Tuesday, November 26, 2013

ജിന്നും ഞാനും




ഞാനും കണ്ടിരുന്നു ജിന്നിനെ.. ഇപ്പോഴല്ല പണ്ടൊരിക്കല്‍.


സമയം രാത്രി പന്ത്രണ്ടു മണി, കോഴിക്കോട് പുഷ്പയില്‍ നിന്നും കിന്നാര തുമ്പികള്‍ കണ്ടതിനു ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പഴയ മോഡല്‍ ബൈക്ക് ആണ്. കെ ബജാജ്. വരുന്ന വഴി പെട്രോള്‍ തീര്‍ന്നു. ശോ.. എന്ത് ചെയ്യും? സിനിമയുടെ ത്രില്ലില്‍ വരുന്ന വഴി പെട്രോള്‍ അടിക്കാന്‍ മറന്നു. ആ മനോഹര രംഗങ്ങള്‍ മനസ്സില്‍ താലോലിച്ചു വരുമ്പോള്‍ ആണ് പണ്ടാരമടങ്ങാന്‍ പെട്രോള്‍ തീരുന്നത്. ടാങ്ക് തുറന്നു ശക്തിയായി ഊതി. അത്ഭുതകരമെന്നു പറയട്ടെ, വാഹനം സ്റ്റാര്‍ട്ട്‌ ആയി. അങ്ങനെ ഒരു കിലോമീറ്റര്‍ കൂടി മുന്നോട്ടു പോയി. വീണ്ടും ഊതി. ഊത്ത് മാത്രം ബാക്കിയായി. കിക്കര്‍ അടിച്ചു കിക്കര്‍ അടിച്ചു കിക്കര്‍ ഒടിഞ്ഞു തൂങ്ങി. സമാധാനം! ഞാന്‍ വണ്ടി മെല്ലെ ഉരുട്ടാന്‍ തുടങ്ങി. അപ്പോഴാണ്‌ മുന്നില്‍ ഒരു വെളിച്ചം കാണുന്നത്. നോക്കുമ്പോള്‍ പെട്രോള്‍ പമ്പ്. ഹാവൂ സമാധാനമായി. പെട്രോള്‍ അടിക്കാന്‍ വേണ്ടി അവിടെക്കു കയറി. അപ്പോള്‍ ഒരു സുന്ദരിയായ പെണ്‍കുട്ടി ഇറങ്ങി വന്നു പെട്രോള്‍ അടിച്ചു തന്നു. അവള്‍ എന്നെ നോക്കി ഒന്ന്‍ കണ്ണിറുക്കി. ഞാന്‍ ആകെ ഹര്‍ഷ പുളകിതനായി. നമ്മുടെ ശക്കീലചേച്ചിയുടെ അതെ ഭംഗി. അതേ ഉടല്‍, അതേ സാരി.. വോ.. വോ.. അവളോടൊപ്പം ആ രാത്രി ചിലവഴിക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും നേരം വൈകിയാല്‍ ഉമ്മ വഴക്ക് പറയും എന്നതോര്‍ത്ത് നാളെ കാണാം എന്ന് പറഞ്ഞു ഞാന്‍ വേഗം വീട്ടിലേക്ക് തിരിച്ചു. പിറ്റേന്നു അവളെ കാണാന്‍ വേണ്ടി രാവിലെ തന്നെ വേഗം തന്നെ വണ്ടിയെടുത്ത് പാഞ്ഞു. ഞാന്‍ എന്താ പറയാ.. അവിടെ പെട്രോള്‍ സ്റ്റേഷനും ഇല്ല ആ പെണ്‍കുട്ടിയും ഇല്ല. എനിക്ക് വണ്ടിയില്‍ പെട്രോള്‍ അടിക്കാന്‍ വേണ്ടി ഏതോ ഷക്കീല ഫാന്‍ ആയ ജിന്ന് വന്നതായിരുന്നു.

അതിനു ശേഷം പെട്രോള്‍ കുറച്ചു വെച്ചു ഒരു പാട് രാത്രി ഷക്കീല പടം കാണാന്‍ പോയി. പക്ഷെ പെട്രോള്‍ തീര്‍ന്നു വണ്ടി ഉരുട്ടിയത് മിച്ചം. ജിന്നുമില്ല കോപ്പുമില്ല. പക്ഷെ ഞാന്‍ വിട്ടില്ല, അവളെ കണ്ടിട്ടു കൊതി തീര്‍ന്നിട്ടില്ല. ഒരിക്കല്‍ കൂടി കണ്ടിട്ടേ ഞാന്‍ വിടുള്ളൂ എന്ന രീതിയില്‍ വീണ്ടും വീണ്ടും ഷക്കീല പടത്തിനു പോയി കൊണ്ടിരുന്നു.

