Wednesday, February 13, 2013

ആറു വര്‍ഷത്തില്‍ നിന്ന് ആറുമാസത്തിലേക്കുള്ള ദൂരം



പ്രിയപ്പെട്ട ദിയക്കുട്ടീ.....

സുഖല്ലേ ദിയക്കുട്ടി? ദിയക്കുട്ടി ഇപ്പോള്‍ എന്തെടുക്കുകയാണ്? എന്നെ കാണാന്‍ തോന്നാറുണ്ടോ? എനിക്ക് ദിയകുട്ടിയെ എപ്പോഴും കാണണമെന്ന് തോന്നും. എന്താ ചെയ്യാ? നമ്മള്‍ ഒരുപാട് ദൂരത്ത്‌ അല്ലെ? കടലുകള്‍ക്കിപ്പുറത്ത്‌ എന്നും ഞാന്‍ ദിയക്കുട്ടിയെ സ്വപ്നം കാണും. ദിയക്കുട്ടിയുടെ ചിരി കേള്‍ക്കാന്‍ ഇപ്പോള്‍ എന്താ ഞാന്‍ ചെയ്യാ? എനിക്ക് വല്ലാതെ മിസ്‌ ചെയ്യുന്നു.

ദിയക്കുട്ടീ, എന്നെ സ്കൂളില്‍ ചേര്‍ത്തി. ബിര്‍ള പബ്ലിക്‌ സ്കൂളില്‍.
K.G. II C ആണ് എന്റെ ക്ലാസ്സ്‌. എനിക്കിവിടെ പുതിയ ഫ്രണ്ട്സ് ഒക്കെയുണ്ട്. എന്ത് രസമാണെന്നോ. രാവിലെ നേരത്തെ എഴുന്നേല്ക്കണം. എനിക്ക് നല്ല ഇഷ്ടമാണ് സ്കൂളില്‍ പോവാന്‍. ദിയക്കുട്ടി ഇങ്ങോട്ട് വാ.. എന്നാല്‍ നമുക്ക്‌ ഒരുമിച്ചു സ്കൂളില്‍ പോവാല്ലോ.

ദിയക്കുട്ടിക്ക് ഓര്‍മയുണ്ടോ നമ്മള്‍ താഴത്തെ ഉമ്മച്ചിയുടെ വീട്ടിലെ പശുവിനെ കാണാന്‍ പോയത്‌? നമ്മള്‍ അതിനു പുല്ല് എടുത്ത് കൊടുത്തത്? അപ്പോള്‍ പശുക്കുട്ടി നമ്മളെ നോക്കി ചിരിച്ചത് ഒക്കെ ഓര്‍മയുണ്ടോ? ദിയക്കുട്ടി പാവക്കുട്ടിക്ക് കരഞ്ഞപ്പോള്‍ ഞാന്‍ എന്‍റെ പാവയെ തന്നതും പിന്നെ ഒരുപാട് ഉമ്മകള്‍ തന്നതും ഇപ്പോഴും ഓര്‍മയുണ്ടോ?

എനിക്കറിയാം ദിയക്കുട്ടിക്ക് എന്നെ വലിയ ഇഷ്ടമാണെന്ന്. എന്നിട്ടും എന്താ ഞാന്‍ ഫോണ്‍ ചെയ്തപ്പോള്‍ ദിയക്കുട്ടി ഒന്നും മിണ്ടാതിരുന്നത്. എനിക്ക് ഒരുപാട് വിഷമമായി. എന്തെങ്കിലും ഒന്ന് പറഞ്ഞു കൂടായിരുന്നോ? എന്‍റെ ചക്കരക്കുട്ടി അല്ലെ? എന്നാലും ഇത്താത്തക്ക് ഒരു പരാതിയും ഇല്ലാട്ടോ.

ഇനിയെപ്പോഴാ ദിയക്കുട്ടീ നമ്മള്‍ കാണുക? നാട്ടില്‍ വരുമ്പോള്‍ കാണട്ടോ. ദിയക്കുട്ടിക്ക് നല്ല ഉടുപ്പും ചോക്ലേറ്റും കൊണ്ടു വരുന്നുണ്ട്. ദിയക്കുട്ടിക്ക് നല്ലത് വരാന്‍ ഇത്താത്ത എന്നും പ്രാര്‍ത്ഥിക്കുന്നുണ്ട്. ആയിരമായിരം ഉമ്മകളോടെ 

സ്വന്തം ഇത്താത്ത.
ദോഹ, ഖത്തര്‍.

