Saturday, October 12, 2013

കുഞ്ഞപ്പനും ബസും...


ദോഹ കോര്‍ണിഷില്‍ ഇപ്പോള്‍ റോഡ്‌ പണി നടക്കുന്നത് കൊണ്ട് ഭയങ്കര ട്രാഫിക് ജാം ആണ്. കറക്റ്റ് സമയത്ത് ബസ്‌ പോലും കിട്ടില്ല. കോര്‍ണിഷില്‍ പോവണമെങ്കില്‍ ഒരു ടാക്സിക്കാരന്‍ പോലും സമ്മതിക്കുകേല. എനിക്കൊരു സുഹൃത്ത് ഉണ്ട്. പേര് കുഞ്ഞപ്പന്‍. പുള്ളി മനസ്സില്‍ വിചാരിച്ചതിന്റെ ബാക്കിയാണ് നമ്മോടു സംസാരിക്കുക. അപ്പോള്‍ എന്താ സംഭവിക്കുക. സ്വാഭാവികമായും നമുക്കൊന്നും തിരിയൂല്ല. ഇവന്‍ എന്തൂട്ടാ ഈ പറയുന്നത് എന്ന് ആലോചിച്ചു നമ്മള്‍ ഒന്ന് വട്ടം കറങ്ങും. വീണ്ടും ആലോചിക്കാന്‍ നിന്നാല്‍ പിന്നെ ഭൂമിയെ പോലെ കറങ്ങി കൊണ്ടേ ഇരിക്കും.

ഈ അടുത്ത ദിവസം പുള്ളി ബസ്‌ സ്റ്റേഷനില്‍ ബസും കാത്ത് നില്‍ക്കുകയാണ്. ബസ് സ്റ്റേഷനില്‍ പിന്നെ കാറും കാത്ത് നില്‍ക്കുകയോ എന്ന് ചോദിക്കേണ്ട.. ഇവിടത്തെ ബസ്‌ സ്റ്റേഷനില്‍ കാറും കാത്ത് നില്‍ക്കാം എന്നുള്ളത് ഒരു നഗ്ന സത്യമാണ്. കുഞ്ഞപ്പന് പോവേണ്ടതും പോവേണ്ടാത്തതുമായ സ്ഥലത്തേക്ക് ഒരു ബസ് പോലും വരുന്നില്ല. ഇനിയും വൈകിയാല്‍ ഓഫീസില്‍ എത്തിയാല്‍ ബോസിന്‍റെ വായീന്ന് ഒരുപാട് കേള്‍ക്കും. ഈ സമയത്ത് കുഞ്ഞാപ്പു ദുബായിയെ കുറിച്ച് ചിന്തിച്ചു. അറിഞ്ഞിടത്തോളം മരുഭൂമിയിലെ സ്വര്‍ഗം. നന്നാവേണ്ടാവന് നന്നാവാനും, മോശമാവേണ്ടവന് മോശവാനും എളുപ്പത്തില്‍ കഴിയുന്ന സ്ഥലം. അവിടെയും ഒരുപാട് ട്രാഫിക് ജാം ഒക്കെയുണ്ട്. അപ്പോള്‍ അവരൊക്കെ എങ്ങനെയാ ഓഫീസില്‍ പോവുന്നത്? അവിടത്തെ പോലെ ഇവിടെയും എന്നാ മെട്രോ ട്രെയിന്‍ ഒക്കെ വരുന്നത്? അവിടെ ടാക്സിക്കാര്‍ ഒക്കെ നമുക്ക് പോവേണ്ടിടത്തേക്ക് ട്രാഫിക് ഒന്നും വക വെക്കാതെ പോവുമോ. ഇത്യാദി ചിന്തകളൊക്കെ മനസ്സില്‍ ഡാന്‍സ് കളിക്കുമ്പോള്‍ ആണ് ഒരു ഫോണ്‍ കോള്‍. "പടച്ചോനെ.. ബോസ് ഓഫീസില്‍ എത്തിയോ എന്ന ഭയത്താല്‍ ഫോണ്‍ എടുത്ത് നോക്കി. ഭാഗ്യം ബോസ് അല്ല. നമ്പര്‍ കണ്ടിട്ടു മനസ്സിലാവുന്നില്ല. ഏതായാലും എടുത്ത് നോക്കട്ടെ.

"ഹലോ.."

"ഹലോ.. കുഞ്ഞപ്പനല്ലേ..?"

"അതെ.. ഇതാരാ.. "

"ഇത് ഞാനാ.. സുനീര്.. പാമ്പ്‌ സുനി എന്ന് പറഞ്ഞാല്‍ നീ അറിയും"

"ഹള്ളന്‍റെ പാമ്പേ.. നീ എപ്പോ എവിടുന്നാ?"

"ഞാന്‍ ദുബായില്‍ നിന്നാ.. ഇപ്പൊ വന്നിട്ട് രണ്ടാഴ്ചയായി"

"ഇനി പ്പൊ അനക്ക് സുഖായല്ലോ.. പാമ്പാവാന്‍ നാട്ടിലേക്കാളും സുഖം ദുബായിയല്ലേ"

"ഹഹഹ.. അതൊന്നും പറയണ്ട, ഇന്നലത്തെ ഹാങ്ങോവര്‍ ഇത് വരെ മാറിയിട്ടില്ല.
പണ്ടാരടങ്ങാന്‍ ഇന്നൊരു ഇന്റര്‍വ്യൂ ഉണ്ട്. ഞാന്‍ അതിനു പോവുകയാ"

"ആഹ... ഗുഡ് ലക്. എങ്ങനെയാ പോവുന്നത്?"

"ഞാന്‍.. ഞാന്‍ ഇപ്പൊ ബസിലാ.. "

"തന്നെ! ഞാനിവിടെ ബസ് കാത്ത് നില്ക്കുകയാ.. അല്ല ഒന്ന് ചോദിക്കട്ടെ, അവിടത്തെ ബസ് ഒക്കെ എങ്ങനെയാ?"

"ങേ.. ഇവിടത്തെ ബസോ?"

"ങാ... അതെന്നെ.. അവിടത്തെ ബസ്"

"ഹോ..ഇവിടത്തെ ബസിനൊക്കെ ടയര്‍ മേലോട്ടാ.. എന്തേയ്‌ നീ ചോദിച്ചേ?"

"ഒന്നൂല്ല.. എന്നാ പിന്നെ കാണാം."

ആ തെണ്ടിക്ക് ഒരു തേങ്ങാക്കുലയും മനസ്സിലാവില്ല എന്ന അരിശത്തില്‍ ഫോണ്‍ കട്ട് ചെയ്ത് കുഞ്ഞപ്പന്‍ ബസും കാത്ത് വീണ്ടും ..........

4 comments:

 1. ദോഹ ബസ്സ്‌ ഒരു സംഭവം തന്നെ; മൂന്ന്‍ റിയാല്‍ കൊടുത്താല്‍ എവിടെ വേണേലും പോകാല്ലോ...

  ReplyDelete
  Replies
  1. ഇപ്പോള്‍ അതിലും കുറവ് ആണ്.. ബസ് ഇല്ലന്നേ ഉള്ളൂ...

   Delete
 2. ഓഹോ!! കൊള്ളാമല്ലോ കുഞ്ഞപ്പന്‍ (ഫ്രെണ്ടിന്റെ ഏത് ഫ്രെണ്ടാന്നാ പറഞ്ഞെ? :p )

  ReplyDelete
 3. Ur blog is awesome dude

  like it

  ReplyDelete