ഒരിക്കല്‍ മുക്കം പീ സി യില്‍ നിന്നും പാതി രാത്രി പടം കഴിഞ്ഞു വരുമ്പോള്‍ അവളുടെ അമ്മായിയുടെ മകള്‍ ആയ മറ്റൊരു ജിന്ന് വന്നു എന്‍റെ കയ്യില്‍ ഒരു കത്ത് തന്നു. അത് മറ്റവളുടെ വിവാഹ ക്ഷണം ആയിരുന്നു. പ്രിന്റിംഗ് പ്രസ് ചൊവ്വയില്‍ എന്നാണു രേഖപ്പെടുത്തിയത്. എന്നാല്‍ അവിടെക്ക് പോവാന്‍ വണ്ടി ഇല്ലാത്തതിനാല്‍ ആ ആഗ്രഹവും പോയി. ആ കത്തിനുള്ളില്‍ അവളുടെ കൈ പടയില്‍ എഴുതിയ രണ്ട് വാക്കുകള്‍ ഉണ്ടായിരുന്നു.

"ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ ഞാന്‍ ജിന്നിനെ കണ്ടു എന്നും പറഞ്ഞു കൊറേ കോപ്പന്മാര്‍ വരും, നീ അതില്‍ വിശ്വസിക്കരുത്"

അതില്‍ പിന്നെ ഞാനിന്നും ജിന്നിനെ കണ്ടു എന്ന് പറയുന്നവരെ വിശ്വസിക്കാറില്ല*.

* പ്രവാചകന്മാര്‍ ഒഴികെ.

Friday, November 22, 2013

സദാചാരം







മദ്യപാനത്തില്‍ നിന്നും അവനെ തടയാന്‍ ശ്രമിച്ചു 
ആളുകള്‍ എന്നെ സാദാചാര വാദിയെന്ന് വിളിച്ചു 

മയക്ക് മരുന്നില്‍ നിന്ന് അവനെ തടയാന്‍ ശ്രമിച്ചു 
ആളുകളെന്നെ വീണ്ടും സദാചാരവാദിയാക്കി 

അവന്‍റെ സ്വഭാവം മോശമായി വന്നു 
കള്ളും പെണ്ണും അവനു ലഹരി പകര്‍ന്നു 

പതിനാറു വയസ്സുള്ള അയല്‍വാസി പെണ്ണിന്‍റെ 
ശരീരത്തില്‍ അവന്‍റെ കണ്ണുകള്‍ ഉടക്കി 

അവളെയും അവനെയും ഞാന്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു 
ജനക്കൂട്ടം ഓടി വന്നന്നെ തെറിവിളിച്ചു 
എന്നെ തീവ്രവാദിയും ഭീകരനുമാക്കി ജയിലിലടച്ചു 

ഇന്ന്‍ ജയിലിലെ പുതിയ അന്തേവാസിയായി 
ഞാന്‍ അവനെ കണ്ടു 
പതിനാറുകാരിയെ ഗര്‍ഭിണിയാക്കി കൊന്നു
കളഞ്ഞതായിരുന്നു അവന്‍റെ മേലുള്ള കുറ്റം. 

ഫെയ്സ്ബുക്കില്‍ ഇന്ന് അവന്‍റെ ലിംഗം അരിയണമെന്ന് 
സ്റ്റാറ്റസ് ഇടുന്നവര്‍ എന്നെ സദാചാരവാദിയാക്കിയവരത്രെ!

ജസി ഫ്രണ്ട് 
ദോഹ - ഖത്തര്‍ 

Thursday, November 14, 2013

ടെക്നോളജിയുടെ വിജയം..