ഈ കത്ത്‌ എന്‍റെ കയ്യില്‍ കിട്ടിയപ്പോള്‍ ആദ്യം തമാശ തോന്നിയെങ്കിലും പിന്നീട് ഉള്ളം പിടഞ്ഞു. സ്വന്തങ്ങളും ബന്ധങ്ങളും നഷ്ടമായികൊണ്ടിരിക്കുന്ന ഈ ലോകത്ത്‌, എസ് എം എസും ഇ ­മെയിലും ഫോണ്‍ ബന്ധങ്ങളും ഭരിക്കുന്ന ഇക്കാലത്ത് ആറു വയസ്സുള്ള ഒരു കുട്ടി ആറു മാസം പ്രായമായ ഒരു കുഞ്ഞിനു അയച്ച കത്താണിത്. ഇതില്‍ എഴുതിയതെല്ലാം എന്‍റെ സങ്കല്പം മാത്രം. അതൊക്കെ ആയിരിക്കാം ഈ ചിത്രം വരച്ചു കൊണ്ടു (മുകളില്‍ കാണിച്ചിരിക്കുന്ന ചിത്രം) ദിയകുട്ടിക്കുള്ള കത്ത് എന്നും പറഞ്ഞു എനിക്ക് തന്നപ്പോള്‍ അവളുടെ മനസ്സില്‍ വിരിഞ്ഞിട്ടുണ്ടാവുക.

ഒരു കത്ത്‌ കണ്ടിട്ടോ എഴുതിയിട്ടോ വര്ഷം കുറെ കഴിഞ്ഞു. എനിക്ക് വേണ്ടി ഞാന്‍ തന്നെ പോസ്റ്റ്‌ ചെയ്ത ഒരുപാട് കത്തുകള്‍ ഉണ്ടായിരുന്നു. പിന്നെ കത്തുകള്‍ വന്നിരുന്നത് കസിന്‍സ്‌ അയക്കുന്നവ ആയിരുന്നു. അത് തമിള്‍ മലയാളത്തില്‍ ആയിരുന്നു എഴുതാറു. വീട്ടിലുള്ളവര്‍ക്ക്‌ കിട്ടിയാല്‍ അത് മനസ്സിലാവരുത് എന്ന ഉദ്ദേശത്തോടെ ആയിരുന്നു തമിളില്‍ എഴുതിയിരുന്നത്. അതിനു വേണ്ടി മുപ്പതു ദിവസം കൊണ്ടു തമിള്‍ പഠിക്കാം എന്ന പുസ്തകം വാങ്ങിയാണ് തമിള്‍ പഠിച്ചത്. ആ കാലം കഴിഞ്ഞു. ഈ പുതിയ കാലത്ത് പണ്ടങ്ങനെ ആയിരുന്നു, ഇന്നിങ്ങനെ ആണ് എന്നൊന്നും പരിഭവിചിട്ടോ പരാതിപ്പെട്ടിട്ടോ കാര്യമില്ല. കാളകളെക്കാള്‍ കൂടുതല്‍ നന്നായി പണി എടുക്കുന്ന ട്രാക്ടര്‍ വന്നപ്പോള്‍ സൗകര്യം കൂടിയത് മറക്കാന്‍ പാടില്ല.

അവസാനമായി കത്തോ അതെന്താ സാധനം എന്നൊന്നും എന്നോട് ചോദിക്കരുത്. ഞാന്‍ വെറും അപരാധി. 

സസ്നേഹം ജസി ഫ്രണ്ട് 

4 comments:

  1. എന്ന്സ്വന്തം ഇത്താത്ത. വി കെ പടി.....................

    ReplyDelete
  2. ദിയകുട്ടിക്കും സുഖം ...
    ഇത്താത്തക്കും സുഖം ...

    പിന്നെ അവിടെ എല്ലാവര്‍ക്കും സുഖം എന്ന് കരുതട്ടെ ...

    എന്ന് സ്വന്തം,

    ReplyDelete
  3. കത്തിന്റെ കാലത്തിലേക്കുള്ള ഒരു എത്തിനോട്ടം.നന്നായി.

    ReplyDelete
  4. കത്തുകൾക്കായുള്ള കാത്തിരിപ്പിന്റെ സുഖം ഒരിക്കലും ഒരു മെയിലിനും എസ് എം എസ്സും തരുന്നില്ല..

    ReplyDelete