വീടെത്താം. മതില് ചാടി അതിലൂടെ നടന്നു. ഹമ്പടാ ദേ നോക്ക്യേ .. നല്ല എളോര്‍ മാങ്ങ കിടക്കുന്ന കിടപ്പ് കണ്ടാ. ഒന്ന് കൈ ഏന്തിയാല്‍ കിട്ടും മാങ്ങ. അത്ര താഴെ. ആ വീട്ടില്‍ നിന്നും ആദ്യമായാണ് ഞാന്‍ ഇങ്ങനെ മാങ്ങ കാണുന്നത്. നോമ്പ് തുറന്നിട്ട്‌ കഴിക്കാമെന്നു കരുതി മെല്ലെ സൂക്ഷിച്ചു ആരോ നോക്കുന്നോ എന്നൊക്കെ ചുറ്റുപാടും നോക്കി ഒരെണ്ണം പറിച്ചെടുത്തു. മാങ്ങയുടെ കണ്ണിപൊട്ടി മണം മൂക്കിലടിച്ചതോട് കൂടെ വിശപ്പ്‌ കൂടി. അള്ളാ.. സഹിക്കാന്‍ പറ്റുന്നില്ല.. അപ്പോഴാണ്‌ ഉമ്മ പറഞ്ഞത് അറിയാതെ എന്തെങ്കിലും കുടിച്ചാലോ തിന്നാലോ നോമ്പ് മുറിയില്ല എന്ന്. എന്‍റെ ഉള്ളിലെ മുഫ്തി വര്‍ക്ക് ചെയ്യാന്‍ തുടങ്ങിയത് അന്ന് മുതലായിരിക്കും. കൊടുത്ത് ഫത് വ .. ധൈര്യായിട്ട് കഴിച്ചോ.. കണ്ണടച്ച് കഴിച്ചാല്‍ മതി. എന്നിട്ട് അറിയാതെ ആണെന്ന് ഉദ്ദേശിക്കുക. സംഗതി സിമ്പിള്‍. . ,
അങ്ങനെ ആരും അറിയാതെ മാങ്ങ തിന്നു അവിടത്തെ കിണറ്റില്‍ നിന്നും വെള്ളം കുടിച്ചു വായ കൊപ്ലിച്ചു മാങ്ങയുടെ മണമൊക്കെ മാറ്റി. വിശപ്പ്‌ കൂള്‍ ആയി പമ്പ കടന്നു. പള്ളിയിലേക്ക് ക്ഷീണിച്ചു നടന്ന മകന്‍ തിരിച്ചു പതിന്മടങ്ങ് ഉന്മേഷത്തോടെ വന്നത് കണ്ടപ്പോള്‍ ഉമ്മ ചോദിച്ചു. "അല്ലെടോ .. നീ എന്തേലും കഴിച്ചോ?" . അപ്പോള്‍ ശരിക്കും അറിയാതെ "ഉം" എന്ന് ഞാന്‍ പറഞ്ഞു. ശ്ശെടാ അബദ്ധം പറ്റിയല്ലോ.. ഇനി എന്ത് ചെയ്യും? "ങേ.. തലോമ്പായിട്ട് നീ എന്താ തിന്നത്?" ഉമ്മ അതിശയത്തോടെ ചോദിച്ചു. ഉമ്മയോട് കള്ളം പറയാന്‍ തോന്നിയില്ല. ഞാന്‍ പറഞ്ഞു അതുമ്മാ വരുന്ന വഴി ഞാന്‍ അറിയാതെ, അതെ സത്യമായിട്ടും അറിയാതേ ഒരു മാങ്ങ തിന്നുപോയി. തിന്നു കഴിഞ്ഞപ്പോള്‍ ആണ് നോമ്പ്ള്ളത് ഓര്‍മയായത്" ഉമ്മ അന്ന് തലയില്‍ വെച്ച ആ കൈ ഇന്നും എന്‍റെ മനസിലുണ്ട്. ഏതായാലും വൈകുന്നേരം അസര്‍ നിസ്കരിച്ചു വന്നപ്പോള്‍ എനിക്ക് കഴിക്കാന്‍ വേണ്ടി പത്തിരിയും ഇറച്ചിക്കറിയും ഒരുക്കി വെച്ചിരിക്കുന്നു. എന്നിട്ട് ഉമ്മ പറഞ്ഞു "ഇത് നീ അറിയാതെ അങ്ങ് തിന്നോളൂ ട്ടോ. നാളെ ഇത് ആവര്‍ത്തിക്കരുത്" പക്ഷെ ഞാന്‍ ചമ്മിയത് അപ്പോള്‍ അല്ല, ആണായ എനിക്ക് വിശപ്പ്‌ സഹിക്കാന്‍ കഴിയാതെ ഇരിക്കുമ്പോള്‍ വെറും ഒരു പെണ്ണായ അതും ഒരു വയസിന്റെ മാത്രം മൂപ്പുള്ള ന്‍റെ പെങ്ങള്‍ എന്നെ നോക്കി ചിരിച്ചത് കണ്ടപ്പോള്‍ ആയിരുന്നു. ങാ.. മാനം ഏതായാലും പോയി, ഇനി പത്തിരീം ഇറച്ചീം കഴിക്കട്ടെ..
*ഹൌള് - പള്ളിയില്‍ വുദു ഉണ്ടാക്കുന്നതിനു വേണ്ടി വെള്ളം നിറച്ചു വെച്ച ഭാഗം 
*തലോമ്പ് - ആദ്യത്തെ നോമ്പ് 
*മുഫ്തി - ഫത് വ നല്‍കുന്ന പണ്ഡിതന്‍
--------------------------------------------- ശുഭം ---------------------------------------

 

ജസി ഫ്രണ്ട്

ദോഹ - ഖത്തര്‍