സുഖമായി ഉറങ്ങുകയായിരുന്നു. അപ്പോഴാണ്‌ അതി രാവിലെ തന്നെ ഒരു ഫോണ്‍ കോള്‍ . ആരാണെന്ന് അറിയാനായി കണ്ണ്‍ തിരുമ്മി നോക്കി. ങേ.. ഇത് നമ്മുടെ സഹമുറിയന്‍ ആണല്ലോ. ഇവന്‍ ഇത്ര രാവിലെ എങ്ങോട്ടു പോയി? അവന്‍ കിടക്കുന്ന ബെഡ്ലേക്ക് നോക്കി.. ഇല്ല അവന്‍ അവിടെ ഇല്ല. ഏതായാലും ഫോണ്‍ എടുത്ത് നോക്കട്ടെ. 

"ഹലോ" 

"ഇത് ഞാനാ" 

"ങാ.. അത് മനസ്സിലായി, എന്താ കാര്യം?" 

"ഉം.. പിന്നേയ്.. ഞാന്‍ തോര്‍ത്ത് എടുക്കാന്‍ മറന്നു" 

"അതിനിപ്പോ നീ എവിടെയാ?" 

"ഞാന്‍ ബാത്ത്റൂമില്‍ ആണ്. എന്‍റെ തോര്‍ത്ത് ഒന്ന്‍ എടുത്ത് ഇങ്ങോട്ട് വാ" 

"കള്ള തെണ്ടി, നീ മൊബൈല്‍ എടുക്കാന്‍ മറന്നില്ലല്ലോ... (&#@###%%........." 

"നീ വേഗം കൊണ്ട് വാടാ പന്നീ" 

പന്നി വിളി കേട്ടപ്പോള്‍ സമാധാനമായി. വേഗം തോര്‍ത്ത് എടുത്ത് കുളിമുറിയില്‍ കൊണ്ട് കൊടുത്ത്. തോര്‍ത്ത് വാങ്ങുമ്പോള്‍ പഹയന്‍ പറയുകയാ.. 

"ഡാ ചെറ്റേ... നിനക്കല്ലേ വാട്സ് ആപ്പില്‍ മെസേജ് അയച്ചത് ഇതെടുത്ത് വരാന്‍..? വെറുതെ ഫോണ്‍ ചെയ്ത് എന്‍റെ പൈസ പോയി. #@#$#%$ .... 

-----------------------------------------------------------------------

Saturday, October 12, 2013

സച്ചിന്‍













കുട്ടിക്കാലത്ത് ക്രിക്കറ്റ് കളിച്ചു നടക്കുമ്പോള്‍ മനസ്സിലെ താരം സച്ചിന്‍ ആയിരുന്നില്ല. അസറുദ്ദീന്‍ ആയിരുന്നു സ്നേഹത്തോടെയും പ്രതീക്ഷയോടെയും നോക്കി കണ്ട ക്രിക്കറ്റ് താരം. ഇന്ത്യ എന്ന രാജ്യത്ത് അസറുദ്ദീനെ പോലെ ഒരു മുസ്ലിം ക്രിക്കറ്റര്‍ ഉയരങ്ങള്‍ കീഴടക്കിയപ്പോള്‍ സ്വാഭാവികമായും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നത് ഒരു ക്രിക്കറ്റര്‍ എന്നതിലുപരി അദ്ദേഹം ഒരു മുസ്ലിം ക്രിക്കറ്റര്‍ എന്ന മത വര്‍ഗീയബോധം മനസ്സില്‍ അന്നുണ്ടായിരുന്നത് കൊണ്ടാണ്. ഒരുപാട് ആരാധകര്‍ ഉള്ള അസരുദ്ദീന് മുകളില്‍ ഒരു മറ്റൊരു ക്രിക്കറ്റര്‍ വരുന്നത് എനിക്കിഷ്ടമില്ലായിരുന്നു. അതും അസറുദ്ദീന്‍റെ ആരാധകര്‍ അദ്ദേഹത്തിന് ആളെ കൂട്ടാനായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആര്‍ എസ് എസുകാരന്‍ ആണെന്ന് കാതില്‍ മന്ത്രമോതി തരുന്ന സമയം. സച്ചിന്‍ സെഞ്ചുറി അടിക്കുമെങ്കിലും രാജ്യത്തെ ജയിപ്പിക്കാന്‍ അസറുദ്ദീന്‍ തന്നെ വേണമെന്ന് അവര്‍ മണിക്കൂറില്‍ അറുപതു തവണ പറഞ്ഞുറപ്പിക്കുമായിരുന്നു.

അത് കൊണ്ട് തന്നെ ഏത് കളി ആയാലും ആര്‍ എസ് എസുകാരനായ സച്ചിന്‍ ഡക്ക് ഔട്ട്‌ ആയി പവലിയനിലേക്ക് മടങ്ങുന്നത് കാണാനും അസറുദ്ദീന്‍ സെഞ്ചുറി അടിച്ചു ടീമിനെ വിജയിപ്പിക്കുന്നത് കാണാനും ഒരുപാട് കൊതിച്ചു. പലപ്പോഴും സച്ചിനില്ലാതെ ഇന്ത്യന്‍ ടീം വിജയിക്കുന്നത് കണ്ടപ്പോള്‍ ആര്‍ എസ് എസുകാരനായ സച്ചിനെതിരായ വികാരം കൂടി കൂടി വന്നു.

ഇന്ത്യന്‍ മുസല്‍മാന്‍റെ അഭിമാനമെന്നു മനസ്സില്‍ കരുതി പോന്ന അസര്‍ ആദ്യ ഭാര്യയെ ഒഴിവാക്കി സിനിമാ നടിയായ സംഗീത ബിജലാനിയെ വിവാഹം കഴിച്ചപ്പോള്‍ മുതല്‍ക്കാണ് അസറുദ്ദീന്‍ എന്ന പ്രതിഭയുടെ മുകളിലേക്ക് അദ്ദേഹത്തോട് ഉള്ള ഇഷ്ടം എന്നില്‍ കുറഞ്ഞു വരുന്നത്. എങ്കിലും അദ്ദേഹത്തിന്‍റെ ക്രിക്കറ്റ് കളിയെ തള്ളിപറഞ്ഞില്ല. കാരണം സച്ചിന്‍ എന്ന ആര്‍ എസ് എസുകാരന്‍ തന്നെ. സച്ചിന് പകരം ഗാംഗുലിയെയും ദ്രാവിഡിനെയും മുഹമ്മദ്‌ കൈഫിനെയും മനസ്സില്‍ കുടിയിരുത്തി. പക്ഷെ അതിനു മുന്പ് തന്നെ ക്രിക്കറ്റ് എന്ന കളിയെ ഞാന്‍ ജീവിതത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. വെറും മൂന്ന്‍ വര്ഷം മാത്രമായിരുന്നു ഞാന്‍ ക്രിക്കറ്റിനു പിറകെ നടന്നിരുന്നത്. അതിനു ശേഷം ക്രിക്കറ്റ് എന്ന പിരാന്തന്‍ കളിക്ക് പിറകെ നടന്നിട്ടില്ല.

അപ്പോള്‍ പറഞ്ഞു വരുന്നത് സച്ചിനെ കുറിച്ചാണല്ലോ. പിന്നീട് എപ്പോഴാണ് സച്ചിന്‍ ആര്‍ എസ് എസുകാരനോ, മത വര്‍ഗീയ വാദിയോ അല്ല എന്ന് മനസ്സിലായത് എന്ന് എനിക്കിപ്പോള്‍ ഓര്‍ക്കാന്‍ കഴിയുന്നില്ല. കോഴവിവാദങ്ങളില്‍ പെടാതെ, അഹങ്കാരമോ അനാവശ്യവിവാദങ്ങളോ ഇല്ലാതെ ലോക ക്രിക്കറ്റിന്‍റെ ഉന്നതങ്ങളില്‍ വിഹരിക്കുന്ന സച്ചിന്‍ എന്ന പ്രതിഭ കാലക്രമേണ ആദരവ് പിടിച്ചു പറ്റുകയായിരുന്നു. മഹത്തായ ഒരു കളിക്കാരന്‍ എന്നതില്‍ ഉപരി മഹത്തായ ഒരു മനുഷ്യന്‍ എന്ന നിലയിലേക്ക് സച്ചിന്‍ എന്ന മനുഷ്യനെ എനിക്ക് ഇഷ്ടമാവാന്‍ തുടങ്ങി. പ്രതിഭയുല്ലവര്‍ക്ക് അഹങ്കാരം ഉണ്ടാവില്ല എന്നതിന് ഉത്തമ ഉദാഹരണമായി ഇന്ത്യക്ക് അഭിമാനപൂര്‍വ്വം ലോകത്തിനു മുന്നില്‍ വിളിച്ചു പറയാന്‍ പറ്റുന്ന പേരാണ് സച്ചിന്‍ രമേശ്‌ ടെണ്ടുല്‍ക്കര്‍.

വര്‍ഗീയ ഇല്ലാത്ത സച്ചിനെ മനസിലാക്കാന്‍ ആദ്യകാലത്ത് കഴിഞ്ഞില്ല എന്നത് ഇന്നും ഒരു കുറ്റബോധം ആയി മനസ്സില്‍ കിടക്കുന്നു. സ്പോര്‍ട്സിലും ആര്ടിലും ആരാണ് വര്‍ഗീയത് കുത്തിനിറക്കുന്നത് എന്ന് എനിക്കിപ്പോഴും മനസ്സിലാവുന്നില്ല. അത്കൊണ്ട് എന്താണ് ലാഭമെന്നും അറിയില്ല. ആരായാലും അതിനെതിരെയാവട്ടെ ഇനിയുള്ള നാളുകള്‍. പാര്‍ലമെന്റില്‍ ഇന്ത്യന്‍ ജനതക്ക് വേണ്ടി എന്തെങ്കില്‍ കാര്യമായി ചെയ്യാന്‍ സച്ചിന് സാധിക്കട്ടെ എന്നാത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. ഉയരങ്ങള്‍ കീഴടക്കിയ സച്ചിന് പൊതുജന സേവനത്തിലും അത് സാധ്യമാവട്ടെ എന്ന് ആത്മാര്‍ഥമായി ആശംസിക്കുന്നു.


പറയാന്‍ മറന്നത്... കുറെ കാലത്തിനു ശേഷം കുത്തിയിരുന്ന് കണ്ടക്രിക്കറ്റ് മത്സരം സച്ചിന്‍റെ നൂറാം സെഞ്ചുറി ആണ്.. :)

Saturday, October 5, 2013

ഞാന്‍ പ്രശസ്തനായ കഥ


 
 
 
 
 
 ചില അക്ഷരങ്ങള്‍ ഉച്ചരിക്കാന്‍ എനിക്ക് കഴിയില്ല. എന്‍റെ നാവു വഴങ്ങൂല്ല. "ഴ" എന്ന് എഴുതാന്‍ അല്ലാതെ പറയാന്‍ ഇപ്പോഴും എനിക്കറിയൂല്ല. അത് പോലെ വേഗത്തില്‍ സംസാരിക്കുമ്പോള്‍ ചിലപ്പോള്‍ രസകരമായ പല പ്രയോഗങ്ങളും എന്നില്‍ നിന്നും പ്രതീക്ഷിക്കാം. ഇപ്പോള്‍ അതിനൊക്കെ കുറച്ചു കുറവുണ്ടെങ്കിലും സ്കൂളില്‍ പഠിക്കുന്ന സമയത്ത് എന്നെ പ്രശസ്തനാക്കിയ ഒരു കവിതയുണ്ട്. ഇപ്പോഴും ഈ കവിത ചൊല്ലി എന്നെ കളിയാക്കുന്നവര്‍ ഉണ്ട്. അതിലൊന്നും എനിക്ക് പരാതിയോ പരിഭവമോ ഇല്ല. അവര്‍ കളിയാക്കുമ്പോള്‍ സ്കൂള്‍ മുറ്റത്തേക്ക് തിരിച്ചു ചെല്ലാന്‍ ഒരവസരം കിട്ടുന്നു എന്നത് കൊണ്ട് ഞാന്‍ ഇന്നും അത് ആസ്വദിക്കുന്നു.

രണ്ടാം ക്ലാസില്‍ (അല്ലേല്‍ മൂന്നില്‍, അല്‍ഷിമേഴ്സ് കാരണം ഒന്നും ഓര്‍മ വരുന്നില്ല) പഠിക്കുമ്പോള്‍ ആയിരുന്നു ആ കവിത ശ്രീദേവി ടീച്ചര്‍ ഞങ്ങളെ പഠിപ്പിച്ചത്. സ്നേഹമയിയായ ഇത് പോലെ ഒരു ടീച്ചര്‍ നിങ്ങള്‍ക്കും ഉണ്ടാവാം. എന്നാല്‍ എന്നെ ഒരുപാട് ഇഷ്ടപെട്ട ടീച്ചര്‍, എനിക്കും ഒരുപാടു ഇഷ്ടമുള്ള ടീച്ചര്‍, അതായിരുന്നു ശ്രീദേവി ടീച്ചര്‍. നാട്ടില്‍ പോവുമ്പോള്‍ ടീച്ചറെ കാണാന്‍ പോവണം എന്ന് ആഗ്രഹിക്കും. പക്ഷേ സമയക്കുറവോ മടിയോ കാരണം പോവാന്‍ സാധിച്ചിട്ടില്ല.

അപ്പോള്‍ പറഞ്ഞത് വന്നത് കവിത.. ടീച്ചര്‍ എന്നോട് ആ കവിത ക്ലാസില്‍ വെച്ചു ഉറക്കെ ചൊല്ലാന്‍ പറഞ്ഞു. ഞാന്‍ അന്നേ "സ്മാര്‍ട്ട്‌" ആയ കാരണം ഒരു ഉളുപ്പും ഇല്ലാതെ ചൊല്ലി. പാടി മുഴുവനാക്കാന്‍ ടീച്ചര്‍ സമ്മതിച്ചില്ല. ഞാന്‍ നോക്കുമ്പോള്‍ ടീച്ചര്‍ ഇങ്ങനെ ചിരിചോണ്ടിരിക്കുന്നു. എനിക്കൊന്നും മനസ്സിലായില്ല. അപ്പോള്‍ ടീച്ചര്‍ കുട്ടികളോട് പറഞ്ഞു.

"ദാ.. ജസി പാടിയത് ഇങ്ങനെയാണ്. കേട്ടോളൂ ട്ടോ...

കൂത്തരേ നോക്കുവിന്‍ അമ്പയ കൊമ്പത്തെ കൂത്തിലെ പൈങ്കിളി മുത്തയിത്തു"

ഇത് കേട്ട പാടെ പിള്ളേരെല്ലാം കൂട്ടച്ചിരി... എന്‍റെ ക്ലാസിലെ മാത്രമല്ല, മൂന്നാല് ക്ലാസുകളിലെ കുട്ടികള്‍ ഒന്നടങ്കം പൊട്ടിച്ചിരിച്ചു.

അതിനു ശേഷം പത്താം ക്ലാസ് കഴിയുന്നത് വരെ ഈ കവിത ഞാന്‍ പാടിയ ഈണത്തില്‍ പാടി എന്നെ വിളിക്കാത്തരായി ആരുമുണ്ടാവാന്‍ സാധ്യതയില്ല.

ഒരു കവിത തന്ന പ്രശസ്തിയില്‍ ഞാന്‍ ഇപ്പോഴും അഹങ്കരിക്കുന്നു... 
 
ജസി ഫ്രണ്ട്
ദോഹ - ഖത്തര്‍

Friday, October 4, 2013

സ്വപ്നം


 
 
എനിക്കൊരു സ്വപ്നമുണ്ടായിരുന്നു
പിറന്നു വീണയുടന്‍ചാടി
എഴുന്നേറ്റ് മുന്നോട്ടു കുതിക്കുവാന്‍
ഇതള്‍വിരിയുന്ന റോസാപ്പൂവിനെ പോലെ
ആനന്ദം പകരുന്ന കാഴ്ചയാവാന്‍

ഇളം വെയിലില്‍ മുത്തുപോലെ തിളങ്ങുന്ന
പനിനീര്‍ പൂവിലെ മഞ്ഞുകണമായി
നിങ്ങളുടെ മനസ്സില്‍ കുളിര് പകരാന്‍
വര്‍ണം നിറച്ചൊരു ശലഭമായി
പാറി നടന്നു മധു നുകര്‍ന്ന്
കൂട്ടുകാരോടൊപ്പം കളിച്ചുനടക്കാന്‍

വിരിയുന്നതിനു മുന്‍പേ എന്‍റെ
ഇതളുകള്‍ വലിച്ചു കീറി
എന്‍റെ കൊന്നു കളഞ്ഞപ്പോള്‍
ഒരു തുള്ളി കണ്ണുനീര്‍ എങ്കിലും
എനിക്ക് വേണ്ടി ഒലിച്ചിരുന്നോ അമ്മേ?

Saturday, September 28, 2013

ഭയം



മാറിടം മൂടാത്തവളാണ്
കാമം മൂടണമെന്നു പ്രസംഗിക്കുന്നത്
കാമഭ്രാന്തനേക്കാള്‍ കാമത്തിന്
തിരികൊളുത്തുന്നവരെയാണ്
തനിക്ക് ഭയമെന്ന് അമ്മയുടെ
ഉദരത്തില്‍ നിന്നും പെണ്‍കുട്ടി